മൂന്നാം മുറയെക്കാൾ ഭീകരം,പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്തത് തീർത്തും പ്രാകൃതമായി;കുറിപ്പുമായി ഡോ.സൗമ്യ


3 min read
Read later
Print
Share

വീഡിയോയിൽ നിന്ന്, ഡോ.സൗമ്യ സരിൻ

പിറന്നുവീഴുന്ന കുഞ്ഞിനെ അത്രത്തോളം കരുതലോടെ വേണം കൈകാര്യം ചെയ്യാൻ. എന്നാൽ അത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ഒരു പിഞ്ചുകുഞ്ഞിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലായിരുന്നു. പിറന്നുവീണപ്പോൾ കരയാതിരുന്ന കുഞ്ഞിനെ കരയിക്കാനായി കാണിക്കുന്ന പരാക്രമങ്ങൾ ആയിരുന്നു വീഡിയോയിൽ. ഒടുവിൽ കുഞ്ഞ് കരയുന്നതും വീഡിയോയിൽ കാണാം. എന്നാൽ തീർത്തും അശാസ്ത്രീയമായ രീതിയിലാണ് കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണെന്നു പറയുകയാണ് പീഡിയാട്രീഷ്യനും നിയോനേറ്റോളജിസ്റ്റുമായ ഡോ.സൗമ്യ സരിൻ. സമ്പൂർണ അസംബന്ധമാണ് ഇതെന്നും കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ച് കരഞ്ഞുപോയെന്നും ഡോക്ടർ കുറിച്ചു. ഒരിക്കലും ഒരു നവജാതശിശുവിനോട് ചെയ്യാൻ പാടില്ലാത്ത പീഡനമാണ് അവിടെ നടന്നതെന്നും ജീവിതകാലം മുഴുവൻ ആ കുഞ്ഞ് അതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുമെന്നും ഡോ.സൗമ്യ സരിൻ പറയുന്നു. എന്തുകൊണ്ടാണ് പിറന്നുവീഴുന്ന കുഞ്ഞിനെ ഒരിക്കലും അത്തരത്തിൽ കൈകാര്യം ചെയ്യരുത് എന്ന് വ്യക്തമാക്കുന്ന ഡോ.സൗമ്യ
സത്യം പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

സമ്പൂർണ അസംബന്ധം! യഥാർത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കൂ!
കാരണം വൈറൽ ആയ ഈ വീഡിയോ ഇനിയും പാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്ന വീഡിയോ ആണിത്. പല പ്രമുഖരടക്കം ഷെയർ ചെയ്തിട്ടുണ്ട്. വ്യൂസ് മില്യൺ കടന്നു. ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ ഒരു 'കരയിപ്പിച്ച' ഡോക്ടർമാരെയും നഴ്സുമാരെയും വാനോളം പ്രശംസിച്ചു ആരോ പടച്ചു വിട്ട ഒരു വീഡിയോ. വീഡിയോ വ്യാജമാണെന്ന് തോന്നുന്നില്ല. ഹിന്ദി ആണ് സംസാരിക്കുന്നത്. അതിനാൽ ഉത്തരേന്ത്യയിൽ എവിടെയോ സംഭവിച്ചതാകാം. സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി...സന്തോഷം കൊണ്ടല്ല. ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ട്!

കാരണം കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല. പകരം കിട്ടിയതോ ഒരിക്കലും ഒരു നവജാതശിശുവിനോട് ചെയ്യാൻ പാടില്ലാത്ത "പീഡനം!". ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞു ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുകയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

ജനിച്ചു ആദ്യ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ചികിത്സാരീതികൾ എന്താണെന്നുള്ളത് ലോകത്തു മുഴുവൻ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോകോൾ ആണ്. അതിന് 'നിയോനേറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം' എന്ന്‌ പറയും. ആദ്യത്തെ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നൽകുക എന്നതാണ് ഏറ്റവും മുഖ്യം. അതിന് പല ഉപകരണങ്ങളും ആവശ്യമാണ്. വലിയതൊന്നുമല്ല. ഒരു ക്ലിനിക്കിൽ പോലും അത്യാവശ്യം ഉണ്ടാവേണ്ട ചില സിമ്പിൾ സാധനങ്ങൾ. ആമ്പു ബാഗ് എന്നൊക്കെ പറയും ഞങ്ങൾ. ഇവിടെ അതൊന്നും കാണാനേ ഇല്ല. അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇനി ആ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവർ ചെയുന്ന മറ്റു കാര്യങ്ങൾ അതിനേക്കാൾ ക്രൂരമാണ്. ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കൾ. അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാക്കും. ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്? ബാക്കിൽ മൃദുവായി തടവുന്നതിനു പകരം എത്ര പ്രാകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്തു തല്ലുന്നു! മൂന്നാം മുറയെക്കാൾ ഭീകരമാണിത്. അതും പോരാഞ്ഞു നെഞ്ചിൽ പിടിച്ചു അമർത്തുന്നു.

5 മിനിറ്റ് കഴിഞ്ഞു കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന്‌ ദയവു ചെയ്ത് കരുതല്ലേ. തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനിൽ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കൾ ഈ ജീവനക്കാർ ചെയ്തതിന്റെ ഫലം അനുഭവിച്ചാൽ ഈ ജന്മം മുഴുവൻ കരയേണ്ടി വരും. കാരണം ഈ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും ഓക്സിജൻ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീർച്ചയാണ്. അതിന്റെ ഫലമോ, പലവിധം അംഗവൈകല്യങ്ങൾ ഉള്ള ഒരു കുഞ്ഞും!

ഞങ്ങൾ എം ബി ബി എസ് എടുക്കുമ്പോൾ പറയുന്ന പ്രതിജ്ഞയിൽ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാൻ കഴിഞ്ഞില്ലയെങ്കിലും അവർക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്.
ഓക്സിജൻ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കിൽ പോലും ഇതിൽ ചെയ്ത തെറ്റുകൾ, ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികൾ ഇവർക്ക് ഒഴിവാക്കാമായിരുന്നു.
അതിന് വേണ്ടത് ബോധവൽക്കരണം ആണ്. ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളിൽ അറിവ് എത്താൻ ബാക്കി നില്കുന്നു!
നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം. കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയിൽ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തേക്കാം.
പിന്നേ പ്രമുഖരോടാണ്...നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക. നിങ്ങൾക്ക് അതിനുള്ള സൗകര്യങ്ങൾ ഉണ്ട്.
കാരണം നിങ്ങളെ കേൾക്കുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കുന്നതും.
സത്യം പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്!

Content Highlights: dr soumya sarin facebook post on newborn baby crying video

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
doctor

3 min

മരുന്ന് കഴിക്കുമ്പോൾ എന്തുകൊണ്ട് ക്ഷീണവും അസിഡിറ്റിയുമൊക്കെ അനുഭവപ്പെടുന്നു? ഡോക്ടറുടെ കുറിപ്പ്

Sep 9, 2023


health

4 min

വെറും പനിയല്ല എലിപ്പനി; വേണം വലിയ ശ്രദ്ധയും പരിചരണവും

Aug 18, 2020


Most Commented