രോ​ഗികളെ പരിചരിക്കുന്നതിനിടെ നിപ വെെറസ് ബാധിച്ച് അന്തരിച്ച സിസ്റ്റർ ലിനിയെക്കുറിച്ച് ഭർത്താവ് സജീഷിന്റെ ഓർമക്കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും 
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ...
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്...
കരഞ്ഞു തീർത്ത രാത്രികൾ..
ഉറക്കമകന്ന ദിവസങ്ങൾ...
സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ....
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും....
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ...
ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. ..
"ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌." എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ...
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ  ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്...
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം....
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..
ലിനി...
ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌   പറയുന്നു "ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌"
എനിക്ക്‌ ഉറപ്പാണ്‌ ലിനി..
'മാലാഖമാർ' എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.
അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌.

മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്.. 
അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്...
മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും....
അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും....
അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ.. 
എന്നൊരു വിളി....
എന്നിരുന്നാലും ലിനി...
നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌
നിന്റെ ഓർമകൾക്ക് മരണമില്ല...
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി... 
നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം......
Miss you Lini.... 

Content Hihlights: Lini sister memory by her husband Sajeesh, Nipah, Health, Covid19