Representative Image| Photo: ANI
ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് പലയിടത്തും കോവിഡ് നിരക്കുകൾ വർധിപ്പിക്കുന്നത്. തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ എക്സ്.ബി.ബി.-1.5, ബി.എഫ്.7 തുടങ്ങിയ പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യവുമുണ്ടായി. ജനുവരി പകുതിയോടെ ഇന്ത്യയിലും കോവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എക്സ്.ബി.ബി.-1.5 എന്ന വകഭേദം മറ്റ് ഒമിക്രോൺ വകഭേദങ്ങളെപ്പോലെ അല്ലെന്നും ജാഗ്രതയോടെ നേരിടേണ്ട വകഭേദമാണെന്നും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വകഭേദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് ഡോ.അനൂപ് കുമാർ എ.എസ്.
സമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം എക്സ്.ബി.ബി.-1.5 എന്ന വകഭേദത്തെക്കുറിച്ചും അതിന്റെ സങ്കീർണ വശങ്ങളെക്കുറിച്ചും പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് XBB.1.5 വേഗത്തിൽ പടർന്നു പിടിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ലോകത്ത് മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കാൻ ഈ പുതിയ വകഭേദത്തിന് സാധിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു.
കുറിപ്പിലേക്ക്...
പുതിയൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതയുമായി XBB.1.5 വകഭേദം
കോവിഡ് കേസുകൾ കൂടി വരുന്ന അമേരിക്കയിൽ ഇപ്പോഴുള്ള വ്യാപനത്തിന്റെ 40 ശതമാനവും XBB.1.5 എന്ന ഒമിക്രോൺ വകഭേദം മൂലമാണെന്നാണ് കണ്ടെത്തൽ. അതിലുപരി ഈ വകഭേദം മൂലമുള്ള കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്. XBB.1.5 എന്ന് അറിയപ്പെടുന്ന ഈ കോവിഡ് വകഭേദം ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ച ഏറ്റവും പുതിയതും അതേ പോലെ ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതും ആണ്.
2021ന്റെ അവസാനങ്ങളിൽ ബോട്സ്വാനയിലാണ് ഇത് ആദ്യം കണ്ടുപിടിക്കപ്പെട്ടതെങ്കിലും ഇപ്പോഴാണ് യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം കൂട്ടാൻ കാരണമായതും ഇന്ത്യ ഉൾപ്പടെ ലോകത്ത് ഏകദേശം 29ഓളം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തത്. ഇന്ത്യയിൽ ഏകദേശം 5 കേസുകൾ ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതുവരെ കണ്ടുപിടിക്കപ്പെട്ട കോവിഡ് വകഭേദങ്ങളിൽ ഏറ്റവും അധികം വ്യാപന ശേഷി ഉള്ളതാണ് ഈ വകഭേദമെന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന വർഷം കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദത്തിന്റെ ബി എ 2 വിഭാഗത്തിൽ പെട്ട രണ്ട് വിഭാഗങ്ങളുടെ ജനിതക ഘടന കൂടിച്ചേർന്നതാണ് കൂടുതൽ അപകടകാരിയായ XBB.1.5 എന്ന ഉപ വകഭേദം.
എന്തുകൊണ്ടാണ് XBB.1.5 വേഗത്തിൽ പടർന്നു പിടിക്കുന്നത്?
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് XBB.1.5ലുളള മ്യൂട്ടേഷനുകൾക്ക് വാക്സിനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും എളുപ്പം മറികടക്കാൻ സാധിക്കും. അതേ പോലെ തന്നെ മനുഷ്യ ശരീത്തിലെ ACE 2 റിസപ്റ്ററുകളിലേക്ക് കൂടുതൽ ശക്തമായി കടന്നുകയറാനും ഇവയ്ക്ക് കഴിയുമെന്നാണ് അനുമാനം. ഒമിക്രോൺ വകഭേദങ്ങളിലുള്ള രോഗലക്ഷണങ്ങൾക്ക് സമാനമാണ് പുതിയ വകഭേദത്തിലും കാണുന്നത് എങ്കിലും എസിഇ 2 റിസപ്റ്ററുകളിൽ ശക്തമായി ഒട്ടിപ്പിടിക്കാനുള്ള കഴിവ് ഇവയ്ക്ക് കൂടുതലായതിനാൽ ഇത് രോഗാവസ്ഥ ഗുരുതരമാവാൻ കാരണമായേക്കുമോ എന്നും പൊതുവെ ഭയപ്പെടുന്നുണ്ട്.
അമേരിക്കയിലെ കണക്കുകൾ നോക്കിയാൽ ഇപ്പോഴുള്ള കേസുകളുടെ 40 ശതമാനവും ഈ വകഭേദം കാരണമാണ് എന്നത് മാത്രമല്ല ഒരാഴ്ച കൊണ്ട് തന്നെ കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിച്ചതായും കാണാം. അമേരിക്കയുടെ വടക്കുഭാഗത്ത് 75 ശതമാനത്തോളം കേസുകളും ഈ വകഭേദം മൂലം ആണെന്നും അത് കാട്ടുതീ പോലെ പടർന്നു പിടിക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഹോസ്പിറ്റൽ അഡ്മിഷനുകളും ഈ വകഭേദം മൂലം കൂടി വരുന്നു എന്നാണ് കാണപ്പെടുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോകത്ത് മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കാൻ ഈ പുതിയ വകഭേദത്തിന് സാധിച്ചേക്കാം എന്നതാണ്.
കോവിഡ് രോഗ നിർണയത്തിന് ഉപയോഗിക്കുന്ന ആൻറിജൻ ടെസ്റ്റുകൾക്കും അതുപോലെ തന്നെ സാധാരണയായി ഉപയോഗിക്കുന്ന പിസിആർ ടെസ്റ്റുകൾക്കും ഈ വകഭേദത്തെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുണ്ടോ എന്നതും കൃത്യമായി പഠന വിധേയം ആക്കേണ്ടതാണ്. അല്ലെങ്കിൽ പലകേസുകളും സാധാരണ ഉപയോഗിക്കുന്ന ടെസ്റ്റിൽ കണ്ടെത്താൻ കഴിയാതെ പോകാനുള്ള സാധ്യതയും കൂടുതലാണ്. ഒമിക്രോൺ വകഭേദങ്ങളെ കൂടുതലായി പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന പുതിയ രീതിയിൽ ഉള്ള ബൈ വാലന്റ് കോവിഡ് വാക്സിനുകളുടെ സാധ്യതയും പഠന വിധേയമാക്കേണ്ടതാണ്. ഇത്തരം ബൈവാലന്റ് വാക്സിനുകളിൽ ഈ പുതിയ വകഭേദത്തിനെ പ്രതിരോധിക്കാൻ സാധ്യമായ വ്യത്യാസങ്ങൾ കൂടി വരുത്തി അത്തരം വാക്സിനുകൾ ബൂസ്റ്ററായി ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും പ്രായാധിക്യം ഉള്ളവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ബൂസ്റ്റർ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ തീർച്ചയായും അത് എടുക്കേണ്ടതാണ്. മുഴുവനായും പുതിയ വകഭേദത്തെ നിർവീര്യമാക്കാൻ വാക്സിനുകൾക്ക് കഴിയില്ലെങ്കിൽ കൂടി ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയുണ്ടാക്കുന്നതിൽ നിന്നും വാക്സിനുകൾ ഒരു പരിധി വരെ ഉപകാരപ്പെടും എന്നാണ് കണക്കുകൂട്ടൽ
Content Highlights: what to know about the new xbb.1.5 variant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..