ക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ അന്നനാളത്തില്‍ കമ്പി കഷ്ണം കുടുങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ വായിച്ചത്. രണ്ട് സെ.മീ നീളമുള്ള കമ്പി എങ്ങനെയാണ് അകത്തേക്കെത്തിയതെന്ന് ആലോചിച്ച് അമ്പരന്നിട്ടുമുണ്ടാവും വായനക്കാര്‍. എങ്ങനെയാവും അത്? ഡോ. മനോജ് വെള്ളനാട് എഴുതിയത് വായിക്കൂ

രണ്ട് സെന്റിമീറ്ററോളം നീളമുള്ള കമ്പി പുറത്തെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ENT യിലെയും കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറിയിലെയും ഡോക്ടര്‍മാര്‍ക്ക് 8 മണിക്കൂറോളമാണ് വേണ്ടി വന്നത്. കഴുത്തീന്ന് തലച്ചോറിലേക്ക് പോകുന്ന ഏറ്റവും പ്രധാന രക്തക്കുഴലിനും (Carotid Artery) അന്നനാളത്തിനും ഇടയിലിരിക്കുകയായിരുന്നു അത്! ചെറിയൊരശ്രദ്ധ പോലും വലിയൊരു ദുരന്തമാകാവുന്ന സര്‍ജറി. അതവര്‍ ഭംഗിയായി ചെയ്തു. 

ഇനിയാണ് പ്രധാനകാര്യത്തിലേക്ക് വരുന്നത്.

1. എങ്ങനെയാണിത് ഇത്രയും അകത്ത് കയറുന്നത്?

ശരിയാണ്, ഒന്നു കുത്തിക്കയറുമ്പോഴേ നമുക്ക് വേദനിക്കും, തുപ്പിക്കളയായിരുന്നല്ലോ എന്നായിരിക്കും പലരും വിചാരിക്കുന്നത്. എന്നാലതത്ര എളുപ്പമല്ല. കുത്തിക്കയറുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം നമ്മള്‍ വായിലുള്ള ഭക്ഷണം അല്ലെങ്കില്‍ ഉമിനീര്‍ കൂടുതല്‍ വിഴുങ്ങാന്‍ നോക്കും. മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. വിഴുങ്ങാന്‍ സഹായിക്കുന്ന മസിലുകളിലാണിത് കുത്തി നിക്കുന്നത്. ഓരോ പ്രാവശ്യം ആ മസില്‍ കണ്‍ട്രാക്റ്റ് ചെയ്യുമ്പോഴും അത് കൂടുതല്‍ അകത്തേക്കകത്തേക്ക് കയറും.

2.ആ കമ്പി സര്‍ജറി ചെയ്‌തെടുത്തില്ലായിരുന്നെങ്കിലോ?

ആ രോഗി മരണപ്പെടാന്‍ പോലും സാധ്യതയുണ്ടായിരുന്നു. കയ്യിലോ കാലിലോ ആണി കൊള്ളുന്ന പോലല്ലാ, ശ്വാസനാളത്തിനടുത്ത്, കരോട്ടിഡ് ആര്‍ട്ടറിക്ക് സമീപം ഒരു കൂര്‍ത്ത വസ്തുവിരിക്കുന്നത്. ആ കമ്പി നേരിട്ട് രക്തക്കുഴലിലേക്ക് തുളഞ്ഞു കയറാം. അണുബാധയുണ്ടായി ചുറ്റും പഴുപ്പ് കെട്ടാം. ഒക്കെ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഡേഞ്ചറസാണ്.

3. ഈ കമ്പി ഇത്രയെങ്കിലും (2cm) വലിപ്പമുള്ളത് കൊണ്ടാണ് 8 മണിക്കൂറ് കൊണ്ടെങ്കിലും അതെടുക്കാന്‍ സാധിച്ചത്. വളരെ ചെറിയതായിരുന്നെങ്കില്‍ എത്ര മെനക്കെട്ടാലും അത് കണ്ടുപിടിച്ചെടുക്കാന്‍ പറ്റണമെന്നില്ല. അങ്ങനെയെങ്കിലതാണ് കൂടുതല്‍ അപകടകരം.

കാരണം, ചെറുതാണെങ്കിലും അതവിടെയിരുന്ന് ചുറ്റും അണുബാധയുണ്ടാവാം. ശ്വാസനാളത്തിന് വശത്തോ പുറകിലോ പഴുപ്പ് കെട്ടാം. പാരാഫരിഞ്ചല്‍ അല്ലെങ്കില്‍ റിട്രോഫരിഞ്ചല്‍ ആബ്‌സസ് എന്ന് പറയും. അതു വന്നാല്‍ പെട്ടെന്ന് ശ്വാസതടസവും പനിയും വരാം. പഴുപ്പ് കളയാന്‍ കഴുത്തിലോ തൊണ്ടയിലോ ഓപറേഷന്‍ വേണ്ടിവരും. ശ്വാസം നല്‍കാന്‍ കഴുത്തിലൂടെ ട്യൂബിടേണ്ടി വരാം. ഒരുപാട് നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരാം.

4. പിന്നെ, ചവച്ചരച്ച് കഴിച്ചാലും ചിലപ്പോളീ അപകടം പറ്റാം ബ്രോ. മീന്‍ മുള്ളും ചിക്കന്റെ എല്ലുമൊക്കെ ഇങ്ങനെ കയറിയ എത്രയോ രോഗികളിവിടെ ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. നിങ്ങളില്‍ പലരും കരുതുന്ന പോലെ ഒട്ടും നിസാരമല്ലാന്ന് പറഞ്ഞുവെന്ന് മാത്രം.

പിന്നെ അശ്രദ്ധ, ഭക്ഷണം കഴിക്കുമ്പോ കണ്ണും മനസും മൊബൈല്‍ ഫോണിലുളളില്‍ പണയം വയ്ക്കുന്നതും ചിലപ്പോള്‍ ജീവിതം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പോലൊരു ഭാഗ്യപരീക്ഷണമാണ്. കൂടെ, ചിക്കന്‍ ഫ്രൈയെന്നല്ലാ ഏതൊരു ഭക്ഷണവും ഇതുപോലെ അപകടകാരിയാവാമെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. നല്ല ഭക്ഷണം, ആസ്വദിച്ച് രുചിയോടെ തന്നെ കഴിക്കൂ, ഇത്തിപ്പോരം ശ്രദ്ധ വേണമെന്ന് മാത്രം.

Content Highlights: Dr Manoj Vellanad, Iron needle stuck in throat