''രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോള്‍ മുതല്‍ തന്നെ മൂന്നാം തരംഗം മുന്‍കൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകള്‍ .ആ  കണക്കുകൂട്ടലുകളില്‍ ചിലപ്പോള്‍ സമയവ്യത്യാസം വന്നേക്കാം. എന്നാല്‍ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ  കടിഞ്ഞാണ്‍ പരിപൂര്‍ണ്ണമായും നമ്മളില്‍ തന്നെയാണ്. മൂന്നാം തരംഗം വന്നു പോകുന്നത്  പോലും അറിയാതിരിക്കാന്‍ ഇപ്പോള്‍തന്നെ തയ്യാറെടുപ്പുകള്‍ വേണം. അതെ മൂന്നാം തരംഗത്തെ ബൗണ്ടറി കടത്താന്‍ നമുക്ക് കഴിയും,കഴിയണം!'' 

മൂന്നാം തരംഗത്തെ പുറത്തു നിര്‍ത്താനുള്ള വഴികളാണ് ഐ.എം.എ സോഷ്യല്‍ മീഡിയ വിങ് നാഷണല്‍ കോര്‍ഡിനേറ്ററായ ഡോ.  സുല്‍ഫി നൂഹു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്. 

വാക്‌സിനേഷന്‍ തന്നെയാണ് ആദ്യത്തെ പ്രതിവിധി. വാക്‌സിന്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങളും  ഭാരതവും കേരളവും ശ്രമിക്കണം. വാക്‌സിന്‍ നിര്‍മ്മാണം അസംഭവ്യമായ സംഭവമൊന്നുമല്ല, കേരളത്തിന്.അതിനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ വേണം, യാഥാര്‍ത്ഥ്യബോധത്തോടെ. വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  കൂടിയും എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുവാന്‍ എന്ത് കടുത്ത നിലപാടും സ്വീകരിക്കപ്പെടണം. 

പരമാവധി വാക്‌സിനേഷന്‍  പരമാവധി ആള്‍ക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴും ചില പൊടിക്കൈകള്‍ കൂടി വേണ്ടിവന്നേക്കും.രണ്ടാമത്തെ ഡോസ്, വ്യത്യസ്തമായ വാക്‌സിന്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിക്ക് വ്യത്യാമുണ്ടാകുന്നില്ലായെന്ന് പഠനങ്ങളുണ്ട്. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഡോസ് ലഭ്യമായ വാക്‌സിന്‍ നല്‍കുന്നത് പരിഗണിക്കപ്പെടണം. 

വാക്‌സിന്‍ എടുത്തതിനു ശേഷം  മുപ്പതുമിനിറ്റോളം ആശുപത്രിയില്‍  ഒബ്‌സര്‍വേഷന്‍ റൂമില്‍ ഇരിക്കണം എന്നുള്ള നിര്‍ദ്ദേശം ഇനി  ആവശ്യമില്ല തന്നെ. അവിചാരിതമായ അലര്‍ജി അത്യപൂര്‍വമായി ഉണ്ടായേക്കാം എന്ന  ഭയമായിരിക്കണം  ഇത്തരം ഒരു തീരുമാനം എടുത്തതിന് കാരണം വാക്‌സിനേഷനെ ഇനി  മറ്റൊരു കുത്തിവെപ്പ് പോലെ  കണ്ടാല്‍ മതിയാകും. അതുകൊണ്ടുതന്നെ, 30 മിനിറ്റ് ഈ ആള്‍ക്കൂട്ടം ആശുപത്രിയില്‍ തന്നെ തങ്ങേണ്ട കാര്യമേയില്ല. 

ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു നല്ല ശതമാനത്തിന് ഇനിയും വാക്‌സിന്‍ ലഭിക്കേണ്ടതായിട്ടുണ്ടെന്നാണ് നിഗമനം. കൂടാതെ മുന്‍ നിര പ്രവര്‍ത്തകരിലും അവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാക്കുകയും അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളേയും  വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം എല്ലാദിവസവും വൈറസും പേറി വീട്ടിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ  കുടുംബാംഗങ്ങളും  സംരക്ഷണം അര്‍ഹിക്കുന്നുണ്ടല്ലോ .

തല്‍ക്കാലം ഒരു സോഫ്റ്റ് ലോക്ക്ഡൗണ്‍ തുടരുകതന്നെ വേണം. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ആകുന്നത് വരെ. ലോകാരോഗ്യ സംഘടന പോസിറ്റിവിറ്റി അഞ്ചിന് താഴെ നിര്‍ത്തണമെന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട് 

മഹാമാരിയിയെ തടയുവാനുള്ള ഏറ്റവും വലിയ മാര്‍ഗം പഠനങ്ങള്‍ തന്നെയാണ്. ഭാരതത്തിലെ, കേരളത്തിലെ, ഇതുവരെ ലഭ്യമായ ഡേറ്റാ  യുദ്ധകാലാടിസ്ഥാനത്തില്‍ വിശകലനം ചെയ്യപ്പെടണം. മൂന്നാം തരംഗത്തിന്റെ  ശക്തി കുറയ്ക്കുവാനും മരണം കുറയ്ക്കുവാനും അത് സഹായിക്കുക തന്നെ ചെയ്യും .ആയിരം വട്ടം ഉറപ്പ്. 

ചികിത്സാ മാനദണ്ഡങ്ങള്‍ പുനര്‍ രൂപീകരിക്കുന്നതിന് കാലതാമസമൊട്ടും തന്നെ പാടില്ല. ദിവസവും വരുന്ന നൂറുനൂറ് പ്രധാനപ്പെട്ട പഠനങ്ങള്‍ക്കനുസൃതമായി  ചികിത്സാ നിര്‍ദ്ദേശങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ നവീകരിക്കപ്പെടണം. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് പോലെ പോലെ കോവിഡ് നിയന്ത്രണവും ചികിത്സയും കൂടുതല്‍ കൂടുതല്‍ വികേന്ദ്രീകരിക്കണം 

ഏറ്റവും പ്രധാനം മരണ കണക്ക് തന്നെ മരണ കണക്ക് മരണകെണിയാകാന്‍ പാടില്ല തന്നെ. മരണം എത്രയെന്നറിഞ്ഞാല്‍ അത് തടയുവാനുള്ള സാധ്യതയും കൂടും. ഇതില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഭാരതവും കേരളവും സ്വീകരിക്കണം. ശരിക്കുള്ള കണക്കറിഞ്ഞാല്‍ മാത്രമേ അത് തടയുവാനുള്ള മാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കുവാന്‍ കഴിയുകയുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ തന്നെ മരണ കണക്കുകള്‍ എപ്പോഴും വിവാദവിഷയമാണ്. അങ്ങ് ചൈന മുതല്‍ അമേരിക്ക വരെ ,തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്തപ്പെട്ടുകയും അന്താരാഷ്ട്ര ഏകീകൃത മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്  കിറുകൃത്യമായി  മരണങ്ങള്‍ അവലോകനം ചെയ്യുന്നത് മൂന്നാം തരംഗത്തെ ബൗണ്ടറിയല്ല സ്റ്റേഡിയത്തിനു പുറത്തു കടത്താന്‍ നമ്മെ സഹായിക്കും. 

പണത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. കോവിഡ്-19 നേരിടാന്‍ ഇപ്പോള്‍ ലഭ്യമായ സാമ്പത്തിക സ്രോതസ്സുകള്‍  മതിയാകില്ലയെന്നാണ് കണക്കുകൂട്ടലുകള്‍. വരാന്‍ പോകുന്ന ബഡ്ജറ്റിലെങ്കിലും ജിഡിപിയുടെ 5 ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. 

സാമ്പത്തികശേഷി കൊണ്ടൊന്നുമാകില്ലല്ലോ. ചികിത്സിക്കാന്‍ ,രോഗം പ്രതിരോധിക്കാന്‍, ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും, അതും നല്ല നിലവാരമുള്ളവര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. എവിഡന്‍സ് ബേസ്ഡ് ആയിട്ടുള്ള  ശാസ്ത്ര സത്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള ചികിത്സാക്രമങ്ങള്‍ മാത്രം ,അത് മാത്രം പ്രോത്സാഹിപ്പിക്കപ്പെടണം മൂന്നാം തരംഗം വരുമ്പോള്‍ വെറുതെ ബൗണ്ടറിയടിക്കാന്‍ കഴിയില്ല. നല്ല പരിശീലനവും പ്രയത്‌നവും തയ്യാറെടുപ്പും വേണം. അതും എത്രയും വേഗം. അങ്ങനെ ചിലതൊക്കെ ഉറപ്പാക്കിയാല്‍ മൂന്നാം തരംഗം സ്റ്റേഡിയത്തിന് പുറത്ത്. 

Content Highlights: Third Wave of Corona in India  Precaution needed