കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള മെഡിക്കല്‍ എമര്‍ജന്‍സികളെ ഓര്‍മിപ്പിക്കുകയാണ് ഡോ.ജിനേഷ് ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്ക് പേജിലൂടെ. പ്രസവം, ഹൃദയാഘാതം, പരിക്കുകള്‍ തുടങ്ങിയ മെഡിക്കല്‍ എമര്‍ജന്‍സികള്‍ സംഭവിക്കാമെന്നും ഇത്തരത്തിലുള്ള  മെഡിക്കല്‍ എമര്‍ജന്‍സികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും ജിനേഷ് കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

മെഡിക്കല്‍ എമര്‍ജന്‍സികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സാധാരണഗതിയില്‍ ഡോക്ടറെ നേരില്‍ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഏവര്‍ക്കുമറിയാം. കഴിഞ്ഞവര്‍ഷം അങ്ങനെയാണ് നമ്മള്‍ കൈകാര്യം ചെയ്തതും.

പ്രസവം, ഹൃദയാഘാതം, പരിക്കുകള്‍ തുടങ്ങിയ മെഡിക്കല്‍ എമര്‍ജന്‍സികള്‍ സംഭവിക്കാം. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണം. ആരോഗ്യവകുപ്പ് അത് കോര്‍ഡിനേറ്റ് ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ നമ്മുടെ പാഠങ്ങളാണ്. അതുകൊണ്ടുതന്നെ അത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം ഉണ്ടാവില്ല എന്നുതന്നെ കരുതാം. കഴിഞ്ഞവര്‍ഷം പ്രസവവേദന അനുഭവിച്ചവരെ എയര്‍ലിഫ്റ്റ് ചെയ്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇത്തവണയും പ്രളയം നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

ക്യാമ്പുകളില്‍ ഉള്ളവര്‍ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പകര്‍ച്ചേതര രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യില്‍ ഇല്ല എങ്കില്‍ മരുന്നുകള്‍ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇതുവരെ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കില്‍ അതേ ക്യാമ്പുകളില്‍ ഉള്ളവര്‍ മരുന്നുകള്‍ ഷെയര്‍ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ മരുന്നുകള്‍ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ മറുപടി പറയാനാവും. ആരോഗ്യപ്രവര്‍ത്തകര്‍ സമീപത്ത് ഇല്ലെങ്കില്‍ ഫോണ്‍-വാട്‌സ്ആപ്പ്-ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആള്‍ക്കാരുടെ അടുത്ത് തന്നെ ചോദിക്കണം.

ക്യാമ്പുകളിലേക്ക് മരുന്നുകള്‍ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാര്‍ കഴിഞ്ഞവര്‍ഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.

ശേഖരിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം എഴുതാം.

ORS  വയറിളക്കം, ചര്‍ദ്ദി തുടങ്ങിയവ ഉള്ളവര്‍ ശുദ്ധജലത്തില്‍ കലക്കി കുടിക്കുക.

Paracetamol - തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഉപയോഗിക്കുക. മുതിര്‍ന്നവര്‍ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം.

Ceterizine  സഹിക്കാന്‍ വയ്യാത്ത തുമ്മല്‍, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ രാത്രി ഒരു ഗുളിക കഴിക്കുക. മുതിര്‍ന്നവര്‍ക്ക് 10 മില്ലി ഗ്രാം. ഓര്‍ക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷന്‍ ഉണ്ടാക്കാം.

Betadine ointment  മുറിവുകള്‍ ശുദ്ധജലം അല്ലെങ്കില്‍ തിളപ്പിച്ചാറ്റിയ ജലം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക.

Salbutamol - ശ്വാസംമുട്ടല്‍, ആസ്മ എന്നീ രോഗങ്ങളുള്ളവര്‍ ഉപയോഗിക്കുക. മുതിര്‍ന്നവര്‍ക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

ക്യാമ്പുകളിലേക്ക് മരുന്നുകള്‍ ശേഖരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മരുന്നുകള്‍ താഴെ പറയുന്നു. നേരത്തെ പകര്‍ച്ചേതര രോഗങ്ങള്‍ സ്ഥിരീകരിച്ച്, മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്ക് നല്‍കാനാണ്.

Sorbitrate 10 mg
Amlodipine 5 mg
Aspirin 150 mg
Clopidogrel 75 mg
Atorvastatin 10 mg
Metformin 500 mg
Glimepiride 1 mg

അവസാനം നല്‍കിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗുളികകള്‍ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവില്‍ കഴിക്കരുത്.

വളംകടി ഒരു പ്രധാന പ്രശ്‌നമാണ്. ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്നത് Cltorimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. കഴിഞ്ഞവര്‍ഷം കുമരകം - ഇടയാഴം ഭാഗത്തുണ്ടായ രണ്ട് പ്രളയത്തിലും തികയാതെ വന്ന ഒരേ ഒരു മരുന്ന് ഇതാണ്. അതുകൊണ്ട് മരുന്നുകള്‍ വിതരണം ചെയ്യാന്‍ വേണ്ടി ശേഖരിക്കുന്നവര്‍ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കുക. ഓയിന്‍മെന്റുകള്‍ ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇങ്ങനെ ഒരു അവസരത്തില്‍ ഷെയര്‍ ചെയ്യാന്‍ മടിച്ചാല്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഷെയര്‍ ചെയ്യുക! ഈ ഓയില്‍മെന്റിന് വേണ്ടി കഴിഞ്ഞവര്‍ഷം ചെറുതല്ലാത്ത അസ്വാരസ്യങ്ങള്‍ ഉണ്ടായി എന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.

ആന്റിബയോട്ടിക്ക്: 
Cap Amoxycillin മുതിര്‍ന്നവര്‍ക്ക് മൂന്നുനേരം 500 mg

അസിഡിറ്റി, വയറെരിച്ചില്‍: 
Tab Ranitidine 150 mg രണ്ടു നേരം

പാമ്പുകടിയേറ്റാല്‍: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്‌ക്യൂ ഓപ്പറേഷന്‍ സെന്ററുകളില്‍ വിവരമറിയിക്കുക. ഓര്‍ക്കുക, കേരളത്തില്‍ ആകെയുള്ള 100 ഇനം പാമ്പുകളില്‍ കരയില്‍ കാണുന്നവയില്‍ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

പനി, ജലദോഷം ഒക്കെ ഉള്ളവര്‍ രോഗം ഇല്ലാത്തവരില്‍ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാള്‍ക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികള്‍, നവജാത ശിശുക്കള്‍ എന്നിവര്‍ക്ക് ശരീരോഷ്മാവ് താണുപോകാന്‍ സാധ്യതയുണ്ട്. ഹൈപ്പോ തെര്‍മിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം.

തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉള്‍പ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിര്‍ന്ന ഒരാളുടെ നെഞ്ചില്‍ skin to skin contact വരുന്ന വിധത്തില്‍ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാല്‍ തണുത്തിരിക്കാന്‍ പാടില്ല.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍: വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകല്‍, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങള്‍ ഉറപ്പ് വരുത്തുക.

മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കല്‍, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകര്‍ന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, അനുഭവ പരിചയമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വലിയ പങ്കുവഹിക്കാനാവും.

വെള്ളത്തില്‍ മുങ്ങിയാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയര്‍ അമര്‍ത്തി ഞെക്കരുത്. ശ്വസന പ്രക്രിയയില്‍ തടസ്സങ്ങള്‍ വരാതെ നോക്കുക.

ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവര്‍ഗ്ഗം. കഴിഞ്ഞ വര്‍ഷം നമ്മള്‍ അതിജീവിച്ചതാണ്. ഇതും നമ്മള്‍ അതിജീവിക്കും.

കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓര്‍ക്കുക. നിങ്ങള്‍ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, പ്രവര്‍ത്തിക്കുന്നു.

ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തില്‍ മെഡിക്കല്‍ എത്തിക്‌സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാന്‍ പരിചയില്ല. ഒരാളുടെയും ജീവന്‍ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഇത്രയും മരുന്നുകള്‍ ഇപ്പോള്‍ തന്നെ ശേഖരിക്കണോ, ആവശ്യം വന്നില്ലെങ്കിലോ എന്നുള്ള സംശയം തോന്നാം. ഇപ്പോള്‍ ശേഖരിച്ചു വെച്ചാല്‍ ആവശ്യം വന്നാല്‍ അപ്പോള്‍ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ കാലി ആക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകള്‍ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകള്‍ ശേഖരിക്കുന്നവരും ശ്രദ്ധിക്കാന്‍ വേണ്ടി എഴുതിയതാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പുകള്‍ പാലിക്കുക. അക്കാര്യത്തില്‍ ഒരു കാരണവശാലും മടികാണിച്ചു കൂടാ. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കരുത് എന്ന് ആരെങ്കിലും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചാല്‍, അത് നിഷ്‌കരുണം തള്ളിക്കളയുക. അങ്ങനെ സന്ദേശങ്ങള്‍ അയക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൈമാറുക.

ക്യാമ്പുകളിലേക്ക് ഇപ്പോള്‍ തന്നെ ഈ മരുന്നുകളെല്ലാം എത്തിക്കണം എന്നല്ല പറയുന്നത്. ഇപ്പോള്‍ ശേഖരിച്ചു വെച്ചാല്‍ ആരോഗ്യവകുപ്പിന് ചിലപ്പോള്‍ സഹായകരമാകും. ആവശ്യാനുസരണം മാത്രം വിതരണം ചെയ്യുക. എന്ത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടാന്‍ ശ്രദ്ധിക്കുക.

ജിനേഷ് പി. എസ്, 
09/08/2019,
6.15 am.

Content Highlights: Kerala flood, medical emergency