കേരളം കോവിഡിനെ നേരിടുന്നതെങ്ങനെ?


ഡോ. ബി. ഇക്ബാല്‍

3 min read
Read later
Print
Share

ഒന്നാം തരംഗത്തില്‍ കോവിഡ് നിയന്ത്രണം കാര്യക്ഷമതയോടെ നടപ്പിലാക്കിയതിനാല്‍ കേരളത്തില്‍ രോഗവ്യാപനം വളരെ കുറവായിരുന്നു

പ്രതീകാത്മകചിത്രം| Photo: PTI

കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് സ്വഭാവികമായും പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അത്ര അത്ഭുതപ്പെടേണ്ടതില്ലെന്നും അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

1. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നിരുന്നു. രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോള്‍ പത്തിനടുത്ത്. ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണം ഇപ്പോള്‍ 10-12,000 ആയികുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും താഴാതെ ടി.പി.ആര്‍ പോലെ സ്ഥിരതയോടെ നിലനില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനനുപാതമായി പ്രതീക്ഷിക്കാവുന്നത് പോലെ മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ടാം തരംഗത്തിന് മുന്‍പ് ദിനംപ്രതി നൂറിനു താഴെയാളുകള്‍ മരണമടഞ്ഞ സ്ഥാനത്ത് ഇപ്പോള്‍ 100 നും 200 നുമിടക്കാളുകള്‍ മരണമടയുന്നുണ്ട്. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്ത് അവസ്ഥ.

2. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തില്‍ പോലും നമ്മുടെ ആരോഗ്യസംവിധാനം മുന്‍കൂട്ടി തയ്യാറെടുത്ത് സുസജ്ജമാക്കിയിരുന്നതിനാല്‍ കോവിഡ് ആശുപത്രികളിലും ഐ.സി.യുവിലും രോഗികള്‍ക്ക് ഉചിതമായ ചികിത്സനല്‍കാനായിട്ടുണ്ട് എന്നതാണ്. കോവിഡ് ആശുപത്രികിടക്കകളുടെ 60-70 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉപയോഗിക്കപ്പെടേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്. കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍കാര്‍ നിയന്ത്രിച്ചിട്ടുമുണ്ട്. ഇതെല്ലാം മൂലം രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നിരുന്ന അവസരത്തില്‍ പോലും കോവിഡ് രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്. ഗുരുതരമായ രോഗലക്ഷണമില്ലാതെ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില്‍ അവര്‍ക്ക് മാറി താമസിക്കാന്‍ ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങളും (ഡൊമിസിലിയറി കെയര്‍ സെന്റര്‍: ഡി.സി.സി) സംഘടിപ്പിച്ചിട്ടുണ്ട്.

3. ഒന്നാം തരംഗത്തില്‍ കോവിഡ് നിയന്ത്രണം കാര്യക്ഷമതയോടെ നടപ്പിലാക്കിയതിനാല്‍ കേരളത്തില്‍ രോഗവ്യാപനം വളരെ കുറവായിരുന്നു. ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ.സി.എം.ആര്‍. നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട് പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത് അത് കൊണ്ട് രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ (Susceptible Population) കേരളത്തില്‍ കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

4. രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദമാണ് കേരളത്തില്‍ എത്തിയത്. സ്വാഭാവികമായും രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു. ഒന്നാംതരംഗത്തിലുണ്ടായിരുന്നു വൈറസ് ഒരാളില്‍ നിന്നും 2-3 പേരിലേക്കെത്തുമ്പോള്‍ ഡെല്‍റ്റ വൈറസ് 8-10 പേരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. കേരളത്തിലെ ജനസാന്ദ്രത കൂടുതലായത് ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ കൂടുതലായി സംഭവിച്ചു. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതലായ നഗരകേന്ദ്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഗ്രാമങ്ങളാണുള്ളതെന്നത് കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള രോഗവ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്ന്പിടിക്കാനുള്ള സാഹചര്യമുണ്ടായി.

5. ഡെല്‍റ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ റീ ഇന്‍ഫക്ഷനും വാക്‌സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനും വിധേയരായിത്തുടങ്ങി. ഇപ്പോള്‍ പോസ്റ്റിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണ സാധ്യത തീരെയില്ലന്നതും ആശ്വാസകരമാണ്.

6. ഈ സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ച് വരുന്നത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളം മുന്‍പന്തിയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്‌നിക്ക് വാക്‌സിനും ചില ആശുപത്രികള്‍ നല്‍കിവരുന്നു. അധികം വൈകാതെ ഇന്ത്യന്‍-അമേരിക്കന്‍ കമ്പനികളുടെ മറ്റ് വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കിലും 2-3 മാസങ്ങള്‍ക്കകം തന്നെ 60-70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സാമൂഹ്യപ്രതിരോധ ശേഷി (ഹേര്‍ഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാന്‍ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.

7. ഇപ്പോള്‍ നടത്തിവരുന്ന ലഘൂകരിച്ച ലോക്ക്ഡൗണ്‍ വിജയിപ്പിക്കുന്നതോടൊപ്പം അര്‍ഹമായ മുറക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും. മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്‌ക് ധരിച്ചിരിക്കണം. വാക്‌സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞമുറികള്‍ പ്രത്യേകിച്ച് എ.സി. മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ എല്ലാ കൂടിചേരലുകളും ഒഴിവാക്കണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പതിവായി വിളിച്ച് ചേര്‍ക്കുന്ന മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്ന അവലോകന യോഗങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും നിരന്തരം വിലയിരുത്തിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളില്‍ കോവിഡ് സംബന്ധിച്ച് എല്ലാവിവരങ്ങള്‍ സുതാര്യമായി കേരളസമൂഹത്തെ അറിയിക്കുന്നുണ്ട്. മാത്രമല്ല, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ കോവിഡ് പൊതുജനാരോഗ്യ വിദ്യാഭ്യാസപരിപാടിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ടീയ ഭിന്നതകള്‍ ഒഴിവാക്കി എല്ലാവരും ഒത്തൊരുമിച്ച് കോവിഡ് മഹാമരിയെ അതിജീവിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പരിപാടികളോട് സഹകരിക്കയാണ് വേണ്ടത്.

Content Highlights: How does Kerala prevents Covid19 Dr.B.Ekbal writes, Health, Covid19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented