രക്തത്തിലെ മദ്യത്തിന്റെ അളവ് എന്തെങ്കിലും മരുന്ന് കഴിച്ച് കുറയ്ക്കാന്‍ കഴിയുമോ? ഡോ. അരുണ്‍ മംഗലത്ത് പറയുന്നു.. 

ലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയാണ് മദ്യം ചെയ്യുന്നത്. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നിലയ്ക്ക് നിര്‍ത്തുന്ന ഇന്‍ഹിബിറ്റര്‍ ന്യൂറോണുകളെയാണ് ആല്‍ക്കഹോള്‍ മന്ദീഭവിപ്പിക്കുന്നത് എന്നതിനാല്‍ മദ്യം കഴിക്കുന്നയാള്‍ക്ക് മന്ദത അല്ല അതിന്റെ നേര്‍വിപരീതമാണ് സംഭവിക്കുക. 

ചെറിയ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് സന്തോഷവും ഉന്മാദവും അനുഭവപ്പെട്ടേക്കാം. സാവധാനം ശ്രദ്ധ, മുന്‍കരുതല്‍, നാണം, സ്വയം വിമര്‍ശനം, ആത്മനിയന്ത്രണം എന്നിവ കുറയും. ആകാംഷ ഇല്ലാതെയാവും.  രക്തത്തിലെ മദ്യത്തിന്റെ അളവ് വീണ്ടും കൂടുമ്പോള്‍ (100-150മില്ലി ലിറ്റര്‍) ഓര്‍മകള്‍ താളം തെറ്റാനും മയക്കം അനുഭവപ്പെടാനും തുടങ്ങും. മദ്യത്തിന്റെ അളവ് വീണ്ടും കൂടുമ്പോള്‍(150-200)വ്യക്തി പൂര്‍ണമായും മദ്യത്തിന് അടിപ്പെട്ടു എന്നുപറയാം. കാലുകള്‍ നിലത്തുറയ്ക്കാത്ത അവസ്ഥ, പേശികളുടെ ഏകോപനം സാധ്യമാവില്ല, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. രക്തത്തിലെ മദ്യത്തിന്റെ അളവ് വീണ്ടും കൂടിയാല്‍ (200-300) ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റി മരണം വരെ സംഭവിച്ചേക്കാം. 

രക്തത്തിലെ മദ്യത്തിന്റെ അളവ് എത്ര കുറവായാലും അത് ഡ്രൈവിങിന് സുരക്ഷിതമല്ല. റിഫ്‌ളക്‌സുകളും പേശികളുടെ നിയന്ത്രണവും ഏറ്റവും ചുരുങ്ങിയ മദ്യത്തിന്റെ സ്വാധീനത്തില്‍പ്പോലും തകരാറിലാവും. 

ശരീരത്തിന് മദ്യത്തെ പുറന്തള്ളാന്‍ നിയന്ത്രിതമായ കഴിവുകളുണ്ട്, കരളാണ് ശരീരത്തിന്റെ മദ്യത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തി ചെയ്യുന്നത്. കഴിച്ച മദ്യത്തിന്റെ അളവ് എത്രയാണെങ്കിലും ഒരു മണിക്കൂറില്‍ 8 മില്ലി ലിറ്റര്‍ വരെ മദ്യത്തെ നിര്‍വീര്യമാക്കാനേ കരളിന് കഴിയുകയുള്ളൂ. അതുകൊണ്ട് കൂടുതല്‍ മദ്യം കഴിച്ചാല്‍ അത് കൂടുതല്‍ നേരം രക്തത്തില്‍ നിലനില്‍ക്കും. വൃക്കകള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ചെറിയ തോതില്‍ മദ്യത്തെ പുറന്തള്ളാനുള്ള കഴിവുണ്ടെങ്കിലും രക്തത്തിലെ മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ മാത്രമുള്ള കഴിവ് അവയ്ക്കില്ല. രക്തത്തിലെ മദ്യ അളവിന്റെ രണ്ടായിരത്തിലൊന്നാണ് നാം ശ്വസിച്ച് പുറത്തു തള്ളുന്ന വായുവില്‍ കാണുന്നത്. ഇതാണ് പോലീസ് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുന്നത്. 

രക്തത്തിലെ മദ്യത്തിന്റെ അളവ് കുറച്ചുകാണിക്കാനും അങ്ങനെ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനും എന്തെങ്കിലും വഴികളുണ്ടോ? 

രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സാധാരണ ക്ലിനിക്കല്‍ പ്രാക്ടീസിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊന്നും സാധ്യമല്ല. ഇന്‍സുലിനും റെക്ടോസും ചേര്‍ന്ന ഒരു ഇന്‍ഫ്യൂഷന്‍ ഇട്ടാല്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാം എന്നൊരു തെറ്റിദ്ധാരണ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് നിരവധി പഠനങ്ങള്‍ വിശദീകരിക്കുന്നു. 

രക്തത്തിലെ മദ്യത്തിന്റ അളവ് കുറയ്ക്കാനുള്ള ഒരുവഴി ഡയാലിസിസ് ആണ്. നേരിട്ട് രക്തത്തിലെ മദ്യത്തിന്റെ അളവ് നീക്കം ചെയ്യാന്‍ ഡയാലിസിസിലൂടെ സാധിക്കും. 

എന്നാല്‍ സ്ഥിരം ക്ലിനിക്കല്‍ പ്രാക്ടീസിനുപയോഗിക്കാത്ത ഒരു മരുന്നായ മെറ്റഡോക്‌സിന്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന പഠനങ്ങളുണ്ട്. അമിത മദ്യപാനം മൂലം ഗുരുതരാവസ്ഥയിലായവരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാമോ എന്നാണ് പഠനങ്ങള്‍ പരിശോധിക്കുന്നത്. എന്നാല്‍ നിയമലംഘകര്‍ക്ക് ഈ മരുന്ന് കൊണ്ട് കാര്യമില്ല. ഈ മരുന്നിന്റെ ലഭ്യത എളുപ്പമല്ല, ഉപയോഗിച്ചാല്‍ തന്നെ മെഡിക്കല്‍ പരിശോധനയിലൂടെ കണ്ടെത്താനും സാധിക്കും. 

Content Highlight: How to reduce the alcohol content in Blood