വെറും പനിയല്ല എലിപ്പനി; വേണം വലിയ ശ്രദ്ധയും പരിചരണവും


4 min read
Read later
Print
Share

എലിപ്പനി ബാധിക്കാത്ത അവയവങ്ങള്‍ ശരീരത്തില്‍ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലര്‍ക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്.

-

പ്രളയം ഒന്നൊതുങ്ങി എന്ന് തോന്നുന്നു. പ്രളയവും ഉരുള്‍പൊട്ടലും മൂലം താങ്ങാനാവാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ അമ്പതിലധികം പേരുടെ ജീവന്‍ നഷ്ടമായി. ഉറ്റവരും ഉടയവരും സ്വത്തും ജീവിതവും നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയോ കൂടുതല്‍. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിക്കാനുമുണ്ട്. പ്രളയശേഷം ആണ് എലിപ്പനി കേസുകള്‍ കൂടാന്‍ സാധ്യത. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇടപെടുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുന്നു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തില്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വളരെ നാളുകള്‍ക്കു ശേഷം പ്രളയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2018-ല്‍ എലിപ്പനി കേസുകളും മരണങ്ങളും കൂടുതലായിരുന്നു. 2018-ല്‍ കേരളത്തിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതില്‍ 1100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രളയകാലത്ത് ആണ്, അതായത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍. ആകെ ഉണ്ടായ എലിപ്പനി മരണങ്ങള്‍-99, അതായത് ഏതാണ്ട് 5% മരണനിരക്ക്. ഈ 99 മരണങ്ങളില്‍ 55 മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍, അതായത് പകുതിയിലധികം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതും പ്രളയകാലത്ത്.

എലിപ്പനി പ്രതിരോധ അറിയിപ്പുകള്‍ ശക്തമായ രീതിയില്‍ തന്നെ നടത്തിയിരുന്നു. പക്ഷേ, എലിപ്പനി പ്രതിരോധ ഗുളികകള്‍ എല്ലാവരിലും എത്തിയില്ല. പലരും ഡോക്‌സിസൈക്ലിന്‍ ഗുളിക കയ്യില്‍ വച്ച് ഉപയോഗിക്കാതിരുന്നു. ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഒരു വ്യാജന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത് ഒരു കാരണമായിരുന്നു. ചിലരൊക്കെ ആദ്യ ഡോസ് കഴിച്ച ശേഷം വയറെരിച്ചില്‍ മൂലം ഉപേക്ഷിച്ചു. ഫലമോ? കുറെയേറെ മനുഷ്യരുടെ വിലയേറിയ ജീവന്‍ നമുക്ക് നഷ്ടമായി. അതില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ വരെ ഉള്‍പ്പെടും എന്നത് എത്രയോ സങ്കടകരമാണ്.

2019-ല്‍ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 1211, പ്രളയകാലത്ത് അതായത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 300 മാത്രം. (ഓഗസ്റ്റില്‍ 156, സെപ്റ്റംബറില്‍ 144) അതായത് ആകെ കേസുകളുടെ 25 ശതമാനം മാത്രം. പ്രളയം ഇല്ലാതിരുന്ന നവംബര്‍ മാസത്തില്‍ 188 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആണിത് എന്ന് ഓര്‍ക്കണം. 2019-ല്‍ കേരളത്തിലാകെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 57, ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ മരിച്ചവരുടെ എണ്ണം 14. (ഓഗസ്റ്റില്‍ 8, സെപ്റ്റംബറില്‍ 6). നവംബര്‍ മാസത്തെ മരണസംഖ്യ 11.

അതായത് കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് എലിപ്പനി കേസുകളും മരണങ്ങളും കുറവായിരുന്നു എന്ന് ചുരുക്കം. 2018-ല്‍ ഉണ്ടായത്ര ഭീകരമായ പ്രളയം 2019-ല്‍ ഉണ്ടായിട്ടില്ല. എങ്കിലും പ്രളയം ഇല്ലാതിരുന്ന നവംബര്‍ മാസത്തെക്കാള്‍ കേസുകള്‍ കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം എലിപ്പനി പ്രതിരോധ മാര്‍ഗ്ഗങ്ങളും ഗുളികയും സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് മടിയില്ലായിരുന്നു എന്നത് ഒരു കാരണമാണ് എന്നുതന്നെ കരുതാം. ഡോക്‌സിസൈക്ലിന്‍ പ്രതിരോധ രീതിക്കെതിരെ അശാസ്ത്രീയ പ്രചരണം നടത്തിയ വ്യക്തിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചത് ജനങ്ങളെ സ്വാധീനിച്ചിരിക്കണം. സോഷ്യല്‍ മീഡിയയിലും അല്ലാതെയും നടന്ന ശക്തമായ പ്രചരണങ്ങളും ഒരു കാരണമായിരിക്കണം.

എലിപ്പനി എന്നാല്‍ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകാന്‍ സാധ്യതയുണ്ട്. എലിപ്പനി ബാധിക്കാത്ത അവയവങ്ങള്‍ ശരീരത്തില്‍ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലര്‍ക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാള്‍ ഗുരുതരമാണ് തലച്ചോര്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോള്‍. ശ്വാസകോശത്തെ ബാധിച്ചാല്‍ എലിപ്പനിയില്‍ മരണസാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളില്‍ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100-ല്‍ 10 പേര്‍ വരെ മരണപ്പെടാന്‍ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.

പ്രതിരോധമരുന്ന്

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ പല തരത്തിലുള്ള മാനസിക പിരിമുറുക്കത്തിലായിരിക്കാം, എന്നാലും ഇതിന്റെയൊക്കെ കൂടെ എലിപ്പനി പോലെ ഒരു രോഗം കൂടി താങ്ങാനുള്ള ശേഷി നമുക്കുണ്ടാവില്ല എന്ന് പലരും മറക്കുന്നു. അതു കൊണ്ട് വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടി വരുന്ന എല്ലാവരും രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുന്നുണ്ട്. അത് അവരുടെ ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ വേണ്ടിയാണ്. അവരുടെ ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ അവര്‍ കഴിക്കുന്നത് ഡോക്‌സിസൈക്ലിന്‍ ഗുളിക ആണെങ്കില്‍ അത് കഴിക്കാന്‍ മറ്റുള്ളവര്‍ മടിക്കുന്നതെന്തിന്?

വയറെരിച്ചില്‍ ഒരു പ്രശ്‌നമാക്കേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഡോക്‌സിസൈക്ലിന്‍ വെറും വയറ്റില്‍ കഴിക്കാതിരിക്കുക. ആഹാരത്തിനുശേഷം മാത്രം കഴിക്കുക. കൂടെ ധാരാളം വെള്ളം കുടിക്കുക. ഗുളിക കഴിച്ച ഉടനെ കിടക്കാതിരിക്കുക. കൂടെ കഴിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന ഗുളികകള്‍ നിര്‍ദ്ദേശിച്ച രീതിയില്‍ കഴിക്കുക.

  • മുതിര്‍ന്നവര്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം ഗുളികയാണ് ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കില്‍ 100 മില്ലിഗ്രാം 2 ഗുളിക.
  • എട്ട് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 100 മില്ലിഗ്രാം ഒരു ഗുളിക ആഴ്ചയിലൊരിക്കല്‍
  • രണ്ട് വയസ്സു മുതല്‍ എട്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 4mg/kg ആഴ്ചയിലൊരിക്കല്‍
  • രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് Azythromycin 10 mg/kg വെറും വയറ്റില്‍, ദിവസം ഒരുനേരം, മൂന്നു ദിവസം തുടര്‍ച്ചയായി
  • ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും Amoxicillin 500 മില്ലിഗ്രാം ദിവസം മൂന്നുനേരം അഞ്ചു ദിവസത്തേക്ക്
ശ്രദ്ധിക്കേണ്ടവ

ഒരു കാര്യം കൂടി, പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നല്‍കുകയുള്ളൂ. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ തുടര്‍ന്നുള്ള ആഴ്ചകളിലും പ്രതിരോധമരുന്ന് കഴിക്കേണ്ടതാണ്.

ഓരോ ജീവനും വിലയേറിയതാണ്, പ്രളയബാധിതരുടെയും രക്ഷാപ്രവര്‍ത്തകരുടെയും. അതുകൊണ്ട് എലിപ്പനി മൂലം മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക തന്നെ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്‌സിസൈക്ലിന്‍ ഗുളികകളല്ല കഴിക്കേണ്ടത് എന്നത് മറക്കരുത്.

ഈ പറഞ്ഞതൊക്കെ ഒഴിച്ചു കൂടാന്‍ വയ്യാത്ത സാഹചര്യങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കം വേണ്ടി വരുന്നവരുടെ കാര്യം ആണ്. എന്നാല്‍ ചെറിയൊരു ശതമാനം കളിക്കു വേണ്ടിയും ഉല്ലാസത്തിനു വേണ്ടിയും ഈ റിസ്‌ക് എടുക്കാറുണ്ട്. മലിനജലത്തില്‍ നീന്തല്‍, മീന്‍പിടിത്തം, കുട്ടികളുടെ കളി തുടങ്ങിയവ പലപ്പോഴും ഒഴിവാക്കാവുന്ന കാര്യങ്ങള്‍ ആണ്. ഒരു മലിനമായ വെള്ളക്കെട്ടില്‍ പോയി കുളിച്ച നിരവധി പേര്‍ക്ക് ഒന്നിച്ചു എലിപ്പനി വന്ന ചരിത്രം ഉണ്ടായിട്ടുണ്ട്. ഇതു തീര്‍ച്ചയായും ഒഴിവാക്കാവുന്നതാണ്. അതേ പോലെ കുട്ടികള്‍, വെള്ളം കെട്ടി നിന്നാല്‍ അതില്‍ പോയി കളിക്കാന്‍ അവര്‍ എപ്പോഴും ഇഷ്ടം കാണിക്കും. അവരെയും നിയന്ത്രിക്കണം. ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ (രക്ഷാപ്രവര്‍ത്തനം പോലെ) വെള്ളം കയറാത്ത രീതിയില്‍ വലിയ കയ്യുറകളും കാലുറകളും കിട്ടുമെങ്കില്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. ഉരുള്‍പൊട്ടലിലും വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളുടെ വേദനയിലാണ് നമ്മള്‍. ഇതിനൊപ്പം എലിപ്പനി മരണങ്ങള്‍ കൂടി ക്ഷണിച്ചു വരുത്തരുത്.

എഴുതിയത്:
ഡോ. ജിനേഷ് പി എസ്
ഡോ. ഷെമീര്‍ വി കെ
Info Clinic

Content Highlights: Elippani or Leptospirosis treatment and prevention in Monsoon, infoclinic, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vertigo

6 min

'തലകറക്കം ഒരു രോഗലക്ഷണം മാത്രം, കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ'

Jul 19, 2020


alcohol

4 min

മദ്യം മുടങ്ങുന്നത് ഡെലീരിയം ട്രെമന്‍സിന് വഴിവെക്കുമ്പോള്‍; ലക്ഷണങ്ങള്‍, മരണകാരണമാകുന്നതെങ്ങനെ?

Mar 26, 2020

Most Commented