മിക്രോണിനോടൊപ്പം ഫ്രാന്‍സില്‍ കണ്ടെത്തിയ  പുതിയൊരു കൊറോണ വൈറസ് ജനിതകവ്യതിയാനം  (Mutation) അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്.  ബി 1.640.2 എന്ന വ്യതിയാനത്തിന് ഐ.എച്ച്.യു എന്നാണ് പേരിട്ടിട്ടുള്ളത്. പ്രാന്‍സിലെ മെഡിറ്റെറേനീ ഇന്‍ഫക്ഷന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ (Mediterranee Infection University Hospital Institute) കണ്ടെത്തിയതിനാലാണ് കൊറോണ വ്യതിയാനത്തിന് IHU എന്ന് പേരിട്ടിട്ടുള്ളത്.

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷിയും തീവ്രതയും കൂടിയ 'കൊറോണ വകഭേദം' (Corona Variant) ആണിതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ കണ്ടത്. ആര്‍.എന്‍.എ. വൈറസായതിനാല്‍ കൊറോണ വൈറസ് നിരന്തരം ജനിതകവ്യതിയാനങ്ങള്‍ക്ക് വിധേയമായിരിക്കും. ഡി.എന്‍.എ. വൈറസുകളുടെ കാര്യത്തില്‍ ജനിതകവ്യതിയാനങ്ങളിലെ തെറ്റ് തിരുത്താനുള്ള (Proof Reading) സംവിധാനമുണ്ട്. എന്നാല്‍ ആര്‍.എന്‍.എ. വൈറസുകളില്‍ അതില്ല. അതുകൊണ്ടാണ് ആര്‍.എന്‍. വൈറസുകള്‍ കൂടുതലായി ജനിതകമാറ്റത്തിന് വിധേയമാവുന്നത്.

വൈറസുകളില്‍ സംഭവിക്കുന്ന എല്ലാ ജനിതകവ്യതിയാനങ്ങളും നിലനില്‍ക്കാറില്ല. വൈറസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന (Replication and Transmission) വൈറസ് ഭേദങ്ങള്‍ നിലനില്‍ക്കും മറ്റുള്ളവ  ജൈവപരിണാമപ്രകിയയുടെ (Biological Evolution) ഭാഗമായി നശിച്ച് പോകും.

സാര്‍വദേശീയ തലത്തിലുള്ള കൊറോണ വൈറസ് ജനതിക ശ്രേണീകരണ ഡേറ്റാബസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജനിതകമാറ്റങ്ങള്‍ ലോകാരോഗ്യ സംഘടന നിരന്തരം നിരീക്ഷിച്ച് വരികയാണ്.  നിലവിലുള്ള ചികിത്സയോടും രോഗനിര്‍ണ്ണയത്തോടും രോഗപ്രതിരോധത്തോടുമുള്ള പ്രതിശക്തിയുടെ (Resistance), അടിസ്ഥാനത്തില്‍  ലോകാരോഗ്യസംഘടന  പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസ് വകഭേദങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.  പ്രതികൂല പ്രത്യാഘാത സാധ്യതയുണ്ടെന്ന്   സംശയിക്കുന്നവയെ പ്രസക്താവകഭേദം (VoI: Variants of Interest),  അങ്ങനെ ഉറപ്പുള്ളവയെ ആശങ്കാവകഭേദം (VoC: Variants of Concern) എന്നിങ്ങനെ വിളിക്കുന്നു.

കഴിഞ്ഞ രണ്ട് മാസമായി നിരീക്ഷണത്തിലുള്ള ബി 1.640 വ്യതിയാനത്തെ ഇതുവരെ പ്രസക്തവകഭേദമായി പോലും ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടില്ല. നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ബി. 1640 (ഇപ്പോള്‍ ബി.1.640.1) ന്റെ ഒരു ഉപവിഭാഗം (Lineage) മാത്രമാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഐ.എച്ച്.യു. വ്യതിയാനത്തെ സംബന്ധിച്ച് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്കക്കടിസ്ഥാനമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

Content Highlights: New corona virus variant IHU Dr.B. Ekbal on facebook post