രീരത്തില്‍ നിന്നും ഏതെങ്കിലും ഒരു അവയവം എന്നന്നേക്കുമായി ഇല്ലാതാവുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?  ചിലപ്പോള്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തായിരിക്കും അത്തരത്തിലൊരു സാഹചര്യം. എന്നിരുന്നാലും പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാല്‍ മുറിച്ചേ പറ്റൂ. അപ്പോള്‍ ജീവന് ഭീഷണിയാവുന്ന തരത്തില്‍ എന്തെങ്കിലും കേടുപാടുകള്‍ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തിന് പറ്റിയാലോ? അവയവം മുറിച്ചു മാറ്റേണ്ട സാഹചര്യങ്ങളെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചും വിശദീകരിക്കുകയാണ് ഇന്‍ഫോക്ലിനിക്കിലൂടെ ഡോ. അരുണ്‍ മംഗലത്ത്.

ഒരു കാല്‍ കിട്ടുമോ, മുറിച്ചു കളയാന്‍ ?

എന്തൊരു നിസ്സാരമാണ് ! കൈയും കാലും മുറിച്ചു കളയുക. ഒരു പൂവിറുക്കുന്ന ലാഘവത്തില്‍. ഈ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരെല്ലാം കൊടും ക്രൂരന്മാര്‍ തന്നെ. എല്ലാദിവസവും എന്തോരം കയ്യും കാലുമാണ് വെറുതെ മുറിച്ചു കളയുന്നത്?! മെഡിക്കല്‍ കോളേജിന്റെ കളിസ്ഥലത്ത് നിന്നു വരെ പാക്കറ്റിലാക്കിയ കയ്യും കാലും കിട്ടി എന്ന വാര്‍ത്ത പത്രത്തില്‍ വന്നിട്ടു കൊല്ലം ഒന്നായില്ല. ഇവന്മാരുടെ കൈയില്‍ പോയിപ്പെടുന്നത് ബുദ്ധിയല്ല. കയ്യും കാലും വേണമെന്നുള്ളവര്‍ക്ക് പുതിയ ഒരു ആശകേന്ദ്രമുണ്ട്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ അങ്ങോട്ടു വച്ചു പിടിക്കുകയല്ലേ ?

??കയ്യും കാലും മുറിച്ചു മാറ്റുക എന്നത് ഒരു നിസ്സാരമായ കാര്യമല്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് ഡോക്ടര്‍ക്കു തന്നെയാണ്. ചികിത്സ തുടങ്ങുന്നതു മുതല്‍ അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്ന ആളുകള്‍ക്ക് കൃത്രിമ അവയവങ്ങള്‍ പിടിപ്പിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള ശേഷിയും ആധുനിക വൈദ്യശാസ്ത്രം ഇന്ന് ആര്‍ജിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും മുറിച്ചുമാറ്റിയ അവയവങ്ങള്‍ക്ക് പകരമാവില്ല വെച്ചുപിടിപ്പിക്കുന്ന കൃത്രിമ അവയവങ്ങള്‍. അതിനാല്‍ത്തന്നെ ഒരിക്കലും അനാവശ്യമായി ഒരു ചെറുവിരല്‍പോലും ഒരു സര്‍ജനും മുറിച്ചുമാറ്റാറില്ല.

??എന്നാല്‍ ഒരു അവയവത്തേക്കാള്‍ പ്രധാനമായി ഒന്നുണ്ട്, ജീവന്‍. പുരയ്ക്കു മീതേ ചാഞ്ഞാല്‍ പൊന്നു കായ്ക്കുന്ന മരമാണെങ്കിലും വെട്ടണം എന്നാണല്ലോ. ജീവനു ഭീഷണിയായാല്‍ കൈയായാലും കാലായാലും മുറിച്ചുമാറ്റേണ്ടിവരും. വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷം എടുക്കുന്ന തീരുമാനമാണ് അത്.

??രോഗിയേയും ബന്ധുക്കളെയും അറിയിച്ച് ശസ്ത്രക്രിയയുടെ ആവശ്യം അവരെ ബോധ്യപ്പെടുത്തി പൂര്‍ണ്ണമായും സമ്മതം വാങ്ങാനായാല്‍ മാത്രമേ ഇതു ചെയ്യാറുള്ളൂ. ആമ്പ്യൂട്ടേഷന്‍ ഏല്‍പ്പിക്കുന്ന മാനസിക ആഘാതം അത്ര വലുതാണ് എന്ന് ഏതു ഡോക്ടര്‍ക്കും അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

??ലളിതമായി പറഞ്ഞാല്‍ മൂന്നു കാരണങ്ങളാണ് ഒരു അവയവം മുറിച്ച് മാറ്റുന്നതിനു കണക്കാക്കുന്നത്. Dead, deadly, dead loss എന്ന ചുരുക്ക രൂപത്തിലാണ് ഇതു സര്‍ജന്‍മാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. നിര്‍ജ്ജീവമായത്, കൊല്ലുന്നത്, ഒന്നു തുലഞ്ഞു പോയെങ്കില്‍ നന്നാവുന്നത് എന്നിങ്ങനെ ഇവയെ ലളിത ഭാഷയില്‍ പറയാം.

?Dead എന്നാല്‍ നിര്‍ജ്ജീവമായ അവയവമാണ്. കയ്യിലേക്കോ കാലിലേക്കോ വിരലുകളിലേക്കോ മറ്റോ ഉള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചു പോകുന്നതുകൊണ്ട് ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത രീതിയില്‍ അവയവത്തിലെ കോശങ്ങള്‍ മരിച്ചു പോകുന്നതാണ് ഇതിനു കാരണമാകുന്നത്. കടുത്ത അണുബാധ മൂലവും ഇതു സംഭവിക്കാം. ചികിത്സിക്കാത്ത പ്രമേഹം, രക്താതിസമ്മര്‍ദ്ദം, പുകവലിയും മറ്റും മൂലമുണ്ടായ രക്തക്കുഴല്‍ രോഗങ്ങള്‍ എന്നിവയാണ് ഇവയ്ക്കു പ്രധാന കാരണങ്ങള്‍. ഈ അവയവങ്ങള്‍ ശരീരത്തില്‍ വച്ചുകൊണ്ടിരുന്നാല്‍ യാതൊരു കാര്യവുമില്ല. അതു കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.

?Deadly എന്നാല്‍ കൊല്ലുന്ന അവയവമാണ്. കടുത്ത അണുബാധ മൂലം ഗുരുതരാവസ്ഥയിലായ കാലുകളില്‍ നിന്ന് രോഗാണുക്കളും അവ നിര്‍മിക്കുന്ന വിഷപദാര്‍ഥങ്ങളും രക്തത്തില്‍ കലരുകയും അതു ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. പെട്ടെന്നു തന്നെ കൃത്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെയും ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിച്ചു മരണത്തിലേക്കു തന്നെ ഇത് നയിക്കാം. ക്യാന്‍സര്‍ ബാധിച്ച അവയവങ്ങളും ഇത്തരത്തില്‍ പെട്ടവയാണ്. ക്യാന്‍സറിന്റെ തരവും വലുപ്പവും അനുസരിച്ച് ഒരു അവയവം മുഴുവന്‍തന്നെ മുറിച്ചുമാറ്റേണ്ടി വന്നേക്കാം. അല്ലെങ്കില്‍ ക്യാന്‍സര്‍ ശരീരത്തിലാകെ പടര്‍ന്ന് ചികിത്സ ഫലിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരമാവധി പെട്ടെന്ന് അസുഖം ബാധിച്ച അവയവം മുറിച്ചുമാറ്റുക മാത്രമേ രക്ഷയുള്ളൂ . ഇതിനു സമ്മതിക്കാത്ത രോഗികള്‍ പലപ്പോഴും അസുഖം മൂര്‍ച്ഛിച്ച് മരിച്ചുപോകുന്നതിനു സാക്ഷിയായിട്ടില്ലാത്ത സര്‍ജന്‍മാര്‍ കുറവായിരിക്കും.

?Dead loss എന്നു പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും ഉപയോഗശൂന്യമായ ഒരു അവയവത്തെക്കുറിച്ചാണ്. ഗുരുതരമായ പരിക്കേറ്റോ കടുത്ത അണുബാധ മൂലമോ ഏതെങ്കിലുമൊരു അവയവമോ അവയവത്തിന്റെ ഭാഗമോ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത രീതിയില്‍ നശിച്ചുപോയാല്‍ അത് മുറിച്ചു മാറ്റുകയാണ് ഭേദം. അല്ലെങ്കില്‍ സാധാരണഗതിയില്‍ ആ അവയവം/ ബാക്കിയുള്ള അവയവങ്ങള്‍ ഉപയോഗിക്കുന്നതിന് അത് കൂടുതല്‍ തടസ്സം സൃഷ്ടിക്കുകയെ ഉള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും രോഗികള്‍ തന്നെ അവയവങ്ങള്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ ചികിത്സിക്കാനാവാത്തവിധം പരിക്കേറ്റ അവയവങ്ങള്‍ മുറിച്ചു മാറ്റുന്നത് ജീവിത നിലവാരം ഉയര്‍ത്തുകയാണു സാധാരണഗതിയില്‍ ചെയ്യാറ്.ചുരുക്കിപ്പറഞ്ഞാല്‍ മറ്റെന്തെങ്കിലും രീതിയില്‍ ഒരു അവയവത്തെ സംരക്ഷിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഒരു ഡോക്ടറും അതു മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയില്ല. അവയവം മുറിച്ചു മാറ്റേണ്ടി വരുന്ന തരത്തിലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തെക്കാള്‍ കഴിവുള്ള യാതൊരു ചികിത്സാരീതിയും ഇന്നു നിലവിലില്ല.

?ശാസ്ത്രീയമായി വിശകലനം ചെയ്തതിനുശേഷം ഒരു അവയവം മുറിച്ചു മാറ്റുന്നതാണ് നല്ലത് എന്ന് തീരുമാനത്തിലെത്തിച്ചേര്‍ന്നാല്‍ അതില്‍ നിന്നു പിന്നോട്ട് പോകുന്നത് രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു ദോഷമേ ചെയ്യൂ. എന്നാല്‍ അണുബാധ നിയന്ത്രിക്കാനുള്ള പുതിയ മരുന്നുകളുടെയും രക്തയോട്ടം പുനസ്ഥാപിക്കാനുള്ള പുതിയ ശസ്ത്രക്രിയകളുടെയും സാന്നിധ്യത്തില്‍ പല മുറിച്ചുമാറ്റലുകളും ഭാവിയില്‍ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്. കമ്പ്യൂട്ടര്‍ സഹായത്തോടെ നിയന്ത്രിക്കാനാകുന്ന അത്യാധുനികമായ കൃത്രിമ അവയവങ്ങളും ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മുറിച്ചുമാറ്റേണ്ട അവയവം പച്ചമരുന്നു വച്ച് ഭേദമാക്കിത്തരാം എന്നും മറ്റുമുള്ള മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിക്കാതിരിക്കുക. ഒരുപക്ഷേ പകരം നല്‍കേണ്ടിവരിക ജീവന്‍ തന്നെയായിരിക്കാം.

Content Highlight: Organ Procurement Procedure, Organ Removal