എം.ബി.ബി.എസ്. ഒന്നാം വര്‍ഷം ഫിസിയോളജി ലാബില്‍ ചെറിയ പരീക്ഷണങ്ങള്‍ ഒക്കെ നടത്തുന്ന പരിപാടിയുണ്ട്. അതില്‍ എല്ലാവരുടെയും പേടിസ്വപ്നമാണ് സ്വന്തം രക്തഗ്രൂപ്പ് പരിശോധിക്കുന്ന ദിവസം. സൂചിയും കത്തിയും കോടാലിയുമൊന്നും പുത്തരിയല്ലെങ്കിലും സ്വന്തം വിരലില്‍ കുത്തി ഒരു തുള്ളി രക്തം ഞെക്കിപ്പിഴിഞ്ഞെടുത്ത് പരിശോധന നടത്തുന്നത് ആലോചിക്കുമ്പോള്‍ ചെറിയ ഒരു കൈ വിറ വരാറുണ്ട് എല്ലാവര്‍ക്കും. അതിനെ മറികടക്കാന്‍ കണ്ടെത്തുന്ന മാര്‍ഗമാണ് പരസ്പരം കുത്തി സഹായിക്കല്‍.
എന്നാല്‍, ജഗന്നാഥന്‍ ധാരവിയിലെ ചേരി ഒഴിപ്പിക്കുന്ന ലാഘവത്തോടെ സ്വന്തം വിരലില്‍ നിന്നും രക്തം കുത്തിയെടുത്ത 'K. K. Joseph' ആയിരുന്നു അബ്ദുല്‍ ഖാദിര്‍. അവന്റെ ധൈര്യത്തെയും കൂസലില്ലായ്മയെയും അന്നെല്ലാവരും വാനോളം പുകഴ്ത്തി.
അടുത്ത ദിവസത്തെ പരീക്ഷണം Ishihara Chart ആയിരുന്നു. പല വര്‍ണങ്ങളിലുള്ള വട്ടങ്ങള്‍ കൊണ്ട് അക്കങ്ങള്‍ എഴുതിയ ഒരു പുസ്തകമാണ് സംഭവം. എല്ലാവരും അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതിനിടയിലാണ് ചിലര്‍ അത് ശ്രദ്ധിച്ചത്: അബ്ദുല്‍ ഖാദിര്‍ ആകെ തകര്‍ന്നിരിക്കുന്നു. അവന്റെ കൂട്ടുകാരന്‍ ഒന്നും പറയാനാവാതെ പരിഭ്രമിച്ച് അരികില്‍ നില്‍ക്കുന്നു. അബ്ദുല്‍ ഖാദിര്‍ കണ്ടിരുന്ന അക്കങ്ങളും മറ്റുള്ളവര്‍ കണ്ടിരുന്ന അക്കങ്ങളും വ്യത്യസ്തമായിരുന്നു. താന്‍ ചില നിറങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്ന സത്യം അബ്ദുല്‍ ഖാദിര്‍ മനസ്സിലാക്കിയത് അന്നായിരുന്നു. 18 വയസ്സ് വരെ അങ്ങനെ ഒരു പ്രശ്‌നം തനിക്കുള്ള കാര്യം പുള്ളി അറിഞ്ഞിരുന്നില്ല.
കോവിഡ് മഹാമാരിയുടെ കാലത്ത് കാഴ്ചയില്‍ നിന്ന് വര്‍ണങ്ങള്‍ എടുത്തുമാറ്റപ്പെട്ട ഒരുപാട് പേര്‍ക്ക് മുന്നിലേക്ക് ഒരു സദ്വാര്‍ത്ത എത്തുകയുണ്ടായി.
നിറങ്ങള്‍ മാഞ്ഞുപോയ ഒരു ലോകത്തെ പറ്റി എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉടുക്കുന്ന വസ്ത്രത്തിനോ അണിയുന്ന ആഭരണത്തിനോ, ചെടികള്‍ക്ക്, പൂക്കള്‍ക്ക്, മിന്നുന്ന വെട്ടത്തിന്... സര്‍വ്വചരാചരങ്ങള്‍ക്കും, എന്തിന് ആഹാരത്തിന് പോലും നിറമില്ലാത്ത ഒരവസ്ഥ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് പലതരം കിരണങ്ങള്‍ പ്രവഹിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഈ കിരണങ്ങള്‍ വ്യത്യസ്ത തരംഗദൈര്‍ഘ്യത്തില്‍ (wave length) ആണ് ഉള്ളത് എന്നും. ഇവയില്‍ 400nm നും 700nm നും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള രശ്മികളുടെ കൂട്ടത്തെയാണ് 'കാഴ്ചയുടെ വര്‍ണ്ണരാജി' (visible spectrum) എന്ന് പറയുന്നത്.
ഈ പരിധിയില്‍പെടുന്ന തരംഗദൈര്‍ഘ്യത്തിലുള്ള രശ്മികള്‍ക്ക് മാത്രമേ നമുക്ക് നിറാനുഭൂതി നല്‍കാനാവുകയുള്ളൂ. നിറങ്ങളുടെ ലോകം ഉണ്ടാകാന്‍ കാരണം നമ്മുടെ കണ്ണിനുള്ളിലെ കാഴ്ചപടലമായ റെറ്റിനയിലെ (Retina) പ്രത്യേകകോശങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. കോണുകള്‍ (cone cells) എന്നാണ് അവ അറിയപ്പെടുന്നത്.
കോണുകളില്‍ എടുത്തു പറയേണ്ടവ മൂന്ന് കൂട്ടങ്ങള്‍(set) ആണ്. 400nm-500nm തരംഗദൈര്‍ഘ്യത്തില്‍ ഉത്തേജനം സംഭവിക്കുന്ന നീല കോണ്‍കോശങ്ങളും, 450nm 630nm തരംഗദൈര്‍ഘ്യത്തില്‍ ഉത്തേജനം കൊള്ളുന്ന പച്ച കോണ്‍ കോശങ്ങളും, 500nm- 700nm തരംഗദൈര്‍ഘ്യത്തില്‍ ഉത്തേജനം കൊള്ളുന്ന ചുവന്ന കോണ്‍ കോശങ്ങളും ആണ് ഇവ. ഒരു നിറത്തിനോ നിറക്കൂട്ടിനോ വേണ്ടി കോണ്‍ കോശങ്ങള്‍ പ്രവര്‍ത്തനനിരതമാകുമ്പോഴാണ് ആ നിറം കാണുക എന്ന അനുഭൂതി നമുക്ക് ലഭ്യമാകുന്നത്.
കണ്ണിലേക്കു പ്രതിഫലിച്ച് എത്തുന്ന കിരണങ്ങളുടെ തരംഗദൈര്‍ഘ്യങ്ങള്‍ക്ക് അനുസരിച്ചു മേല്‍പ്പറഞ്ഞ കോണ്‍കോശങ്ങള്‍ (cone cells) വ്യത്യസ്ത അളവില്‍ ഉത്തേജിക്കപ്പെടുന്നു. കാഴ്ചയുടെ സംവേദന നാഡികളിലൂടെ ഈ സിഗ്‌നലുകള്‍ തലച്ചോറിലെ ഉന്നതകേന്ദ്രങ്ങളിലേക്ക് എത്തുകയും അവിടെ വെച്ച് മേല്‍ പറഞ്ഞ പ്രാഥമിക നിറങ്ങളുടെ 'മിക്‌സിങ്ങ്' സംഭവിക്കുകയും ചെയ്യുന്നു.
ഏത് നിറം കാണുന്ന അനുഭൂതി ലഭിക്കാനും പ്രാഥമിക നിറങ്ങള്‍ (ചുകപ്പ്, നീല, പച്ച),വിവിധ അളവില്‍ സംയോജിച്ചാല്‍ മതിയല്ലോ..
നവജാതശിശുവിന് അഞ്ച് മാസമാകുന്നതോടെ കൂടി വിവിധ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ആ സമയത്ത് കളിപ്പാട്ടങ്ങളിലെ പല നിറങ്ങളിലും കുഞ്ഞുങ്ങള്‍ സൂക്ഷ്മതയോടെ നോക്കി നില്‍ക്കുന്നത്.ഈ സമയത്ത് പല നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞുങ്ങളുടെ കാഴ്ചമണ്ഡലത്തില്‍ വയ്ക്കുന്നത് നല്ലതാണ്.
നിറങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയാണ് വര്‍ണാന്ധത (Colour Blindness) എന്നു പറയുന്നത്.വര്‍ണാന്ധത വരുമ്പോള്‍ ഏതെങ്കിലും ഒരു നിറമോ അല്ലെങ്കില്‍ ഒന്നിലധികം നിറങ്ങളോടോ അന്ധത ഉണ്ടാകാം. ഉദാ:-ചുകപ്പ്-പച്ച വര്‍ണാന്ധത, നീല-പച്ച വര്‍ണാന്ധത,പച്ച-മഞ്ഞ വര്‍ണാന്ധത. ചുകപ്പ്-പച്ച വര്‍ണാന്ധതയാണ് ഏറ്റവും കൂടുതല്‍ (95 ശതമാനം) കാണപ്പെടുന്നത്.
മിക്കവരിലും ജനിതകപരമായ കാരണംകൊണ്ട് അഥവാ ജന്മനാ ഉണ്ടാകുന്നതാണ്, എങ്കിലും ആര്‍ജിതമായും വര്‍ണാന്ധത കണ്ടുവരാറുണ്ട്.
പുരുഷന്‍മാരെയാണ് ഈ അസുഖം കൂടുതല്‍ ബാധിക്കുക. ലോകത്ത് പുരുഷന്‍മാരില്‍ 5 മുതല്‍ 8 ശതമാനം പേരെയും സ്ത്രീകളില്‍. 0.5 മുതല്‍ 1 ശതമാനം വരെയും പേരെ ബാധിച്ച രോഗമാണ് വര്‍ണാന്ധത.
കാഴ്ച ഞരമ്പിനോ, പ്രധാനമായും പീതബിന്ദുവിലോ(yellow spot) നാശനഷ്ടം സംഭവിക്കുന്നത് മൂലമാണ് ആര്‍ജിത വര്‍ണാന്ധത ഉണ്ടാകുന്നത്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. അരിവാള്‍ രോഗം (sickle cell anemia),പ്രമേഹം, ഗ്ലോക്കോമ, അല്‍ഷിമേഴ്‌സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, മദ്യപാനം, ലുക്കീമിയ, ചില മരുന്നുകളുടെ ദീര്‍ഘനാളായുള്ള ഉപയോഗം എന്നിവ ചില ഉദാഹരണങ്ങളാണ്. പ്രായാധിക്യം കൊണ്ട് നേത്രഗോളത്തിന് ഉള്ളിലെ ലെന്‍സിലെ ചില മാറ്റങ്ങള്‍ കൊണ്ടും ചിലരില്‍ വര്‍ണ്ണാന്ധത ഉണ്ടാകാറുണ്ട്.
വര്‍ണാന്ധത പരിശോധിക്കാനായി നേത്ര വിഭാഗം ഒ.പിയിലും മറ്റും ഒരു ബുക്ക് വെച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. ആ ബുക്കില്‍ പല നിറത്തിലുള്ള പേജുകളില്‍ ഒളിഞ്ഞിരിക്കുന്ന നമ്പരുകള്‍ വര്‍ണ്ണാന്ധത ഉള്ളവര്‍ക്ക് തീവ്രതയനുസരിച്ച് വായിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഡ്രൈവിങ് ലൈസന്‍സിനും മറ്റും ചെയ്യുന്നത് ഈ ടെസ്റ്റ് ആണ്. ഇഷിയാര ചാര്‍ട്ട് (Ishihara chart ) എന്നാണ് അതിന് പേര്. ഇന്നിപ്പോള്‍ ചാര്‍ട്ടിന് ബദലായി മൊബൈല്‍ ആപ്പ് വഴിയും ടെസ്റ്റ് ചെയ്യുന്നുണ്ട്.
അധികപേരിലുംലഘുവായ (Mild) പ്രശ്‌നമാണ് ഇത്. പരിശോധനാ സമയത്ത് മാത്രമേ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന് പോലും അറിയുകയുള്ളൂ. അഥവാ അത് അവരുടെ സാധാരണ ജീവിതത്തെ ഒട്ടും ബാധിച്ചിട്ടുണ്ടാകില്ല. മോഡറേറ്റ് (അല്പം കൂടിയ) തരം ആണെങ്കില്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു കളറോ ഷേഡോയോ ആണ് കാണുക.എങ്കിലും സാധാരണ പ്രവര്‍ത്തനങ്ങളെ അത് കാര്യമായി ബാധിക്കുകയില്ല. പ്രതിവിധി ഇല്ലെങ്കിലും വിവിധ അനുരൂപപ്പെടുത്തലുകള്‍ (adaptation technics) ഈ രോഗമുള്ളവര്‍ക്ക് സഹായകമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഇഷിഹാര ടെസ്റ്റ് വഴി സ്‌കൂള്‍ ടീച്ചര്‍മാര്‍ക്ക് വര്‍ണാന്ധത കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റുകള്‍ ചെയ്യാവുന്നതാണ്. അതുവഴി കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളിലെ വര്‍ണപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും അതുമായി തദാത്മ്യപ്പെടുന്നതിനും വര്‍ണാന്ധതയുള്ള കുട്ടികളെ സഹായിക്കാനും അധ്യാപകര്‍ക്ക് കഴിയും. ചുവപ്പ്-പച്ച വര്‍ണാന്ധത കൂടുതല്‍ ഉള്ളവര്‍ക്ക് പ്രത്യേക ലെന്‍സുകളും, എല്ലാതരം വര്‍ണാന്ധതയ്ക്കും സഹായകമായ മൊബൈല്‍ ആപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.
ട്രാഫിക് സിഗ്‌നല്‍ പോലുള്ള കാര്യങ്ങളില്‍ ചുവപ്പ് മഞ്ഞ പച്ച മുതലായ ലൈറ്റുകള്‍ക്ക് ഒരു ക്രമമുണ്ട്, അവയുടെ സ്ഥാനം വെച്ച് സിഗ്‌നല്‍ പാലിക്കാന്‍ ഇവര്‍ക്ക് കഴിയും. കൂടാതെ മറ്റു ദൈനംദിനപ്രവര്‍ത്തികളെയും അനുരൂപപെടുത്താന്‍ അവര്‍ക്ക് സാധിക്കും.
ഫിസിക്കല്‍ ഫിറ്റ്‌നസിന് ഉള്ള ഫോം 1, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോം 1 എ (ചോദ്യം 3.B) എന്നിവയില്‍ വര്‍ണാന്ധത സംബന്ധിച്ച ചോദ്യത്തിലും പരിശോധനയിലും കുടുങ്ങിപ്പോയിരുന്ന കുറേ ആളുകളുണ്ട്. അത് പ്രകാരം പ്രാഥമിക നിറങ്ങളായ പച്ച, ചുവപ്പ് മുതലായ നിറങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തവരെ ഒഴിവാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഈ പ്രശ്‌നം അധികം പേരിലും പരിശോധനാ സമയത്ത് മാത്രമേ അറിയുകയുള്ളൂ. ഇവരെ പൂര്‍ണാന്ധരായി പരിഗണിച്ചിരുന്നു. ഇത് മൂലം മിക്ക വ്യക്തികള്‍ക്കും ലൈസന്‍സ് കിട്ടുക പാടായിരുന്നു.
ഇപ്പോള്‍ 24/7/2020 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ (GSR401(E)dated-24-Jun-2020-regarding-color-blindness) ലഘുവായതോ (Mild)അല്പം കൂടിയതോ (Moderate) ആയ വര്‍ണാന്ധതയുള്ള വ്യക്തികള്‍ക്ക് ലൈസന്‍സ് ലഭിക്കും.
നേരത്തെ പറഞ്ഞ ഫോം 1ലെ ചോദ്യവും ഫോം 1 എ യിലെ ചോദ്യം 3ബി യും ഈ ഭേദഗതി പ്രകാരം ഒഴിവാക്കി. പകരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റില്‍ അഞ്ചാമത്തെതായി 'അപേക്ഷകന്റെ വര്‍ണങ്ങള്‍ കാണാനുള്ള കഴിവ് ഇഷിഹാര ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കുകയും അതില്‍ അവര്‍ക്ക് ഗുരുതരമായതോ മുഴുവനായുള്ളതോ ആയ വര്‍ണാന്ധത ഇല്ല എന്ന് മനസ്സിലാകുന്നു' എന്ന വാചകമാണ് ചേര്‍ത്തിട്ടുള്ളത്. കൂടാതെ ഏതെങ്കിലും അളവില്‍ വര്‍ണാന്ധത ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സില്‍ അക്കാര്യം രേഖപ്പെടുത്തും.
ഇതുപ്രകാരം ഇനിമുതല്‍ ഭാഗിക വര്‍ണാന്ധത ഉള്ളവര്‍ക്കും വാഹനമോടിക്കാന്‍ അനുമതി ലഭിക്കും. പൂര്‍ണമായും വര്‍ണാന്ധത ഉള്ളവരെ മാത്രമേ ഇനി ഒഴിവാക്കുകയുള്ളൂ. നിലവിലെ വിജ്ഞാപനത്തില്‍ പുതിയ പരിശോധനയിലും ഇഷിഹാര ചാര്‍ട്ട് അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള ശാസ്ത്രീയ പരിശോധനയാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ദീര്‍ഘകാലമായി വര്‍ണാന്ധതയുള്ള ആളുകളുടെ ആവശ്യമായിരുന്നു ഇത്.
കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ ഈ ഭേദഗതി വരുത്തിയതുവഴി ഒരുപാട് കാലം ജീവിതം മങ്ങിയ കണ്ണുകളില്‍ സ്വാതന്ത്ര്യത്തിന്റെ നിറം ചാലിക്കപ്പെടട്ടേ എന്ന് ആശംസിക്കുന്നു !
Content Highlight: Colour Blindness you needs to know, Health