ര്‍ജന്റ്..!! p/500 എന്ന് മുകളില്‍ എഴുതിയിട്ടുള്ള പാരസെറ്റമോള്‍ കഴിക്കരുത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ 'മാച്ചുപോ' എന്ന വൈറസ് ഈ പാരസെറ്റമോളില്‍ അടങ്ങിയിട്ടുണ്ട്.. പരമാവധി ഷെയര്‍ ചെയ്യുക..!! നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടോ ഇങ്ങനെയൊരു സോഷ്യല്‍ മീഡിയ സന്ദേശം?   ഇത്തരത്തിലൊരു സന്ദേശത്തിന്റെ ആധികാരികത എന്താണെന്നും, മാച്ചുപോ വൈറസ് എന്താണെന്നും ആലോചിക്കാതെ ഗ്രൂപ്പായ ഗ്രൂപ്പുകളിലേക്കെല്ലാം ഈ സന്ദേശം ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഇതൊന്നു വായിച്ചു നോക്കുക. വാസ്തവത്തില്‍ പാരസെറ്റമോള്‍ ഗുളികയില്‍ ഇത്തരത്തിലൊരു മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടോ? പ്രചരണങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ഇന്‍ഫോക്ലിനിക്കിലൂടെ ഡോ. ഷിംന അസീസ്, ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. ജിനേഷ്, പിഎസ് എന്നിവര്‍. 

paracetmol
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം

'ജീവനുള്ള കോശത്തില്‍ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകള്‍ എന്നറിയാമല്ലോ. അവ നിര്‍ജ്ജീവമായ പാരസെറ്റാമോള്‍ ഗുളികയില്‍ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്. ബൊളീവിയന്‍ ഹെമറേജിക് ഫീവര്‍ ഉണ്ടാവാനുള്ള കാരണം ഇവനാണ്. ഒരു തരം RNA വൈറസ് ആണിത്. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963ല്‍ കണ്ടെത്തിയ വൈറസാണ്. ഇന്ത്യയില്‍ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല. ബോളിവിയന്‍ സ്വദേശികളായ എലികളാണ് ഈ അസുഖം പടര്‍ത്തുന്നത്. ഇന്ത്യയില്‍ ഈ വൈറസ് മൂലമുള്ള അസുഖബാധ ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു.

ബൊളീവിയയില്‍ 1959-65 കാലത്ത് ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് രോഗമുണ്ടാകുകയും കുറെയേറെ ആള്‍ക്കാര്‍ മരണമടയുകയും ചെയ്തു. 2007ല്‍ ഇരുപത് പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും മൂന്ന് പേര്‍ മരണമടയുകയും ചെയ്തു. 2008ല്‍ ഇരുന്നൂറോളം പേരില്‍ രോഗബാധയുണ്ടാവുകയും 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. അവസാനം റിപ്പോര്‍ട്ട് ചെയ്തത് 2011-13 കാലത്തും. അന്ന് മുന്നൂറോളം പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇരുപതില്‍ താഴെ മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്.

ഇന്ത്യയില്‍ ഉണ്ടാവാന്‍ പോലും സാധ്യതയില്ലാത്ത ഒരസുഖവും പാരസെറ്റമോള്‍ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഈ വാട്ടസ്ആപ് പരോപകാരകിംവദന്തി. P-500 എന്ന ബ്രാന്‍ഡ് മാത്രമല്ല, ഒരുതരത്തിലുള്ള പാരസെറ്റമോള്‍ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ല'