വാതിലിനരികെ കാത്തുനില്‍ക്കുന്ന അച്ഛനില്‍ നിന്നും ചോദ്യമുയര്‍ന്നു,'സിസ്റ്റർ, മോന്‍ കണ്ണ് തുറന്നോ?'


മകനെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് ആരുണ്ടെന്ന ഭയത്തേക്കാളും മാതാപിതാക്കളുടെ കണ്ണടയും വരെയും മക്കളെ ജീവനോടെയും ആരോഗ്യത്തോടെയും കാണണമെന്ന നിസ്വാര്‍ത്ഥമായ പ്രാര്‍ഥനയായിരുന്നു കണ്ടത്.

Representative Image|Gettyimages.in

ശുപത്രിയില്‍ മരണത്തോട് മല്ലിട്ടുകിടക്കുന്നവരെ ഒരു പ്രതീക്ഷയുടെ നാളത്തിലാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുക. എന്നാല്‍ പലപ്പോഴും വെന്റിലേറ്റര്‍ ബില്ലുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയാറില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിന് വിട്ടുകൊടുക്കാതെ കഴിയുന്നത്രകാലം ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്. ചിലരാകട്ടെ ഒരു ദാക്ഷണ്യവുമില്ലാതെ മുഖം തിരിക്കുന്നവരുമാണ്. തന്റെ നഴ്‌സ് ജീവിതത്തില്‍ ഉണ്ടായ അത്തരം രണ്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ലിസ് ലോന തന്റെ ഫേസ്ബുക്ക് പേജില്‍

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്

'ഹോസ്പിറ്റല്‍ ചിലവ് താങ്ങാന്‍ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്ത് ഡോക്ടറെ അറിയിച്ചു വെന്റിലേറ്റര്‍ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്..'

നാട്ടിലേക്ക് പോയ ഒരാളെ വിളിച്ച് അച്ഛന്റെ അസുഖവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞ മറുപടിയാണ്. എന്നോട് സംസാരിച്ച മകളടക്കം നാല് മക്കളുണ്ട് ആ അച്ഛന്. നാട്ടിലും വിദേശത്തുമായി എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്. വെന്റിലേറ്റര്‍ ബില്ലുകള്‍ താങ്ങാനുള്ള കഴിവ് അധികദിവസത്തേക്ക് സാധാരണക്കാരന്റെ പോക്കറ്റിനുണ്ടാകില്ല എന്നറിയാം അതോടൊപ്പം രോഗിയുടെ വയസ്സ് ഇനി മുന്‍പോട്ട് അവരെക്കൊണ്ട് എന്താണ് ആവശ്യം എന്നതെല്ലാം പ്രാഥമിക ഘടകങ്ങള്‍ ആയി വരുമ്പോള്‍ വെന്റിലേറ്റര്‍ ഊരി അവരെ സാധാരണ മരണത്തിന് വിട്ടുകൊടുക്കുന്നത് കണ്ടുനില്‍ക്കേണ്ട നിസ്സഹായാവസ്ഥ മുന്‍പും അനുഭവിച്ചിട്ടുണ്ട്.

അച്ഛന്റെ ആയുസ്സ് ഇത്രയും മതിയെന്ന് മക്കളുടെ പോക്കറ്റ് തീരുമാനിച്ച ഫോണ്‍കാള്‍ അവസാനിപ്പിച്ചപ്പോഴേക്കും മനസ്സ് ഒരുപാട് വര്‍ഷം പുറകിലേക്ക് യാത്ര ചെയ്ത് വേറൊരു അച്ഛനിലും മകനിലും തടഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റല്‍ ഡ്യൂട്ടികളില്‍ നിന്നും ജീവിതം മാറിയൊഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെയായിട്ടും ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്ന ചില മുഖങ്ങളാണ് അതെല്ലാം. മറവിയിലാഴാത്ത ആ മുഖങ്ങളില്‍ ചിലത് കണ്ണ് നിറയുന്ന ആഹ്ലാദമെങ്കില്‍ ചിലത് ഹൃദയമുരുക്കുന്ന നോവുകളാണ്..

മെഡിക്കല്‍ ഐസിയുവിലെ ഒരു പകല്‍ ഡ്യൂട്ടിക്കിടയിലാണ് എനിക്ക് മുന്‍പില്‍ അവനെത്തിയത് പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യന്‍..
മിഴികള്‍ക്ക് മുന്‍പില്‍ അവന്റെ മുഖമിപ്പോഴും ഉണ്ടെങ്കിലും പേര് ഓര്‍മയിലില്ല. അല്ലെങ്കിലും പേരിലെന്താണ് ! അവനെ പോലുള്ളവരുടെ ഐഡന്റിറ്റിയെന്നത് ആശുപത്രിയില്‍ വെന്റിലേറ്റര്‍ പേഷ്യന്റ് എന്ന് മാത്രമാണല്ലോ..

അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട മൂത്തമകന്‍..എട്ടും പൊട്ടും തിരിയാത്ത രണ്ട് അനിയത്തികുട്ടികളുടെ ഏട്ടന്‍..സാധാരണക്കാരായ അച്ഛനും അമ്മയും ഏറെ പ്രതീക്ഷകളോടെയായിരുന്നിരിക്കണം അവന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നത്. ദുശീലങ്ങളൊന്നുമില്ല അമ്മയെയും അച്ഛനെയും സ്‌നേഹിക്കുന്ന മകനാണ്..നന്നായി പഠിക്കും..ചിത്രം വരക്കുമെന്നൊക്കെ പിന്നെയെപ്പൊഴോ അച്ഛനോട് സംസാരിച്ചപ്പോള്‍ അറിഞ്ഞിരുന്നു..വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള ക്രിക്കറ്റ് ഭ്രാന്തിന് മാത്രം അമ്മയും അച്ഛനുമായി വഴക്കുണ്ടാക്കും..അന്നും അച്ഛനവനെ വഴക്ക് പറഞ്ഞിരുന്നു..പനിച്ചൂട് ചെറിയതാണെങ്കിലും ശരീരമിളകി കളിക്കാന്‍ പോകേണ്ടെന്ന് അച്ഛന്‍ ആവതു പറഞ്ഞിട്ടും അവനിറങ്ങിപോയി..സ്‌നേഹത്തോടെയുള്ള ശാസനയോടെയാണ് അവന്‍ കളിക്കാന്‍ പോകുന്നതും നോക്കി , പനി പിടിച്ച് കിടപ്പിലായാല്‍ ഞങ്ങള്‍ നോക്കില്ല കൂട്ടുകാരെ വിളിച്ച് കൂടെ നിര്‍ത്തിക്കോയെന്ന് അച്ഛന്‍ പറഞ്ഞതും..

ഏകദേശം ഡ്യൂട്ടി കഴിയാന്‍ നേരമാണ് അവനെയും കൊണ്ട് അത്യാഹിതവിഭാഗത്തില്‍ നിന്നും സ്‌ട്രെക്ചര്‍ വന്നത്..അവിടുന്നേ ഇന്റുബെറ്റ് ചെയ്തിട്ടുണ്ടെന്നും വെന്റിലേറ്റര്‍ തയ്യാറാക്കി വെക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നത്‌കൊണ്ട് വെന്റിലേറ്റര്‍ ബെഡ് എല്ലാം ഐ സി യുവില്‍ തയ്യാറാക്കി വച്ചിട്ടുണ്ട്..ഒറ്റനോട്ടത്തില്‍ അവനെ കണ്ടതും എന്റെ ഇടനെഞ്ചിലൊരു കൊളുത്ത് വീണു..എന്റെ ചെറിയ അനിയന്റെ ഛായയാണ് അവന് ..പ്രായവും ഏകദേശം അതുതന്നെ..നാടും വീടും കുടുംബവും വിട്ട് നില്‍ക്കുന്ന സമയമാണ് ആ മുഖം കണ്ടതോടെ മനസ്സിന്റെ സമാധാനം പോയി..ഡ്യൂട്ടി കഴിഞ്ഞിറങ്ങാന്‍ നേരവും ഞാന്‍ ഒന്നുകൂടെ അവന്റെ ബെഡിനരികിലേക്ക് ചെന്നു.വെന്റിലേറ്ററിന്റെ സഹായത്താലെടുക്കുന്ന ശ്വാസത്താല്‍ നെഞ്ച് ഉയര്‍ന്നു താഴുന്നത് കാണാം..
ഒരുവശം ചെരിച്ചുകിടത്തിയ അവന്റെ മുഖത്തിന്റെ ഒരുവശത്തേക്ക് ET ട്യൂബ് ഒട്ടിച്ചുവച്ച പ്ലാസ്റ്ററുണ്ട്.. കണ്ണുകള്‍ ഐ പാഡ് വച്ച് മൂടിയിരുന്നു.

ഉയരക്കൂടുതലായതുകൊണ്ട് കാലുകള്‍ കട്ടിലിന്റെ പുറത്തേക്ക് നില്‍ക്കുന്നത് ഒഴിവാക്കാന്‍ ചെറുതായി മുട്ട് മടക്കി വച്ചിട്ടുണ്ട്. മൂടിക്കെട്ടിയ മനസ്സോടെ കേസ് ഫയല്‍ എടുത്ത് നോക്കി മലേറിയ ആണ്.. കുറച്ചുദിവസമായുള്ള പനി ശ്രദ്ധിച്ചില്ല കളിക്കാന്‍ പോയ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണപ്പോള്‍ നാട്ടുകാര്‍ എടുത്തുകൊണ്ട് വന്നതാണ്.. സമയം കഴിഞ്ഞിട്ടും ഞാന്‍ പോകാതെ നില്‍ക്കുന്നത് കണ്ടിട്ടാകും ഐസിയുവിന്റെ ചാര്‍ജ് ഉള്ള ഡ്യൂട്ടി ഡോക്ടര്‍ എനിക്കരികിലേക്ക് വന്നു..'ബ്രെയിന്‍ ഡെത്ത് ആണ് സിസ്റ്ററെ... കൊണ്ടുവന്ന നാട്ടുകാരോടും രോഗിയുടെ വീട്ടുകാരോടും വിവരം അറിയിച്ചിട്ടില്ല കണ്‍സെന്റ് എടുത്ത് വെന്റിലേറ്ററില്‍ ഇട്ടതാണ്..'

ഐ.സി.യുവിന് പുറത്ത് പ്രതീക്ഷകളോടെ നില്‍ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം ഓര്‍മ വന്നതും അടിവയറ്റില്‍ നിന്നൊരു എരിച്ചില്‍ തള്ളിക്കയറി വന്നു.. എന്തെല്ലാം സ്വപ്നങ്ങളായിരിക്കാം അവന്‍ കണ്ടത്... ഇപ്പോഴും ചിലപ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നത് അറിഞ്ഞ് അവന്റെ ഉള്ളുരുകുന്നുണ്ടാവില്ലേ..ഇനിയൊരു മടക്കം സ്‌നേഹിക്കുന്നവരുടെ അടുത്തേക്കില്ലെന്ന് അറിഞ്ഞ് അവന്‍ തേങ്ങുന്നുണ്ടാകില്ലേ.. അമ്മയെ കെട്ടിപ്പിടിക്കാന്‍ ...അച്ഛനോട് ഒന്നുകൂടെ വഴക്കിടാന്‍..അനിയത്തിമാരെ സ്‌നേഹിച്ചു മതിയായില്ലല്ലോ എന്നെല്ലാം അവനും ചിന്തിക്കുന്നുണ്ടാകില്ലേ എന്നോര്‍ത്തതും നെഞ്ച് പിടയാന്‍ തുടങ്ങി..

എന്താണ് ഇനി ഡോക്ടറോട് ചോദിക്കേണ്ടതെന്ന് അറിയാതെ ആ മുഖത്തേക്ക് നോക്കി ഞാന്‍ പതറി നിന്നു..മരണം പലപ്പോഴും രംഗബോധമില്ലാതെ തിമിര്‍ത്താടുന്നത് കണ്ടിട്ടുണ്ട് അപ്പോഴെല്ലാം നിര്‍വികാരമായി നില്‍ക്കാന്‍ ശ്രമിച്ചാലും നിയന്ത്രണമില്ലാത്ത മനസ്സോടെ സാഹചര്യം നേരിടാന്‍ പരമാവധി ശ്രമിച്ച് ഞാന്‍ അതിഗംഭീരമായി പരാജയപെടാറുണ്ട് . അന്ന് പക്ഷേ വിവരിക്കാന്‍ കഴിയാത്തൊരു വേദനയിലും അസ്വസ്ഥതയിലും നെഞ്ചുരുകിയത് ഒരുപക്ഷെ ആ പയ്യന് എന്റെ അനിയന്റെ മുഖച്ഛായ തോന്നിയതുകൊണ്ട് കൂടി ആയിരിക്കാം..പുറത്തേക്ക് നടന്ന് വരുമ്പോള്‍ വാതിലിനു അരികെ കാത്തുനില്‍ക്കുന്ന അവന്റെ അച്ഛനില്‍ നിന്നും ചോദ്യമുയര്‍ന്നു..
'മോന്‍ കണ്ണ് തുറന്നോ സിസ്റ്ററെ..'
'മരുന്നിന്റെ മയക്കത്തിലാകും പേടിക്കണ്ട കേട്ടോ സമാധാനമായിരുന്നോളു..'

നുണകള്‍ എത്ര അനായാസമായാണ് ഇങ്ങനെയുള്ള സാഹചര്യത്തില്‍ വന്നു ചേരുന്നത്..അല്ലെങ്കിലും ആ മകനിനി കണ്ണ് തുറക്കില്ലെന്ന് എങ്ങനെയാണ് എനിക്ക് പറയാന്‍ കഴിയുന്നത് ദൈവമെയെന്നോര്‍ത്ത് ഞാന്‍ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.. ഏറെ പ്രതീക്ഷകളോടെ കാത്തുനില്‍ക്കുന്ന അവരോട് ഇനിയും വെന്റിലേറ്ററില്‍ ഇട്ടിട്ട് കാര്യമില്ലെന്ന് ഡോക്ടര്‍ പലതവണ സൂചിപ്പിച്ചിട്ടും അവന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയായിരുന്നു അവര്‍ക്ക്.

സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള ബില്ല് പക്ഷേ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറല്ലായിരുന്നിട്ട് കൂടി കടം വാങ്ങിയിട്ടാണെങ്കിലും അവര്‍ പണം തയ്യാറാക്കിയിരുന്നു. പണം മുന്‍കൂറായി അടച്ചിരുന്നത് തീര്‍ന്നെന്നും ഒന്നോ രണ്ടോ ദിവസത്തില്‍ ബാക്കി അടച്ചില്ലെങ്കില്‍ വെന്റിലേറ്റര്‍ ഊരി മാറ്റുന്നതാണ് ഹോസ്പിറ്റല്‍ പോളിസിയെന്നും അറിയിച്ചവരോട് ഞങ്ങള്‍ക്കുള്ളതെല്ലാം വിറ്റായാലും ബില്ലടക്കും ഞങ്ങളവനെ നോക്കുമെന്നാണ് അച്ഛന്‍ ഉത്തരം കൊടുത്തത് ..എഴുന്നേറ്റ് നടന്നില്ലെങ്കില്‍ പോലും അവന്‍ ജീവനോടെ ഞങ്ങളുടെ മുന്‍പില്‍ ഉണ്ടായാല്‍ മതിയെന്ന ആഗ്രഹത്തില്‍ എന്റെ മോന്‍ തിരിച്ചുവരുമോയെന്ന ചോദ്യവുമായി മുന്‍പില്‍ നില്‍ക്കുന്ന അച്ഛന് ഒരുത്തരം കൊടുക്കാന്‍ കഴിയാതെ ഡോക്ടറും നില്‍ക്കുന്നുണ്ടായിരുന്നു..

തിരികെ കിട്ടില്ല എന്ന് തീര്‍ത്തുപറഞ്ഞിട്ടും ഈ മെഷീനില്‍ കിടക്കുന്നിടത്തോളം അവനെ ഞങ്ങള്‍ക്ക് കാണാമല്ലോ എന്നറിയിച്ച് എവിടൊക്കെയോ ഓടി നടന്ന് കടം വാങ്ങി പൊന്നിന്റെ പൊട്ടും പൊടിയും വിറ്റ് അവരടച്ച പണത്തിന് പക്ഷേ അവന്റെ ജീവനെ വെന്റിലേറ്ററിലൂടെ പോലും പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. അന്ന് കുടുംബം നോക്കാനുള്ള മകനെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് ആരുണ്ടെന്ന ഭയത്തേക്കാളും മാതാപിതാക്കളുടെ കണ്ണടയും വരെയും മക്കളെ ജീവനോടെയും ആരോഗ്യത്തോടെയും കാണണമെന്ന നിസ്വാര്‍ത്ഥമായ പ്രാര്‍ഥനയായിരുന്നു കണ്ടത്. ഇല്ലായ്മയിലും മകനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ആഗ്രഹിച്ച ഒരച്ഛന്റെ സ്‌നേഹമായിരുന്നു അറിഞ്ഞത്..

ഇന്ന് ആയുസ്സ് മുഴുവന്‍ മക്കള്‍ക്കായി ഹോമിച്ച ഒരച്ഛനെ ചികിത്സിക്കാന്‍ മക്കള്‍ മത്സരമാണ് ആര് ബില്ലടക്കും..ഇനി ബില്ലടച്ചു അദ്ദേഹം രക്ഷപ്പെട്ടാല്‍ ശേഷകാലം ആര് നോക്കും..രക്ഷപെട്ടു കിട്ടിയാലും എന്ത് ഉപകാരമാണ് ഉള്ളത് അങ്ങനെ ചിന്തിക്കാന്‍ നൂറായിരം കാര്യങ്ങള്‍ക്ക് എല്ലാ മക്കളും കൂടി ഒറ്റകെട്ടായി കണ്ടെത്തിയ ഉത്തരമാണ് ഇനി വെന്റിലേറ്റര്‍ വേണ്ട എന്നത്.

തൊണ്ണൂറും നൂറും ദിവസങ്ങളും അച്ഛനമ്മമാരെ വെന്റിലേറ്ററില്‍ കിടത്തി ചികിത്സിച്ച് ഒന്നോ രണ്ടോ വട്ടം ട്രക്കിയോസ്റ്റമി ചെയ്ത് മൂക്കിലെ ട്യൂബിലൂടെ ഭക്ഷണം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മക്കളും ഉണ്ടായിരുന്നെന്ന് മറന്നിട്ടില്ല..

എങ്കിലും ഇത്തരം സാഹചര്യത്തില്‍ ഇനി വേണ്ട അല്ലെങ്കില്‍ ചികിത്സ മതിയെന്ന കാര്യത്തില്‍ അച്ഛനമ്മമാരുടെ അല്ലെങ്കില്‍ വയസ്സായവരുടെ വിഷയം പെട്ടെന്ന് തീരുമാനമാകുന്നോ എന്ന ചിന്തയില്ലാതില്ല. എന്റെ മാത്രം അച്ഛനാണ് എന്റെ മാത്രം അമ്മയാണ് എന്ന വാശിയിലുള്ള കുട്ടികളുടെ തര്‍ക്കങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടേണ്ട നിന്റെയും കൂടി അമ്മയും അച്ഛനുമാണ് നിനക്കും നോക്കാമെന്ന വാക്കിലേക്കുള്ള മാറ്റം കാലമാണ്.

Content Highlights: Lis Lona share her two experiences about patients in ventilator and hospital life

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented