സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് ഓരോ ആരോഗ്യപ്രവര്‍ത്തകരും കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുന്നത്. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും അവനവന്റെ ജീവനേക്കാളേറെ ആശങ്ക രോഗികളുടേയും കുടുംബത്തിന്റെയുമൊക്കെ സുരക്ഷയുടെ കാര്യത്തിലായിരിക്കും. ഇത്തരത്തില്‍ രോഗികള്‍ക്കു വേണ്ടി തന്നെക്കൊണ്ടാവുന്ന വിധം ചികിത്സിച്ച് ഒടുവില്‍ കുടുംബത്തെ കൊറോണയില്‍ നിന്നു പ്രതിരോധിക്കാന്‍ കഴിയാതിരുന്ന കൊറോണയെ അതിജീവിച്ച ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയം തൊടുന്ന അനുഭവക്കുറിപ്പ് പങ്കുവെക്കുന്നത്. കൊറോണ പടരുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ പരമാവധി സമയം രോഗികള്‍ക്കൊപ്പമിരിക്കാന്‍ ശ്രമിച്ചുവെന്നും കഴിയും വിധത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുവെങ്കിലും ഭാര്യയെയും മകളെയും കൊറോണ ബാധിച്ചപ്പോള്‍ തകര്‍ന്നു പോയെന്നും പറയുകയാണ് ഈ ഡോക്ടര്‍. പാന്‍ഡെമിക്കിനെ മുമ്പും അതിജീവിച്ച സമൂഹമാണിതെന്നും ഇതും കടന്നുപോകുമെന്നും ഡോക്ടര്‍ കുറിക്കുന്നു. 

കുറിപ്പിന്റെ പൂര്‍ണ രൂപത്തിലേക്ക്...

''കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ എന്റെ രോഗികള്‍ക്കൊപ്പം കൂടുതല്‍ സമയം നില്‍ക്കണമെന്ന് ബോധ്യമായിരുന്നു. അങ്ങനെ ദിവസവും അഞ്ചും പത്തും കൊറോണ രോഗികളെ ചികിത്സിച്ചു വന്നു. പത്തുമണിക്കൂറോളം വീട്ടില്‍ നിന്നു പുറത്തായിരുന്നു. കുടുംബത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളുമെടുത്തു. പക്ഷേ മാര്‍ച്ച് പതിനെട്ടാം തീയതി എനിക്ക് പനി ബാധിച്ചു. പക്ഷേ ഭാര്യക്കും പനി വന്നതോടെ ഞാന്‍ ഭയന്നുപോയി. രണ്ടുപേരും മരുന്നെടുത്തു തുടങ്ങിയതോടെ അവള്‍ക്ക് ഭേദപ്പെട്ടു തുടങ്ങി. പക്ഷേ എന്റെ സ്ഥിതി വഷളാവുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 'ഇതിനോടു പോരാടാന്‍ നമ്മള്‍ കരുത്തരാകണം' എന്ന് ഞാന്‍ ഭാര്യയോടു പറഞ്ഞു. വൈകാതെ ഭാര്യയോടും മകളോടും ടെസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചു. അടുത്ത ദിവസം അവരെ കോവിഡ് വാര്‍ഡില്‍ കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി. എനിക്കേറെ കുറ്റബോധം തോന്നി. ഒരു ഡോക്ടറെന്ന നിലയ്ക്ക് എന്നെക്കൊണ്ടാവും വിധം രോഗികളെ ചികിത്സിച്ചു, പക്ഷേ സ്വന്തം കുടുംബത്തെ പരാജയപ്പെടുത്തിയതു പോലെ തോന്നി.

ഭാഗ്യം എന്നു പറയട്ടെ അവര്‍ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും എല്ലാ ദിവസവും ഞാനവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. അതുവഴി പോകുമ്പോഴൊക്കെ ചില്ലുവാതിലിനപ്പുറം നിന്ന് മകള്‍ കൈകള്‍ വീശി. അവര്‍ക്കരികില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പോലും ഇതു ഞങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. ഒരാഴ്ച്ചയോടെ ഞങ്ങള്‍ രണ്ടുപേരും ഡിസ്ചാര്‍ജായി. പക്ഷേ എന്റെ ഭാര്യയുടേത് അപ്പോഴും പോസിറ്റീവായിരുന്നു.

 

ആ പിരിഞ്ഞിരിക്കല്‍ ഏറെ ഹൃദയഭേദകമായിരുന്നു. ഓരോ സമയവും ഡിസ്ചാര്‍ജ് നീളുമ്പോള്‍ അവള്‍ തളര്‍ന്നുപോകുന്നതുപോലെ തോന്നി. 'വേഗം ഇങ്ങു പോരൂ, ഇവിടെ ധാരാളം പണിയുണ്ട്' എന്ന് ഞാന്‍ തമാശയ്ക്ക് പറയുമായിരുന്നു. നാളുകള്‍ക്കപ്പുറവും അവളുടെ റിസല്‍ട്ട് പോസിറ്റീവായി തുടര്‍ന്നത് ആശങ്ക വര്‍ധിപ്പിച്ചു. നാലാമത്തെ തവണ ടെസ്റ്റ് ചെയ്തപ്പോഴാണ് ഭാര്യ രോഗമുക്തയായെന്നു തിരിച്ചറിഞ്ഞത്. 

ഒരു ഡോക്ടറെന്ന നിലയ്ക്ക് ഈ വൈറസിനെ ഏറെ അടുത്തിടപഴകിയ, വ്യക്തിപരമായി അതിജീവിച്ചയാളാണ്. എന്റെ കുടുംബത്തേയും രോഗികളേയും കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട ദിനങ്ങളാണ് അവയൊക്കെയും. എങ്കിലും പോരാട്ടം തുടര്‍ന്നേ തീരൂ. മുമ്പും മനുഷ്യര്‍ പാന്‍ഡെമിക്കിനെ നേരിട്ടിട്ടുണ്ട്, എല്ലായ്‌പ്പോഴും വിജയിച്ചിട്ടുമുണ്ട്. ഇത്തവണയും അതുപോലെ സംഭവിക്കും''.

Content Highlights: Failed My Own Family Says Doctor Who Tested Coronavirus Positive