പ്രതീക്ഷിച്ചപോലെ ദേശീയ ആരോഗ്യസൂചികയില്‍ കേരളം മുന്നില്‍ തന്നെ തുടരുകയാണ്. മാത്രമല്ല മുന്‍ വര്‍ഷങ്ങളെക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്. പ്രതിരോധ കുത്തിവയ്പ്, നഴ്‌സ്‌രോഗി അനുപാതം, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ജനന രജിസ്‌ട്രേഷന്‍,  ചികിത്സാ സംവിധാനങ്ങളുടെ അക്രിഡിറ്റേഷന്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ 24 ഘടകങ്ങള്‍ പരിശോധിച്ചാണ് നീതി ആയോഗ് സംസ്ഥാനങ്ങളുടെ നില വിലയിരുത്തി സ്‌കോര്‍ നല്‍കുന്നത്. 2015-16 ല്‍ 76.55 ആയിരുന്ന സ്‌കോര്‍ 2017-18 ല്‍ 74.01, 2018-19 ല്‍ 81.60, ഇപ്പോള്‍ വിലയിരുത്തിയ 2019-20 ല്‍ 82.20 ആയി വര്‍ഷം തോറും വര്‍ധിച്ച് വരികയാണ്. രണ്ടാം സ്ഥാനള്ള തമിഴ്‌നാടിന്റെ സ്‌കോര്‍ 72.42 ആണ്. ശിശുമരണനിരക്ക് കേരളത്തില്‍ 1000 നു അഞ്ചായി കുറഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണിത്.

കേരളത്തിന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോവരുത്. രോഗാതുരത വളരെ കൂടുതലുള്ള പ്രദേശമാണ് കേരളം. മരണനിരക്ക് കുറയുമ്പോള്‍ പ്രായാധിക്യമുള്ളവര്‍ സമൂഹത്തില്‍ വര്‍ധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കൂടുകയും ചെയ്യും. മരണനിരക്ക് കുറച്ച് കൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വര്‍ധിച്ചുവരുന്ന ഇത്തരം ദീര്‍ഘസ്ഥായി-പകര്‍ച്ചേതര രോഗങ്ങളെ കാണാവുന്നതാണ്. എന്നാല്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തില്‍ പകര്‍ച്ചേതരരോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം.

പ്രമേഹരോഗികളുടെ അമിതമായ വര്‍ധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. ജീവിതരീതികളില്‍ പിന്തുടര്‍ന്ന് വരുന്ന അമിതവും അനാരോഗ്യകരങ്ങളുമായ ആഹാരരീതികള്‍, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളും അമിതമായ മദ്യപാനം തുടങ്ങിയ ദുശീലങ്ങളുമാണ് പകര്‍ച്ചേതരരോഗങ്ങള്‍ വര്‍ധിച്ച് വരാനുള്ള പ്രധാന കാരണം. മാത്രമല്ല പകര്‍ച്ചേതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവര്‍ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രമേഹം, രക്താതിമര്‍ദം എന്നീ രോഗങ്ങള്‍ നിയന്ത്രിക്കപെട്ടിട്ടുള്ളവര്‍ കേവലം 15 ശതമാനം മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.  

കേരളീയരുടെ മാനസികാരോഗ്യ നിലവാരവും അത്ര നല്ല നിലയിലല്ലെന്നാണ് എന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 12.08 ശതമാനത്തോളം പേര്‍ക്ക്  ചികിത്സ ആവശ്യമുള്ള മാനസികരോഗമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ കേവലം 15 ശതമാനം പേര്‍മാത്രമാണ് ചികിത്സ സ്വീകരിച്ച് വരുന്നത്. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിരവധി പേരുടെ  മരണത്തിനും അംഗവൈകല്യത്തിനും കാരണമാവുന്നുണ്ട്. വര്‍ഷം തോറും ശരാശരി 4000 ത്തിലേറെ പേര്‍ വാഹനാപകടത്തില്‍ മരണമടയുകയും അതിന്റെ പത്തിരട്ടിയാളുകള്‍ അപകട ഫലമായുണ്ടാകുന്ന പരിക്ക് മൂലം ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു

പകര്‍ച്ചേതര രോഗങ്ങളോടൊപ്പം കേരളത്തില്‍ നിരവധി പകര്‍ച്ചവ്യാധികളും നിലനില്‍ക്കുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ഡെങ്കി, ചിക്കുന്‍ഗുനിയ, എച്ച് 1 എന്‍ 1. വയറിളക്ക രോഗങ്ങള്‍, എലിപ്പനി,  കുരങ്ങുപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശിക രോഗമായി (Endemic) നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ച് വരികയുമാണ്. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസ്വരരാജ്യങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ, ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ നിന്നും തുടച്ച് നീക്കപ്പെടുകയോ പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നതാണ് സത്യം.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കകയും കോംപ്ലിക്കേഷനുകള്‍ തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിമര്‍ദം എന്നീ രണ്ട് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ തടയാന്‍ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകള്‍ കൂടുതലായി നടത്തിയും മാത്രം നമുക്കിനി മുന്നോട്ട് പോവാനാവില്ല. രോഗപ്രതിരോധത്തിനും (Disease Prevention), ആരോഗ്യ പരിപോഷണത്തിനും (Health Promotion) ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. കൊതുകുകള്‍, കീടങ്ങള്‍ എന്നിവ പരത്തുന്ന ഡെങ്കി, സിക, സ്‌ക്രബ് ടൈഫസ്, മസ്തിഷ്‌കജ്വരം എന്നീ പ്രാണിജന്യരോഗങ്ങള്‍ (Vector Borne Diseases), മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. എച്ച് 1 എന്‍ 1 പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
കോവിഡ് കാലം കഴിഞ്ഞാല്‍ വലിയൊരു ജനവിഭാഗം വിധേയമാവാന്‍ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങള്‍മൂലം (Post Covid Syndromes)  കേരളീയരുടെ രോഗാതുരത ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക്  ഉചിതമായ ചികിത്സ നല്‍കാന്‍  ഇതിനകം ആരംഭിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങള്‍ (Post Covid Clinics) കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവരും. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവര്‍ത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നിപ, സ്‌ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി  (Kyasanur Forest Disease), എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗഉറവിട വ്യാപനരീതികള്‍ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.  

പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ അന്യോന്യം രോഗമൂര്‍ച്ഛയ്ക്കും കാരണമാവുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും പ്രമേഹവും രക്താതിമര്‍ദവുമുള്ളവരാണ്. പകര്‍ച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂര്‍ച്ഛിപ്പിക്കയും ചെയ്യും.

കേരളത്തിലെ പകര്‍ച്ച-പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബ്രഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.ആരോഗ്യമേഖലയെ വലിയ നവീകരണത്തിന് വിധേയമാക്കിയ ആര്‍ദ്രം മിഷന്‍, ആര്‍ദ്രം 2.0 ആയി വിപൂലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട് എന്നത് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്.

Content Highlights: Kerala leads in health index; But the diseases to be controlled