ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി അമൃത ആശുപത്രിയില്‍ ഇരുകൈകളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് വിധേയനായ ഒരു അഫ്ഗാന്‍ സൈനികനെക്കുറിച്ച് ഡോ. ജിമ്മി മാത്യു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്.

ല കഥകളും തള്ളല്‍ ആണെന്ന് നമുക്ക് തോന്നും. 'ഇങ്ങനെ ഒക്കെ നടക്ക്വൊ?' എന്ന് നമ്മള്‍ അന്തം വിടും. 
'താലിബാന്‍ ഉടന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചു വന്നേക്കും' എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഒന്ന് രണ്ടു വര്ഷം മുന്‍പ് കേട്ട ആ വാര്‍ത്ത ആണ് ഞാന്‍ ഓര്‍ത്തത്.
'അബ്ദുള്‍ മരിച്ചു'; എന്ന് മനു പറഞ്ഞത്.  മനുവിന്റെ കൈകളും ഏതോ മരിച്ച മനുഷ്യന്റെ നല്ലവരായ ബന്ധുക്കളുടെ ദാനമാണ്. മനു ഇപ്പോള്‍ ട്രാന്‍സ്പ്ലാന്റ് കൗണ്‍സിലര്‍ ആയി ഇവിടെ ജോലി ചെയ്യുന്നു. മനുവിനെ ആണ് പല കാര്യങ്ങള്‍ക്കും അബ്ദുളും ബന്ധുക്കളും അങ്ങ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വിളിച്ചു കൊണ്ടിരുന്നത്. 

ഇന്ത്യയിലെ ആദ്യ കൈ മാറ്റ ശസ്ത്രക്രിയ നടത്തിയത് മനുവിലാണ്. ഡോക്ടര്‍ സുബ്രമണ്യ അയ്യരുടെ നേതൃത്വത്തില്‍ നടന്ന ഈ സംഭവത്തില്‍, സര്‍ജിക്കല്‍ ടീമില്‍ ഞാനും ഉണ്ടായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ അബ്ദുളിന് വേണ്ടി ആണ് ചെയ്തത്. സാധാരണ നടന്ന കഥകള്‍ എഴുതുമ്പോള്‍ എല്ലാ പേരുകളും, വയസും, ലിംഗവും, ആശുപത്രികളും, സാഹചര്യങ്ങളും ഒക്കെ മാറ്റാറുണ്ട്. ഒരു തരത്തിലും രോഗിയുടെ സ്വകാര്യത ഹനിക്കാതിരിക്കാന്‍. ഈ കഥക്ക് അതിന്റെ ആവശ്യമില്ല. അവയവ ദാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനായി വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സുമനസോടെ പൂര്‍ണ സമ്മതം തന്നവര്‍ ആണ് ഈ കഥയിലെ നായകര്‍ മൊത്തം.
അഫ്ഗാനിസ്ഥാനില്‍ നിന്ന് 2015 ല്‍ ആണ് അബ്ദുള്‍  ആദ്യം വരുന്നത്. രണ്ടു കൈകളും കൈമുട്ടിനു കീഴെ ഇല്ല. പൊട്ടി തെറിച്ചു പോയി. അല്ല- തെറുപ്പിച്ചു കളഞ്ഞു. 
'അവര്‍ മനഃപൂര്‍വം  ചെയ്തതാണ്, ദക്തൂര്‍. കരുതിക്കൂട്ടി.' പഷ്ടൂണ്‍ ആണ് ഭാഷ. ഉറുദു ലേശം പറയും. ആദ്യം ഒരു സഹായി കൂടെ ഉണ്ടായിരുന്നു. പിന്നീട് പതിനഞ്ചു വയസുള്ള മകന്‍ മാത്രം ആയി. മകന്‍ ആണ് അച്ഛന്റെ കൈകള്‍. നിഴല്‍ പോലും തോല്‍ക്കും. അത് പോലാണ് മോന്‍. എപ്പോഴും കൂടെ കാണും. മിടു മിടുക്കന്‍.  

ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ബോംബ് ഡിഫ്യൂഷന്‍ എക്‌സ്‌പെര്‍ട്ട് ആയിരുന്നു കക്ഷി. അന്നത്തെ അഫ്ഗാന്‍ ആര്‍മിയില്‍ കാപ്റ്റന്‍ ആയിരുന്നു. താലിബാനെതിരെ ആണ് യുദ്ധം. രണ്ടായിരത്തോളം ബോംബുകളുടെ ഫ്യൂസ് ഊരി എന്നാണ് അബ്ദുള്‍ പറഞ്ഞത്. അന്നൊരു ദിവസം മുപ്പത് ബോംബുകള്‍ ആ സൂക്ഷ്മമായി ചലിക്കുന്ന കൈകള്‍ കെടുത്തി. പിന്നത്തെ ബോംബ് ഒരു കെണി ആയിരുന്നു. ആ കൈകള്‍ തകര്‍ക്കാന്‍ മാത്രം ഉണ്ടാക്കിയ കെണി. സ്പര്ശിച്ചപ്പോഴേക്കും റിമോട്ട് കണ്‍ട്രോളില്‍ അത് പൊട്ടിച്ചത്രേ. കണ്ണിന്റെ കാഴ്ച കുറച്ചു പോയി. കേള്‍വി നന്നായി കുറഞ്ഞു. കൈകള്‍- അത് പോയി. അതായിരുന്നല്ലോ അവര്‍ക്ക് വേണ്ടത്. 
നാല്പത് ലക്ഷം അഫ്ഗാന്‍ രൂപ താലിബാന്‍ ആ ബോംബിന്റെ പുറകില്‍ ഉള്ള ആള്‍ക്ക് കൊടുത്തത്രെ. അത്രയും വിലയുള്ള കൈകള്‍!

എന്നാല്‍ കിട്ടിയ കൈകള്‍ വില ഇടാന്‍ പറ്റാത്തവ ആയിരുന്നു. അത്ര മൂല്യമുള്ളവ. വലിയ ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന ഒരു ചെറുപ്പക്കാരന്റെ കൈകള്‍ ആണ് ആകസ്മിക അപകടത്തില്‍ അയാള്‍  മരിച്ചപ്പോള്‍ ആ കുടുംബം തന്നത്. ആ ദയക്ക് വില ഇടാന്‍ ആവുമോ?

കൈകള്‍ ചലിച്ചു തുടങ്ങിയിട്ട് നടന്ന പത്ര സമ്മേളനം ആണ് പിന്നെ ഞാന്‍ ഓര്‍ക്കുന്നത്. അന്നാണ് ജോസെഫ് മാഷിന്റെ കൈ വെട്ടിയ കേസില്‍ കോടതി ശിക്ഷ വിധിച്ചത്. അന്നത്തെ പത്രത്തിലെ പ്രധാന ഫോട്ടോ വെളുക്കെ ചിരിച്ചു കൊണ്ട് അഭിമാനത്തോടെ പോസ് ചെയ്യുന്ന പ്രതികള്‍ ആയിരുന്നു. ദൈവത്തിനു വേണ്ടി അല്ലെ ചെയ്തത്- അതായിരിക്കും ഇത്ര സന്തോഷം. അതെ ദിവസമാണ് വേറൊരു ജോസഫ് മരിച്ചപ്പോള്‍ നല്‍കിയ കൈകള്‍ കിട്ടിയ  മനുഷ്യന് പറയാനുള്ളത് ലോകം കേട്ടത്.

എന്താല്ലേ- ഈ ലോകത്തിന്റെ ഒരു കാര്യം. ചിരിപ്പിച്ച് കൊല്ലും. കരയിപ്പിച്ചും. മരണം- അതുറപ്പാണ്. 

വെളുത്ത ആ ശരീരത്തില്‍ കറുത്ത കൈകളും വെച്ച് വെളുത്ത ചിരിയോടെ അബ്ദുള്‍ നിന്നു. ആ കൈകളിലേക്ക് നോക്കി ഉറ്റവര്‍ കരഞ്ഞു. അത് കണ്ട അബ്ദുളും കരഞ്ഞു. ആ കൈകള്‍ കൊണ്ട് അവരെ ചേര്ത്തു നിര്‍ത്തി.
'ഇനി എന്ത് ചെയ്യാന്‍ പോവുന്നു? ബോംബ് കെടുത്താന്‍ ഇനി പോകുമോ?'
ഇതെന്ത് ചോദ്യം എന്ന മട്ടില്‍ അബ്ദുള്‍  ചിരിച്ചു.
'പിന്നല്ലാതെ. അതിനല്ലേ ഈ കൈകള്‍. തോക്കും പിടിക്കണം. എന്റെ രാജ്യം- അത് അപകടത്തില്‍ ആണ്.' 

ഇത് പോലുള്ള ചവിട്ടി അരച്ചാലും ജീവിക്കുന്ന ആവേശം കാണുമ്പോള്‍ നമ്മള്‍ വിചാരിക്കും ഒന്നിനും അതിനെ കീഴ്‌പ്പെടുത്താന്‍ പറ്റില്ലെന്ന്. പ്രത്യേകിച്ചും ശരി അവരുടെ ഭാഗത്താകുമ്പോള്‍.

നമ്മള്‍ കാണാത്ത കഥകള്‍ നമുക്ക് കെട്ടുകഥകള്‍ ആണ്. സ്‌കൂളില്‍ പഠിക്കാന്‍ പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് പത്തു വയസുള്ള പെണ്‍കുട്ടികളെ കൊന്നു തള്ളാന്‍ മടിയില്ലാത്തവര്‍ ഉണ്ട് എന്ന് നമ്മള്‍ വിചാരിക്കുമോ? കയ്യുടെ നഗ്‌ന മുട്ട് കണ്ടു എന്നും പറഞ്ഞ് ഒരു സ്ത്രീയെ കാറില്‍ നിന്ന് വലിച്ചിറക്കി വെടി  വെച്ച് കൊന്നു എന്നത് നിങ്ങള്‍ ഉള്‍ക്കൊള്ളുമോ? തനിയെ പുറത്തിറങ്ങരുത് എന്ന നിയമം ഉള്ളത് കൊണ്ട് യുദ്ധത്തില്‍ മരിച്ച ആളുടെ ഭാര്യയും കുഞ്ഞുമക്കളും പട്ടിണി കിടന്നു മരിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് പറയും? എന്നാ ഞാന്‍ ഒരു കാര്യം പറയട്ടെ- ഇതൊക്കെ ചെറുത്. 

അവസാനം വന്നപ്പോ അബ്ദുള്‍ അസ്വസ്ഥന്‍ ആയിരുന്നു. കൈകള്‍ വെച്ച് തിരിച്ചു വന്ന അയാള്‍ ഒരു ലോക്കല്‍ ഹീറോ ആയി. ക്യാപ്റ്റനില്‍ നിന്ന് മേജര്‍ ആയി. ശത്രുക്കളുടെ നോട്ടപ്പുള്ളിയുമായി. മിക്ക ദിവസവും ഉറക്കമില്ല. വെച്ച് പിടിപ്പിച്ച കൈകളില്‍ തോക്കും ഏന്തി വീടിനു ചുറ്റും ഇങ്ങനെ നടക്കും. കുടുംബത്തെ ഒന്നടങ്കം വിഴുങ്ങാന്‍ ശത്രു വരുന്നുണ്ട്!

പിന്നെ ആണ് കാറില്‍ ബോംബ് വെച്ച് അവര്‍ അബ്ദുളിനെ കൊന്നു എന്നറിഞ്ഞത്. ഇത്തവണ ശരീരം മുഴുവന്‍ ചിതെറിക്കാന്‍ അവര്‍ക്ക് പറ്റി. അന്ന് കൂടെ ഉണ്ടായിരുന്ന മകന് കുറെ പരിക്കുകള്‍ ഉണ്ടായത്രേ. അതെ- അതേ  മകന്‍ തന്നെ.

രാജ്യം മൊത്തം ശത്രുക്കള്‍ പിടിക്കാന്‍ പോവുന്നു എന്നറിയുന്നു. ആ മകന് ഇപ്പൊ ഇരുപത് വയസ്സ് കാണും. അവന്‍ ജീവിച്ചിരുപ്പുണ്ടോ? അവന്‍ യുദ്ധം ചെയ്‌തോ? അവനെ അവര്‍ കൊന്നോ? 
ലോകം സ്വല്പം എങ്കിലും നേരെ ആവാന്‍ ഇനി എത്ര കൈകള്‍ വേണ്ടി വരും? ക്രൂരതക്കും അജ്ഞതക്കും മേലെ കരുണയുടെയും തിരിച്ചറിവിന്റെയും ജയം ഉണ്ടാക്കാന്‍ അദൃശ്യ കൈകള്‍ ഒന്നും വരില്ല. നമ്മുടെ ഒക്കെ കൈകള്‍ തന്നെ വേണം.

Content Highlights: Dr.Jimmy Mathew shares memories about a Afghanistan soldier who Underwent hand transplant surgery, Health