തെറ്റായ ചികിത്സാരേഖകള്‍ കാണിച്ച് അര്‍ബുദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക സഹായം നേടിയെടുത്തെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ അര്‍ബുദത്തോട് പോരാടുന്ന യുവാവ് രംഗത്ത്.
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ നന്ദു മഹാദേവയാണ് ശ്രീമോള്‍ മാരാരി എന്ന യുവതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അര്‍ബുദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികസഹായം നേടിയെടുത്തുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ശ്രീമോള്‍ക്കെതിരെ നന്ദു മഹാദേവ ഉയര്‍ത്തിയിരിക്കുന്നത്.
നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വരും, തലമണ്ട പൊട്ടിപ്പൊളിയും , വായ മുതല്‍ കുടല്‍ വരെ തൊലി ഉരിഞ്ഞു പോകും, പച്ചവെള്ളം കുടിക്കുമ്പോള്‍ പോലും വെന്തു നീറി താഴേക്കിറങ്ങി പോകും. തലമുടി മുതല്‍ പുരികവും കണ്‍പീലികളും വരെ കൊഴിഞ്ഞു പോകും, കണ്ണടയ്ക്കുമ്പോള്‍ കണ്ണില്‍ കണ്‍ പോള കുത്തിക്കയറും.
പലപ്പോഴും ശ്വാസം കിട്ടാതെ പിടയും, എന്തിനേറെ പറയുന്നു കക്കൂസില്‍ പോയിരുന്നാല്‍ ചില സമയം ക്ലോസറ്റിലൂടെ പോലും ചോര ഒഴുകും. ഓരോ 21 ദിവസം കഴിയുമ്പോഴും ഇതാവര്‍ത്തിക്കും എന്നു മാത്രമല്ല.ഓരോ പ്രാവശ്യവും അതിന്റെ തീവ്രത കൂടിക്കൂടി വരും...
വേദനയെടുത്തു കരയുമ്പോള്‍ പോലും കണ്ണില്‍ നിന്ന് കണ്ണീരിന് പകരം ചോര വരും..ഒടുവില്‍ ഇനി തുടര്‍ന്നാല്‍ മരിക്കും എന്ന സ്ഥിതി എത്തുന്നതുവരെ ഇതു തുടരും..അപ്പോള്‍ കീമോ കോഴ്സ് നിര്‍ത്തും..!
ഒരു ക്യാന്‍സര്‍ രോഗി കീമോ സമയത്ത് കടന്നു പോകുന്ന അവസ്ഥകളാണ് ഇത്രയും ഞാന്‍ പറഞ്ഞത്...ഇത്രയും പറഞ്ഞത് വേറൊന്നിനും അല്ല..ഈ അവസ്ഥ അനുഭവിച്ചത് കാരണം ക്യാന്‍സര്‍ രോഗിയാണ് എന്നൊരാള്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ ആളിനെ ഞങ്ങള്‍ പരമാവധി സ്‌നേഹിക്കും വിശ്വസിക്കും സഹായിക്കും.
ഈ ഫോട്ടോയിലുള്ള ശാലിനി ചേച്ചിയേ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം..!
ശാലിനി ചേച്ചി എനിക്ക് ജീവനായിരുന്നു..
എനിക്ക് മാത്രമല്ല ഞങ്ങള്‍ അതിജീവനം കുടുംബത്തിലെ ഓരോരുത്തര്‍ക്കും ജീവനായിരുന്നു..!
ഞങ്ങള്‍ പരമാവധി നോക്കിയതാണ് ചേച്ചിയുടെ ജീവനെ പിടിച്ചു നിര്‍ത്താന്‍..
പക്ഷേ കഴിഞ്ഞില്ല..
അന്ന് ചേച്ചിയേ രക്ഷിക്കാന്‍ വേണ്ടി ചേച്ചിയുടെ റിപ്പോര്‍ട്ട് പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. എന്നാല്‍ അതിലൊരു മൃഗം ആ റിപ്പോര്‍ട്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തി.
നിസാരമായി മൊട്ടയടിച്ച ശേഷം ആ റിപ്പോര്‍ട്ട് പലര്‍ക്കും അയച്ചു കൊടുത്ത് ക്യാന്‍സര്‍ ആണെന്ന് പ്രചരിപ്പിച്ചു പണം പിരിവ് നടത്തി. ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ് ഞങ്ങള്‍ക്കിടയിലേക്ക് കൂടിയ ആ മൃഗം ഇന്നൊരു തിരിച്ചറിവ് നല്‍കിയിരിക്കുന്നു ഞങ്ങള്‍ക്ക്..
ക്യാന്‍സര്‍ രോഗി ആണെന്നറിയുമ്പോള്‍ ഒന്നും നോക്കാതെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഞങ്ങളുടെ സ്‌നേഹത്തിനാണ് അവര്‍ വിലയിട്ടത്..
നിങ്ങള്‍ക്കറിയാമോ..അവര്‍ക്ക് വയ്യ എന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ട് പോയി അവരെകണ്ടു ഞാന്‍. സ്വന്തം ചേച്ചിയായി സ്‌നേഹിച്ചു. കെട്ടിപ്പിടിച്ചു ചേര്‍ത്തു നിര്‍ത്തിയിട്ട് പറഞ്ഞു ഈ കൂടെപ്പിറപ്പ് കൂടെയുണ്ട് തളരരുത് എന്ന്..!
ഇത്ര നിഷ്‌കളങ്കമായി സ്നേഹിച്ചിട്ടും എന്നെയുള്‍പ്പെടെ അതിജീവനം കുടുംബത്തിലെ ഓരോരുത്തരേയും പറ്റിച്ചതല്ല സങ്കടം, അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ ശാലിനിച്ചേച്ചിയുടെ മൃതശരീരത്തിന് മുകളില്‍ ചവിട്ടി നിന്ന് ആ റിപ്പോര്‍ട്ടുകള്‍ കാണിച്ചു പണം പിരിച്ച് ശ്രീമോള്‍ മാരാരി എന്ന രക്ഷസി ആ മൃതശരീരം തിന്നാനുള്ള മനസ്സ് കാണിച്ചു എന്നതാണ് ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തത്..
സ്വന്തം മക്കളെ വരെ തള്ളിപ്പറഞ്ഞ നിങ്ങള്‍ ശരിയാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല. എന്നാലും മനസ്സില്‍ നന്മയുണ്ടാകാനും ഒരിക്കലും നിങ്ങള്‍ ഉണ്ടെന്നു പറഞ്ഞ അസുഖം നിങ്ങള്‍ക്ക് വരാതിരിക്കാനും ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു..!
നിങ്ങളെക്കാള്‍ ഇഷ്ടമാണ് എനിക്ക് ക്യാന്‍സറിനോട്..
അതിനുപോലും നിങ്ങളെക്കാള്‍ നേരും നെറിയും ഉണ്ട് !എല്ലാവരും പറയും പോലെ നിങ്ങളെക്കാരണം അര്‍ഹതയുള്ളവര്‍ക്ക് പോലും സഹായം എത്തിക്കാന്‍ പേടിയായി എന്ന് ഞാന്‍ പറയില്ല. ശരിക്കും കഷ്ടത അനുഭവിക്കുന്നവരെ കുറച്ചൂടെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് പോകുന്നത്...
ഒരു ദുസ്വപ്നമാണ് നിങ്ങള്‍, ക്യാന്‍സറിനെക്കാള്‍ മാരകമായ ദുസ്വപ്നം..!
ഈ ചതിയുടെ കഥ എന്റെ പ്രിയപ്പെട്ടവര്‍ അറിയണമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഇവരെയൊക്കെ എന്തു ചെയ്യാനാ അല്ലേ?
ഈ ചതിയുടെയും വഞ്ചനയുടെയും കഥ പുറത്തു വരുമ്പോള്‍ ഞാന്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. ഈ അവസ്ഥ ആയിപ്പോയി. ഇല്ലേല്‍ ഞാന്‍ ഒന്നൂടി അവിടെപ്പോയി നേരിട്ട് ഒന്നുകൂടി കാണുമായിരുന്നു ആ മഹതിയെ. നിങ്ങള്‍ക്കറിയില്ല ഞങ്ങളൊക്കെ നിങ്ങളെ എങ്ങനെ സ്‌നേഹിച്ചിരുന്നു എന്ന്...എനിക്ക് തീരെ വയ്യെങ്കിലും ചങ്ക് പിടയുന്ന വേദന കാരണമാണ് ഇതിപ്പോ പറഞ്ഞത്..ഇല്ലേല്‍ ശാലിനി ചേച്ചിയുടെ ആത്മാവിന് സങ്കടം ആകും.
NB: ആദ്യത്തെ ഫോട്ടോയില്‍ ഉള്ളതാണ് ഞങ്ങടെ ശാലിനി ചേച്ചി..
രണ്ടാമത്തേത് കള്ളി..!മനസാക്ഷിയില്ലാത്ത മനസ്സ് മരവിച്ച ജീവനുള്ള ശവം എന്ന് പറയാനാണ് എനിക്ക് ഇഷ്ടം..
അതേസമയം തനിക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും അതിലിപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് ശ്രീമോള്‍ പ്രതികരിച്ചു. തെറ്റ് തിരുത്തി ജീവിക്കാന്‍ അനുവദിക്കണം, എല്ലാരോടും മാപ്പ്-ശ്രീമോള്‍ കുറിച്ചു.
Content Highlights: Nandu Mahadeva facebook post against Sreemol Marari, Treatment fund rasing contraversy