വീണ്ടും ആശങ്കകൾ പടർത്തും വിധം മഴ തിമിർത്തു പെയ്യുന്നു. പ്രളയം, ഉരുൾപൊട്ടൽ, മരം വീണും ഇലക്ട്രിക് ലൈൻ വീണും, കോവിഡ് ഉൾപ്പെടെയുള്ള രോഗവ്യാപന സാധ്യത ആയും കെടുതികൾ നമ്മുടെ മുന്നിൽ. തളരുകയല്ല വേണ്ടത് അതിജീവിച്ചേ മതിയാവൂ.

മുന്നൊരുക്കങ്ങൾ കൊണ്ടും ജാഗ്രത കൊണ്ടും പരസ്പരം കരുതൽ കൊണ്ടും കെടുതികൾ പരമാവധി കുറയ്ക്കണം, നമ്മൾക്ക് അതിനു കഴിയും മുൻപും കഴിഞ്ഞിട്ടുണ്ട് കരകയറിയിട്ടുണ്ട്.

എന്തൊക്കെ എങ്ങനെയൊക്കെ
താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ ശ്രദ്ധിക്കേണ്ടവ

a. സാമൂഹിക ഒരുമയോടൊപ്പം തന്നെ ശാരീരിക അകലം

 • ഈ കോവിഡ് കാലത്ത് താത്‌കാലിക പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. മുൻകാലങ്ങളിൽ പ്രധാനമായും സ്കൂളുകളിലായിരുന്നു പുനരധിവാസ കേന്ദ്രങ്ങൾ. ആയിരത്തിലധികം പേർ തിങ്ങിനിറഞ്ഞ സ്കൂളുകൾ പലതും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ശാരീരിക അകലം വളരെ പ്രധാനമാണ്. തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക നേതാക്കൾ പൊതുജനങ്ങൾ എല്ലാവരും ഇതേക്കുറിച്ചു അറിവും കരുതലും ഉള്ളവരാവണം.
 • അതുകൊണ്ട് താൽക്കാലിക പുനരധിവാസ വാസകേന്ദ്രങ്ങൾ ആയി മാറുന്ന സ്ഥലങ്ങളിൽ പരമാവധി ഉൾക്കൊള്ളിക്കാൻ പറ്റുന്ന ആൾക്കാരുടെ എണ്ണം വളരെ പ്രധാനമാണ്.
 • ശാരീരിക അകലം പുലർത്താൻ സാധിക്കുന്ന താമസ സൗകര്യത്തിനും ബാത്റൂം സൗകര്യങ്ങളും പരിഗണിച്ച് ക്യാമ്പുകൾ സജ്ജീകരിക്കാൻ പരമാവധി ശ്രമിക്കണം.
 • മുറികൾ പരമാവധി വായു സഞ്ചാരം ഉള്ളവ ആക്കി നില നിർത്താൻ ശ്രമിക്കണം.
 • എന്നാൽ കൊതുകു കടി ഏൽക്കാതിരിക്കാൻ കൊതുകുതിരി, കൊതുകു വല, ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങൾ, കൊതുകു കടി കുറയ്ക്കുന്ന ക്രീമുകൾ എന്നിവ ഉപയോഗയുക്തമാക്കണം.
 • മാസ്ക് ഉപയോഗം മറക്കരുത്. പുനരധിവാസ കേന്ദ്രങ്ങളിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊക്കെ ഓരോന്നായി തരണം ചെയ്യുക തന്നെ ചെയ്യും. പക്ഷേ മാസ്ക് ഉപയോഗം തുടക്കം മുതൽ തന്നെ ഉണ്ടാവണം. ലഭ്യമായ മാസ്ക്കുകൾ ഉപയോഗിക്കുക, തുണി മാസ്ക് എങ്കിലും വേണം.
 • ക്യാമ്പുകൾ എന്നും പൊതുവിൽ ഒത്തൊരുമയും സഹകരണവും കൊണ്ട് മുന്നോട്ടു പോവുന്നവ ആയിരുന്നു. എന്നാൽ കൊറോണ എന്നൊരു പുതിയ വില്ലൻ നമ്മുടെ ഇടയിൽ ഉണ്ടെന്നത് ഓർക്കുക, ആയതിനാൽ കൂട്ടം കൂടി വാചകമടി, ഭക്ഷണം കഴിപ്പ് ഒക്കെ ഒഴിവാക്കി ശാരീരിക അകലം പരമാവധി പാലിക്കുക ഇത്തവണ.

ഇത് മറക്കുന്നവരെ കൊറോണയെക്കുറിച്ചു ഓർമ്മിപ്പിക്കുക.

b. ആവശ്യമായി വരുന്ന മരുന്നുകൾ ശേഖരിച്ചു തുടങ്ങുക

കഴിഞ്ഞ വർഷങ്ങളിൽ ഷോർട്ടേജ് ആയിരുന്ന മരുന്നുകൾ ഉൾപ്പെടെ ശേഖരിക്കണം. അന്ന് ധാരാളം പേരുടെ സഹായം കൊണ്ടാണ് എല്ലാ സ്ഥലങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭിച്ചത് . ഈ കോവിഡ് കാലത്ത് അതത്ര എളുപ്പമല്ല എന്നത് മനസ്സിൽ കരുതണം.

c. മെഡിക്കൽ എമർജൻസികളെ നേരിടാൻ തയ്യാറെടുക്കൽ

ചെയ്യേണ്ടവ

i. മഹാമാരി മൂലമുള്ള പ്രവർത്തനങ്ങളുടെ ഭാരത്താൽ തളർന്നിരിക്കുമ്പോഴാണ് പേമാരി. സർക്കാർ സ്ഥാപനങ്ങൾ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങൾ, താൽക്കാലികമായി നിയോഗിക്കാവുന്ന യോഗ്യതയുള്ളവർ എന്നിവരെയെല്ലാം കണ്ടെത്തി മനുഷ്യ വിഭവശേഷി ഉപയോഗിക്കാനാവണം.
ii. സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം.

* ആയതിനാൽ ലഘുവായ രോഗങ്ങൾക്ക് പ്രാഥമികമായ ചികിത്സ ആരോഗ്യപ്രവർത്തകരുടെ ഫോണിലൂടെയുള്ള നിർദേശത്താൽ നടത്താം. ഇ സഞ്ജീവനി പോലുള്ള ടെലി മെഡിസിൻ സംവിധാനങ്ങൾ കഴിയുന്നവരൊക്കെ ഉപയോഗപ്പെടുത്തണം.

iii. പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കാം. മുൻപും പ്രളയകാലങ്ങളിൽ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തേണ്ടതുണ്ട്. ഇതിനുള്ള സജ്ജീകരണങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുജന പങ്കാളിത്തവും ആവശ്യമായി വന്നേക്കാം.

iv. ക്യാമ്പുകളിൽ ഉള്ളവർ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യിൽ ഇല്ല എങ്കിൽ മരുന്നുകൾ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

 • അടിയന്തിര ഘട്ടത്തിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ പങ്കുവെക്കുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്‌ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യപ്രവർത്തകർക്ക് എളുപ്പത്തിൽ മറുപടി പറയാനാവും. ആരോഗ്യപ്രവർത്തകർ സമീപത്ത് ഇല്ലെങ്കിൽ ഫോൺ, വാട്സ്അപ്പ്, ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആൾക്കാരുടെ അടുത്ത് തന്നെ ചോദിക്കണം.
 • ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ/ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ കഴിഞ്ഞവർഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.

ശേഖരിച്ചു ഉപയോഗയുക്തമാക്കാവുന്ന മരുന്നുകൾ

 • കോവിഡ് പശ്ചാത്തലത്തിൽ താഴെപറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ അടിയന്തിരമായി ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കണം,
 • പനി, ജലദോഷം, ചുമ, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, മണം അറിയാതിരിക്കുക, രുചി അറിയാൻ ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ ഇത്യാദി. ഇത്തരം ലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് പരിചരിക്കുന്നവർ ഒഴികെയുള്ളവർ ശാരീരിക അകലം പാലിക്കുക. പരിചരിക്കുന്ന ആൾ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക.
 • എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായം എത്തുന്നതിനുള്ളിൽ ഉപയോഗയുക്തമാക്കാവുന്ന മരുന്നുകൾ, പ്രധാനപ്പെട്ട ചിലവ മാത്രം എഴുതാം.

ഒ.ആർ.എസ്: വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി കുടിക്കുക.
പാരസെറ്റമോൾ: തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം.
Ceterizine: സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം.
Betadine ointment: മുറിവുകൾ ശുദ്ധജലം അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ ജലം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക.
Salbutamol: ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

പകർച്ചേതര രോഗങ്ങൾക്കുള്ള മരുന്നുകൾ
ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കുന്നവർ ശ്രദ്ധിക്കേണ്ട മരുന്നുകൾ താഴെ പറയുന്നു. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്.

Sorbtirate 10 mg
Amlodipine 5 mg
Aspirin 150 mg
Clopidogrel 75 mg
Atorvastatin 10 mg
Metformin 500 mg
Glimepiride 1 mg

അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്.

വളംകടി: ഒരു പ്രധാന പ്രശ്നമാണിത്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Cltorimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. അതുകൊണ്ട് മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കുന്നവർ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഓയിൻമെന്റുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല.

ആന്റിബയോട്ടിക്ക്: Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg
അസിഡിറ്റി, വയറെരിച്ചിൽ: Tab Ranitidine 150 mg രണ്ടു നേരം

എലിപ്പനി പ്രതിരോധം: Tab Doxycycline 100mg ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക.

മറ്റു ചില ശ്രദ്ധിക്കേണ്ട രോഗാവസ്ഥകളും പാലിക്കേണ്ട നടപടിക്രമങ്ങളും

A പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക, കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ കരയിൽ കാണുന്നവയിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. അശാസ്ത്രീയമായ രീതികൾ ഒരു രീതിയിലും പിന്തുടരാൻ ശ്രമിക്കാതിരിക്കുക.

B. കുട്ടികളിലെ ഹൈപ്പോ തെർമിയ
ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം.

തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല.

C. വയറിളക്ക രോഗങ്ങൾ, നിർജ്ജലീകരണം എന്നിവ തടയാൻ
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.

D. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികൾ
കോവിഡ് നൊപ്പം വന്നിരിക്കുന്ന മറ്റു കെടുതികൾ മനുഷ്യരിൽ വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം ഒക്കെ സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക, മനോരോഗ പരിചരണം വേണ്ടവർക്ക് അത് കൊടുക്കുക ഇതിനു അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.

E. വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.

 • ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു.
 • ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.
 • ഇത്രയും മരുന്നുകൾ ഇപ്പോൾ തന്നെ ശേഖരിക്കണോ, എന്നുള്ള സംശയം തോന്നാം. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആവശ്യം വന്നാൽ അപ്പോൾ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോർ കാലിയാക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകൾ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകൾ ശേഖരിക്കുന്നവരും ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്.
 • എന്ത് മെഡിക്കൽ ആവശ്യങ്ങൾക്കും, പ്രതിരോധ പ്രവർത്തനങ്ങൾക്കും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരോട് ഒരു വാക്ക്...

 • ശാരീരിക അകലം പാലിക്കുക എന്നതും ഇടയ്ക്കിടെ കൈ കഴുകുക എന്നതും ഒക്കെ ബുദ്ധിമുട്ട് ആവാൻ സാധ്യതയുണ്ട്. പരമാവധി ശ്രമിക്കുക എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേ മാസ്ക് ധരിക്കാൻ മറക്കരുത്. മൂക്കും വായും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കണം. തുണികൊണ്ടുള്ള മാസ്ക് എങ്കിലും ധരിക്കണം. ഈ കോവിഡ് കാലത്ത് അത് വളരെ പ്രധാനമാണ്.
 • പ്രളയം ഒന്നൊതുങ്ങി കഴിഞ്ഞാലും വെള്ളക്കെട്ടുകൾ ഉണ്ടാവും. എലിപ്പനി സാധ്യത മറക്കരുത്. അതുകൊണ്ട് ഡോക്സിസൈക്ലിൻ പ്രൊഫൈലാക്സിസ് ഗുളികകൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം.

ഇപ്പോഴത്തെ അവസ്ഥയിൽ ശ്രദ്ധിക്കേണ്ടവ
a. പരമാവധി അപകടങ്ങളിൽ പെടാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം,
b. വെള്ളം പൊങ്ങുന്നത് കാണാൻ കൂട്ടമായി ഇറങ്ങരുത്.
c. മഴയുള്ളത് പരിഗണിക്കാതെ അശ്രദ്ധമായി ഡ്രൈവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
d. ഇടിമിന്നൽ, ഇലക്ട്രിക് ഷോക്ക് എന്നിവ ഏൽക്കാതിരിക്കാൻ സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എപ്പോഴും ഓർമ്മിക്കുക.
e. കോവിഡ് പ്രോട്ടോക്കോൾ/ആരോഗ്യ നിർദ്ദേശങ്ങൾ എന്നിവ പരമാവധി പാലിക്കാൻ ശ്രമിക്കുക.
f. ജീവിത ശൈലീ രോഗങ്ങൾ (പ്രമേഹം, രക്താതിമർദ്ദം etc), മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവയുടെ മരുന്നുകൾ ശരിയായി കഴിക്കാതിരിക്കുകയോ മുടക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
g. ആധികാരികമാണോ എന്ന് പരിശോധിക്കാതെ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കണം. ഇത് നിയമപരമായി ശിക്ഷാർഹമാണ്.

 • ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ രോഗം വിളിച്ചു വരുത്തലാണ്, അത്തരം കരുതലില്ലാത്ത പ്രവർത്തികൾ ഒഴിവാക്കാം.
 • ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള സാമൂഹിക ഒരുമയാവണം സന്ദേശം, അങ്ങനെ മാത്രമേ ഈ പ്രതിസന്ധി കാലത്ത് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനാകൂ...

Content Highlights:Diseases and natural disasters These things can be done to deal with the calamities, Health