കൊറോണപോലുള്ള മഹാമാരികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുന്ന പോരാളികളെന്നും മാലാഖമാരെന്നും നമ്മള്‍ വിളിക്കുന്ന നഴ്‌സുമാരുടെ വീടിനുള്ളുലെ ജീവിതത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ.. അവരുടെ പങ്കാളികളെ പറ്റി, കുട്ടികളെ പറ്റി. നഴ്‌സായ പങ്കാളിക്കൊപ്പം ജീവിക്കുമ്പോള്‍ ജീവിതത്തില്‍ വരുന്ന രസകരമായ അനുഭവങ്ങളെ പറ്റി പങ്കുവയ്ക്കുയാണ് നസീബ് കെ.ടി തന്റെ ഫെയ്​സ്ബുക്കിൽ.

ഫെയ്​സ്ബുക്ക് കുറിപ്പില്‍ നിന്ന്

മാലാഖാമാര്‍ക്കൊപ്പം പറന്നിട്ടുണ്ടോ.. നല്ല രസാണ്
(ഒരു ഐടി നെറ്റ്​വര്‍ക്ക് പ്രൊഫെഷനലിന്റെ അനുഭവസാക്ഷ്യം)

നിങ്ങളുടെ പങ്കാളി ഒരു നഴ്‌സ് ആണോ എങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഒരിക്കലെങ്കിലും നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ സംഭവിച്ചിട്ടുണ്ടാവും.

1. വൃത്തിയാണ് മെയിന്‍. മാലാഖാമാരുമായുള്ള ജീവിതം തുടങ്ങുമ്പോള്‍ തന്നെ നിങ്ങളിലെ രാമനാഥന്‍ അറിയാതെ തന്നെ നാഗവല്ലി കയറിയ ഒരു വൃത്തിമാന്‍ ആയി മാറുകയാണ്. വൃത്തി എന്നൊക്കെ പറഞ്ഞാല്‍ ഭക്ഷണം മുതല്‍ ജീവിക്കാനാവശ്യമായ എല്ലാ അവശ്യ വസ്തുക്കള്‍ക്കും പ്രോസസ്സുകള്‍ക്കും വൃത്തിയുടെ താഴെ മാത്രമേ സ്ഥാനമുള്ളൂ. വീട്ടിലേക്ക് കയറി വരുമ്പോള്‍ നിങ്ങളുടെ ചെരുപ്പ് ഊരി അടുക്കി വെക്കുന്നത് മുതല്‍ തുടങ്ങുകയായി നിങ്ങള്‍ക്കുള്ള പാഠങ്ങള്‍. കിടന്ന ബെഡ്ഷീറ് പോലും മടക്കി വെക്കാന്‍ മടിയുള്ള നിങ്ങളെ അവര്‍ ടക് ചെയ്തു ഒരു ചുളിവ് പോലുമില്ലാതെ ഷീറ്റ് വിരിക്കാന്‍ പ്രാപ്തരാക്കിയിരിക്കും. നിങ്ങള്‍ സ്‌നേഹത്തോടെ ഒരു ചായ ഇട്ടുകൊടുത്താല്‍ അത് കുടിക്കുന്നതിനു മുന്‍പേ ചായ ഇട്ട പാത്രം കഴുകി വെച്ചോ എന്നുള്ള ചോദ്യം ആയിരിക്കും നിങ്ങള്‍ നേരിടേണ്ടി വരിക .. നിങ്ങളുടെ വാര്‍ഡ്രോബ് മുതല്‍ നിങ്ങളുടെ വീട്ടിലെ വര്‍ക് സ്പേസ് വരെ അവരുടെ നീറ്റ്‌നെസ്സിന്റെ മാര്‍ക്ക് പതിപ്പിച്ചിട്ടുണ്ടാവും.

2. ചുരുങ്ങിയ കാലത്തിനുള്ളിലെ സഹവാസം കൊണ്ട് തന്നെ നിങ്ങള്‍ മിക്കവാറും ഉള്ള മെഡിക്കല്‍ ടേര്‍മസ് (ഇന്റുബേഷന്‍ , കത്തീറ്ററൈസേഷന്‍, ട്രക്കിയോസ്റ്റമി ) തുടങ്ങിയവ എല്ലാ പ്രൊസീജിയറുകള്‍ എങ്ങിനെ ചെയ്യണം എന്നുള്ളതിന്റെ ഒരു ഓവര്‍വ്യൂ നിങ്ങള്‍ക്ക് ലഭച്ചിട്ടുണ്ടാവും. പേഷ്യന്റിനെ റിസീവ് ചെയ്ത് പ്യൂപ്പിള്‍സ് നോക്കി റിയാക്ഷന്‍ ചെക്ക് ചെയ്തു സ്‌കോര്‍ നോക്കി പറയാന്‍ (ക്രിക്കറ്റിലെ സ്‌കോര്‍ അല്ല ) പറ്റുന്ന രീതിയലുള്ള എല്ലാ തിയറികളും അവരുടെ സഹവാസം നിങ്ങളെ പഠിപ്പിച്ചിരിക്കും. ഒരു വെന്റിലേറ്റര്‍ കൂടി കിട്ടിയാല്‍ അതിന്റെ സെറ്റിംഗ്‌സ് പാപ് സീപാപ് മുതലായവ പാട്ടും പാടി സെറ്റ് ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരായിത്തീരും.

3. ഒട്ടും ക്ഷമയില്ലാത്ത നിങ്ങള്‍ അവരെ ഡ്യൂട്ടി കഴിഞ്ഞു വിളിക്കാന്‍ ചെല്ലുന്നതോടെ തികഞ്ഞ ക്ഷമാശീലര്‍ ആക്കി മാറ്റും, ഇപ്പോള്‍ ഇറങ്ങാം എന്ന് പറഞ്ഞു നമ്മളെ വിളിച്ചു വരുത്തി നമ്മളെ മണിക്കൂറുകളോളം പോസ്റ്റ് ആക്കിയേക്കാം. ന്യൂ അഡ്മിഷന്‍, പേഷ്യന്റ് ബാഡ് ആകല്‍, അനന്തമായ ഓവര്‍ കൊടുക്കല്‍ ഒക്കെ ആകാം ഇതിനുള്ള കാരണം. ഇമ്മാതിരി പ്രതീക്ഷിക്കാത്ത കോളുകള്‍ക്ക് ഒരു പരിഭവവുമില്ലാതെ ഡ്യൂട്ടി ടൈം കഴിഞ്ഞും അവര്‍ നില്‍ക്കുന്ന കാര്യം അറിയുമ്പോള്‍ നമ്മുടെ ദേഷ്യം പമ്പ കടക്കാന്‍ തുടങ്ങും.

4. ബ്ലഡ് എന്നെഴുതിവെച്ചാല്‍ തല കറങ്ങിയിരുന്ന നിങ്ങള്‍ അവരുടെ കൂടെക്കൂടി ദിനേനയുള്ള കഥകള്‍ കേട്ട് മരണത്തില്‍ പോലും ഒരു നടുക്കം രേഖപ്പെടുത്താത്തവരായി തീരും. ബൈക്കില്‍ നിന്ന് പറന്നു വീണു തല മൊട്ടപോലെ പൊട്ടി ആശുപത്രിയില്‍ കിടക്കുമ്പോഴും സ്വന്തം മാലാഖ കൂടെ നില്‍ക്കുമ്പോള്‍ ഇതൊക്കെ എന്ത് എന്ന അവരുടെ ഭാവം എന്നിലും ധൈര്യം പകര്‍ന്നത് അനുഭവം ..

5. നിങ്ങളുടെ ശരീര ഭാഗങ്ങളിലേക്കുള്ള അവരുടെ നോട്ടം എല്ലായ്‌പ്പോഴും പ്രണയ പരവശത്തോടു കൂടിയാണ് എന്നത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്... നിങ്ങളുടെ സെന്‍ട്രല്‍ ലൈന്‍, എര്‍ട്ടറിയല്‍ ലൈന്‍ ഞരമ്പുകള്‍ ഒക്കെ നിങ്ങള്‍ തന്നെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. നല്ല വെയിന്‍ കാണുമ്പോള്‍ ഇന്‍സെര്‍ഷന്‍ ടെംപ്‌റ്റേഷന്‍ വരാത്ത മാലാഖമാര്‍ കല്ലെറിയട്ടെ..

6. ഡിസ്‌കവറി ടര്‍ബോ ചാനലില്‍ കാണിക്കുന്നത് പോലെ ഇടിച്ചു പഞ്ചറായി തുരുമ്പെടുത്ത വണ്ടികള്‍ റിപ്പയര്‍ ചെയ്തു കണ്ടീഷന്‍ ആക്കി വിടുന്നതിന്റെ ഹ്യുമന്‍ വേര്‍ഷന്‍ കഥകള്‍ നിങ്ങള്‍ക്ക് അവരില്‍ നിന്നും സ്ഥിരമായി കേള്‍ക്കാം. സിമ്പതി എമ്പതി കംപാഷന്‍ എന്നിവയുടെ ഒരു വ്യത്യസ്ത വേര്‍ഷന്‍ നിങ്ങള്‍ അവരിലൂടെ സ്വന്തമാക്കിയിരിക്കും. പല ജീവനുകളും ഉറ്റവര്‍ കൂടെ ഇല്ലാതെ വിട പറയുമ്പോള്‍ അവസാന നിമിഷങ്ങളില്‍ അവരുടെ എല്ലാം എല്ലാം ആയി ഒരു തലോടലായി കൂടെ നില്‍ക്കുന്ന കഥകള്‍ ഇവര്‍ പറയുമ്പോള്‍ നമ്മളുടെ പ്രൊഫഷന്‍ ഒന്നും ഇവരുടെ മുന്നില്‍ ഒന്നുമല്ലാതായി മാറുന്ന സത്യം നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങും. മിക്കവാറും ദിവസങ്ങളില്‍ അരങ്ങേറുന്ന എഞ്ചിനീയറിംഗ് Vs മെഡിക്കല്‍ വാറുകളില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നതും അതൊക്കെ കൊണ്ട് തന്നെ ആണ്.

7. ഇതിനെല്ലാം പുറമെ ഡോക്ടേഴ്‌സ് റോസ്റ്റാക്കിയ സ്റ്റോറീസും ഡോക്ടേഴ്സിനെ തിരിച്ചു ആക്കിയതും ബൈസ്റ്റാന്‍ഡേഴ്സിനെ പറപ്പിച്ച കഥകളും അസ്സിസ്റ്റന്റിന്റെ വിറപ്പിച്ച പണിയെടുപ്പിക്കുന്ന കഥകളും ഇടതടവില്ലാതെ നിങ്ങള്‍ക്ക് വിഷ്വലൈസ് ചെയ്യാന്‍ സാധിക്കും. മാലാഖാമാരാണെന്നാ പറച്ചിലെങ്കിലും ചില ടൈമില്‍ ഇവരുടെ വായില്‍ പെട്ടാല്‍ എന്റെ സിവനെ കരഞ്ഞു പോകും. പേഷ്യന്റിനു മുമ്പില്‍ വളരെ കെയറിങ് ആയിരിക്കുന്ന ഇവര്‍ ഓരോ ദിവസത്തെ ഡ്യുട്ടി കഴിഞ്ഞു വരുമ്പോള്‍ അന്യന്‍ കയറി മിക്കവാറും റഫ് ആന്‍ഡ് റ്റഫ് ആകുന്നതിലൂടെ അന്നത്തെ അവരുടെ സ്ട്രെയിന്‍ നമ്മുക്ക് വായിച്ചെടുക്കാം.

8. ഏതവസ്ഥയിലും പൊരുതാന്‍ കഴിവുള്ളവര്‍ ആയി കാണിച്ചു തന്ന് നമ്മളെ പല സമയങ്ങളിലും നമ്മളെ ഒന്നുമല്ലാതാക്കി കളയുന്നത് നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. ഒരു പക്ഷെ പഠന കാലത്തു തന്നെയുള്ള ഒരു ദാക്ഷണ്യവുമില്ലാത്ത ചില മിസ്സുമാരുടെ ട്രെയിനിങ്ങും ദുരിത പൂര്‍ണമായാ വാര്‍ഡ് ഡ്യൂട്ടികളുമൊക്കെയായിരിക്കും അവരെ അങ്ങിനെ രൂപപ്പെടുത്തിയെടുക്കുന്നത്. ലോകത്താകമാനം ചേക്കേറിയിട്ടുള്ള അവര്‍ നാട്ടിലെ ഒരോ കുടുംബത്തിന്റെയും നട്ടെല്ലായി മാറുന്നതും പല പങ്കാളികളുടെയും ജീവിത യാഥാര്‍ഥ്യമാണ്.

ഒരു ദിവസം രാവിലെ നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചായയുമായി വന്ന് അവള്‍ വിളിക്കുമ്പോള്‍ സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ഞാന്‍ ഏതു ഐസിയുവിലാണെന്ന് ചോദിക്കുന്നതോടു കൂടി നിങ്ങളുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏതാണ്ട് പൂര്‍ത്തിയാകുകയായി..

'When You Marry A Nurse, You Marry Their Job'
എന്ന് പറയുന്നതെത്ര സത്യം.

വാല്‍കഷ്ണം :- ജീവനും മരണത്തിനുമിടയില്‍ ഒരു നൂല്‍ ടൈമില്‍ ഇജ്ജാതി കളികളെല്ലാം കളിക്കുന്ന ഇവര്‍ കൂളായി നമ്മുടെ കൂടെ ഇരിക്കുമ്പോള്‍ പലപ്പോഴും അത്ഭുതപെട്ട് പോകുന്നതും സ്വാഭാവികം. ഒരു നഴ്സിന്റെ മുഖത്തും ഒരു വല്യ കാര്യം ചെയ്യുന്നു എന്നുള്ള ജാഡ കാണാന്‍ നമ്മുക്ക് സാധിക്കില്ല. വളരെ സിമ്പിള്‍ ആയ അവര്‍ ആരുടേയും മുന്നിലും പരാതിക്കും പരിഭവത്തിനും പ്രശസ്തിക്കും വേണ്ടി പോകാത്തതിനാല്‍ തന്നെ നല്ല രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. നഴ്‌സ് ദിനത്തില്‍ പോസ്റ്റിട്ട് തള്ളി മറിക്കാതെ അവര്‍ക്കര്‍ഹമായ വേതനം ലഭിക്കുന്ന ഒരു നല്ല നാളെക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന/ആഹ്വാനം ആകട്ടെ ഇനിയുള്ള നഴ്സസ് ഡേകളില്‍ മുഴങ്ങേണ്ടത്.

Content Highlights: Life With a Nurse