വ്യക്തിശുചിത്വത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് കൈകളുടെ ശുചിത്വം. നിത്യവും ഒന്നോ രണ്ടോ തവണയുള്ള കുളിയിലൂടെയാണ് നമ്മള്‍ ശരീരം വൃത്തിയാക്കുന്നതെങ്കില്‍ ഇതില്‍ എത്രയോ ഇരട്ടി തവണ വൃത്തിയാക്കേണ്ടതാണ് കൈകള്‍. കാരണം ഏറ്റവും വലിയ രോഗാണുവാഹകരാണ് കൈകള്‍. എന്നാല്‍ നമ്മളില്‍ എത്ര പേര്‍ കൈകളുടെ ശുചിത്വത്തെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചിട്ടുണ്ട്. വ്യക്തിശുചിത്വത്തില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എങ്ങനെയാണ് കൈകള്‍ വൃത്തിയായി കഴുകേണ്ടത് എന്നതിനെ കുറിച്ചും ഡോ. ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ് വായിച്ചു നോക്കൂ.

ഒരു വ്യക്തിയുടെ ശുചിത്വത്തില്‍ വളരെയേറെ പങ്കു വഹിക്കുന്ന ഒന്നാണ് കൈകളുടെ ശുചിത്വം. പല തരം ആളുകളെ കാണാറുണ്ട്. ചിലര്‍ക്ക് കൈകഴുകാന്‍ മടിയാണ്. ബുദ്ധിമുട്ടി അതിവേഗം വെള്ളമൊഴിച്ചു കൈ കഴുകുന്നവര്‍. ചിലര്‍ സോപ്പ് ഇല്ലാതെ കൈ കഴുകില്ല. മറ്റു ചിലര്‍ക്ക് കൈ എത്ര കഴുകിയാലും മതി വരില്ല. മറ്റു ചിലര്‍ ഹാന്റ് സാനിറ്റൈസര്‍ എപ്പോഴും ഉപയോഗിക്കും. അങ്ങനെ പലതരം ആളുകള്‍. 

വളരെ വേഗത്തില്‍ അണുക്കള്‍ നമ്മുടെ കൈകളില്‍ എത്തും. ഒരു വസ്തുവിനെ സ്പര്‍ശിക്കുമ്പോള്‍, ഒരാളുമായി ഹസ്തദാനം ചെയ്യുമ്പോള്‍, എന്തിന് നമ്മുടെ മൊബൈല്‍ ഫോണില്‍ പോലും അണുക്കള്‍ ഉണ്ടാവും. അപ്പോള്‍ എത്രയധികം അണുക്കള്‍ നമ്മുടെ കരങ്ങളില്‍ ഒരു ദിവസം ഉണ്ടാവും?

വൃത്തിയായി കൈകള്‍ കഴുകിയില്ലെങ്കില്‍ ഭക്ഷണത്തോടൊപ്പം ഇവയും വയറ്റില്‍ ചെന്ന് പലതരം അസുഖങ്ങള്‍ വയറിളക്കം, പനി, ടൈഫോയ്ഡ്, വയറുവേദന തുടങ്ങി പലതരം അസുഖങ്ങള്‍ വരാം.

പല രോഗങ്ങളും പകരുവാന്‍ പ്രധാന കാരണം കൈകളിലൂടെ അണുക്കള്‍ പകരുന്നതാണ്. അതുകൊണ്ടു കൈകള്‍ വെള്ളവും,സോപ്പും ഉപയോഗിച്ച് വൃത്തിയാക്കണം. ഇതൊന്നും ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം.

എങ്ങനെയാണ് കൈകള്‍ കഴുകേണ്ടത്?

  • നല്ല വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് കൈകള്‍ നനയ്ക്കുക.
  • ശേഷം സോപ്പ് കൈകളില്‍ തേച്ചു പതപ്പിക്കുക. കൈയുടെ പിന്‍ഭാഗത്തും സോപ്പ് പുരട്ടുക. കൂടാതെ വിരലുകളുടെ ഇടയിലും, നഖങ്ങളിലും സോപ്പ് പുരട്ടുക.
  • കുറഞ്ഞത് 20 സെക്കന്റ് എങ്കിലും സോപ്പ് ഉപയോഗിച്ച് കൈകള്‍ തേയ്ക്കണം. അത്രയും സമയമെങ്കിലുമെടുത്ത് സോപ്പ് തേച്ചു പിടിപ്പിക്കണം അണുക്കള്‍ നശിക്കുവാന്‍.
  • ശേഷം വെള്ളം ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകി സോപ്പ് കളയുക
  • ഉണങ്ങിയ വൃത്തിയുള്ള തുണിയോ മറ്റും ഉപയോഗിച്ച് കൈകള്‍ ഉണക്കുക.

വെള്ളവും സോപ്പും ഇല്ലെങ്കില്‍ എന്തു ചെയ്യും? സാനിറ്റൈസര്‍ ഒരെണ്ണം വാങ്ങി കൈയില്‍ സൂക്ഷിക്കുന്നത് ഇത്തരം അവസരങ്ങളില്‍ നല്ലതാണ്. ഇന്ന് മാര്‍ക്കറ്റില്‍ സുലഭമായി ഇത്തരം സാനിറ്റൈസര്‍ ലഭ്യമാണ്. സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ 60% ആല്‍ക്കഹോള്‍ അടങ്ങിയവ വാങ്ങുന്നതാണ് നല്ലത്. അവ ഉപയോഗിച്ച് സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ കൈകളില്‍ പുരട്ടി കൈകള്‍ വൃത്തിയാക്കുക. കുറെയേറെ അണുക്കള്‍ നശിക്കുവാന്‍ ഇവ സഹായിക്കും. പക്ഷെ എല്ലാത്തരം അണുക്കളെയും ഇവ നിര്‍ജ്ജീവമാക്കുകയില്ല. 

വ്യക്തിശുചിത്വം പാലിക്കുമ്പോള്‍ കൈകള്‍ക്കും പ്രാധാന്യം നല്‍കുക. രോഗം വരാതെ സൂക്ഷിക്കുക.

Content Highlight:Hand Wash and hygiene, Wash Your Hands, Hand wash, hand sanitizer