ഒരാള്‍ തന്റെ ആദ്യ അവസരത്തില്‍ തന്നെ വളരെ കഠിനമായ ഒരു മത്സരം അല്ലെങ്കില്‍ പരീക്ഷണം അപ്രതീക്ഷിതമായി അതിജീവിച്ചാല്‍ നമ്മള്‍ ഒരു തുടക്കക്കാരന്റെ ഭാഗ്യം (beginners luck) എന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷേ വിജയം വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍..?
ഇത് തന്നെയാണ് പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ കേരളത്തില്‍ സംഭവിച്ചതും. നിപ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞത് ഒരു തുടക്കക്കാരന്റെ ഭാഗ്യം മാത്രമാണെങ്കില്‍ വെള്ളപ്പൊക്കത്തിന് ശേഷമുള്ള അണുബാധ? രണ്ടാം നിപ? ഇപ്പോള്‍ കോവിഡ് 19 (കൊറോണ)?
കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇത് വെറുമൊരു ഭാഗ്യമോ യാദൃച്ഛികതയോ ആവാന്‍ തരമില്ല.
ഇതു പോലെ ഏതൊരു കഠിനമായ കര്‍ത്തവ്യം ഏറ്റെടുക്കുമ്പോഴും അത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കും
1. ആസൂത്രണം
2. നിറവേറ്റുന്ന രീതി
3. ഭൗതിക സാഹചര്യങ്ങള്‍
കേരളത്തില്‍ സാംക്രമിക രോഗങ്ങളെ (എപ്പിഡമിക്കുകള്‍) നേരിടാന്‍ ഈ ഘടകങ്ങളെ കോര്‍ത്തിണക്കുന്നത് എങ്ങനെയാണെന്ന് കൊറോണയെ നേരിടുന്ന മാര്‍ഗ്ഗങ്ങള്‍ ഉദാഹരണമാക്കി പരിശോധിക്കാം.
വുഹാനിലെ കൊറോണയും കേരളവും
ചൈനയിലെ വുഹാനില്‍ കൊറോണ ബാധ സ്ഥിരീകരിക്കുകയും അവിടെയുള്ള ആളുകളില്‍ കൂടുതലായി രോഗം കണ്ടു തുടങ്ങുകയും ചെയ്ത അവസരത്തില്‍ തന്നെ കേരളത്തില്‍ ഈ രോഗത്തെ കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. ജനവാസമുള്ള ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്നത് വെറുമൊരു തമാശയല്ല. ചൈനയിലും മലയാളി സാന്നിദ്ധ്യം അപൂര്‍വമല്ല.
ഏറ്റവും കൂടുതല്‍ ചൈനയില്‍ പോകുന്നത് എം ബി ബി എസ് പഠനത്തിനാണെങ്കില്‍ ബിസിനസാവശ്യത്തിന് വേണ്ടി പോകുന്നതും കുറവല്ല. അതു കൊണ്ടു തന്നെ വുഹാനിലെ അണുബാധ കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം സജീവ ചര്‍ച്ചക്ക് വഴിതെളിച്ചിരുന്നു.
ചൈനയിലല്ലാതെ ഒരാള്‍ക്കു പോലും രോഗം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ രോഗം പുറം ലോകങ്ങളിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യതയെ കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ തുടങ്ങി. മാദ്ധ്യമങ്ങളെല്ലാം തന്നെ അവരുടെ വാര്‍ത്തകളില്‍ പ്രഥമ പരിഗണന കൊറോണക്ക് നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരു ഔദ്യോഗിക നിര്‍ദ്ദേശം ലഭിക്കും മുന്‍പ് തന്നെ ഇത്തരം സാഹചര്യങ്ങള്‍ സംജാതമായാല്‍ എങ്ങനെ നേരിടുമെന്നുള്ള ആലോചനകളും തയ്യാറെടുപ്പുകളും തുടങ്ങി.
അത് കഴിഞ്ഞാണ് ചൈനയിലെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും മറ്റു പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്നതും. ഇന്ത്യക്കും ചൈനക്കും ഇടയില്‍ ഉള്ള യാത്രയും മറ്റു ബന്ധങ്ങളും പരിഗണിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഉടനടി കൊറോണ മാര്‍ഗ്ഗരേഖകള്‍ പ്രഖ്യാപിച്ചു. കേരള ആരോഗ്യ വകുപ്പ് ഇതിന്റെ കേരള പതിപ്പ് പുറത്തിറക്കുകയും എല്ലാ റെഫറല്‍ കേന്ദ്രങ്ങളിലും നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നു മുതല്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ വിത്യാസം ഇല്ലാതെ നിതാന്ത ജാഗ്രതയിലായിരുന്നു.
രോഗം പകരുന്ന മാര്‍ഗ്ഗത്തില്‍ കൃത്യമായ അറിവുണ്ടാവുക, അതേ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു തടയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം. ഈ നാളു കൊണ്ട് അതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും, ഇനി ചൈനയില്‍ നിന്നും രോഗമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും രോഗാണു വാഹകരായ ആളുകള്‍ കേരളത്തിലേക്ക് എത്താമെന്നുമുള്ള കൃത്യമായ കണക്കുകൂട്ടല്‍ ഇവിടെ ഉണ്ടായിരുന്നു. ഇവരെ നിരീക്ഷിക്കുന്നത് വിമാനത്താവളങ്ങളില്‍ തന്നെ തുടങ്ങാമെന്നാണ് തീരുമാനിച്ചത്.
ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ലിസ്റ്റ്, അവരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൈമാറുന്ന സിസ്റ്റം നിലവില്‍ വന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇതിനോട് പ്രത്യേകം സഹകരിച്ചു. അവരെ സഹായിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക കൗണ്ടര്‍ വിമാനത്താവളങ്ങളില്‍ തുറന്നു. യാത്രക്കാരില്‍ പനിയുള്ളവരെ അവിടെ വെച്ച് തന്നെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും മടങ്ങിയവരുടെ വിവരങ്ങള്‍ വെച്ച് ഒരു ഗൂഗിള്‍ ഷീറ്റ് രൂപീകരിച്ച് അതില്‍ കൂട്ടി ചേര്‍ത്തു കൊണ്ടിരുന്നു.
ഒരാള്‍ കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ അതാത് ജില്ലാ ആരോഗ്യ കാര്യാലയങ്ങളില്‍ അയാളുടെ വിശദാംശങ്ങള്‍, അയാളുടെ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രം, ചാര്‍ജുള്ള സര്‍ക്കാര്‍ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പക്റ്റര്‍ തുടങ്ങിയവരുടെ വിശദാംശങ്ങള്‍ അടക്കം രേഖപ്പെടുത്തി. അതേ സമയം തന്നെ പ്രസ്തുത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറുകയും അവരുടെ മുഴുവന്‍ ഉത്തരവാദിത്തവും ആ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു.
യാത്രക്കാര്‍ക്ക് ഇരുപത്തിയെട്ട് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇവര്‍ക്കു ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ലക്ഷണങ്ങള്‍ ദൃശ്യ, ശ്രവണ, സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതോടൊപ്പം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അവര്‍ പോകേണ്ട ആശുപത്രി, വിളിക്കേണ്ട നമ്പര്‍ എന്നിവയും നിത്യേന അറിയിച്ചു കൊണ്ടിരുന്നു.
പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ചെറിയ ലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് ജില്ലാ ആശുപത്രികളിലും സങ്കീര്‍ണ്ണതകളുമായി വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകളും തയ്യാറാക്കി നിര്‍ത്തി. സംശയമുള്ള ലക്ഷണങ്ങളുമായി വരുന്നവരുടെ സാംപിളുകള്‍ പരിശോധനക്കയക്കാനുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഒരുക്കി. സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടുന്നവരെ ഇവരെ പുറം ലോകവുമായി സമ്പര്‍ക്കം അനുവദിക്കാതെ ഐസൊലേഷനില്‍ തന്നെ നിലനിര്‍ത്തി.
കേരളത്തിലെ കൊറോണയുടെ സ്ഥിരീകരണം
ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ ആദ്യത്തെ രോഗിയുടെ സ്രവങ്ങളില്‍ കൊറോണ കണ്ടെത്തുന്നത്. ഈ രോഗി സഞ്ചരിച്ച വഴികള്‍ പരിശോധിച്ചാല്‍ തന്നെ കേരളത്തിലെ അതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകദേശ രൂപം നമുക്കു ലഭിക്കും.
ഇവര്‍ ചൈനയില്‍ നിന്നും കൊല്‍ക്കത്ത വഴി കേരളത്തില്‍ എത്തിയ ഒരാളായിരുന്നു. കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട്ടില്‍ കഴിയുകയായിരുന്നു. ചെറിയ തൊണ്ടവേദനയും ചുമയും പ്രത്യക്ഷപ്പെട്ടപ്പോള്‍ നേരെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കപ്പെട്ടു.
രണ്ടു ദിവസം കഴിഞ്ഞ് വന്ന പരിശോധനാ ഫലം കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ചൈനയിലൂടെ നടത്തിയ യാത്രകള്‍, കൊല്‍ക്കത്ത വരെ നടത്തിയ യാത്ര, കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്ര എന്നിവ ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ പിന്നീടങ്ങോട്ട് പൂര്‍ണമായും ക്വാറന്റൈന്‍ അല്ലെങ്കില്‍ ഐസൊലേഷനില്‍ ആയിരുന്നെന്ന് കാണാന്‍ കഴിയും.
ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ മാസ്‌ക് ഉപയോഗിക്കാതെ ബന്ധുക്കളോടുപോലും ഇടപഴകിയിരുന്നില്ല. രണ്ടു തവണ ടെസ്റ്റ് ചെയ്ത് സ്രവങ്ങളിലോ രക്തത്തിലോ വൈറസിന്റെ അംശങ്ങളൊന്നും ഇല്ലെന്ന് ബോധ്യം വന്ന ശേഷമാണ് അവര്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത്. ഒരു മാസത്തോളം സമയം അവര്‍ ഐസൊലേഷനില്‍ കഴിഞ്ഞിട്ടുണ്ടാവണം.
കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആദ്യത്തെ കൊറോണ പോസിറ്റീവ് രോഗി പല രീതിയിലും സ്വാധീനിച്ചു. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. നേരത്തേ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങി വെച്ചിരുന്നെങ്കിലും ആലസ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നവ കുറ്റമറ്റ രീതിയിലേക്ക് മാറ്റേണ്ടി വന്നു.
ഐസൊലേഷന്‍ വെറുമൊരു പേരല്ല. നേരത്തേ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകളിലെ രോഗികളെ ഒഴിപ്പിച്ച് പുതിയ ബോര്‍ഡ് സ്ഥാപിച്ചാലും ഐസൊലേഷന്‍ വാര്‍ഡാകില്ല. രോഗി മറ്റൊരാള്‍ക്ക് രോഗാണു കൈമാറാനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടാവാന്‍ പാടില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പോലെ തിരക്കുള്ള ഇടങ്ങളില്‍ ഇവ സ്ഥാപിക്കലും നിലനിര്‍ത്തലും അത്യന്തം ദുഷ്‌കരമായ പരീക്ഷണം തന്നെയാണ്.
ഇവിടെ ഏറ്റവും വലിയ കടമ്പ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അണുബാധ ഏല്‍ക്കാതെ നോക്കുക എന്നുള്ളതാണ്. കാരണം ഐസൊലേഷനില്‍ രോഗിയുമായി സമ്പര്‍ക്കം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണല്ലോ. നേരത്തേ ഐസൊലേഷനില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഐസൊലേഷന്‍ പൂര്‍ണ്ണ സജ്ജമാക്കുന്നത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദിവസങ്ങള്‍ കൊണ്ട് പരിശീലനം കൊടുക്കേണ്ടി വന്നു. മറ്റൊരാള്‍ക്കും അണുബാധ പകര്‍ന്നു കിട്ടിയില്ല എന്നത് ഇവരുടെ പ്രവര്‍ത്തനവിജയത്തിന്റെ അളവുകോല്‍ ആയി എടുക്കാവുന്നതാണ്.
ആദ്യത്തെ പോസിറ്റീവ് രോഗി ചികിത്സാ കേന്ദ്രങ്ങളില്‍ മാത്രമല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയത്. മറ്റ് നിരീക്ഷണ മേല്‍നോട്ട സംവിധാനങ്ങളും അന്നു മുതല്‍ കൂടുതല്‍ ശക്തി ആര്‍ജിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നിത്യേന അവലോകന യോഗങ്ങള്‍ നടന്നു. ആദ്യ രോഗി അഡ്മിറ്റായ തൃശൂരില്‍ മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. വലിയ ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടു.
ജില്ലകള്‍ കേന്ദ്രീകരിച്ച് ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, പൊതു ആരോഗ്യ വിഭാഗത്തിലെ തലവന്‍മാര്‍ തുടങ്ങിയവര്‍ ദിവസവും ആസ്ഥാനങ്ങളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ക്വാറന്റൈനില്‍ ഉള്ളവരുടെ, ഐസൊലേഷനില്‍ ഉള്ളവരുടെ, കൂടെ അവരുടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ ലിസ്റ്റ് പുതുക്കിക്കൊണ്ടിരുന്നു.
ഓരോ വീട്ടിലും ക്വാറന്റൈനില്‍ ഇരിക്കുന്ന ആളുകളെ അതത് സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓരോ ദിവസത്തെ നിരീക്ഷണങ്ങള്‍ അവര്‍ ജില്ലാ കേന്ദ്രങ്ങളില്‍ അറിയിച്ചു. ഇത് കൂടാതെ ജില്ലാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വീടുകളിലേക്ക് വിളിച്ച് ക്രോസ് ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസത്തെയും പുരോഗതി, അന്നത്തെ ഐസൊലേഷനിലെ രോഗികളുടെ എണ്ണം അടക്കം ഔദ്യോഗികമായി പൊതു ജനത്തെ അറിയിച്ചു കൊണ്ടിരുന്നു. അത് പൊതു സമൂഹത്തിന്റെ ഭീതി കുറച്ചൊക്കെ ഇല്ലാതാക്കാനും സഹായിച്ചു.
അങ്ങനെ ഒരേ സമയം നല്ല ഐസൊലേഷന്‍ സംവിധാനങ്ങള്‍ റെഫറല്‍ കേന്ദ്രങ്ങളിലും, താളാത്മകമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ മേല്‍നോട്ട സംവിധാനങ്ങള്‍ പുറത്തും ഇതാണ് ഓരോ എപ്പിഡമിക്കുകളിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍.
കേരളത്തിലെ ഭൗതികസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും
വാക്കുകളിലൂടെ വര്‍ണ്ണിക്കാന്‍ എളുപ്പമാണെങ്കിലും മേല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രയോഗത്തിലെത്തുമ്പോള്‍ അത്യന്തം കഠിനമായിരിക്കും. ഒരു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ജനക്കൂട്ടത്തിന്റെ ജീവിതം ഒരു സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാക്കി കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതിലും അധികമാണ്. ഇത്ര ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ഭൗതിക സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യവും വളരെ പ്രസക്തമാണ്.
കേരളം കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തില്‍ നിലവിലുണ്ടായിരുന്ന സൗകര്യങ്ങളും ആനുപാതികമായിരുന്നില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയും സ്വന്തമായി ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതോടൊപ്പം ആശുപത്രിക്കുള്ളില്‍ വെച്ച് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അണുബാധകള്‍ തടയാനുള്ള അത്യാവശ്യ നടപടികള്‍ പോലും പല ആശുപത്രികളിലും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല.
അനിയന്ത്രിതമായ തിരക്ക് തന്നെ പ്രധാന കാരണം. ഈ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാരും ഇത്തരം അണുബാധകളെ നേരിടാനുള്ള പരിശീലനം ലഭിച്ചവര്‍ ആയിരുന്നില്ല. സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കുറവുകള്‍ വരാതെ പ്രവര്‍ത്തിക്കാനുള്ള എണ്ണം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഒട്ടനവധി ന്യൂനതകളും പ്രാരാബ്ധങ്ങളും ഉള്ള ഒരു സംവിധാനം ഉപയോഗിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
പിന്നെ ഇതെങ്ങനെ സാദ്ധ്യമാകുന്നു?
ഭൗതികസൗകര്യങ്ങളുടെ ഈ ന്യൂനതകളെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെയും അധികാരികളുടേയും പൊതുജനത്തിന്റേയും അവസരോചിതമായ ഇടപെടലുകളിലൂടെയും കൂട്ടായ്മയിലൂടെയും ഏകോപിതമായ കഠിനാധ്വാനത്തിലൂടെയുമാണ് നികത്തുന്നത്. അമിത സമയം ജോലി ചെയ്തും തങ്ങളുടേതല്ലാത്ത പല ജോലികള്‍ ഏറ്റെടുത്തുമൊക്കെ ഡോകടര്‍മാരും ജീവനക്കാരും ഒന്നിച്ച് നില്‍ക്കുന്നതിന്റെ ഫലമാണ് ഈ വിജയങ്ങള്‍ എന്ന് നിസ്സംശയം പറയാം.
ഈ പ്രതിരോധത്തിലെ പൊതു ജനത്തിന്റെ പങ്കും പരാമര്‍ശിക്കാതിരുന്നുകൂട. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൊതു ജനം അനുസരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ വിജയിക്കൂ. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ കേരളീയരുടെ സഹകരണം ഏറ്റവും കൂടുതല്‍ കണ്ട അവസരങ്ങളായിരുന്നു നിപ്പയും വെള്ളപ്പൊക്കവും കഴിഞ്ഞാല്‍ കൊറോണ.
ഇതില്‍ പ്രത്യേകം നന്ദി പറയേണ്ട വിഭാഗമാണ് ചൈനയില്‍ നിന്നും തിരിച്ചെത്തിയവര്‍. നീണ്ട 28 ദിവസങ്ങള്‍ പുറം ലോകവുമായി ബന്ധമില്ലാതെ അവര്‍ ഒളിവില്‍ താമസിച്ചു. ഒറ്റപ്പെട്ടതാണെങ്കിലും ചിലയിടങ്ങളില്‍ അവര്‍ കുറ്റപ്പെടുത്തലുകളും പീഢനങ്ങളും അനുഭവിക്കേണ്ടിയും വന്നു. ചിലരുടെ കുടുംബത്തേയും കുട്ടികളേയും പൊതു സമൂഹം മാറ്റി നിര്‍ത്തി. നാടിന്റെ നന്മക്കു വേണ്ടിയുള്ള കൂട്ടായ ചികിത്സയുടെ ഒരു ചെറിയ പാര്‍ശ്വഫലമായിരുന്നു ഇതെന്ന് തല്‍ക്കാലം സമാധാനിക്കാം.
സാംക്രമിക രോഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാവി
ഭൗതിക സാഹചര്യങ്ങളിലെ പല കുറവുകളും നികത്തുന്നത് കൂട്ടായ്മയും കിനാദ്ധ്വാനവുമാണെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ. ഇത് എല്ലാ തവണയും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ച് ഇരുന്നു കൂടാ. സ്ഥിരമായ ഒരു സംവിധാനം നമുക്ക് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. സുസജ്ജമായ ഐസൊലേഷന്‍ സംവിധാനങ്ങള്‍, ആവശ്യത്തിന് പരിശീലനം ലഭിച്ച ജീവനക്കാര്‍, പെട്ടെന്ന് പരിശോധനാ ഫലം ലഭിക്കുന്ന ലാബ് സൗകര്യം തുടങ്ങിയവ സംസ്ഥാനത്ത് അത്യന്താപേക്ഷിതമാണ്.
നോവല്‍ കൊറോണയുടെ പേര് കോവിഡ് 19 ആയി. ചൈനയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. പക്ഷേ ഇറാന്‍ പോലെയുള്ള അറബ് രാജ്യങ്ങളില്‍ എണ്ണം കൂടിത്തുടങ്ങി. ഇന്ത്യയില്‍ പുതിയ മൂന്ന് രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചു. കേരളത്തോട് കോവിഡ് ഒന്നുകൂടി അടുക്കുകയാവാം. കോവിഡ് അല്ലെങ്കില്‍ മറ്റൊരു വൈറസ് ഇനിയും നമ്മളെ ആക്രമിക്കാം. ഇനിയൊരു വൈറസ് ആക്രമിക്കാന്‍ വന്നാല്‍ 'എന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്' എന്ന് പറഞ്ഞിരുന്നാല്‍ വൈറസ് കീഴടങ്ങുമെന്ന് പ്രതീക്ഷിക്കരുത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച്, വിജയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ തിരുത്തി നാം മുന്നേറുകയാണ് വേണ്ടത്.
Content Highlights: how did kerala defeated nipah corona virus