ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം പണയം വച്ച് സംരക്ഷിക്കുന്നതാണ് നമ്മുടെ ആരോഗ്യം


മുരളി തുമ്മാരുകുടി

ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം റിസ്‌കില്‍ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തില്‍ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മള്‍ 'ഈ കൊറോണ വാസ്തവത്തില്‍ വലിയ സംഭവം ഒന്നുമല്ല' എന്ന മട്ടില്‍ ജനജീവിതം സാധാരണമാക്കുകയാണ്, ഓണം ഷോപ്പിംഗ് പൊടി പൊടിക്കുകയാണ്,

-

കൊറോണവ്യാപനവും മരണ നിരക്കും ഏറി വരുകയാണ്. പക്ഷേ ആളുകളില്‍ ആദ്യമുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. ഓണവും ആഘോഷങ്ങളുമായി ഒരു സുരക്ഷയും നോക്കാതെ ആളുകള്‍ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നു. ഈ സമയത്തും കൈമെയ് മറന്ന് കൊറോണയെ പ്രതിരോധിക്കാന്‍ പണിയെടുക്കുകയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍.. അവരുടെ ആരോഗ്യത്തെ പറ്റി അടിയന്തരമായി ചിന്തിച്ചില്ലെങ്കില്‍ കൊറോണയോടുള്ള പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെടുമെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

ജനീവക്ക് വരുന്നതിന് മുന്‍പ് ഞാന്‍ ആലുവയിലെ ജില്ലാ ആശുപത്രിയിലും പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു. പഴയത് പോലെ ഒന്നുമല്ല ആശുപത്രികള്‍. തിരക്ക് ഒട്ടുമില്ല. ആശുപത്രി വാതില്‍ക്കല്‍ മുതല്‍ ചെരുപ്പുമുതല്‍ തലവരെ മൂടുന്ന വ്യക്തി സുരക്ഷാ ഉപകാരണങ്ങളുമായിട്ടാണ് ആളുകള്‍ നില്‍ക്കുന്നത്. അകത്തു ചെല്ലുമ്പോള്‍ മുതല്‍ കൈ കഴുകലും സാമൂഹ്യമായ അകലവും ഉറപ്പാക്കുന്നുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരും വളരെ ശ്രദ്ധാപൂര്‍വ്വമാണ് രോഗികളുമായി ഇടപഴകുന്നത്. വരുന്നവരില്‍ ആരിലും കൊറോണ ഉണ്ടാകാമെന്നും അതില്‍ നിന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും രോഗം പകരാം എന്നും അവര്‍ക്ക് അറിവുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമല്ല, വാതില്‍ക്കല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ തൊട്ട് മുറികള്‍ വൃത്തിയാക്കുന്നവര്‍ വരെ എല്ലാവരും ശ്രദ്ധാലുക്കളാണ്.

ആലുവയില്‍ അന്ന് കൊറോണ എത്തിയിരുന്നു. ടൗണ്‍ തന്നെ കുറച്ചു നാള്‍ കണ്ടൈന്‍മെന്റില്‍ ആയി.
പെരുമ്പാവൂരില്‍ എന്ന് പോലും എത്താമെന്ന അവസ്ഥയിലാണ്. ഹെല്‍ത്ത് ഇന്‍സ്‌പെകര്‍മാര്‍ മുതല്‍ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ വരെ ജാഗ്രതയിലാണ്. ആശുപത്രിയില്‍ ഉള്ള ഓരോ നിമിഷവും നമ്മള്‍ കടന്നു പോകുന്ന കാലത്തിന്റെ കരുതല്‍ വ്യക്തമാണ്. ആശുപത്രിയുടെ വാതില്‍ കടന്നു റോഡിലേക്കെത്തിയാല്‍ നാം മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്. റോഡിലെ തിരക്കുകള്‍ നമ്മള്‍ ഒരു കൊറോണക്കാലത്താണെന്ന് ഒരു സൂചനയും നല്‍കുന്നില്ല. പത്തില്‍ അഞ്ചുപേര്‍ക്കാണ് മാസ്‌കുള്ളത്, അതില്‍ തന്നെ പകുതിപ്പേര്‍ കഴുത്തിനും താടിക്കും ആഭരണമായിട്ടാണ് മാസ്‌കിനെ കാണുന്നത്. റെസ്റ്റോറന്റിലും തുണിക്കടയിലും മാത്രമല്ല സ്വര്‍ണ്ണക്കടയില്‍ പോലും ആളുകള്‍ക്ക് ക്ഷാമമില്ല.

വൈകുന്നേരം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങ് ഇല്ല, അതുകൊണ്ട് തന്നെ വൈകിട്ടത്തെ പ്രസ് റിലീസ് വരുമ്പോള്‍ അന്നത്തെ കോവിഡ് കണക്ക് വരുന്നതല്ലാതെ ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ചെറുപ്പകാലത്തൊക്കെ എല്ലാ ദിവസവും വൈകീട്ട് 'കമ്പോള നിലവാരം' എന്നൊരു പരിപാടി റേഡിയോവില്‍ ഉണ്ടായിരുന്നു. 'പുല്‍ത്തൈലം പത്തുകിലോ - വില ആയിരത്തി അഞ്ഞൂറ് രൂപ' എന്നൊക്കെ പറഞ്ഞിട്ട്. താല്പര്യമുള്ള ആരെങ്കിലും കേട്ടു എന്ന് വരും, ബാക്കി ഉള്ളവര്‍ ചലച്ചിത്ര ഗാനമോ റേഡിയോ നാടകമോ വരാന്‍ നോക്കിയിരിക്കും. ഇപ്പോഴത്തെ കൊറോണക്കണക്കുകള്‍ ഏതാണ്ട് അതുപോലെയാണ്. കൊറോണ വാര്‍ത്ത കഴിഞ്ഞിട്ട് വേണം ചാനല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍. ചാനലില്‍ കൊറോണയൊന്നും ഇപ്പോള്‍ വിഷയമല്ല. വിശ്വാസം, അവിശ്വാസം, ഡിപ്ലോമസി, പ്രോട്ടോക്കോള്‍, തീ പിടിത്തം, എന്നിങ്ങനെ വിഷയം പലതുണ്ട്. വിഷയം എന്തായാലും കഥാപാത്രങ്ങള്‍ ഒന്ന് തന്നെയാണ്, ആട്ടവും. ചര്‍ച്ചകളില്‍ നിന്നും ഒരു വിജ്ഞാനവും ഉണ്ടാകുന്നില്ല. ഗോഗ്വാ വിളിയും തേച്ചൊട്ടിക്കലും ആണ്. പഴയ റേഡിയോ നാടകം പോലെ തന്നെ ഒരു നാടകം. അത്രയേ ഉള്ളൂ.

ഇതൊന്നും പക്ഷെ കൊറോണയെ ബാധിക്കുന്ന കാര്യമല്ല. അത് ഓരോ ദിവസവും കൂടി വരുന്നു. ഇന്നലെ ഇല്ലാതിരുന്നിടത്ത് ഇന്ന് അത് എത്തുന്നു. ഇനി നാളെ എവിടെ എത്തുമെന്ന് അത് ഒരു ഊഹവും തരുന്നില്ല. ഓരോ ദിവസവും മരണ സംഖ്യ ചെറുതായി കൂടുന്നുണ്ട്, ഇപ്പോള്‍ സ്ഥിരമായി പത്തിന് മുകളില്‍ ആണ്. ഭാഗ്യവശാല്‍ ഇപ്പോഴും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കില്‍ ഒന്നാണ്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന അത്യധ്വാനത്തിന്റെ ഫലമാണ്. പക്ഷെ കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിനെ പറ്റി എന്തെങ്കിലും നല്ലത് പറയാന്‍ ഇപ്പോള്‍ പേടിയാണ്. കാരണം അതിനെ ഇപ്പോള്‍ രാഷ്ട്രീയമായിട്ട് മാത്രം കാണുന്ന ഒരു സ്ഥിതിയാണ്. എവിടെയെങ്കിലും കേരളം നന്നായിട്ടുണ്ട് എന്ന് തോന്നിയാല്‍ എപ്പോഴാണ് അത് മോശമാകുന്നത് എന്ന് നോക്കിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. നമ്മളില്ലേ...

പക്ഷെ പറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കും നമുക്ക് മുന്നിലുണ്ട്. ഓരോ ദിവസവും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. ഇന്നലെ നാല്പത്തി ഒമ്പതായിരുന്നു, ഇന്ന് അറുപത്തി ഒമ്പതായി. കൂടുതല്‍ രോഗികള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തീര്‍ച്ചയായും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടും. ഇനി അവരില്‍ മരണങ്ങള്‍ ഉണ്ടായി തുടങ്ങും. അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ മരിക്കുന്നവരുടെ എണ്ണവും കൂടും. കൊറോണയുടെ ആദ്യത്തെ നാലു മാസത്തില്‍ ലോകത്തെ മൂവായിരത്തി അഞ്ഞൂറ് ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചത്. നമ്മുടെ സമയവും അടുത്തുവരികയാണ്.

ഇപ്പോള്‍ തന്നെ അഞ്ചു മാസമായി നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍, തുടര്‍ച്ചയായി കൊറോണയെ നേരിടുകയാണ്. മുഴുവന്‍ സമയവും പി പി ഇ ഇട്ടിരിക്കുന്നതിന്റെ ചൂടും അസൗകര്യവും മാത്രമല്ല, അവരുടെ മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇനി ആരോഗ്യപ്രവര്‍ത്തകരുടെ മരണങ്ങള്‍ കൂടി ഉണ്ടായി തുടങ്ങിയാല്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തില്‍ ഇടിവ് ഉണ്ടായി തുടങ്ങും.

കൊറോണയുടെ ആദ്യകാലത്തേ ഞാന്‍ പറഞ്ഞിരുന്നു, ഇതൊരു മാരത്തോണ്‍ ഓട്ടമാണ്. ഇതിലെ മുന്‍ നിരപ്പോരാളികള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ്. അവര്‍ക്ക് സഹായം നല്‍കുക, ആശുപത്രികളുടെ പരിധിക്കും പരിമിതിക്കും അകത്ത് കൊറോണയെ നേരിടാന്‍ അവര്‍ക്ക് സാഹചര്യം ഉണ്ടാക്കുക, അവരെ പരമാവധി സംരക്ഷിക്കുക, ഇതൊക്കെയാണ് നമ്മള്‍ ചെയ്യേണ്ടത്.
നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത് നേരെ തിരിച്ചാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം റിസ്‌കില്‍ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തില്‍ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മള്‍ 'ഈ കൊറോണ വാസ്തവത്തില്‍ വലിയ സംഭവം ഒന്നുമല്ല' എന്ന മട്ടില്‍ ജനജീവിതം സാധാരണമാക്കുകയാണ്, ഓണം ഷോപ്പിംഗ് പൊടി പൊടിക്കുകയാണ്, വൈകീട്ടായാല്‍ മുന്‍പ് പറഞ്ഞ നാടകങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇതിന് സ്വാഭാവികമായും ഒരു പ്രത്യാഘാതം ഉണ്ട്. അത് കൂടി വരുന്ന മരണമാണ് !ഒരു സമൂഹമെന്ന രീതിയില്‍ ഇനിയും നമുക്ക് സമയമുണ്ട്. പ്രതിദിനം കൂടി വരുന്ന ഈ രോഗികളുടെ എണ്ണം നമുക്ക് കുറച്ചേ മതിയാകൂ. ദിവസം അമ്പതിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ മരണം ഒഴിവാക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യണം. അവര്‍ ക്ഷീണിച്ചു കൈ മലര്‍ത്തിയാല്‍ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, (All the king's horses and all the king's men) ചാനലിലെ മുഴുവന്‍ ചര്‍ച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ല. സുരക്ഷിതരായിരിക്കുക

Content Highlights: muralee thummarukudy facebook post about health worker's health during corona

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented