'തലകറക്കം ഒരു രോഗലക്ഷണം മാത്രം, കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ'


ഡോ: നീതു ചന്ദ്രൻ ( ഇ. എൻ ടി സ്പെഷ്യലിസ്റ്റ്), ഇൻഫോക്ലിനിക്ക്

6 min read
Read later
Print
Share

തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ.

-

"തലകറക്കം എന്നത് അവനവനിലേക്ക് തന്നെ നമ്മെ ആകർഷിക്കുന്ന ശൂന്യതയുടെ ശബ്ദമാണ്‌" : മിലൻ കുന്ദേര

ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണം ആണ് തലകറക്കം എന്നതാവാം അങ്ങനെ അദ്ദേഹം പറയാൻ കാരണം. രോഗിക്ക് സ്വയം രോഗലക്ഷണങ്ങൾ വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ തന്നെ രോഗനിർണയം പ്രയാസകരം ആകാം .

തല കറക്കം ഒരു രോഗമാണോ?

തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ.

തലകറക്കം ഉണ്ടാകുന്ന സമയം, തല കറക്കത്തിന് കാരണമാവുന്ന ഘടകങ്ങൾ എന്നിവയാണ് മിക്കപ്പോഴും രോഗനിർണയത്തിന് സഹായിക്കുന്നത്.

പൊതുവേ മലയാളത്തിൽ 'തലകറക്കം' / 'തലചുറ്റൽ' പോലെയുള്ള ഒറ്റ വാക്കുകൾ വിവിധ തരത്തിലുള്ള ലക്ഷണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ രണ്ടുതരത്തിൽ തലകറക്ക സംബന്ധമായ ലക്ഷണങ്ങൾ ഉണ്ട് .

  1. ചുറ്റുപാടുകൾ മൊത്തം കറങ്ങുന്നത് പോലുള്ള തോന്നലിനെ വെർട്ടിഗോ (Vertigo) എന്ന് പറയുന്നു
  2. ശരീരത്തിന്റെ ബാലൻസ് സൂക്ഷിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ, വീണുപോകും എന്ന തോന്നൽ ഇതിനൊക്കെ ഡിസിനസ് (dizziness) എന്ന് പൊതുവിൽ പറയുന്നു.
  • ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നത് തലച്ചോറിലെയും ശരീരത്തിലെയും പല ഭാഗങ്ങൾ ക്രോഡീകരിച്ച് സങ്കീർണമായി പ്രവർത്തിക്കുന്നതിലൂടെയാണ്. വെസ്റ്റിബുലാർ വ്യൂഹത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകളോ, ആന്തരകർണത്തിലോ അതിൻറെ തലച്ചോറുമായുള്ള കണക്ഷനിലോ ഉണ്ടാകുന്ന പ്രശ്നങ്ങളോ, ശരീരത്തിന്റെ ബാലൻസ് നില നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന സെറിബെല്ലത്തിന് തകരാറുണ്ടാകുന്നതോ ആണ് സന്തുലനാവസ്ഥ തകരാറുകളും തലകറക്കവും സാധാരണഗതിയിൽ ഉണ്ടാക്കുന്നത്.
  • പല കാരണങ്ങളാൽ ഇത്തരം പ്രയാസങ്ങൾ ഉണ്ടാവാമെന്നു പറഞ്ഞുവല്ലോ, രോഗികൾക്ക് പൊതുവിൽ അസ്വസ്ഥകൾ സമാനമാണെന്ന് തോന്നാം.
  • എങ്കിലും ലക്ഷണങ്ങളുടെ ചില പ്രത്യേകതകൾ ഈ അവസ്ഥയ്ക്ക് കാരണമാവുന്ന രോഗപ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണം വരെ ആകാമെന്നതിനാൽ അത്തരം കാരണങ്ങൾ ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നില്ല, പകരം ഇടയ്ക്കിടെ ഉണ്ടാകുന്ന, അല്ലെങ്കിൽ തുടർച്ചയായുണ്ടാകുന്ന തലകറക്കത്തിന്റെ കാരണമാകുന്ന ഒരു രോഗമാണ് ഇവിടെ വിശദീകരിക്കുന്നത്
എന്താണ് ബി. പി. പി. വി. (benign paroxysmal positional vertigo)?

  • ബി. പി. പി. വി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രോഗത്തെക്കുറിച്ച് എടുത്തു പറയാം, കാരണം ഏറ്റവും സാധാരണമായി കണ്ടു വരുന്ന തലകറക്കം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്.
  • തലച്ചോറിനെ ബാധിക്കുന്നതുമൂലമുള്ള മറ്റു തലകറക്കം ഉണ്ടാക്കുന്ന രോഗാവസ്ഥകൾ സാധാരണഗതിയിൽ വളരെ കുറവാണ്.
  • എൺപത് ശതമാനവും തലച്ചോറിനു പുറത്തുള്ള സന്തുലനാവസ്ഥ നില നിർത്തുന്നതിനു സഹായിക്കുന്ന ബാഹ്യ അവയവങ്ങളെ ബാധിക്കുന്നതാണ്. ആ ഗണത്തിൽ പെടുന്ന രോഗമാണ് ബി. പി. പി. വി.
  • ആന്തര കർണത്തിലെ അർദ്ധ വൃത്താകൃതിയുള്ള 3 കനാലുകൾ, സെക്യൂൾ, യൂട്രിക്കിൾ എന്നീ ഭാഗങ്ങൾ, വെസ്റ്റിബുലർ നാഡീഞരമ്പ് എന്നിവയിലുണ്ടാവുന്ന പ്രശ്നങ്ങൾ ആണ് സാധാരണഗതിയിൽ തലകറക്കരോഗങ്ങൾ ഉണ്ടാക്കുന്നത്.
  • അതിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രോഗമാണ് ബി. പി. പി. വി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.
  • ആന്തര കർണത്തിന്റെ തകരാറു മൂലം തലയുടെ സ്ഥാനചലനത്തിനനുസരിച്ച് ഇടവിട്ടുണ്ടാവുന്ന തലകറക്കം ആണ് ബി. പി. പി. വി.
മറ്റ് ചികിത്സകളൊന്നും കൂടാതെ തന്നെ ഒരു മാസം കൊണ്ട് 20% പേരിലും മൂന്നുമാസംകൊണ്ട് 50% പേരിലും തനിയേ മാറുന്ന രോഗമാണിത്.

എന്നാൽ കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ബി. പി. പി. വി. രോഗിയുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കാം.

ദിനേനയുള്ള ജോലികൾ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അപ്രതീക്ഷിതമായ വീഴ്ചകളും അത് മൂലമുള്ള അപകടങ്ങളുമൊക്കെ ഉണ്ടാവുകയും ചെയ്യാം.

ആർക്കൊക്കെയാണ് ബി. പി. പി. വി. ഉണ്ടാവുന്നത് ?

  • ലോകത്തിലെ ആകെ ജനസംഖ്യയിൽ 2.4% പേരും ഒരിക്കലെങ്കിലും ബി. പി. പി. വി. ഉണ്ടായിട്ടുള്ളവരാണ്.
  • സ്ത്രീകളിൽ ഈ രോഗം കൂടുതലായി കണ്ടു വരുന്നു.
  • പ്രായമേറിയവരെ തലകറക്കം കാരണമുള്ള വീഴ്ച, വിഷാദരോഗം എന്നിവ സാരമായി ബാധിക്കുന്നു.
എന്ത് തകരാറാണ് ബി. പി. പി. വി. ഉണ്ടാക്കുന്നത്?

ഇനി അല്പം ശരീര ശാസ്ത്രം പറയാം...(കഴിയുന്നതും ലളിതമായി)

  • ആന്തര കർണത്തിലെ അർദ്ധ വൃത്താകൃതിയിൽ ഉള്ള മൂന്നു നാളികളാണ് ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത്.
  • നാളികൾക്കുള്ളിലെ ദ്രാവകവും അതിലെ കാൽസ്യത്തിന്റെ ചെറുതരികളുടെ സ്ഥാനവും ചലനവും ( ഓട്ടോ കോണിയ) സന്തുലിതാവസ്ഥയെ കുറിച്ചുള്ള അറിവുകൾ തലച്ചോറിലേക്ക് പകർന്നു കൊടുക്കുന്നു
  • ഇത്തരം ഉദ്ദീപനങ്ങൾക്ക് അനുസൃതമായി തലച്ചോറിലെ ചില കേന്ദ്രങ്ങൾ സംയോജിച്ചു പ്രവർത്തിച്ചാണ് ശരീരത്തിൻ്റെ സന്തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത്.
  • എന്നാൽ രോഗാവസ്ഥയിൽ ഓട്ടോകോണിയകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് അവ 'അർദ്ധവൃത്ത കനാലുകളിൽ' യഥേഷ്ടം സഞ്ചരിക്കുമ്പോഴാണ് തലകറക്കം വരുന്നത്.
ബി. പി. പി. വി. യുടെ കാരണങ്ങൾ എന്തൊക്കെ ?

ബി. പി. പി. വി. യുടെ കാരണങ്ങൾ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നു വരികയാണ്. ഓട്ടോലിത്തുകൾക്ക് സ്ഥാനഭ്രംശം ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം.

  • പ്രായമായവരിൽ
  • അസ്ഥികൾക്ക് തേയ്മാനം ഉള്ളവരിൽ
  • തലയ്ക്ക് പരിക്കേറ്റവരിൽ
  • സർജറി വേണ്ടിവന്നിട്ടുള്ളവരിൽ
  • ദീർഘനാളായി ബെഡ് റെസ്റ്റ് ആവശ്യമായിട്ട് വന്നിട്ടുള്ളവരിൽ
ലക്ഷണങ്ങൾ എന്തൊക്കെ?

  • തല അനക്കുമ്പോഴോ, കിടക്കുന്നിടത്തു നിന്നു എണീക്കുമ്പോഴോ, കുനിഞ്ഞു നിവരുമ്പോഴോ ഒക്കെ പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം ആണ് പ്രധാന ലക്ഷണം.
  • ഒരു മിനിറ്റിൽ താഴെ മാത്രമേ തലകറക്കം നിലനിൽക്കുകയുള്ളൂ.
  • എന്നാൽ തലകറക്കം ഉണ്ടാകുമോ എന്ന ഭയം നിമിത്തം കഴിവതും ചലിക്കാതെ ഇരിക്കുകയും ദിനേന ചെയ്യുന്ന പ്രവർത്തികൾ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. വിഷാദ രോഗം ഉണ്ടാവാൻ ഉള്ള സാധ്യത രോഗാവസ്ഥ യെ സങ്കീർണമാക്കുന്നു.
  1. തലയ്ക്ക് കനം പോലെ തോന്നുക.
  2. നടക്കുമ്പോൾ വേച്ചുപോവുക,
  3. ശർദ്ദി മനംപുരട്ടൽ മുതലായവ

പരിശോധനകൾ & ചികിത്സകൾ

തലകറക്കത്തിനു പൊതുവിൽ പല കാരണങ്ങളും ഉണ്ടാകാം. കാരണങ്ങളായേക്കാവുന്ന മറ്റു രോഗാവസ്ഥകൾ ഇല്ലെന്ന് സ്ഥിരീകരിക്കേണ്ടി വന്നേക്കും. കൃത്യമായ പരിശോധനയിലൂടെ കാരണം കണ്ടെത്തുക ആണ് ആദ്യ പടി. ശരിയായി രോഗനിർണയം നടത്തിക്കഴിഞ്ഞതിനു ശേഷം ശാസ്ത്രീയമായ ചികിത്സയാണു ഈ രോഗത്തിന് വേണ്ടത്.

എന്നാൽ ലക്ഷണങ്ങൾ ശമിപ്പിക്കുന്നതിനായി പൊതുവിൽ തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ അനാവശ്യമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യം നിലവിലുണ്ട് എന്നത് ഖേദകരമാണ്.

  • പരിശോധനക്ക് ഒപ്പംതന്നെ ചികിത്സയും ചെയ്യാവുന്നതാണ്. ബി. പി. പി. വി.യുടെ പരിശോധനയും ചികിത്സയും വെവ്വേറെ കാണാൻ സാധിക്കില്ല.
  • അല്പം പ്രയാസമേറിയത് ആണെന്ന് ചികിത്സകനും രോഗിക്കും തോന്നിയേക്കാമെങ്കിലും മാതൃകാപരമായ ചികിത്സാ പ്രക്രിയ നിർദ്ദേശിക്കുകയാണ് രോഗം ഭേദമാവാൻ ഉത്തമം.
  • ചില "വ്യായാമ" പ്രക്രിയകൾ ആണ് ഈ രോഗത്തിന് ശരിയായ ചികിത്സ.
1. Dix hallpike പ്രക്രിയ

  • രോഗിയുടെ തല 45 ഡിഗ്രി വശത്തേയ്ക്ക് ചരിച്ച ശേഷം ഇരിക്കുന്ന നിലയിൽ പെട്ടെന്ന് തന്നെ 20 ഡിഗ്രി താഴേക്ക് തല തൂങ്ങി കിടക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നു.
  • ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാകുന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോസ്റ്റീരിയർ കനാൽ ബി. പി. പി. വി." സ്ഥിരീകരിക്കുക.
  • ഈ രോഗികൾക്ക് CRP (കനാലിത്ത് റീപൊസിഷൻ പ്രൊസീഡിയർ) എന്ന് അറിയപ്പെടുന്ന പ്രക്രിയ വഴി സ്ഥാനഭ്രംശം വന്ന ഓട്ടോലിത്തുകളെ യഥാസ്ഥാനത്ത് നിക്ഷേപിക്കാവുന്നത് ആണ്. അതാണ് പോസ്റ്റീയർ കനാൽ ബി. പി. പി. വി. യുടെ ചികിത്സ.
  • Eplyes പ്രക്രിയ, Semonts പ്രക്രിയ മുതലായവ എന്നിവയാണ് ഇത്തരം ചികിത്സാ പ്രക്രിയകൾക്കു രണ്ടു ഉദാഹരണങ്ങൾ
Dix hallpike പരിശോധന നെഗറ്റീവ് ആണെങ്കിൽ

Supine roll എന്ന ടെസ്റ്റ് ചെയ്തു lateral canal ബി. പി. പി. വി. ഉണ്ടോഎന്ന് ഉറപ്പിക്കണം.
ഉണ്ടെങ്കിൽ അതിനോടൊപ്പം തന്നെ barbeque roll എന്ന ചികിത്സാ പ്രക്രിയയ്ക്ക് വിധേയമാക്കി രോഗിയെ ചികിൽസിക്കേണ്ടതാണ്.

ലേഖനം വായിച്ചു കേട്ട് ലക്ഷണങ്ങൾ ഒക്കെ ഇത് തന്നെ എന്നു കരുതി ആരും ഇങ്ങനെ ഒരു കാര്യം സ്വയം ചെയ്യാൻ മുതിരരുത്… കാരണമുണ്ട്..

  • തലച്ചോറിലെക്ക്‌ രക്തപ്രവാഹം കുറവുള്ള ആൾക്കാർ,
  • കഴുത്തിലെ സുഷുമ്നാ തകരാറുള്ളവർ,
  • നട്ടെല്ലിന് തകരാർ ഉള്ളവർ,
  • ഡൗൺ സിൻഡ്രോമുള്ളവർ,
  • സ്പോണ്ടിലൈറ്റിസ് ഉള്ളവർ,
  • അമിതവണ്ണം ഉള്ളവർ എന്നിവരുടെ ഒക്കെപരിശോധനകൾ പ്രത്യേക ശ്രദ്ധയോടെയാണ് ചെയ്യുന്നത്.
ബി. പി. പി. വി. ആണെന്ന് ക്ലിനിക്കൽ പരിശോധനയിലും dix hallpike പരിശോധനയിലും തെളിഞ്ഞാൽ, പിന്നീട് ലാബ് പരിശോധനകളോ സ്കാൻ മുതലായ പരിശോധനകളോ സാധാരണഗതിയിൽ ആവശ്യമായി വരാറില്ല.

എന്നാൽ ബി. പി. പി. വി. ആണ് എന്ന് കൃത്യമായി ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ വെസ്റ്റിബുലാർ പരിശോധനകൾ ഉൾപ്പെടെയുള്ള മറ്റ് പരിശോധനകൾ ചെയ്യാവുന്നതാണ്.

ബി. പി. പി. വി. സാധാരണഗതിയിൽ മരുന്നുപയോഗിച്ച് ചികിത്സിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് അടിവരയിട്ടു പറയട്ടെ.

ശർദ്ദിയോ അനുബന്ധ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ മാത്രം മരുന്ന് അതും ഏറ്റവും കുറഞ്ഞ സമയത്തേക്കു നൽകിയാൽ മതിയാവും.

CRP (canalith Reposition Procedure) എന്ന "വ്യായാമ" പ്രക്രിയയാണ് ചികിത്സയിലെ ഏറ്റവും പ്രധാന ഘടകം, അത് ഒഴിവാക്കിക്കൊണ്ട് ബി. പി. പി. വി. മരുന്നുകൾ കൊണ്ട് മാത്രം ചികിത്സിക്കുന്നതിൽ യുക്തി ഇല്ല, അത് അശാസ്ത്രീയവും ആണെന്ന് പറയേണ്ടിയിരിക്കുന്നു.

എന്താണ് വെസ്റ്റിബുലാർ വ്യായാമങ്ങൾ?

ബി. പി. പി. വി. യിൽ ചികിത്സാ പ്രക്രിയകൾ കഴിഞ്ഞവർക്കും, വെസ്റ്റിബുലാർ പ്രശ്നങ്ങൾ കാരണം തലകറക്കം ഉള്ളവർക്കും വെസ്റ്റിബുലാർ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.

പ്രധാനമായും രണ്ടു തരം വ്യായാമങ്ങൾ ആണ് വെസ്റ്റിബുലാർ വ്യായാമങ്ങൾ.

1. cawthorne cooksey വ്യായാമങ്ങൾ

‌തല, കണ്ണ്, ശരീരം എല്ലാത്തിന്റെയും ചലനങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്ന തരത്തിൽ ആണ് ഇവ ക്രമീകിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇരുന്നു കൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാവുന്ന ലളിത വ്യായാമങ്ങൾ പിന്നീട് ഒരല്പം കൂടി സങ്കീർണമായത് ആകുന്നു. (നടക്കുക, സ്റ്റെപ്പ് കയറുക മുതലായവ)

2. Brandt Daroff വ്യായാമം

ഇത് CRP കഴിഞ്ഞ് ഒരാഴ്ച ക്ക് ശേഷം ചെയ്തു തുടങ്ങാവുന്നത് ആണ്.

CRP ശേഷവും ചെറിയ തോതിൽ ബാലൻസ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ വ്യായാമം ദീർഘകാല രോഗമുക്തി നൽകുന്നു.

പല തവണ CRP ചെയ്തിട്ടും ഫലം കാണാത്ത അപൂർവം ചിലരിൽ സർജറി വേണ്ടി വന്നേക്കാം.

ബി. പി. പി. വി. രോഗികൾ പ്രത്യേകമായി ശ്രദ്ധിക്കാനുള്ളവ?

  • തലചുറ്റൽ ഉണ്ടാകുന്ന അവസരങ്ങളിൽ വ്യായാമങ്ങൾ ചെയ്യാതിരിക്കുക.
  • സ്വയം ചികിത്സ പാടില്ല - ചില മരുന്നുകൾ കഴിക്കുന്നത് തല കറക്കം മാറാൻ കൂടുതൽ സമയം എടുക്കാൻ കാരണമായേക്കാം.
  • കൃത്യമായ ഇടവേളകളിൽ ബി. പി. പി. വി. ക്ക് തുടർ ചികിത്സ വേണ്ടിവന്നേക്കാം. രണ്ടാഴ്ച മുതൽ ഒരുമാസം ആറുമാസംവരെ ഫോളോ അപ്പ് വേണ്ടിവരാം.
  • പരിശോധനയും ചികിത്സാ പ്രക്രിയയും വീണ്ടും വേണ്ടി വരാം .
  • രണ്ടുമൂന്നു CRP സെഷനുകൾക്ക് ശേഷവും ബിപിപിവി നില നിൽക്കുന്നവരിൽ മിനിയർസ് രോഗം മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവ സംശയിക്കുകയും പരിശോധിക്കുകയും വേണ്ടിവന്നേക്കാം.
CRP ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

  • രണ്ടാഴ്ചത്തേക്ക് നടു വളച്ചു കുനിയുവാനോ കുനിഞ്ഞുനിന്ന് ജോലികൾ ചെയ്യുവാനോ പാടില്ല.
  • തല കുലുങ്ങുന്ന ജോലികൾ ഒഴിവാക്കേണ്ടതാണ്.
  • തല വളരെയധികം ഉയർത്തി മുകളിലേക്ക് നോക്കാൻ പാടില്ല.
  • കുളിക്കുമ്പോൾ ഷവർ ഉപയോഗിക്കുകയോ ബക്കറ്റ് ഉയർത്തി വയ്ക്കുകയോ ചെയ്യുക.
  • കുനിഞ്ഞുനിന്ന് ജോലി ചെയ്യേണ്ട അവസരങ്ങളിൽ പകരം ഇരുന്നു ജോലി ചെയ്യുക.
  • എന്നാൽ ഈ പറഞ്ഞത് ഒഴികെയുള്ള സാധാരണ ജോലികളൊക്കെ ചെയ്യാവുന്നതാണ്.
Content Highlights: symptoms causes and treatment for vertigo

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
പുരുഷന്‍മാര്‍ക്ക് സ്തനവളര്‍ച്ച വന്നാല്‍

4 min

പുരുഷന്‍മാര്‍ക്ക് സ്തനവളര്‍ച്ച വന്നാല്‍

Sep 5, 2020


nipah

4 min

'കോവിഡിനെക്കാൾ പിടിച്ചു കെട്ടാൻ എളുപ്പമാണ് നിപയെ, പക്ഷേ പൗരന്മാർ തങ്ങളുടെ കടമ കൃത്യമായി ചെയ്യുമോ?'

Sep 22, 2023


Most Commented