രോഗാതുരത വളരെ കൂടുതലുള്ള പ്രദേശമാണ് കേരളം.  1970 കളില്‍ ഡോ. പി.ജി.കെ. പണിക്കരും ഡോ. സി.ആര്‍. സോമനും നടത്തിയ പഠനത്തെ തുടര്‍ന്ന് കേരളാവസ്ഥയെ 'Low Mortality High Morbidity Syndrome എന്ന് വിശേഷിപ്പിച്ചിരുന്നു,  ആരോഗ്യമേഖലയിലെ ഗുണകരമായവശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ തന്നെ രോഗാതുരത കൂടുതലാണെന്ന് അവര്‍ ചൂണ്ടികാട്ടി.

മരണനിരക്ക് കുറയുമ്പോള്‍ പ്രായാധിക്യമുള്ളവര്‍ സമൂഹത്തില്‍ വര്‍ധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കൂടുകയും ചെയ്യും. മരണനിരക്ക് കുറച്ച് കൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വര്‍ധിച്ചുവരുന്ന ഇത്തരം ദീര്‍ഘസ്ഥായി-പകര്‍ച്ചേതര രോഗങ്ങളെ കാണാവുന്നതാണ്. എന്നാല്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തില്‍ പകര്‍ച്ചേതരരോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം.  പ്രമേഹരോഗികളുടെ അമിതമായ വര്‍ധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. ജീവിതരീതികളില്‍ പിന്തുടര്‍ന്ന് വരുന്ന അമിതവും അനാരോഗ്യകരങ്ങളുമായ ആഹാരരീതികള്‍, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളാണ് പകര്‍ച്ചേതരരോഗങ്ങള്‍ വര്‍ധിച്ച് വരാനുള്ള പ്രധാന കാരണം. മാത്രമല്ല പകര്‍ച്ചേതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവര്‍ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വന്നിട്ടുണ്ട്.  പ്രമേഹം, രക്താതിമര്‍ദം എന്നീ രോഗങ്ങള്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ളവര്‍ കേവലം 15 ശതമാനം മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. 

പകര്‍ച്ചേതര രോഗങ്ങളോടൊപ്പം കേരളത്തില്‍ നിരവധി പകര്‍ച്ചവ്യാധികളും നിലനില്‍ക്കുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ഡെങ്കി, എച്ച്1 എന്‍1. ചിക്കുന്‍ ഗുനിയ, വയറിളക്ക രോഗങ്ങള്‍, എലിപ്പനി, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശിക രോഗമായി (Endemic) നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ച് വരികയുമാണ്.   

ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസിതരാജ്യങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാര്‍ഗ്വ, ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ നിന്നും തുടച്ച് നീക്കപ്പെടുകയോ പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നതാണ് സത്യം. ഇത്തരം രോഗസാന്നിധ്യത്തിന് നിഷേധ മുന്‍ഗണന (Negative Weightage)  നല്‍കിയാല്‍ ആരോഗ്യമേഖലയിലെ കേരളത്തിന്റെ സ്ഥാനം വളരെ വേഗം താഴെക്ക് പോവും എന്നതാണ് വസ്തുത.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കകയും മൂര്‍ച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിര്‍മര്‍ദം എന്നീ രണ്ട് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ തടയാന്‍ കഴിയും. ബൈപാസ്-ഡയാലിസിസ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയും നമുക്കിനി മുന്നോട്ട് പോവാനാവില്ല. രോഗനിവാരണത്തിന് (Disease Prevention) ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. 

കൊതുകുകള്‍, കീടങ്ങള്‍ എന്നിവ പരത്തുന്ന ഡെങ്കി, സിക, സ്‌ക്രബ് ടൈഫസ്, മസ്തിഷ്‌കജ്വരം എന്നീ  പ്രാണിജന്യരോഗങ്ങള്‍ (Vector Borne Diseases), മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. എച്ച്1 എന്‍1 പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. 

പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ അന്വേന്യം രോഗമൂര്‍ച്ഛയ്ക്കും കാരണമാവുന്നു. കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും പ്രമേഹവും രക്താതിമര്‍ദവുമുള്ളവരാണ്. പകര്‍ച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂര്‍ച്ഛിപ്പിക്കയും ചെയ്യും. 

കേരളത്തിലെ പകര്‍ച്ച-പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബൃഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

Content Highlights: High Morbidity Non Communicable Diseases in Kerala, Health