Courtesy: FB
കോവിഡിന്റെ അടുത്ത തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് കോവിഡ് പോസിറ്റീവാകുന്നത്. മുന്‍പ് പോസിറ്റീവായവരും വീണ്ടും കോവിഡ് ബാധിതരാവുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിനുമെടുത്ത് ഒരു തവണ കോവിഡ് വരുകയും ചെയ്തവര്‍ക്ക് ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയുണ്ടാകാറുണ്ട്. ഇതിനെയും തകര്‍ത്തെറിഞ്ഞാണ് വീണ്ടും ആളുകള്‍ കോവിഡ് ബാധിതരാവുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍ രണ്ടാമതും കോവിഡ് പോസിറ്റീവായിരിക്കുന്നു. വീട്ടില്‍ എല്ലാവരും കോവിഡ് ബാധിതരായാല്‍ സ്വയം പരിപാലനം ചെയ്യുകയേ രക്ഷയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്...
മൂന്നു ദിവസം മുന്‍പ് ചെറിയൊരു ചുമയും തൊണ്ടവേദനയും വന്നപ്പോഴാണ് ടെസ്റ്റ് ചെയ്തത്. പോസിറ്റീവാണ്. കോവിഡ് രോഗികളോടിടപഴകി കാസര്‍കോട്ടും മുംബൈയിലുമൊന്നും പോയി വന്നപ്പോള്‍ കോവിഡിന്റെ ആക്രമണത്തില്‍പെട്ടിരുന്നില്ല. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് നേരത്തേ കോവിഡ് വന്നുപോയതായി സ്ഥിരീകരിച്ചത്. അപ്പോള്‍ ഇത് രണ്ടാമത്തെ കോവിഡ് ആക്രമണമാണ്. രണ്ടു വാക്സിനുകളും യഥാസമയം എടുത്തിരുന്നതിനാലും നേരത്തേ കോവിഡ് വന്നതിനാലുമുള്ള ഹൈബ്രിഡ് ഇമ്യൂണിറ്റിയേയും തകര്‍ത്താണ് ഇപ്പോള്‍ വീണ്ടും കോവിഡ് പിടികൂടിയത്.
പോസിറ്റീവാണെന്ന് അറിഞ്ഞ ഉടന്‍ വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. അപ്പോഴേക്കും വീട്ടിലുള്ള മറ്റെല്ലാവര്‍ക്കും പോസിറ്റീവായി. രണ്ടു നിലയുള്ള വീടാണ്. മുകള്‍ നിലയില്‍ ഞാന്‍ താമസിക്കുന്നു. താഴത്തെ നിലയില്‍ പ്രായമായവരാണ്. ഇവിടെ രോഗമുള്ള ഞങ്ങളെയെല്ലാവരേയും പരിചരിക്കാന്‍ രോഗമില്ലാത്ത ഒരു കെയര്‍ ടേക്കറില്ല എന്നിടത്താണ് പ്രശ്നം.
കേരളത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലേക്കു കയറിക്കഴിഞ്ഞു. 13864 രോഗികളില്‍ നാലു ശതമാനത്തോളം പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ലക്ഷത്തോളംപേര്‍ വീടുകളില്‍തന്നെ പരിചരണത്തിലാണെന്നര്‍ഥം. രോഗം ഗുരുതരമായി ബാധിക്കാത്ത, ഇത്തരം പരിചരണങ്ങളില്‍ പരിചയമുള്ള ഒരാള്‍ വീട്ടുലുണ്ടെങ്കില്‍ പ്രശ്നമില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ ആശുപത്രിയെത്തന്നെ ആശ്രയിക്കേണ്ടിവരും. അച്ഛനും അമ്മയും ചെറിയ രണ്ടു കുട്ടികളുമുള്ള വീട്ടില്‍ നാലുപേര്‍ക്കും കോവിഡ് വരികയും അച്ഛനമ്മമാര്‍ക്ക് അല്‍പം പ്രശ്നവുമാണെങ്കില്‍ ആ കുട്ടികളെ ആരു പരിചരിക്കുമെന്നതാണ് ചോദ്യം. തങ്ങളുടെ രോഗാവസ്ഥയും ക്ഷീണവും അവഗണിച്ച് അച്ഛനമ്മമാര്‍ തന്നെവേണം ഇതൊക്കെ ചെയ്യാന്‍. ഈ അവസ്ഥ ഇപ്പോള്‍തന്നെ പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.
മൂന്നാംതരംഗത്തില്‍ കോവിഡ് വളരെ പെട്ടെന്നാണ് വ്യാപിക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിനുമേലാണ്. അതായത് ടെസ്റ്റ് ചെയ്യുന്നതില്‍ മൂന്നിലൊരാള്‍ക്കെങ്കിലും രോഗമുണ്ട്. ഇതത്രയും ഒമിക്രോണ്‍ വകഭേദമാണോ എന്നറിയില്ല. ആകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ഒമിക്രോണ്‍ അത്ര അപകടകാരിയല്ലാത്തതിനാല്‍ അക്കാര്യത്തില്‍ ആശങ്കയ്ക്ക് സ്ഥാനവുമില്ല. പക്ഷേ, ഇനിയുള്ള മൂന്നാഴ്ച വളരെ നിര്‍ണായകമാണ്. ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
രോഗം വന്ന ഗുരുതരമല്ലാത്തവരെ വീട്ടില്‍ തന്നെ പരിചരിക്കുകയെന്ന രീതി ഒന്നാം തരംഗത്തിന്റെ അവസാനഘട്ടത്തിലാണ് നാം വികസിപ്പിച്ചത്. രോഗത്തിന്റെ തുടക്കത്തില്‍ എല്ലാവരേയും ആശുപത്രികളിലോ ഫസ്റ്റ് ലൈന്‍ ട്രീമെന്റ് കേന്ദ്രങ്ങളിലോ ആണ് പാര്‍പ്പിച്ചത്.
രണ്ടാം തരംഗത്തിലെത്തിയപ്പോഴേക്കും ഗൃഹപരിചരണത്തിന്റെ തോത് വര്‍ധിപ്പിച്ചു. 'എ' കാറ്റഗറിയില്‍പെട്ടവര്‍ വീട്ടില്‍തന്നെ നിന്നാല്‍ മതിയെന്ന തീരുമാനം പലതരത്തിലും ഗുണകരമായി. രോഗമുള്ളവര്‍ ഒരു മുറിയില്‍ ഒറ്റയ്ക്കു കഴിയുകയും മറ്റുള്ളവര്‍ അവരുടെ അടുത്തെത്താതെ തന്നെ പരിചരിക്കുകയുമായിരുന്നു രീതി. അന്ന് പതിനാലു ദിവസത്തിലേറെ ക്വാറന്റീന്‍ വേണമായിരുന്നു. ഇപ്പോഴത് ഏഴുദിവസം മതി. ആ ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സാധാരണ ജലദോഷപ്പനിയെന്നപോലെ പുറത്തിറങ്ങി നടക്കരുതെന്നര്‍ഥം.
ഗൃഹപരിചരണത്തില്‍ ഏറ്റവും പ്രധാന റോള്‍ വഹിക്കുന്നത് രോഗിയെ പരിചരിക്കുന്ന ആള്‍തന്നെയാണ്. അങ്ങനെയൊരാളില്ലെങ്കില്‍ ഗൃഹപരിചരണംകൊണ്ട് ഗുണമുണ്ടാകില്ല. രോഗിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യും. കോവിഡിന്റെ ഇപ്പോഴത്തെ തരംഗത്തില്‍ രോഗിക്ക് നേരത്തേതുപോലെ ഗുരുതരമായ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും പരിചരിക്കാന്‍ ഒരാളില്ലാതെ വരുന്നുവെന്നതാണ് പ്രതിസന്ധി. ഒരു വീട്ടില്‍ എല്ലാവര്‍ക്കും ഒരുപോലെ രോഗം വന്നാലെന്തുചെയ്യും?
ഹോം സെല്‍ഫ് കെയര്‍ എന്നൊരു സംവിധാനം വികസിപ്പിക്കുകയാണ് ഈ സാഹചര്യത്തില്‍ ചെയ്യാനാകുക. രോഗികളുടെ കൂട്ടത്തില്‍ നില്‍ക്കുകയെന്നത് പുറത്തുനിന്നുള്ള കെയര്‍ ടെക്കറെ സംബന്ധിച്ചിടത്തോളം റിസ്‌കുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് സാധിക്കുന്നവരൊക്കെ ഹോം സെല്‍ഫ് കെയര്‍ എന്ന രീതിയിലേക്ക് മാറേണ്ടത്. ഞാന്‍ അതാണിപ്പോള്‍ പരിശീലിച്ചുനോക്കുന്നത്. രോഗം സ്ഥിരീകരിക്കുകയും കാറ്റഗറി 'എ' ആയിരിക്കുകയും ചെയ്യുന്നവര്‍ക്കാണിത് ബാധകമെന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ. അറുപതിനുമേല്‍ പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഇതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. കെയര്‍ ടേക്കറുള്ള ഹോം കെയറോ ആശുപത്രിയോ ആണ് അത്തരക്കാര്‍ക്ക് നല്ലത്. ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കാണ് ഏറ്റവുമധികം സെല്‍ഫ് കെയര്‍ ആവശ്യമുള്ളത്. ഒന്നിലേറെപ്പേര്‍ രോഗബാധിതരാണെങ്കില്‍ പരസ്പരം നിരീക്ഷിക്കണം. രോഗം വന്നവര്‍ക്കു മാത്രമായി ഒരു കൂട്ടായ്മ ഉണ്ടാക്കി ഒരിടത്തു കഴിയാം.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തില്‍ മാത്രമാണ് പുറത്തുനിന്ന് സഹായം വേണ്ടിവരിക. ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ഒരു മുറിയില്‍ ഒറ്റയ്ക്കു കഴിയേണ്ടി വരുമ്പോള്‍. വീട്ടിലെല്ലാവര്‍ക്കും രോഗമുണ്ടെങ്കില്‍, അതിലൊരാള്‍ക്ക് ഈവക ജോലികള്‍ സാധ്യമാണെങ്കില്‍ ചെയ്യാം. എങ്കിലും ഏറ്റവും കുറഞ്ഞ അധ്വാനത്തില്‍ ഒരാഴ്ച കഴിഞ്ഞുകിട്ടുക എന്നത് പ്രധാനമാണ്. നഗരങ്ങളില്‍ ഭക്ഷണത്തിന് വലിയ പ്രശ്നമുണ്ടാകില്ല. ഓണ്‍ലൈന്‍ സംവിധാനംവഴി ആവശ്യമായ ഭക്ഷണം എത്തിക്കാനാകും. ഗ്രാമങ്ങളില്‍ കമ്യൂണിറ്റി കിച്ചനുകളോ നേരിട്ടറിയാവുന്ന ഭക്ഷണശാലകളോ ആകും ഇതിനായി സഹായിക്കുക. ഇക്കാര്യത്തിലാണ് സാമൂഹിക ഇടപെടല്‍ വേണ്ടിവരിക. രോഗബാധിതരുള്ള വീടുകളിലെ ഭക്ഷണകാര്യങ്ങളില്‍ പഴയതുപോലെ പൊതുസമൂഹം ശ്രദ്ധ ചെലുത്തുന്നതും നല്ലതാണ്. പ്രത്യേകിച്ച് ഗ്രാമങ്ങളില്‍.
വെന്റിലേഷനുള്ളതും ഫാനുള്ളതുമായ മുറികള്‍വേണം കഴിയുന്നതും ഉപയോഗിക്കാന്‍. പള്‍സ് ഓക്സിമീറ്ററും പനി നോക്കാന്‍ തെര്‍മോമീറ്ററും കരുതണം. തനിച്ചു താമസിക്കുന്നവര്‍ പ്രത്യേകിച്ചും. തൊണ്ടവേദനയും ജലദോഷവുമുണ്ടാകുമെന്നതിനാല്‍ ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒറ്റയ്ക്കു കഴിയുന്നവര്‍ വെള്ളം ചൂടാക്കാന്‍ ഇന്‍ഡക്ഷന്‍ കുക്കറോ മറ്റോ കരുതണം. കുടിക്കാനും ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യാനും ചൂടുവെള്ളം വേണമല്ലോ.
പാരസെറ്റമോളും മള്‍ട്ടി വൈറ്റമിന്‍ ടാബ്ലെറ്റുകളുമാണ് മരുന്നായി വേണ്ടിവരിക. അസിത്രോമൈസിന്‍ പോലുള്ള ഗുളികകളും ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത്തരം കാര്യങ്ങളില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയും മരുന്നുകള്‍ കരുതുകയും ചെയ്യണം.
ഒരുമിച്ചു താമസിക്കുമ്പോള്‍ സ്വന്തമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗത്തിന്റെ തീവ്രത ഏറ്റവും കുറഞ്ഞവര്‍ രോഗതീവ്രത കൂടിയവരെ നിരീക്ഷിക്കുന്ന രീതിയാണ് ഉത്തമം. പള്‍സ് ഓക്സി മീറ്ററും ശരീര താപനിലയും മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് പരിശോധിച്ച് ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തി രോഗാവസ്ഥ നിരീക്ഷിക്കാം. സാച്വുറേഷന്‍ 94ല്‍ താഴെപ്പോയാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് ഉപദേശം തേടാനാകണം. ശ്വാസംമുട്ട്, നെഞ്ചുവേദന, ബോധക്ഷയം പോലെ എന്തെങ്കിലുമുണ്ടായാല്‍ ആശുപത്രിയില്‍ എത്തുന്നതിന് ആംബുലന്‍സ് സംവിധാനത്തെ ആശ്രയിക്കാം. വസ്ത്രം കഴുകുന്നതും മറ്റും വാഷിംഗ് മെഷീന്‍ ഉണ്ടെങ്കിലേ ചെയ്യാവൂ. മറ്റ് ആയാസകരമായ പ്രവൃത്തികള്‍ ഈ ഒരാഴ്ച ഒഴിവാക്കുകതന്നെ വേണം.
Content Highlights: Corona Virus, Covid19, Second time covid positive Dr.S.S. Santhoshkumar says about Home Self Care
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..