പണത്തേക്കാൾ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്, മക്കളുടെ സമയമാണ്; ഹൃദയഹാരിയായ കുറിപ്പുമായി ഡോക്ടർ


Representative Image | Photo: Canva.com

മാതാപിതാക്കൾക്കൊപ്പം കൃത്യമായി ആശുപത്രികളിൽ പോവുകയും അവരുടെ രോ​ഗവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന മക്കൾ ഇന്ന് താരതമ്യേന കുറവാണ്. ജീവിതത്തിരക്കുകളും മറ്റും കാരണമാകാം പലർക്കും അതിനു കഴിയാതിരിക്കുന്നത്. പക്ഷേ ഇടയ്ക്കെങ്കിലും മാതാപിതാക്കൾക്കൊപ്പം ഡോക്ടറെ വന്നുകാണുകയും അവരുടെ ചികിത്സാവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യണമെന്നു പറയുകയാണ് പ്രശസ്ത പ്രമേഹരോഗവിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവ്.

ചികിത്സയ്ക്കിടയിലെ ചില അനുഭവങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ദീർഘകാല ചികിത്സാ വിവരങ്ങൾ മക്കൾ അറിയാതെ പോകുമ്പോൾ, പ്രായാധിക്യത്താൽ നിരവധി വർഷങ്ങൾ അവർ കിടപ്പിലായി പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ജന്മം നൽകിയവരെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ, വല്ലപ്പോഴുമൊരിക്കൽ കാണുവാനും വിവരങ്ങൾ തിരക്കുവാനും മക്കൾക്ക് സമയം കണ്ടെത്താനായില്ലെങ്കിൽ, ജീവിതത്തിൽ മറ്റെന്തൊക്കെ നേടിയിട്ടും എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

മക്കൾക്ക് തിരക്കാണ്..
ജ്യോതിദേവ് കേശവദേവ്
(Scenario 1)
പ്രിയപ്പെട്ട വിഷ്ണു മോൻ,
എന്നെ ഓർമ്മ കാണുമല്ലോ? 21 വർഷങ്ങളായി മോന്റെ അച്ഛന്റെ ഡയബറ്റിസ് ചികിത്സിക്കുന്ന ഡോക്ടറാണ്. ഇന്ന് രാവിലെ മോന്റെ വീട്ടിൽ നിന്നും ആരോ ഫോൺ ചെയ്ത് അച്ഛൻ പനിയായി ആശുപത്രിയിലാണെന്നും അച്ഛൻ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് ഒന്നും അറിയില്ല എന്നും, ചികിത്സിക്കുന്ന ആശുപത്രിയിൽ രേഖകൾ ഉടനെ എത്തിക്കണമെന്നും അറിയിച്ചു. വേണ്ടത് ചെയ്തിട്ടുണ്ട്... അടിയന്തിര സാഹചര്യമായതുകൊണ്ടാകാം വിളിച്ചയാൾ വളരെ കയർത്താണ് സംസാരിച്ചത്.

അച്ഛനോടൊപ്പം പത്തു പതിനെട്ടു വർഷങ്ങൾക്ക് മുൻപ് മോനെ കണ്ടത് ഓർമയുണ്ട്. പിന്നീട് അച്ഛനും അമ്മയും വരുമ്പോൾ മക്കളുടെ കാര്യമൊക്കെ എന്നോട് സംസാരിക്കാറുണ്ട്. രണ്ടു വർഷത്തിലൊരിക്കലെങ്കിലും ആശുപത്രിയിൽ ഞങ്ങളെ കാണാൻ വരുമ്പോൾ മോനോ മോളോ കൂടെ ഉണ്ടാകുന്നത് നല്ലതാണെന്ന് ഞങ്ങൾ പറയും. പക്ഷെ അച്ഛനും അമ്മയും എപ്പോഴും മറുപടി തരും "വിഷ്ണുവിനും പ്രിയക്കും നല്ല തിരക്കാണ്. ലീവ് കിട്ടില്ല. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. അതുകൊണ്ട് ഡോക്ടർ അതിനെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ട. കുട്ടികൾ അടുത്തു തന്നെയാണ് താമസിക്കുന്നത്...."

2 വർഷത്തെ ഇടവേളക്ക് ശേഷം അച്ഛനെ ഒരാഴ്ച മുൻപ് കണ്ടപ്പോഴാണ് അറിഞ്ഞത്, കോവിഡ് എന്ന മഹാമാരിക്ക് അമ്മ അടിമപ്പെട്ടു എന്ന ദുഃഖസത്യം. അച്ഛനിപ്പൊ പഴയ ആളല്ല; ഉറക്കമില്ല, വ്യായാമമില്ല, മരുന്നുകളൊന്നും കൃത്യമായി ഉപയോഗിക്കുന്നുമില്ല. ഇവിടെ വരുമ്പോൾ ആരെങ്കിലും കൂടെ ഉണ്ടാകണം എന്ന് നിർബന്ധിച്ചപ്പോൾ പഴയ പല്ലവി ആവർത്തിക്കുകയാണ് ചെയ്തത്. 'മക്കൾക്ക് തിരക്കാണ്, അവരെ ബുദ്ധിമുട്ടിക്കണ്ട, എനിക്ക് 70 വയസ്സ് കഴിഞ്ഞില്ലെ,... 'പിന്നീട് അധികം ജീവിക്കണ്ട, എന്നും സുഖമരണമാണ് ആഗ്രഹിക്കുന്നതെന്നും അച്ഛനെന്നോടു പറഞ്ഞു.

ഞാൻ മോനെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്. ഒരിക്കലെങ്കിലും ഒപ്പം ആശുപത്രിയിലേക്ക് വരികയാണെങ്കിൽ അച്ഛന്റെ രോഗവിവരങ്ങളെല്ലാം വിശദമാക്കി തരുവാൻ ഞങ്ങൾക്ക് അവസരമുണ്ടാകും. 70-75 വയസ്സ് കഴിയുമ്പോൾ വീടുകളിൽ കിടപ്പിലായി പോകുന്ന മലയാളികളുടെ എണ്ണം അടുത്തിടെയായി ഞെട്ടിപ്പിക്കുന്ന വിധം വർധിക്കുകയാണ്. 75% ത്തിൽ അധികവും നമുക്ക് തടയുവാൻ കഴിയുന്ന അവശതകളാണ്.

വാസ്തവത്തിൽ അച്ഛനമ്മമാരുടെ ദീർഘകാല ചികിത്സാ വിവരങ്ങൾ മക്കൾ അറിയാതെ പോകുമ്പോൾ, പ്രായാധിക്യത്താൽ നിരവധി വർഷങ്ങൾ അവർ കിടപ്പിലായി പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. സമയവും സമ്പത്തും അപ്പോൾ പതിന്മടങ്ങ് കൂടുതൽ വിനിയോഗിക്കേണ്ടതായും വരും. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ പനി ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറുമായിട്ട് ഞാൻ ഫോണിൽ സംസാരിക്കുന്നുണ്ട്.

(Scenario 2)
പ്രിയ സുഹൃത്തേ,
നമ്മൾ അൽപ്പം മുൻപ് ഫോണിൽ സംസാരിച്ചല്ലോ;താങ്കൾ ഫോണിൽ വളരെ അക്ഷമനായും ക്ഷുഭിതനായും എനിക്ക് അനുഭവപ്പെട്ടു. അച്ഛൻ വീണ് കാലിനു ക്ഷതം സംഭവിച്ചതിൽ താങ്കൾക്ക് നല്ല ദുഃഖമുണ്ടെന്നും അതോടൊപ്പം അച്ഛന്റെ വർഷങ്ങളായിട്ടുള്ള മറ്റു രോഗങ്ങളെ കുറിച്ച് താങ്കൾക്ക് ഒരുപാട് സംശയമുണ്ടെന്നും മനസിലായി. അതുകൊണ്ടാണ് ഈ കത്തെഴുതുന്നത്.

12 വർഷങ്ങളായി അച്ഛൻ പ്രമേഹവും അനുബന്ധരോഗങ്ങളും ചികിത്സിക്കുന്നതിനായി ഞങ്ങളുടെ അടുത്തുവരുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ബന്ധുപോലും ഒരിക്കലും കൂടെവന്നിട്ടില്ല. ഭാര്യയോ, മക്കളോ, മരുമക്കളോ ആരെങ്കിലും കൂടെവരണമെന്ന് പലയാവർത്തി ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. 76 വയസ്സായ അദ്ദേഹം പറയും "Iam fully capable of taking care of myself. Why should I disturb others?".
ഞങ്ങൾക്കാണെങ്കിൽ ബന്ധുക്കളോട് പറയുവാൻ ഒരുപാട് വിശേഷങ്ങളുമുണ്ടായിരുന്നു. പെട്ടെന്നൊരു അത്യാഹിതം ഉണ്ടാകുമ്പോൾ ഇതുവരെ ഉള്ള കഥയിലെ സംഭവങ്ങളൊന്നുമറിയാതെ ഇതുപോലൊരു ഫോൺ വിളി ഉണ്ടാകുമെന്നും ഞങ്ങൾക്കറിയാം. ബോധം കൂടി നഷ്ടപ്പെട്ടാൽ പലപ്പോഴും മാതാപിതാക്കൾക്ക് അവർ ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ പോലും മക്കൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല. എത്ര നിർഭാഗ്യകരമായ അവസ്ഥ!

പ്രിയപ്പെട്ട സുഹൃത്തേ,

താങ്കളും സഹോദങ്ങളും നാട്ടിൽ തന്നെയാണ് ജോലി ചെയ്യുന്നത് എന്നെനിക്കറിയാം. അച്ഛനമ്മമാർ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മക്കളെ അതൊന്നും അറിയിക്കാതെ മക്കളുടെ ക്ഷേമമന്വേഷിച്ച് അവരുടെ പേരക്കുട്ടികളെ പരിചരിച്ച് ജീവിതയാത്ര തുടരും. പക്ഷെ ഒന്ന് മനസിലാക്കുക. അവരുടെ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്ത്, അവരുടെ താൽപ്പര്യങ്ങൾ മാനിച്ചു കൊണ്ട് ചികിത്സ സ്വീകരിക്കുവാൻ നമ്മൾ സഹായിക്കണം.
പണത്തേക്കാൾ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്, മക്കളുടെ സമയമാണ്!.
സ്നേഹപൂർവ്വം
ഡോ. ജ്യോതിദേവ് കേശവദേവ്

കേരളം ഓരോ വർഷം പിന്നിടുംതോറും വൃദ്ധജനങ്ങളുടെ ആവാസ കേന്ദ്രമായി പരിണമിക്കുകയാണ്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന കാൻസർ പോലും കണ്ടുപിടിച്ചിട്ട്, ആശുപത്രിയിൽ കൊണ്ടുപോകാൻ മക്കൾക്ക് തിരക്കായതിനാൽ, ഒരു മാസം വൈകിയതു മൂലം വേദന അനുഭവിച്ച് ജീവൻ വെടിയേണ്ടി വന്ന ഒന്നിലധികം അനുഭവങ്ങൾ ഞങ്ങൾക്കുണ്ട്.

ചിലപ്പോൾ തോന്നാറുണ്ട് മക്കൾ വിദേശത്ത് വസിക്കുന്നതാണ് നല്ലതെന്ന്;അവർ അവധിക്ക് വരുമ്പോഴെങ്കിലും മാതാപിതാക്കൾക്കൊപ്പം വർഷങ്ങളായി അവരെ പരിചരിക്കുന്ന ഡോക്ടർമാരെ വന്നു കാണും. എന്നാൽ നാട്ടിൽ ഉള്ളവരിൽ 50% ത്തിൽ ഏറെ പേർക്കും "വിശേഷങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക്" മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ പോകാൻ സമയമില്ലാത്തവരാണ്. അവർ വലിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.- സ്ട്രോക്ക്, ലിവർ ഫെയില്വർ, സെപ്സിസ്, ഹൃദയ ശസ്ത്രക്രിയ, കീമോതെറാപ്പി.... പട്ടിക അങ്ങനെ നീണ്ടുപോകുന്നു.

തീർച്ചയായും എല്ലാവരും ഇങ്ങനെയല്ല, സമ്മതിക്കുന്നു. മാതാപിതാക്കൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന ആയിരങ്ങളെ ഞങ്ങൾക്ക് നേരിട്ടറിയാം. ഞാൻ നേരിട്ട് അവരെ അഭിനന്ദിക്കാറുമുണ്ട്‌.

വർഷങ്ങളായുള്ള കഥയുടെ ഗതി ഒന്നും അറിയാതെ, പെട്ടെന്നൊരു അപകടം സംഭവിക്കുമ്പോൾ ഡോക്ടറോട് കയർക്കുകയും, ആശുപത്രി ആക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് വാർത്തകളിലൂടെ നമ്മൾ അറിയുന്നത്. ഇതിന് ഒരു പ്രതിവിധി മാത്രമേ ഉള്ളൂ.
രോഗങ്ങളും, വാർദ്ധക്യവും, അപകടങ്ങളും ആർക്കും അന്യമല്ല എന്ന സത്യം.!

ജന്മം നൽകിയവരെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ, വല്ലപ്പോഴുമൊരിക്കൽ കാണുവാനും വിവരങ്ങൾ തിരക്കുവാനും മക്കൾക്ക് സമയം കണ്ടെത്താനായില്ലെങ്കിൽ, ജീവിതത്തിൽ മറ്റെന്തൊക്കെ നേടിയിട്ടും എന്ത് പ്രയോജനം?
ജ്യോതിദേവ് കേശവദേവ്

Content Highlights: dr jyothi dev keshav dev facebook post on elderly parents, taking care of elderly parents

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented