നിർണായകമായ സമയം നഷ്ടപ്പെടുത്തരുത്, അവസാന പിടിവള്ളിയാണ് പെരിമോർട്ടം സിസേറിയൻ


7 min read
Read later
Print
Share

അമ്മയുടെ മരണ സമയത്തോ മരണം അടുത്തിരിക്കുന്നു എന്ന് ഉറപ്പുള്ള സമയത്തോ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതിനെയാണ് ഈ വാക്കു കൊണ്ട് അർത്ഥമാക്കുന്നത്.

Representative Image | Photo: Gettyimages.in

രോ സിസേറിയൻ സമയത്തും പുതിയ മുഖത്തെ എടുത്ത് മാറോട് ചേർത്ത് പിടിയ്ക്കുന്ന സമയം, സിസ്റ്റർ പൊക്കിൾകൊടി മുറിച്ച് അവനെ അഥവാ അവളെ അമ്മയിൽ നിന്നും വേർപെടുത്തുകയാവും.അറിയാതെ ഇടനെഞ്ചിൽ മാതൃഭാവം വിരിയും.ആ അമ്മയെ കാണിയ്ക്കും മുൻപ് ഒന്നു കൂടെ നോക്കും.
"കണ്ണു തുറന്നേ... വാവയെ കാണണ്ടേ?"

എന്നു ചോദിച്ച് അനസ്തീഷ്യ ഡോക്ടർ അവളുടെ കണ്ണുകളെ മൂടിവച്ചിരിയ്ക്കുന്ന ആ മറയെടുത്തു മാറ്റിക്കാണിയ്ക്കും.തുളുമ്പുന്ന കണ്ണുകളിൽ വിരിയുന്ന ചിരിയുമായി തന്റെ ജീവന്റെ തുടിപ്പിനെ മനസ്സാൽ ആശ്ലേഷിയ്ക്കുകയായിരിയ്ക്കും അവൾ അപ്പോൾ. ഇവിടെയിതാ.. കണ്ണൂർ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഷോണിയ്ക്ക് അതിനൊന്നിനും തന്നെ സമയമുണ്ടായിക്കാണില്ല.അമ്മയിൽ നിന്ന് ജീവൻ വേർപെട്ടു പോകാൻ വെമ്പി നിൽക്കുന്ന സമയം.. കയ്യിൽ കിട്ടിയ ഒരു സർജിയ്ക്കൽ ബ്ലേഡ് ഉപയോഗിച്ച് അവളുടെ നിറവയറിൽ നിന്ന് പൊന്നോമനയെ പുറത്തെടുക്കുകയായിരുന്നു ഡോ. ഷോണിയപ്പോൾ.

അതെ.. പെരിമോർട്ടം സിസേറിയൻ സെക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹത്തായ ധീരകൃത്യം.
ഒരു പക്ഷേ KFOG നടത്തുന്ന ഗൈനക്കോളജി കോൺഫറൻസുകളിൽ മാത്രം കേട്ടു പരിചയിച്ച, വീഡിയോ ദൃശ്യങ്ങളിൽ നിന്നു മാത്രം കണ്ടറിവുള്ള ഒരു പ്രക്രിയയാണ് ഡോ. ഷോണി നടത്തിയത്. ഹൃദയസ്തംഭനം വന്ന ഒരു അസംകാരി അമ്മയിൽ നിന്ന് എത്രയും പെട്ടെന്ന് കുഞ്ഞിനെ ജീവനോടെ വേർപെടുത്തി ഡോക്ടർ ഷോണി. ഒരു പക്ഷേ, ഭൂരിഭാഗം ഗൈനക്കോളജിസ്റ്റുകളുടേയും ആജീവനാന്ത അനുഭവക്കുറിപ്പുകളിൽ ഒരിയ്ക്കൽ പോലും രേഖപ്പെടുത്തിവയ്ക്കാൻ പറ്റാതെ പോവുന്ന ഒരു അത്യപൂർവ്വ ശസ്ത്രക്രിയ.

എന്താണ് പെരിമോർട്ടം സിസേറിയൻ?

അമ്മയുടെ മരണ സമയത്തോ(maternal cardiac arrest or impending maternal cardiac arrest) മരണം അടുത്തിരിക്കുന്നു എന്ന് ഉറപ്പുള്ള സമയത്തോ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതിനെയാണ് ഈ വാക്കു കൊണ്ട് അർത്ഥമാക്കുന്നത്.

Also Read

ഹൃദയാഘാതമുണ്ടായ ഗർഭിണിയിൽ അപൂർവ ശസ്ത്രക്രിയ;രണ്ടുജീവൻ ...

മദ്യപാനവും ഫാസ്റ്റ്ഫുഡ് ഉപയോ​ഗവും ഒഴിവാക്കണം; ...

അവയവദാനം മൃതദേഹത്തിൽ വൈരൂപ്യമുണ്ടാക്കുമോ?; ...

പുറം വേദന, നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ; ...

കോവിഡ് മരണങ്ങൾ കൂടുന്നു, വ്യാപിക്കുന്നത് ...

ഈയൊരു പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം തന്നെ അമ്മയെ വിജയകരമായി പുനരുജ്ജീവിപ്പിയ്ക്കുക അഥവാ resuscitate ചെയ്യുക എന്നതാണ്. അതിനോടൊപ്പം തന്നെ കുഞ്ഞിന്റെ അതിജീവനം(survival) മെച്ചപ്പെടുത്തുക എന്നതും.

ഏറ്റവുമധികം ഉൽക്കണ്ഠാജനകമായ ഒരു ഓപ്പറേഷൻ ആണെന്നിരിയ്ക്കെ, ഇത് ചെയ്യേണ്ട തീരുമാനമെടുക്കുക, അത് വളരെപ്പെട്ടെന്ന് നടപ്പിലാക്കുക എന്ന വളരെയേറെ മാനസിക സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിലേക്ക് സർജനെ വലിച്ചിഴയ്ക്കുന്ന ഒരു കൃത്യം കൂടിയാണിത്.

ഈയൊരു എമർജൻസി ഓപ്പറേഷൻ വേണ്ടി വരുന്ന സന്ദർഭങ്ങൾ അപൂർവ്വമാണെന്നതും ജീവൻ തിരിച്ചു കിട്ടാനോ നഷ്ടപ്പെടുവാനോ ഉള്ള സാദ്ധ്യത വളരെ വലുതാണ് എന്ന റിസ്ക് ഏറ്റെടുത്ത് ഈ ഓപ്പറേഷൻ ചെയ്യുക എന്നതും ഇത്തരുണത്തിൽ ഗൈനക്കോളജിസ്റ്റിന്റെ അഥവാ സർജന്റെ സമ്മർദ്ദം കൂട്ടുകയാണ് ചെയ്യുന്നത്.

ചരിത്രം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ശസ്ത്രക്രിയകളിൽപെട്ടതുമാണ് ഈയൊരു സംഗതി.

"സിസേറിയൻ " എന്ന പേരു വന്ന നാൾ വഴികൾ...

ഈയൊരു ശസ്ത്രക്രിയ എന്നു തുടങ്ങി എന്നതിനെക്കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകൾ ചരിത്രത്തിൽ ഇല്ല എന്നു വേണമെങ്കിൽ പറയാം.കാരണം ജൂലിയസ് സീസർ ഇപ്രകാരമാണ് ജനിച്ചത് എന്നു പറയപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ജനന സമയത്ത് ഈ ശസ്ത്രക്രിയ മരിച്ച അമ്മമാരിൽ ആണ് ചെയ്തു കൊണ്ടിരുന്നതത്രേ. മാത്രവുമല്ല, സീസറിന്റെ അമ്മ ഒറേലിയ 55 BC യിൽ, ബ്രിട്ടനിൽ തന്റെ മകന്റെ അധിനിവേശത്തിന് സാക്ഷിയായിരുന്നു എന്നും ചരിത്രം രേഖപെടുത്തിയിട്ടുണ്ട്.

പേരിനു പിന്നിലെ മറ്റൊരു കഥയും കൂടി.. Lex Regia അഥവാ Royal Law പ്രകാരം, മരിച്ച ഗർഭിണിയെ, ഗർഭസ്ഥ ശിശുവിനെ ആദ്യം വയറ്റിൽ നിന്ന് പുറത്തെടുത്ത ശേഷം മാത്രമാണ് അടക്കം ചെയ്യുക. ശിശുവിനെ വേറെ പ്രത്യേകമായി അടക്കം ചെയ്യുമായിരുന്നത്രേ. Numa Pompilius എന്ന റോമൻ രാജാവ് 715 BC യ്ക്കും 673 BC യ്ക്കും ഇടയിൽ ഇതിനെപ്പറ്റി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതാണ് പിന്നീട് Lex Caesarea അഥവാ സിസേറിയൻ ലാ എന്നറിയപ്പെട്ടത്.
"മുറിയ്ക്കുക "എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ " caedare" ൽ നിന്നു മാണ് സിസേറിയൻ എന്ന വാക്കുണ്ടായത് എന്ന് മറ്റൊരു മതം.

ഈ ശസ്ത്രക്രിയയുടെ ഉൽപ്പത്തിയെപ്പോലെ തന്നെ മിത്തുകൾ നിറഞ്ഞതാണ് ഇത് ആദ്യം ചെയ്തത് എന്നാണ് എന്നതും. ഗ്രീക്ക് മിഥോളജി പ്രകാരം അപ്പോളോ എന്ന ദേവൻ ആണ് യൂസ്ക്ലേപ്പിയസിനെ അവന്റെ അമ്മയിൽ നിന്നും ഇപ്രകാരം വേർപെടുത്തിയെടുത്തതത്രേ. എന്തായാലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണക്കുകൾ പ്രകാരം 1500 ൽ സ്വിറ്റ്സർലണ്ടിലാണ് ആദ്യ സിസേറിയൻ ശസ്ത്ര ക്രിയ നടന്നത്.രണ്ടാമത്തേതായി 1738 ൽ ബ്രിട്ടനിൽ ഒരു മിഡ് വൈഫ് ചെയ്തതും. ഏതായാലും രണ്ടിടത്തും ശസ്ത്രക്രിയയ്ക്കു ശേഷം അമ്മമാർ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിരിയ്ക്കുന്നു.

Epidemiology..

ഗർഭാവസ്ഥയിൽ ഹൃദയസ്തംഭനം 30,000 ഗർഭിണികളിൽ ഒന്ന് എന്ന അനുപാതത്തിൽ ആണ് കാണപ്പെടുന്നത്. അതായത് വളരെ അപൂർവ്വമാണ് എന്നർത്ഥം. അതു കൊണ്ടു തന്നെ പെരിമോർട്ടം സിസേറിയനും.
ഗർഭിണികളുടെ ഹൃദയസ്തംഭനത്തിന് പ്രഥമ കാരണം അനസ്തീഷ്യ സമയത്ത് ഉണ്ടായേക്കാവുന്ന അത്യാഹിതങ്ങൾ ആണ്. വിരളമായി പലതരത്തിലുള്ള ആഘാതങ്ങളും (Trauma) ഇതിനു കാരണമാവുന്നു.

ഗർഭിണിയിൽ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളെപ്പറ്റി ഒരൽപ്പം

1) ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമാകുമ്പോഴേയ്ക്കും ഗർഭിണിയുടെ ശരീരത്തിലെ രക്തത്തിന്റെ അളവും ഹാർട്ട് പമ്പു ചെയ്യുന്ന രക്തത്തിന്റെ അളവും (cardiac output) 30 - 40 ശതമാനം വരെ സാധാരണ സ്ത്രീകളിൽ ഉളളതിനേക്കാൾ കൂടുതലായി കാണപ്പെടുന്നു.ഈയൊരു അവസ്ഥ ഗർഭിണിയ്ക്ക്,രക്ത സ്രാവം ഉണ്ടാകുന്ന സമയത്ത് ചുവന്ന രക്താണുക്കൾ നഷ്ടപ്പെടുന്നത് താരതമ്യേന കുറയ്ക്കുന്നു.മാത്രവുമല്ല ശരീരത്തിലെ നാൽപ്പതു ശതമാനം രക്തം നഷ്ടപ്പെട്ടാൽ മാത്രമേ ഗർഭിണിയെ ഷോക്ക് അഥവാ പ്രഷർ കുറഞ്ഞു പോകൽ എന്ന അവസ്ഥയിലേക്ക് എത്തിയ്ക്കുകയുള്ളൂ..

2) ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ ഗർഭിണിയ്ക്ക് രക്തസമ്മർദ്ദം പെട്ടെന്നു കുറഞ്ഞു പോകാൻ ഇടവരാറുണ്ട്.ഇതിനു കാരണം വലുതായി ക്കൊണ്ടിരിയ്ക്കുന്ന ഗർഭപാത്രം മഹാസിര അഥവാ inferior venecava യുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതാണ്.

3) വലുതായി ക്കൊണ്ടിരിയ്ക്കുന്ന ഗർഭപാത്രം ,ഡയഫ്രത്തെ 4 സെ.മീറ്ററോളം ഉയർത്തുന്നതിനാൽ ശ്വാസകോശത്തിന്റെ FRC അഥവാ Functional Residual Capacity യെ 20 ശതമാനത്തോളം കുറയ്ക്കുന്നു.

ഇക്കാര്യങ്ങൾ എല്ലാം ചേർത്തു വായിക്കുമ്പോൾ നമുക്ക് എന്തു മനസ്സിലാക്കാം ?

വലുതായ ഗർഭപാത്രം ഗർഭിണി നേരെ മലർന്നു കിടക്കുന്ന അവസ്ഥയിൽ ഗർഭിണിയുടെ ഹൃദയത്തിന്റെയും, ശ്വാസകോശത്തിന്റെയും സാധാരണ പ്രവർത്തനങ്ങളെ ഒരല്പം മന്ദീഭവിപ്പിയ്ക്കുന്നു. അതിനാൽത്തന്നെ ഗർഭപാത്രത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി അതിനെ നേരെ കിടക്കുന്ന അവസ്ഥയിൽ നിന്നും ഇടതു വശത്തേക്ക് ഒരു ചരിവ് അഥവാ Tilt കൊടുക്കുകയാണെങ്കിൽ അത് രക്ത ചംക്രമണവും ശ്വാസഗതിയും മന്ദഗതിയിൽ ആയ ഗർഭിണികളുടെ മോശമായ ശാരീരിക അവസ്ഥ വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധിയ്ക്കും.അതായത് പെരിമോർട്ടം സിസേറിയൻ ചെയ്യുന്ന സമയത്ത് കുട്ടിയെ പെട്ടെന്ന് എടുത്തു മാറ്റുക വഴി ഗർഭപാത്രം മഹാസിരയിലും മഹാധമനിയിലും മറ്റും ഉണ്ടാക്കിയിരുന്ന സമ്മർദ്ദം അഥവാ compression കുറയുകയും ഹൃദയ സ്തംഭനം വന്ന അമ്മയെ വളരെ പെട്ടെന്നു തന്നെ resuscitate ചെയ്യാൻ സാധിയ്ക്കുകയും ചെയ്യുന്നു.

ഇപ്രകാരം PCS അഥവാ പെരി മോർട്ടം സിസേറിയൻ മറ്റൊരു തരത്തിൽ പറഞ്ഞാൽ അമ്മയെ പുനരുജ്ജീവിപ്പിയ്ക്കാൻ വേണ്ടിയുള്ള ഗർഭപാത്രം മുറിയ്ക്കൽ അഥവാ resuscitative hysterotomy ആണ്.

ഹൃദയസ്തംഭനം വന്ന ഒരു ഗർഭിണിയെ കാണുന്ന മാത്രയിൽ ഒരു പക്ഷേ നമുക്ക് അവരെക്കുറിച്ച് വളരെ കുറവു മാത്രമേ വിവരങ്ങൾ അറിയാൻ സാധിയ്ക്കുകയുള്ളൂ.. പക്ഷെ പറ്റുമെങ്കിൽ ചില കാര്യങ്ങൾ അറിയാൻ ശ്രമിയ്ക്കുന്നത് നന്നായിരിയ്ക്കും..

1) ഗർഭപാത്രത്തിലെ കുട്ടികളുടെ എണ്ണം.

ഇത് നവജാത ശിശുക്കളെ resuscitate ചെയ്യുന്നതിനു ആവശ്യമായിട്ടുള്ള മുൻകരുതലുകൾ എടുക്കുന്നതിന് സഹായകമാവും.

2) എന്നാണ് അമ്മയുടെ നിർദ്ദിഷ്ട പ്രസവത്തീയതി?

കുട്ടിയെ പുറത്തെടുത്താലും ജീവൻ നിലനിന്നു പോരും എന്ന് ഉറപ്പുള്ള ഗർഭസ്ഥ ശിശുവിനെ മാത്രമേ പെരിമോർട്ടം സിസേറിയൻ നടത്തി എടുക്കേണ്ട ആവശ്യമുള്ളൂ.. (fetus of viable age) നമ്മുടെ സാഹചര്യങ്ങളിൽ അത് ആറു മാസത്തിനു ശേഷം വളർച്ചയെത്തിയ (24 ആഴ്ച) കുഞ്ഞുങ്ങളെയാണ് ലക്ഷ്യമിടുന്നത്.

3) കുട്ടിയുടെ ജീവന് ഏതെങ്കിലും വിധത്തിൽ ഹാനികരമായ മരുന്നുകൾ അമ്മയുടെ അകത്തു ചെന്നിട്ടുണ്ടോ എന്ന കാര്യം.

4 ) ഏതെങ്കിലും തരത്തിൽ അലർജി ഉണ്ടായിട്ടുണ്ടോ?

കഴിച്ചിരുന്ന മരുന്നുകൾ, വന്നിട്ടുളള അസുഖങ്ങൾ, അവസാനമായി ഭക്ഷണം കഴിച്ചത് എപ്പോൾ , ഒരു ആക്സിഡന്റിനെ തുടർന്നാണ് ഹൃദയസ്തംഭനമെങ്കിൽ അതിന്റെ വിവരങ്ങൾ, ഗർഭാവസ്ഥയിലെ ചെക്കപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ലഭ്യമാക്കാമെങ്കിൽ കൂടുതൽ ഉപകാരപ്രദം.

പ്രസ്തുത ഗർഭിണിയെ പരിശോധിക്കേണ്ട വിധം.

രക്ത ചംക്രമണം നിലച്ചു പോയിട്ട് എത്ര സമയമായി എന്നു തിട്ടപ്പെടുത്തലാണ് ഏറ്റവും പ്രധാനം. രോഗിയുടെ നാഡിമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ പരിശോധിയ്ക്കുകയും രോഗിയെ റീസസിറ്റേറ്റ് ചെയ്യാൻ ശ്രമിയ്ക്കുന്നതിനിടയിൽ കുട്ടിയുടെ ഹൃദയമിടിപ്പ് കേൾക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. സ്ത്രീരോഗ വിദഗ്ദ്ധരെ എത്രയും പെട്ടെന്ന് വരുത്തിയ്ക്കുക.

പൾസ് നിന്നു പോയാൽ എത്രയും പെട്ടെന്നോ ചുരുങ്ങിയത് 4 മിനിറ്റിനകമോ ഓപ്പറേഷൻ ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം.

കുട്ടിയെ പുറത്തെടുക്കുന്നതിലൂടെ അമ്മയെ കൂടുതൽ ഫലപ്രദമായ രീതിയിൽ റീസസിറ്റേറ്റ് ചെയ്യുന്നതിനു ഇടവരുന്നു.അമ്മയുടെ ഹൃദയത്തിന്റെ പ്രവർത്തനം വീണ്ടെടുക്കുവാനും നിലച്ചു പോയ രക്ത ചംക്രമണം പുനസ്ഥാപിക്കാനും അതുവഴി അമ്മയുടെ തലച്ചോറിലേയ്ക്ക് ഓക്സിജൻ എത്തിച്ചേരുന്നതിനും കാരണമാകുന്നു.

ഇത്തരത്തിലുള്ള പല സന്ദർഭങ്ങളിലും ഗർഭസ്ഥ ശിശുവിന്റെ പ്രായത്തെപ്പറ്റി അറിവു കിട്ടാൻ പ്രയാസമായിരിയ്ക്കും. അമ്മയുടെ പൊക്കിളിന്റെ അവിടെ വരെ വലുപ്പമുള്ള ഗർഭപാത്രമാണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ കുട്ടിയ്ക്ക് 24 ആഴ്ച പ്രായമുണ്ടെന്ന് മനസ്സിലാക്കാം.

എപ്പോഴാണ് ഈയൊരു ഓപ്പറേഷൻ ചെയ്യേണ്ടത്?

2005 ലെ ACOG / അമേരിയ്ക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി നിർദ്ദേശപ്രകാരം ഗർഭസ്ഥ ശിശുവിന് 24 ആഴ്ചയ്ക്കു മുകളിൽ പ്രായമുണ്ടെങ്കിൽ പെരി മോർട്ടം സിസേറിയൻ ചെയ്യാവുന്നതാണ്.

എന്താണ് 4 മിനിറ്റ് റൂൾ?

ഹൃദയസ്തംഭനം വന്ന് 4 മിനിറ്റിനുള്ളിൽ അമ്മയെ റീസസിറ്റേറ്റ് ചെയ്യുകയും അതിൽ വിജയിയ്ക്കുന്നില്ലെങ്കിൽ അഞ്ചാം മിനിറ്റിൽ കുട്ടിയെ പുറത്തെടുക്കുകയും ചെയ്യുക. 5 മിനിറ്റിനുള്ളിൽ ഇതു സാദ്ധ്യമായില്ലെങ്കിൽ രണ്ടു പേരും രക്ഷപ്പെടലിനുളള സാദ്ധ്യത വളരെയേറെ കുറയുന്നതായിട്ടാണ് കണ്ടു വരുന്നത്.

ഓപ്പറേഷന്റെ റിസ്കുകൾ എന്തെല്ലാം?

ഈയൊരു സർജറി അതി സങ്കീർണമൊന്നും അല്ലെങ്കിലും ചെയ്യുന്നവരിൽ അതിയായ ഉൽക്കണ്ഠയും പേടിയും ഉളവാക്കുന്ന ഒന്നാണ്.

ആർക്കെല്ലാം ചെയ്യാം?

പ്രധാനമായും സ്ത്രീരോഗ വിദഗ്ദ്ധർ ആണ് ഈ സർജറി ചെയ്യുന്നതെങ്കിലും Trauma Surgeons, അത്യാഹിത വിഭാഗം ഡോക്ടർമാർ എന്നിവർക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. കുട്ടിയുടെ നെഞ്ചിടിപ്പ് ശ്രദ്ധിയ്ക്കുന്നതിനോടൊപ്പം തന്നെ അമ്മയെ റീസസിറ്റേറ്റ് ചെയ്യുകയും പെരിമോർട്ടം സർജറി ചെയ്യുകയും കൂടെ കുഞ്ഞിനെ റീസസിറ്റേറ്റ് ചെയ്യാനുള്ള ടീമിനെ റെഡിയാക്കുകയും വേണം.

എന്തെല്ലാമാണ് ഈ ഓപ്പറേഷനെ മറ്റു ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ?

  • അനസ്തീഷ്യയുടെ ആവശ്യമില്ല
  • സമ്മതത്തിന്റെ ആവശ്യമില്ല; (രോഗിയുടെയോ ബന്ധുക്കളുടെയോ )
  • വളരെ ചുരുങ്ങിയ ഉപകരണങ്ങൾ മാത്രം: ഒരു ജോഡി ഗ്ലൗസ്, ഒരു സർജിക്കൽ ബ്ലേഡ്, ഒരു കത്രിക എന്നിവ മാത്രം ഉണ്ടെങ്കിൽ ഈ ശസ്ത്രക്രിയ നടത്താം.
  • വളരെ ചുരുങ്ങിയ ഓപ്പറേഷൻ സ്റ്റെപ്പുകൾ മാത്രം
  • ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയെ പുനരുജ്ജീവിപ്പിയ്ക്കാൻ സാധിച്ചുവെങ്കിൽ ഓരോ പാളികളായി മുറിവുകൾ തുന്നിക്കെട്ടുക. ഇല്ലെങ്കിൽ ഗർഭപാത്രത്തിലെയും വയറിലെയും മുറിവ് ഒരുമിച്ചു തുന്നിക്കെട്ടുക. അമ്മയേയും കുഞ്ഞിനേയും റീസസിറ്റേഷൻ ചെയ്യുന്നത് തുടരുക.
  • ഗർഭിണിയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായ സ്ഥലത്തു വച്ചു തന്നെ ഈ സർജറി നടത്താം.
  • 4 മിനിറ്റിനുള്ളിൽ ഈ സർജറി തുടങ്ങുകയും അഞ്ചാമത്തെ മിനിട്ടിൽ കുഞ്ഞിനെ എടുക്കുകയും ചെയ്തിരിയ്ക്കണം.
  • ഗർഭാവസ്ഥയുടെ തുടക്കത്തിലാണ് ഹൃദയ സ്തംഭനം ഉണ്ടാവുന്നതെങ്കിൽ പെരിമോർട്ടം സിസേറിയൻ ചെയ്യുന്നത് കൊണ്ട് വലിയ പ്രയോജനം അമ്മയ്ക്കോ കുട്ടിയ്ക്കോ ഉണ്ടാവാൻ സാദ്ധ്യതയില്ല.എന്നാൽ വളരെ വലിപ്പമുള്ള ഗർഭപാത്രത്തിൽ നിന്നും കുഞ്ഞിനെ എടുക്കുന്നത് മഹാസിര (Inferior vena Cava) യുടെ മേലുള്ള ഗർഭപാത്രത്തിന്റെ പ്രഷർ കുറയ്ക്കുന്നതിന് ഇടയാക്കുകയും തൻമൂലം രക്ത ചംക്രമണം ശരിയായി വരുന്നതിന് ഇടയാവുകയും ചെയ്യുന്നു.
ഇങ്ങനെയൊരു സർജറിയുടെ പ്രസക്തിയോ പ്രാധാന്യമോ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിരുന്നില്ല ഇതുവരെ. മാത്രവുമല്ല അനാവശ്യമായ വിവാദങ്ങളിലേയ്ക്ക് വഴി മാറ്റപ്പെടാൻ സാദ്ധ്യതയുള്ള ഒരു വിഷയവുമായതിനാൽ പലരും സാഹചര്യം കിട്ടിയിട്ടും ഇത്തരം ഓപ്പറേഷനുകളിൽ നിന്ന് വിട്ടുമാറി നിൽക്കാനുള്ള ഒരു മനസ്ഥിതിയിൽ എത്തിച്ചേരാനും ഇടയുണ്ട്.

നിയമ വശങ്ങൾ..

ഒരു invasive Procedure ആണെങ്കിലും സമ്മതം വാങ്ങിയ്ക്കാൻ വേണ്ടി സമയം കളയണ്ട ആവശ്യമില്ല. The doctrine of necessity എന്ന നിയമമാണ് ഇവിടെ സർജനു തുണയായി നിൽക്കുന്നത്. റീസസിറ്റേഷൻ തുടങ്ങി നാലു മിനിട്ടിനകം പൾസ് തിരിച്ചു വന്നില്ലെങ്കിൽ ഈ സർജറി ചെയ്യുന്നതാണ് നല്ലത്.അമ്മയ്ക്ക് ഹൃദയ സ്തംഭനം വന്ന സമയവും CPR തുടങ്ങിയ സമയവും ഓപ്പറേഷൻ ചെയ്ത സമയവും എല്ലാം കൃത്യമായി രേഖപ്പെടുത്തണം.

സാധാരണ ചെയ്യുന്ന മൂത്രം പോകുന്നതിനുള്ള ട്യൂബിടൽ, വയറ് ഷേവ് ചെയ്യൽ മുതലായ കാര്യങ്ങൾ ചെയ്ത് വളരെ നിർണായകമായ സമയം നഷ്ടപ്പെടുത്തരുത്.

അപ്പോൾ ആ സമയത്തുള്ള ഏറ്റവും നല്ല സർജൻ ആണ് സർജറി ചെയ്യേണ്ടത്. ഒപ്പം ഒരു ടീമിനെ സജ്ജമാക്കുകയും വേണം. രക്തം കയറ്റുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യണമെങ്കിലും പലപ്പോഴും ഹോസ്പിറ്റലിനു പുറത്ത് ഇതൊന്നും എളുപ്പത്തിൽ സാദ്ധ്യമാവുക പ്രയാസമാണ്.

എന്തെല്ലാമാണ് വെല്ലുവിളികൾ?

ആവശ്യമായ വെളിച്ചത്തിന്റെ അഭാവം, സർജിക്കൽ ഉപകരണങ്ങളുടെ അഭാവം, ശസ്ത്രക്രിയക്കുള്ള മറ്റു സാഹചര്യങ്ങൾ (സർജിക്കൽ ഫീൽഡ് ) എന്നിവയാണ് അവയിൽ ചിലത്.

ഇങ്ങനെയൊരു ശസ്ത്ര ക്രിയയെപ്പറ്റി ആരോഗ്യ പ്രവർത്തകരുടെ ഇടയിലും പൊതു സമൂഹത്തിലും അറിവു പകരുക, ആരോഗ്യ പ്രവർത്തകർക്കും ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർമാർക്കും പരിപൂർണ്ണ മാനസ്സിക പിന്തുണ നൽകുക, നിയമക്കുരുക്കുകളിൽ നിന്ന് അവരെ സംരക്ഷിയ്ക്കുക എന്നിവയാണ് പ്രധാനം.

അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ മരണത്തിന്റെ മുനമ്പിൽ നിൽക്കുമ്പോൾ പുനരുജ്ജീവനത്തിന്റെ അവസാന പിടിവള്ളിയാണ് പെരിമോർട്ടം സിസേറിയൻ. ഭയവും ആശങ്കയും കൂടാതെ അത് ചെയ്യാൻ സർജന്മാർക്ക് കഴിയട്ടെ.

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ആണ് ലേഖിക

കടപ്പാട്: KGMOA AMRITHAKIRANAM‌

Content Highlights: maternal cardiac arrest, perimortem cesarean section why when and how

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nipah

4 min

'കോവിഡിനെക്കാൾ പിടിച്ചു കെട്ടാൻ എളുപ്പമാണ് നിപയെ, പക്ഷേ പൗരന്മാർ തങ്ങളുടെ കടമ കൃത്യമായി ചെയ്യുമോ?'

Sep 22, 2023


vertigo

6 min

'തലകറക്കം ഒരു രോഗലക്ഷണം മാത്രം, കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ'

Jul 19, 2020


bindi

2 min

പത്തുവർഷത്തോളം ജീവിച്ചത് കഠിനമായ വേദനയുമായി, എൻ‍ഡോമെട്രിയോസിസ് അതിജീവിച്ചതിനെക്കുറിച്ച് നടി

Mar 10, 2023


Most Commented