കോവിഡ് കാലത്തെ അനുഭവം പങ്കുവയ്ക്കുകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഡോ. ഷമീർ വി.കെ.

കോവിഡ് കേരളത്തിൽ വന്ന നാൾ മുതൽ വ്യക്തിപരമായ അനുഭവങ്ങളിലൂടെ കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളേയും ചികിത്സകളേയും കുറിച്ച് പറയാറുണ്ടായിരുന്നു. ഇപ്പോൾ കോവിഡ് എറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ചെറിയ അനുഭവം കൂടി പറയാം.

നിരവധി കോവിഡ് രോഗികളെ മുഖാമുഖം കണ്ടു കഴിഞ്ഞു. ആദ്യ കാലങ്ങളിൽ പൂർണ്ണ പി.പി.ഇ. ധരിച്ചു കൊണ്ടും പിന്നീട് പി.പി.ഇ. ഇല്ലാതെയും ഒക്കെ കോവിഡ് വാർഡിൽ റൗണ്ട്സ് എടുത്തു. ഒന്നു കൂടി പിറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ മാസ്കിൽ ഒരു കുറവും ഒരിക്കലും വരുത്തിയിട്ടില്ല. രോഗികളെ കാണുമ്പോൾ കൃത്യമായി N95 മാസ്ക് തന്നെ ധരിച്ചിരുന്നു. ഒരു പൊതു സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചിട്ടില്ല. പല മീറ്റിങ്ങുകൾക്കും പോയപ്പോൾ കിട്ടിയ കട്ടൻ ചായ കയ്യിലെടുത്ത് പുറത്തു കൊണ്ടു പോയി ആരും ഇല്ലാത്തേടത്ത് കൊണ്ടു പോയാണ് കുടിച്ചിരുന്നത്. മാസ്ക് മൂക്കില് തഴമ്പ് പോലും ഉണ്ടാക്കി.

സാനിറ്റൈസർ പോക്കറ്റിൽ വെക്കാതെ പുറത്തിറങ്ങിയിട്ടേയില്ല.ആദ്യ ഘട്ടങ്ങളിൽ കുടുംബത്തിൽ കർശനമായ നടപടികൾ എടുത്തു. കുട്ടികളെ അടുത്തു നിന്നു പറഞ്ഞു വിട്ടു. മാതാപിതാക്കളെ കടുത്ത റിവേഴ്സ് ക്വാറന്റൈനിലേക്ക് മാറ്റി. കുട്ടികളുടെ കാര്യത്തിൽ പരസ്പരം കാണാതെ രണ്ടു കൂട്ടർക്കും പറ്റില്ലെന്നായപ്പോൾ പിന്നീട് വാരാന്ത്യങ്ങളിൽ അയവുകൾ പ്രഖ്യാപിച്ചു. അച്ഛനമ്മമാരുടെ കാര്യത്തിൽ ഏകാന്ത ജീവിതം പലതരം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ രോഗികളുടെ അടുത്തെന്ന പോലെ N95 മാസ്കും കൈ ശുചീകരണവുമൊക്കെയായി ആഴ്ചയിൽ മൂന്നു തവണ എന്ന നിലയിൽ സന്ദർശനം തുടങ്ങി.

അതിനിടയിലൊക്കെ ചെറിയ ചുമ, തൊണ്ടയിൽ കിച്ച് കിച്ച് തുടങ്ങിയ സംശയങ്ങൾ തോന്നിയപ്പോൾ അന്റിജൻ ടെസ്റ്റും പി.സി.ആർ ടെസ്റ്റുകളും ചെയ്തു, പക്ഷേ എല്ലാം നെഗറ്റീവ് ആയി. എന്നാലും ഇടക്ക് എപ്പോഴെങ്കിലും കോവിഡ് വന്നു പോയിട്ടുണ്ടാകും എന്ന് തന്നെ വിശ്വസിച്ചു. ഈ അടുത്ത് ആന്റിബോഡി ടെസ്റ്റ് ചെയ്തു നോക്കി (മുൻപ് Covid വന്നാൽ പോസിറ്റീവ് ആകാൻ സാധ്യതയുള്ള ടെസ്റ്റ്). ഫലം വീണ്ടും നെഗറ്റീവ്. അതായത് കോവിഡ് ഇതു വരെ വന്നിട്ടുണ്ടാവില്ല എന്നു തന്നെ തോന്നുന്നു ഇപ്പോൾ.

കുറേ കാത്തിരിപ്പിന് ശേഷം ഒരു ഡോസ് വാക്സിൻ ലഭിച്ചു. വിചാരിച്ചതിലും കൂടുതൽ ശരീര വേദന ഉണ്ടാക്കി. പക്ഷേ 12 മണിക്കൂറിൽ അത് അപ്രത്യക്ഷമായി. ആ വേദനയിലും ഒരു സുഖം തോന്നി, എന്തൊക്കെയോ പ്രവർത്തിക്കുന്നുണ്ടല്ലോ എന്ന ആത്മവിശ്വാസം. ഒരു പക്ഷേ രോഗത്തിനെതിരേ പ്രതിരോധ ശക്തി കരുത്താർജ്ജിക്കുന്നതിന്റെ ഒരു തുടക്കമാവാം.

ഇതോ ഇതിൽ കൂടുതലോ നിയന്ത്രണങ്ങൾ സ്വയവും കുടുംബത്തിലും ഒക്കെ എടുത്ത നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്. ഇതിനേക്കാൾ ഒത്തിരി ത്യാഗങ്ങളും കഷ്ടപ്പാടുകളും അവർ സഹിച്ചിട്ടുണ്ടാകും. ഇന്ത്യയിൽ മറ്റു പല സംസ്ഥാനത്തും കാണാത്ത കാഴ്ചയാണത്. അതിനെയാണ് ഒറ്റ വാക്കിൽ കോവിഡ് പ്രതിരോധം എന്നു വിളിക്കുന്നത്. കോവിഡ് പ്രതിരോധം ശക്തി കൂടുമ്പോൾ അണുബാധ എൽക്കാത്തവരുടെ എണ്ണം കൂടുന്നത് സ്വാഭാവികം. അണുബാധ എൽക്കാത്തവരുടെ എണ്ണം കൂടുമ്പോൾ ഇനിയും രോഗം പടരാൻ സാധ്യതയുള്ളവരുടെ എണ്ണം കൂടുന്നത് അതിനേക്കാൾ സ്വാഭാവികം. അവിടെ രോഗ തരംഗങ്ങൾ ഇനിയും വരും. തരംഗങ്ങളിൽ വയോധികരും മറ്റു രോഗികളും പെട്ടാൽ അവർ ചിലപ്പോൾ മരണപ്പെടും. ഇതാണ് കേരളത്തിലെ ഇന്നത്തെ കാഴ്ച. അതായത് പ്രതിരോധത്തിന്റെ ശക്തി കൂടുന്തോറും വൈറസ് സമൂഹത്തിൽ നില നിൽക്കുന്ന കാലം നീണ്ടു പോകാം.

കോവിഡ് കേരളത്തിൽ വന്ന നാൾ മുതൽ വ്യക്തിപരമായ അനുഭവങ്ങളിലൂടെ കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളേയും ചികിത്സകളേയും കുറിച്ച്...

Posted by Shameer Vk on Thursday, January 28, 2021

നീട്ടിക്കൊണ്ടു പോകുന്നത് എന്തിനായിരുന്നു ?

നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റിയുടെ മുകളിൽ രോഗികളുടെ എണ്ണം കുത്തനെ കൂടാതിരിക്കാൻ. മരണം കുറയ്ക്കാൻ. കൂടുതൽ അറിവുകൾ നേടാൻ. സൗകര്യങ്ങൾ ഉണ്ടാക്കാൻ. വാക്സിൻ എത്തിക്കാൻ.

ഇതിനെല്ലാം കാരണം എന്തായിരുന്നു?

ഒന്ന് ശാസ്ത്രത്തിലുള്ള വിശ്വാസം.
രണ്ട് സർക്കാർ സംവിധാനങ്ങൾ അനുശാസിക്കുന്ന നിർദേശങ്ങളോടുള്ള ബഹുമാനം.
മൂന്ന് കുടുംബത്തോടും നാടിനോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്തം.

ചുറ്റും ഒത്തിരി ആളുകൾ രോഗ ബാധിതരാകുന്നത് നമ്മൾ കണ്ടു. പരിചയത്തിലാരെങ്കിലുമൊക്കെ മരണപ്പെടുകയും ചെയ്തു. നമുക്കും നമ്മൾ അറിയാതെ രോഗം വന്നു പോയിട്ടുണ്ടാകുമെന്ന ഒരു ചിന്ത സ്വാഭാവികമായുമുണ്ടാകും. നമ്മുടെ കൂട്ടത്തിൽ പോകാനുള്ളവർ പോയെന്നും ഇനിയുള്ളവർ സുരക്ഷിതരാണെന്നും തോന്നും. ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നും. കല്യാണത്തിന് പോയി ഭക്ഷണം കഴിക്കും , കടപ്പുറത്ത് പോയി കടല കൊറിക്കും. ഇതിന്റെ പേരാണ് പടിക്കൽ കലമുടക്കൽ.

ഒരു പക്ഷേ നാം ഈ പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കാം. ഇനിയും നിയന്ത്രണങ്ങളുമായി ജീവിക്കുക ദുഷ്കരമാണ്. എങ്കിലും ക്ഷമ കൈവിട്ടു കൂടാ. കുറച്ചു മാസങ്ങൾ കൂടിയെങ്കിലും.

വേവുവോളം കാത്തു ഇനി ആറുവോളം കാത്തു കൂടെ.
ശാസ്ത്രവും സർക്കാർ സംവിധാനങ്ങളും തിരിച്ചു ജനങ്ങളോടും ഉത്തരവാദിത്തം കാണിക്കണം. വിശ്വസിച്ചും അനുസരിച്ചും പോന്ന ജനങ്ങൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ കൊടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. നാട്ടിലെല്ലാം ഒരേ പോലെ ഒരേ സ്പീഡിൽ വിതരണം എന്നതിനു പകരം ഇനിയും എപ്പിഡമിക് കെട്ടടങ്ങാത്ത, രോഗ തരംഗം പ്രതീക്ഷിക്കുന്ന, വയോധികർ കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ വാക്സിൻ വിതരണത്തിന് ഈ വേഗത പോര. ആരോഗ്യ പ്രവർത്തകരിൽ തന്നെ ഭൂരിപക്ഷം ബാക്കിയാണ്. പൊതു സമൂഹത്തിലേക്ക് എത്തിയിട്ടേയില്ല.

വിശ്വാസം ശാസ്ത്രത്തിൽ തന്നെയാണ്. ഇതുവരെ എത്തിയതും ശാസ്ത്രത്തിന്റെ വഴിയിലൂടെയാണ്. ഇനി മുന്നോട്ടും വേറെ വഴികൾ തിരഞ്ഞെടുക്കാനില്ല.

Content Highlights:Covid19 experience by Dr shameer v k , Health, Covid19, Covid Vaccine