സ്വന്തം പിറന്നാൾ രാത്രിയിൽതന്നെ ഈ ലോകം ഉപേക്ഷിച്ചുപോയ ശ്യാംജിത്; കുറിപ്പുമായി അധ്യാപകൻ 


ശ്യാംജിത്| Photo:facebook.com/madhu.vasudevan.39

വിഷാദരോ​ഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. സമ്മർദം നിറഞ്ഞ ജീവിതരീതിയും വിദ​ഗ്ധ സഹായം തേടാൻ കഴിയാത്തതുമൊക്കെ വിഷാദരോ​ഗികളെ ആത്മഹത്യ പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ചെന്നെത്തിക്കുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വിദ്യാർഥിയുടെ അനുഭവം പങ്കുവെക്കുകയാണ് ചലച്ചിത്ര ​ഗാനരചയിതാവും മഹാരാജാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ മധു വാസുദേവൻ. മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്ന ശ്യാംജിത്തിന്റെ മരണത്തെക്കുറിച്ചാണ് അദ്ദേഹം പങ്കുവെക്കുന്നത്. ബോഡിബിൽഡറും മിസ്റ്റർ യൂണിവേഴ്സിറ്റിയുമൊക്കെ ആയിരുന്ന ശ്യാംജിത്തിനെ വിഷാദം കീഴടക്കിയതിനെക്കുറിച്ചും വിഷാദത്തെ ​ഗൗരവത്തോടെ സമീപിക്കേണ്ടതിനെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. വിഷദത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദുരന്ത സന്ദർഭങ്ങളിലെല്ലാം ശ്യാംജിത്തുമാർ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കുറിക്കുന്നു.

കുറിപ്പിലേക്ക്...

താഴെവീണുപോയ നക്ഷത്രമേ !

‘സാറേ, ആ ചേട്ടൻ എങ്ങനാ മരിച്ചത്? നല്ല ചേട്ടനാരുന്ന്. നല്ല കമ്പനിയാണ്. ഫ്രൈഡേലും കണ്ടതാണ്. ഷോട്ട് സൊക്കെ ഇട്ട്. ഞങ്ങളോട് കോമഡിയൊക്കെ പറഞ്ഞ്. പാട്ടും പാടുംന്നൊക്കെ പറഞ്ഞ്.' അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ ഗംഗാ പാൽ, വേണ്ടപ്പെട്ടൊരാൾ പെട്ടെന്നില്ലാതായതിലെ നൊമ്പരം, അവളുടെ ഉച്ചാരണ വ്യത്യാസമുള്ള മലയാളത്തിൽ എന്നോടു പറഞ്ഞുകൊണ്ടിരുന്നു. അതു കേട്ടിരിക്കേ ഞാൻ ഓർത്തു. അൽപം മുൻപായി മെയിൽ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ നിറഞ്ഞുകവിഞ്ഞ ക്യാമ്പസ് സമൂഹവും ഗംഗയിൽ ഉയിർകൊണ്ട ഇതേ മനോവേദനയിൽ പിടഞ്ഞിട്ടുണ്ടാകണം. ഒന്നിനും വ്യക്തതയില്ല. ആകെ അറിയാവുന്നത്, മഹാരാജാസുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന ശ്യാംജിത് ഇനി ഇല്ല. അജ്ഞാത കാരണങ്ങളാൽ അവൻ സ്വന്തം ജീവിതത്തിനു പൂർണവിരാമമിട്ടു. രണ്ടു മാസം തികഞ്ഞിട്ടേയുള്ളൂ, ഇതേ സാഹചര്യത്തിൽ ക്യാംപസിലെ ഒരു കുരുന്നു പെൺകുട്ടിയും ഇത്തരത്തിലുള്ള ക്രൂര തീരുമാനം എടുത്തിരുന്നു. ഇതിപ്പോൾ ശ്യാമും. നിറങ്ങളുടെയും സ്വപ്നങ്ങളുടെയും സങ്കൽപലോകത്തിൽ ഉല്ലാസപൂർവം പറന്നുനടക്കേണ്ട പ്രായത്തിൽ കുട്ടികൾ എന്തിനിങ്ങനെ ജീവിതത്തെ പകുതിയിൽ ഉപേക്ഷിച്ചു പോകുന്നു? ചുറ്റുമുള്ളവരുടെ നെഞ്ചു പൊട്ടിക്കുന്ന കഠിനദുഃഖങ്ങളെ അവർ എങ്ങനെ അറിയാൻ! ഇതേ സന്ദേഹത്തോടെ 'പ്രാണ' എന്നപേരിൽ ഒരു സംഗീതആൽബം ഞാൻ യുട്യൂബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒളിമ്പ്യൻ ശ്രീജേഷ് അതിനു മുഖവുരയും തന്നു.
https://youtu.be/40bMRNYNNrY

ശ്യാംജിത് മഹാരാജാസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു. അഭിമാനനേട്ടങ്ങൾ നിരന്തരം കോളേജിനു തന്നുകൊണ്ടിരുന്ന ബോഡിബിൽഡർ. രണ്ടു വട്ടം മിസ്റ്റർ യൂണിവേഴ്സിറ്റി പട്ടം സ്വന്തമാക്കിയ കഠിനാധ്വാനി. ഇന്നലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ ഡോ. അജു സാർ, സർവകലാശാലാ മത്സരത്തിൽ അവൻ കാഴ്ചവച്ച മിന്നുംപ്രകടനത്തിന്റെ വീഡിയോ ഗ്രൂപ്പിൽ ഇട്ടിരുന്നു. ഒന്നേ നോക്കിയുള്ളൂ. ഭൂമി വിട്ടുപോകുന്നതിനു തൊട്ടുമുൻപായി ഒരു ചാനൽ സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന ശ്യാമിന്റെ കുറേ ഫോട്ടോകൾ ഉറ്റമിത്രം ഉണ്ണികൃഷ്ണനും കാണിച്ചു തന്നു. ഞാൻ ആ ചിത്രങ്ങളിൽ സൂക്ഷിച്ചുനോക്കി. ആത്മവിശ്വാസം പ്രകാശിക്കുന്ന ആ മുഖഭാവങ്ങളിൽ എവിടെയെങ്കിലും സ്വന്തം പിറന്നാൾ രാത്രിയിൽതന്നെ ഈ ലോകം ഉപേക്ഷിച്ചുപോകാനുള്ള ദൃഢതീരുമാനം തരിയെങ്കിലും തെളിയുന്നുണ്ടോ? ഒന്നുമില്ല. എല്ലാം തീർത്തുകളയുന്നതിനു തൊട്ടുമുന്നേ 'മിസ്റ്റർ എറണാകുളം' പട്ടം നേടിയ കൂട്ടുകാരൻ ബിലാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സ്റ്റാറ്റസും അവൻ വാട്ട്സാപ്പിൽ ഇട്ടിരുന്നു. സുഹൃത്തുക്കൾക്കു നൽകിയ അവസാനത്തെ സ്നേഹസന്ദേശം.

തീർച്ചയായും, ശ്യാമിന്റെ ജീവിതം ഒന്നുമില്ലായ്മയുടെ നടുവിലായിരുന്നു. പോളിത്തിൻ പാളി വലിച്ചുകെട്ടിയ കൊച്ചുപുരയുടെ ഉള്ളിൽ അവൻ വല്ലാതെ വീർപ്പുമുട്ടിയിട്ടുണ്ടാകും. പാഷൻ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ദിവസവും ദുരിതപ്പെട്ടുകാണും. കടബാധ്യതകൾ അവനെ നന്നേ ഭയപ്പെടുത്തിക്കാണും. എന്നാലും നിനക്കിത്രയും പ്രായമല്ലേയുള്ളൂ ! ഇത്തിരികൂടി ക്ഷമ കാട്ടാമായിരുന്നു. വലിയ ലക്ഷ്യത്തിലെത്താൻ നിനക്കും സാധിക്കുമായിരുന്നല്ലോ. നല്ല ഭാവി തൊട്ടടുത്തുവരെ എത്തിയതല്ലേ? നിനക്കു ചുറ്റുമുള്ള സമൂഹം പൂർണമായും കരുണ വറ്റിയതല്ല. നല്ല മനസുകൾ ഭൂമിയിൽ ഇനിയും ബാക്കി നിൽപ്പുണ്ടെന്ന സത്യം നീ അറിഞ്ഞില്ലല്ലോ! ഈ വേവലാതികൾ എല്ലാവരെയുംപോലെ ഞാനും പങ്കിടുന്നുവെന്നേയുള്ളൂ. അതിനപ്പുറമായി ഇങ്ങനെയൊരു ദാരുണ തീരുമാനം ശ്യാം എന്തുകൊണ്ടെടുത്തു എന്നതിനുള്ള ഉത്തരം ഊഹിച്ചെടുക്കാൻ വേണ്ടത്ര സൂചനകൾ എനിക്കു ലഭിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ കേവലമായ മനസിലാക്കലിനും എത്രയോ അപ്പുറത്തുനിൽക്കുന്ന, നിഗൂഢ മനസിന്റെ നീർച്ചുഴികൾക്കും അഴിച്ചെടുക്കാൻ സാധിക്കാത്ത കുരുക്കുകൾക്കും വാടിക്കൊഴിയുന്ന പ്രതീക്ഷകൾക്കും തിരികെട്ടു പുകയുന്ന ശൂന്യതകൾക്കും കൽപിത ഏകാന്തതയുടെ തടവുകാരനായി സ്വയം മാറിപ്പോകുന്നതിനും നിശബ്ദ സാക്ഷിയാകാൻ വിധിക്കപ്പെട്ടവനല്ലേ ഞാനും ! അതുകൊണ്ടും ശ്യാം, നിന്നെ എനിക്കു കുറേക്കൂടി മനസിലാകും. പക്ഷേ ഈ മനസിലാക്കൽ അവന്റെ പ്രിയപ്പെട്ടവരിലും സംഭവിച്ചിരുന്നെങ്കിൽ, അവനോടുള്ള സമീപനത്തിൽ കുറച്ചുകൂടി യാഥാർഥ്യബോധം കലർന്നിരുന്നെങ്കിൽ രക്ഷിച്ചെടുക്കാൻ കഴിയുമായിരുന്ന മനോഹര ജീവിതമായിരുന്നു ശ്യാംജിത്. ഇനി എന്തു പറഞ്ഞിട്ടും എന്ത് ?

എന്റെ പ്രിയപ്പെട്ട വിദ്യാർഥി, 'മിസ്റ്റർ ഏഷ്യ' പട്ടം നേടിയ അശ്വിൻ ഷെട്ടിയുടെ ശിഷ്യൻ എന്ന കെയറോഫിലാണ് ശ്യാം എന്നെ പരിചയപ്പെട്ടത്. എന്തൊരു പ്രസരിപ്പായിരുന്നു! ക്യാന്റീനിലേക്കുള്ള നടവഴിയിൽ പലപ്പോഴും അവനെ ഞാൻ കണ്ടു. ഒരു ദിവസം. ഇ.എം.ജി - ഇലക്ട്രോമയോഗ്രാഫ് - ഉപയോഗിച്ചുകൊണ്ട് മസിൽ ആക്ടിവേഷനിൽ പരീക്ഷണങ്ങൾ നടത്തുന്ന ജെറിമീ ഇഥിയറെപ്പറ്റി സന്ദർഭവശാൽ സൂചിപ്പിച്ചപ്പോൾ ഉടനേ അവൻ യൂട്യൂബിൽ കയറി. 'മെൻസ് എക്സ്പി' യിൽ വന്ന ലേഖനം വായിക്കാൻ താൽപര്യം കാട്ടി. അത്രയും തീവ്രമായിരുന്നു അവന്റെ പാഷൻ. മറ്റൊരിക്കൽ ശ്യാം പറഞ്ഞു, 'സാറിങ്ങനെ ചുമ്മാ വല്ലതുമൊക്കെ വീട്ടിലിരുന്നു കാട്ടിക്കൂട്ടിയാൽ റിസൾട്ടൊന്നും കിട്ടില്ലട്ടാ. ജിമ്മിൽ പോണം.' 'ഈ പ്രായത്തിൽ മലമറിക്കാൻ വയ്യ ശ്യാമേ !' ഞാൻ പറഞ്ഞതിനെ അവനു സ്വീകാര്യമായില്ല. 'നല്ല ആറ്റിറ്റ്യൂഡ് മതി സാറേ, പ്രായമൊന്നും വിഷയമല്ല.' ഇങ്ങനെ, 'മനുഷ്യനു വേണ്ടത് നല്ല മനോഭാവങ്ങളാണ്, ബാക്കിയെല്ലാം താനേ ശരിയായിക്കോളും' എന്ന ഉപദേശം എനിക്കു തന്നവനാണ് ശ്യാം. തീർച്ചയായും അവനിൽ അതുണ്ടായിരുന്നു. പക്ഷേ സ്വന്തം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. അച്ഛൻ പോയ ദാരുണ വഴിയിലൂടെ അവനും സഞ്ചരിച്ചുകളഞ്ഞു.

അതങ്ങനെയല്ലേ വരൂ. കാരണം വിഷാദം മനസിന്റെമാത്രം അവസ്ഥയല്ല. വിഷാദാവസ്ഥയുടെ സങ്കീർണതകൾ ഇനിയും മുഴുവനായി വെളിപ്പെട്ടിട്ടില്ല. എങ്കിലും ബ്രയിനിൽ ക്രമേണ രൂപംകൊള്ളുന്ന രാസപദാർഥങ്ങളുടെ അസന്തുലിതസ്ഥിതിയും ഇതിൽ ഒരു കാരണമായി ഉൾപ്പെട്ടിരിക്കുന്നുവെന്ന സത്യം വൈദ്യശാസ്ത്രലോകം അംഗീകരിക്കുന്നു. അതിലൂടെ തലച്ചോറിൽ നിരന്തരം സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ചിന്തകളെ നേരിടുക വ്യക്തി വിചാരിച്ചാൽ മാത്രം സാധിക്കുന്നതല്ല. അതിന് പരിചയസമ്പന്നരായ വിദഗ്ധരുടെ സഹായം അത്യാവശ്യമുണ്ട്. ഇതു തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദുരന്ത സന്ദർഭങ്ങളിലെല്ലാം ശ്യാംജിത്തുമാർ ഉണ്ടായിക്കൊണ്ടിരിക്കും. അവനെ ഓർമിച്ചു കണ്ണീരൊഴുക്കാൻ പ്രിയപ്പെട്ടവർ അതിക്രൂരമായി വിധിക്കപ്പെടും.

ഇന്നലെ ക്യാന്റീനിൽനിന്നു മടങ്ങുന്നവഴി ഒ.എസ്.എയുടെ ഓഫീസിനു മുന്നിൽ ഞാൻ പെട്ടെന്നു നിന്നുപോയി. അന്നത്തെ കരിങ്കൽ കഷണം ഇവിടെ എവിടെയോ ഉണ്ടാവണമല്ലോ. അതെടുത്തു പിടിച്ചുകൊണ്ട് മനസിൽ ഉരുട്ടുന്ന എളുപ്പമാർഗം ഒരു ദിവസം ശ്യാം എനിക്കു കാണിച്ചുതന്നു. അതു നോക്കിക്കൊണ്ടിരുന്ന കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു. അവരെല്ലാവരും ഇപ്പോൾ കരയുകയാണ്. ശ്യാം, ഇതു നീയും കാണുന്നുണ്ടാവും. കാരണം ഞാൻ വിശ്വസിക്കുന്നു, നീ എവിടെയും പോയിട്ടില്ല. നിന്നെ ഹൃദയപൂർവം പൊതിഞ്ഞുപിടിച്ച പ്രിയപ്പെട്ട കൂട്ടുകാരെ, അധ്യാപകരെ, നമ്മുടെ മഹാരാജാസിനെ നീ അതിലധികമായി മനസിൽ കരുതിയിട്ടുണ്ട്. അങ്ങനെയുള്ള നിനക്കു സാധിക്കുമോ ഞങ്ങളെ വിട്ടുപോകാൻ ?അതിനാൽ ഏറെ നൊമ്പരത്തോടെ ഞാൻ പ്രാർഥിക്കുന്നു, ആത്മാവിന്റെ ഏതവസ്ഥയിലായാലും നിനക്ക് ശാന്തി ഉണ്ടായിരിക്കട്ടെ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: professor facebook note on student shyamjith death depression and mental health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Guinnes Pakru

1 min

വീണ്ടും അച്ഛനായി, സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

Mar 21, 2023

Most Commented