Photo: Facebook|Humans of Bombay
ഉച്ചത്തിലൊന്ന് ചിരിച്ചാല്‍, നേരം ഇരുട്ടി വീട്ടിലെത്തിയാല്‍, സ്ത്രീപുരുഷ ഭേദമന്യേ സാമൂഹിക സദസ്സുകളില്‍ പങ്കെടുത്താലൊക്കെ സ്ത്രീകള്‍ മാത്രം നേരിടുന്നൊരു ചോദ്യമുണ്ട്. ' നീ ഒരു പെണ്‍കുട്ടിയല്ലേ? നിനക്ക് പരിമിതികളുണ്ട്' എന്നായിരിക്കും അത്. ഒട്ടുമിക്ക പെണ്‍കുട്ടികളും വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരില്‍ നിന്നെങ്കിലുമൊക്കെ ഇത്തരത്തിലുള്ള ലിംഗഅസമത്വങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഇരുണ്ട ചിന്താഗതിയോടെ പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ തളയ്ക്കപ്പെടേണ്ടവളാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരുണ്ട്. അത്തരത്തിലൊരു പെണ്‍കുട്ടിയുടെ ജീവിതമാണ് സമൂഹമാധ്യമത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിയന്ത്രണങ്ങളുടേയും പരിമിതികളുടേയുമൊക്കെ കെട്ടുപൊട്ടിച്ച് സ്വയംപോരാടി മുന്നോട്ടു പോകുന്ന പെണ്‍കുട്ടി.
പെണ്‍കുട്ടിയായതിന്റെ പേരില്‍ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും എന്തിനധികം അമ്മയുടെ പോലും ശകാരങ്ങള്‍ കേട്ട് വളര്‍ന്ന പെണ്‍കുട്ടി. പ്രണയത്തിലും അവള്‍ക്ക് പിഴച്ചു, അച്ഛന്‍ മാത്രമായിരുന്നു തന്നെയും തന്റെ ഇഷ്ടങ്ങളേയും മനസ്സിലാക്കി കൂടെ നിന്നതെന്ന് അവള്‍ പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയം തൊടുന്ന ജീവിതകഥ പുറത്തുവന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്...
'' എനിക്ക് നാലുമാസം പ്രായമുള്ളപ്പോഴാണ് മുത്തശ്ശി ബെഡ്ഡില്‍ നിന്നെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഒരു പെണ്‍കുട്ടിയെ പ്രസവിച്ചതിന് അമ്മയെ ചീത്തവിളിച്ചു കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്, കുടുംബത്തിന് എന്നേക്കൊണ്ട് യാതൊരു ഉപകാരവും ഉണ്ടാകില്ലെന്നും പറയുന്നുണ്ടായിരുന്നു. എന്റെ എനിക്കു വേണ്ടി അവരോടൊന്നും വഴക്കിനു നിന്നിരുന്നില്ല, കാരണം ഒരു പെണ്‍കുട്ടി ആയതില്‍ അമ്മയ്ക്കത്ര സന്തോഷം ഉണ്ടായിരുന്നില്ല, എന്നെ നിയന്ത്രണത്തില്‍ വളര്‍ത്തണമെന്നും അമ്മ കരുതിയിരുന്നു. പക്ഷേ അച്ഛന്‍ അങ്ങനെയായിരുന്നില്ല എപ്പോഴും എനിക്കുവേണ്ടി നിലകൊണ്ടു. എന്നെ നല്ല സ്‌കൂളില്‍ വിട്ടു, എന്നെ മനസ്സിലാക്കുന്ന ഒരേയൊരാള്‍ അച്ഛനായിരുന്നു.
എന്റെ നാലുചുവരുകള്‍ക്ക് പുറത്ത് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. എനിക്ക് പതിനാറു വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരു ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു, ഒരുദിവസം ഒന്നിച്ചു കാണാന്‍ തീരുമാനിച്ചു. അന്ന് വണ്ടിക്ക് കൊടുക്കാനുള്ള പണം എന്റെ കയ്യില്‍ ഇല്ലായിരുന്നതുകൊണ്ട് അയാള്‍ എനിക്ക് പണം നല്‍കാമെന്നു പറഞ്ഞു. ഞാന്‍ അവിടെ എത്തിയപ്പോഴേക്കും നിനക്ക് എന്നോടു പണം ചോദിക്കാതെ ഡ്രൈവറിന് നിന്റെ ശരീരം കൊടുക്കാമായിരുന്നില്ലേ എന്നു ചോദിച്ചു. എന്നെ തല്ലിയതിനുശേഷം ഞാന്‍ സ്‌കൂളില്‍ ഒരുപാടു പേരോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും പറഞ്ഞു.
ഞാന്‍ വീട്ടിലെത്തുന്നതുവരെ അവന്‍ എന്നെ തല്ലി. അവിടെ എത്തിയപ്പോള്‍ ഞാന്‍ തിരിച്ചും തല്ലി, ഇനി പ്രണയം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഒരാഴ്ച്ചയ്ക്കു ശേഷം അവന്‍ എന്നെ വിളിക്കുകയും എന്റെ പ്രണയം നിരസിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ചു. ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയാണെന്ന് എല്ലാവരോടും ഭീഷണിപ്പെടുത്തുമെന്നു പറഞ്ഞു. പിന്നെ ഞാന്‍ അവന് അയ്യായിരം രൂപ കൊടുക്കണമെന്നും, പൈസ കൊടുത്ത് എന്നെ വെറുതെ വിടാന്‍ ഞാന്‍ പറഞ്ഞു.
അങ്ങനെ ആ പ്രണയം അവസാനിച്ചുവെങ്കിലും അതെന്നെ വല്ലാതെ മുറിവേല്‍പ്പിച്ചിരുന്നു. എല്ലായ്‌പ്പോഴും കരയുകയും ആത്മഹത്യാചിന്തകള്‍ മനസ്സിലേക്ക് വരികയും ചെയ്തു. ഇതിനിടയിലും ഞാന്‍ അമിതമായി ബോള്‍ഡ് ആണെന്നും എനിക്ക് പരിമിതികള്‍ ഉണ്ടെന്ന് തിരിച്ചറിയണമെന്നും തുടങ്ങി അമ്മയുടെ പരാതികള്‍ വേറെയും. ഒരിക്കല്‍ എന്നോടു കടുത്ത ദേഷ്യം വന്ന സമയത്ത് അമ്മ പാന്‍ കൊണ്ട് കയ്യിലേക്ക് തല്ലുകയും ചോര ഒലിക്കാന്‍ തുടങ്ങുകയും ചെയ്തു. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, അങ്ങനെ ഞാന്‍ അമ്മയോട് സംസാരിക്കുന്നത് പൂര്‍ണമായും നിര്‍ത്തി.
തുടര്‍ന്നങ്ങോട്ട് എന്നെ ബഹുമാനിക്കുന്നവരെ മാത്രം കൂടെ നിര്‍ത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ ഞാന്‍ അച്ഛന്റെ കൂടെ സമയം ചെലവഴിക്കാനും അദ്ദേഹത്തിന്റെ കടയിലിരുന്ന് മണിക്കൂറുകളോളം സംസാരിക്കാനും തുടങ്ങി. ഒപ്പം എന്റെ നന്മ ആഗ്രഹിച്ച ധാരാളം സുഹൃത്തുക്കളേയും എനിക്ക് ലഭിച്ചു. വാദപ്രതിവാദങ്ങളിലും അത്തരത്തിലുള്ള സാമൂഹിക സദസ്സുകളിലും പങ്കുകൊള്ളുകയും എനിക്കു വേണ്ടി സംസാരിക്കുകയും ചെയ്തു.
അടുത്ത ദിവസം മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞു, നീ ഒരു പെണ്‍കുട്ടിയാണ്‍, അധികം സംസാരിക്കേണ്ട, നിനക്ക് പരിമിതികളുണ്ട് എന്ന്. എല്ലാദിവസവും എന്നെ തടയിടാന്‍ ശ്രമിച്ച കുടുംബക്കാരോടും വിഷം വമിക്കുന്ന പോല്‍ സംസാരിക്കുന്ന പുരുഷന്മാരോടും ഞാന്‍ പൊരുതിക്കൊണ്ടേയിരുന്നു. എന്തുകൊണ്ട്? ഞാന്‍ ഒരു പെണ്‍കുട്ടിയായതുകൊണ്ടോ? പക്ഷേ ഇതെന്റെ ജീവിതമാണ്, അത് ഞാന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കും. നിയന്ത്രിക്കപ്പെടുന്നതിനെ ഞാന്‍ തിരസ്‌കരിക്കും അതുപോലെ തന്നെ അത്തരം നിയമങ്ങള്‍ക്കു മുന്നിലും തലകുനിക്കില്ല.''
Story Courtesy : Humans Of Bombay
Content Highlights: viral facebook post of girl fighting for freedom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..