നിയോകോവ് വൈറസ് കോവിഡ് വകഭേദമല്ല, നാലാം തരംഗത്തിന് കാരണമാവില്ല


മനുഷ്യരില്‍ പ്രവേശിച്ച് രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ് എന്നറിഞ്ഞിരിക്കേണ്ടതാണ്

Representative Image| Photo: Gettyimages

നിയോകോവ് വൈറസിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതേക്കുറിച്ച് വിശദമാക്കുകയാണ് പ്രശസ്ത ആരോഗ്യവിദഗ്ധന്‍ ഡോ. ബി. ഇക്ബാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

നിയോകോവ് വൈറസ് നാലാം തരംഗത്തിന് കാരണമാവുമോ?

മാരകമായ രോഗാണുബാധക്ക് കാരണമായ നിയോകോവ് (NeoCov) എന്നൊരു പുതിയ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന അതിശയോക്തിലര്‍ന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിയോകോവ് വൈറസുമൂലം രോഗം ബാധിക്കുന്ന മുന്നിലൊരാള്‍ മരണമടയുമെന്ന് ചൈനീസ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വാര്‍ത്ത.
2012-14 കാലത്ത് സൌദിഅറേബ്യയില്‍ ഉത്ഭവിച്ച മെഴ്‌സ് (MERS: Middle East Respiratory Syndrome) പടര്‍ത്തിയ മെഴ്‌സ് കൊറോണ വൈറസിനോട് സാമ്യമുള്ളതാണ് നിയോകോവ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വവ്വാലുകളില്‍ നിന്ന് ഒട്ടകത്തിലൂടെ മനുഷ്യരിലെത്തിയ മെഴ്‌സ് വൈറസ് 2519 ഓളം പേരെ ബാധിക്കയും 866 പേര്‍ മരണമടയുകയും ചെയ്തിരുന്നു (മരണനിരക്ക് 34.3%).

നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയ വൈറസല്ല. 2011 ല്‍ അലോബാറ്റ്‌സ് (Aloe Bats) എന്നറിയപ്പെടുന്ന നിയൊറോമികിയ (Neoromicia,) എന്ന ഇനം വവ്വാലുകളില്‍ നിയോകോവ് വൈറസിന്റെ സാന്നിധ്യം ആഫ്രിക്കന്‍ മലഗാസി പ്രദേശത്ത് കണ്ടെത്തിയിരുന്നതാണ്. മെഴ്‌സ് കൊറോണ വൈറസിനോട് 85 ശതമാനം ജനിതകസാമ്യമുള്ള വൈറസാണ് നിയോകോവ്. എന്നാല്‍ മനുഷ്യകോശങ്ങളില്‍ പ്രവേശിക്കാന്‍ മെഴ്‌സ് വൈറസ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തിലെ DPP4 റിസപ്റ്റര്‍ (Dipeptidyl peptidase 4 receptor) ഉപയോഗിക്കാന്‍ ഈ വൈറസിന് കഴിയില്ല.

കോവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ്-2 മനുഷ്യകോശങ്ങളില്‍ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ ACE 2 ഗ്രാഹികള്‍ (ACE-2 Reeptor: Angiotensin converting enzyme-2 Receptor) വഴിയാണ്. നിയോകോവ് വൈറസ് വവ്വാലുകളുടെ കോശങ്ങളില്‍ കടക്കുന്നത് ACE 2 ഗ്രാഹികളിലൂടെയാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗവേഷണപഠനം പറയുന്നത് നിലവില്‍ മനുഷ്യകോശങ്ങളിലെ ACE 2 ഗ്രാഹികളുമായി ചേരാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോകോവ് വൈറസിനില്ലെന്നും എന്നാല്‍ നിയോകോവ് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉചിതമായ ജനിതകവ്യതിയാനം സംഭവിച്ചാല്‍ ACE 2 ഗ്രാഹികളുമായി ചേര്‍ന്ന് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാന്‍ നിയോകോവ് വൈറസിന് കഴിഞ്ഞേക്കാമെന്നും മാത്രമാണ്.

മനുഷ്യരില്‍ പ്രവേശിച്ച് രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ് എന്നറിഞ്ഞിരിക്കേണ്ടതാണ്. വവ്വാലുകളിലും മറ്റും അവക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന ഇത്തരം വൈറസുകള്‍ മനുഷ്യരിലേക്ക് കടന്ന് ജനിതകവ്യതിയാനത്തിലൂടെ രോഗകാരണമാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ഗവേഷകര്‍ ശ്രമിച്ചത്. മനുഷ്യരിലേക്ക് ഇങ്ങനെ മറ്റ് ജീവികളില്‍ നിന്നും വൈറസ് കടക്കുന്നതിനെ സ്പില്‍ ഓവര്‍ (Spill Over) എന്നാണ് വിശേഷിപ്പിക്കുക. പലപ്പോഴും ഒരു ഇടനിലജീവിയിലൂടെയാണ് (Intermediate Host) വൈറസ് മനുഷ്യരിലെത്തുന്നത്. ചൈനയില്‍ 2002-04 ല്‍ വ്യാപിച്ച സാര്‍സ് (SARS: Severe Acute Respiratory Syndrome) വവ്വലുകളില്‍ നിന്നും ചൈനീസ് മാംസകമ്പോളത്തിലെ (Wet market) വെരുകിലൂടെയാണ് (Civet Cat) മനുഷ്യരിലെത്തിയത്. കോവിഡ് വൈറസ് മനുഷ്യരിലെത്തിയതിന് കാരണമായ ഇടനിലജീവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെതന്നെ ജനിതകപഠന നിരീക്ഷണത്തിലൂടെ (Genomic Surveillance) കണ്ടെത്തുകയും, ജനിതക സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും മാംസ മൃഗവ്യാപാരങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലുകള്‍ ഉചിതമായി നിയന്ത്രണ വിധേയമാക്കിയും ഭാവിയിലെ മഹാമാരികളെ തടയാന്‍ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളില്‍ ഒന്നു മാത്രമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന നിയോകോവ് ഗവേഷണ പഠനം.

എന്തായാലും നിയോകോവ് വൈറസ് ഒമിക്രോണിന് ശേഷമുള്ള അടുത്ത കോവിഡ് വൈറസ് വകഭേദമാണെന്നും കൂടുതല്‍ മരണസാധ്യതയുള്ള നാലാം തരംഗത്തിന് കാരണമാവുമെന്നും മറ്റും ഭയപ്പെടേണ്ടതില്ല.

Content Highlights: NeoCov virus is not a coronavirus variant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented