ന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) 2021, ജൂൺ അവസാനത്തിലും ജൂലായ് ആദ്യത്തിലുമായി നടത്തിയ നാലാമത് സീറോ പ്രിവലൻസ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻകൂട്ടി  നിശ്ചയിച്ച സാമ്പിളിങ്  പ്രകാരം തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ആന്റിബോഡീ സാന്നിധ്യം നിർണ്ണയിക്കുകയാണ് സീറോ പ്രിവലൻസ് സർവേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സീറോ പ്രിവലൻസ്  പഠനത്തിലൂടെ സമൂഹത്തിൽ എത്രശതമാനം പേർക്ക് രോഗപ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. സീറോ പോസിറ്റിവിറ്റിയും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോൾ പിന്തുടർന്ന് വരുന്ന ടെസ്റ്റിങ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും  ഇതിലൂടെ കഴിയും.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ജില്ലകളിലായി, 100 ആരോഗ്യപ്രവർത്തകരടക്കം ശരാശരി 400 പേർ ഓരോ ജില്ലയിൽ നിന്നും  എന്ന ക്രമത്തിൽ  ആറുവയസ്സിനും മുകളിലുള്ള 28,975 പേരിലാണ് ടെസ്റ്റ് നടത്തിയത്.  ടെസ്റ്റിംഗ് ഫലമനുസരിച്ച് രാജ്യത്ത് 67.7 ശതമാനം സീറോ പോസിറ്റിവിറ്റിയാണ് കണ്ടത്. അതായത് രാജ്യത്ത് മൂന്നിൽ രണ്ട് പേർക്കും രോഗപ്രതിരോധം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്, എന്നാൽ അവശേഷിച്ച മൂന്നിലൊന്ന് അതായത് 40 കോടി ജനങ്ങൾ  ഇപ്പോഴും രോഗപ്രതിരോധം ലഭിക്കാതെ രോഗസാധ്യതയുള്ളവരായി തുടരുന്നു എന്നും പഠനം വ്യക്തമാക്കുന്നു., ഇവരെ അതിവേഗം വാക്സിനേറ്റ് ചെയ്യാൻ ഊർജ്ജിത ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇവർക്ക് രോഗം വരാതെ നോക്കാൻ കോവിഡ് പെരുമാറ്റചട്ടങ്ങൾ കർശനമാക്കയും വേണം.

കേരളത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത് 44.4 ശതമാനമാണ് ഈ ജില്ലകളിൽ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സീറോ പോസിറ്റിവിറ്റി.  കേരളത്തിൽ ഏതാണ്ട് അമ്പത് ശതമാനം പേർക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നത്. മാത്രമല്ല രാജ്യത്ത് 28 ൽ ഒരാളിലാണ് രോഗം കണ്ടെത്താൻ കഴിഞ്ഞതെങ്കിൽ കേരളത്തിൽ അഞ്ചിൽ ഒരാളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരിൽ കൂടുതലാളുകളെ കണ്ടെത്താൻ കഴിഞ്ഞത് കൊണ്ട് എല്ലാവർക്കും ഉചിതമായ ചികിത്സ കാലേകൂട്ടി നൽകാൻ നമുക്ക് കഴിഞ്ഞു. രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുവുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താൻ കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സ സൗകര്യങ്ങൾക്കുപരിയായി രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. (Flattening of the Curve കൈവരിക്കുന്നതിൽ കേരളം വിജയിച്ചു.). സ്വാഭാവികമായും  മരണനിരക്കും കേരളത്തിൽ കുറവാണ്. 


ഒന്നാം ഘട്ട രോഗവ്യാപന കാലത്തെ  നമ്മുടെ രോഗ്ഗപ്രതിരോധ നടപടികളുടെ വിജയംമൂലം വലിയൊരു വിഭാഗം ജനങ്ങൾ രോഗം ബാധിക്കാതെ  രോഗവ്യാപന  സാധ്യതയുള്ളവരായിരുന്നത് കൊണ്ടും  (Susceptible Population) വ്യാപനസാധ്യത കൂടുതലുള്ള ഡൽറ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കേരളത്തിൽ വർധിച്ച് നിൽക്കുന്നത്. ഇതിനകം 18 വയസ്സിന് മുകളിലുള്ള 50  ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകി കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് കൂടി  അതിവേഗം വാക്സിനേഷൻ നടത്താൻ കഴിഞ്ഞാൽ അധികം വൈകാതെ 70 ശതമാനം പേർക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യപ്രതിരോധശേഷി (Herd Immunity)  കൈവരിച്ച് നമുക്ക് കോവിഡിനെ ഏതാണ്ട് പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ കഴിയും.

Content Highlights: ICMR Zero Prevention Study Results: Achievements and Challenges of Kerala, Health, Covid19