Representative Image|Gettyimages.in
കോവിഡിന്റെ തുടക്കകാലം മുതലേ കേള്‍ക്കുന്നതാണ് വാതിലുകളും ജനലുകളും തുറന്നിടണമെന്ന നിര്‍ദേശം. എന്നിട്ടും വായുവിലൂടെ പടരുമെന്നും അടുത്ത വീട്ടില്‍ നിന്ന് വൈറസ് നമ്മുടെ വീട്ടിലേക്ക് ചാടി വരുമെന്നും ഭയന്ന് വാതിലുകള്‍ അടച്ചപൂട്ടിയിരുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അടച്ചിട്ടമുറികളില്‍ കോവിഡ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം. ഇതിനെ പറ്റി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുകയാണ് ഐ.എം.എ സോഷ്യല്‍ മീഡിയ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്ററായ ഡോ. സുല്‍ഫി നൂഹു.
ക്ലോസ്ഡ് റൂം കില്‍സ്!
'അടച്ചിട്ട മുറി കൊല്ലും'.
അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്.
കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം മാസ്‌കും ,സാമൂഹിക അകലവും കൈകള്‍ കഴുകുന്നതുമൊക്കെ 'ഗര്‍ഭസ്ഥശിശുവിനും' അറിയാമെന്ന് തോന്നുന്നു.
അതിശയോക്തിയല്ല .
ഇതിനെക്കുറിച്ചുള്ള സര്‍വ്വ വിവരവും മിക്കവാറും എല്ലാവര്‍ക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നൊയെന്നുള്ള കാര്യം മറ്റൊന്ന്.പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച് തന്നെയാണ്.
അതെ ,അടച്ചിട്ട മുറി കൊല്ലും.
വീടുകളിലും ഓഫീസിലും കടയിലും എന്തിന് ആശുപത്രികളില്‍ പോലും അടച്ചിട്ട മുറി കൊല്ലും.അടച്ചിട്ട മുറികളില്‍ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതല്‍ തന്നെ പറയുന്നുണ്ട്.
ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.എന്നാല്‍ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തം.പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.
സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ വരാന്തകള്‍ കഴിവതും ഉപയോഗിക്കുക. ടെറസ്സും കാര്‍ ഷെഡ്ഡും വരെ ഉപയോഗിക്കാംഅത് കഴിഞ്ഞില്ലെങ്കിലോ ? ഓഫീസില്‍ ചെന്നാല്‍ ആദ്യം ജനല്‍ വാതിലുകള്‍ തുറന്നിടുക.
വായു അകത്തേക്ക് വന്നാല്‍ പോരാ പുറത്തേക്കു പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അപ്പൊ പിന്നെ ജനലും തുറക്കണം
ഇനി നമ്മുടെയൊക്കെ ഓഫീസുകളും കടകളുമൊക്കെ ജനല്‍ വാതിലുകള്‍ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാന്‍ കഴിയില്ല. അപ്പൊ ഈ വായുസഞ്ചാരം കൂട്ടാന്‍ എന്തു ചെയ്യും.
വാക്‌സിന്‍ മാഫിയ ,മരുന്ന് മാഫിയ, അവയവദാന മാഫിയ തുടങ്ങി ഹെല്‍മറ്റ് മാഫിയ എന്ന വിളിപ്പേര്‍ വരെ കേട്ടിട്ടുണ്ട്. ഇനി 'ഫാന്‍ മാഫിയ' എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാല്‍ ഒരു രഹസ്യം പറയാം. പെഡസ്റ്റല്‍ ഫാന്‍ അല്ലെങ്കില്‍ ഫ്‌ളോറില്‍ വയ്ക്കുന്ന ഒരു ഫാന്‍ വാങ്ങി മുറിയില്‍ വയ്ക്കണം. ഫാനിന്റെ കാറ്റ് ജനലിലൂടെ ,വാതിലിലൂടെ വായുവിനെ പുറത്തേക്ക് തള്ളണം.
എ.സി തൊട്ടുപോകരുത്. എ.സിയെ പ്ലഗ് പോയിന്റില്‍ നിന്ന് തന്നെ മാറ്റി ഇട്ടോളൂ. എയര്‍കണ്ടീഷന്‍ മാഫിയയെന്ന് വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവെന്നു പറയുമോന്നറിയില്ല! എയര്‍കണ്ടീഷന്‍ കോവിഡ് 19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത്.
ഇനി എ.സി കൂടിയേ കഴിയൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റയ്ക്ക് , അതെ ഒറ്റയ്ക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനല്‍ വാതില്‍ തുറന്നിട്ടതിനുശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക. അപ്പൊ ഓഫീസിലും കടയിലും ആശുപത്രിയിലും ചെന്നാല്‍ ആദ്യം ജനലും വാതിലും മലര്‍ക്കെ തുറന്നിടുക.
അടച്ചിട്ട മുറി കൊല്ലും. ആരും കൊല്ലപ്പെടാതിരിക്കട്ടെ .
എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ വൈറല്‍ പനി പോലെയാകണം.
അയിന്?
അയിന് മാസ്‌ക്കും അകലവും കൈകഴുകലും കൂടാതെ ജനല്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടൂ....അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!
Content Highlights: Coronavirus disease (COVID-19): Ventilation and air conditioning Dr.Sulphi Nuhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..