ത്രവാര്‍ത്തകളില്‍ വീണ്ടും ഇടം നേടിക്കഴിഞ്ഞു കുഴഞ്ഞുവീണുള്ള മരണം. പ്രത്യേകിച്ച് ഒരു കാരണവും പ്രത്യക്ഷത്തില്‍ പ്രകടമാവാത്ത വിധത്തില്‍ ഇങ്ങനെ കുഴഞ്ഞു വീഴുന്നതിന്റെ കാരണമെന്താവും? പെട്ടന്ന് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ കൂടെയുള്ളവര്‍ എന്ത് ചെയ്യണം?

മുരളി തുമ്മാരുകുടി എഴുതുന്നു..

ഒരിക്കല്‍ കൂടി ആ കാഴ്ച കണ്ടു. ആളുകളുടെ മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെ ചിത്രം. അദ്ദേഹം മരിച്ചുവെന്നാണ് വായിച്ചത്.

ഇത് ആദ്യമായിട്ടല്ല. പത്ര സമ്മേളനത്തിനിടക്കാണ് പ്രൊഫസര്‍ എം എന്‍ വിജയന്‍ കുഴഞ്ഞു വീണു മരിച്ചത്. കഥകളിയും നാടകവും ഒക്കെ കളിക്കുന്നതിനിടയിലും ആളുകള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണക്കാര്‍ മാത്രമല്ല നമ്മുടെ മുന്‍ പ്രസിഡണ്ട് ആയിരുന്ന ഡോക്ടര്‍ അബ്ദുല്‍ കലാമും അങ്ങനെയാണ് മരിച്ചത്.

നമ്മുടെ മുന്നില്‍, വീട്ടിലോ പൊതു സഥലത്തോ ഒരാള്‍ കുഴഞ്ഞു വീണാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളില്‍ ബഹുഭൂരിഭാഗത്തിനും അറിയില്ല. അറിഞ്ഞാല്‍ തന്നെ അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകില്ല. ഇക്കാര്യങ്ങള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇത്തരം സാഹചര്യങ്ങളില്‍ ചുറ്റുമുള്ളവര്‍ ആരെങ്കിലും ഇടപെട്ട് ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുള്ള സാധ്യത ഇരുപത് ശതമാനം മാത്രമാണ്.

സംഗതി വാസ്തവത്തില്‍ ലളിതമാണ്. കുഴഞ്ഞുവീണ ആളെ അയാള്‍ക്കും നിങ്ങള്‍ക്കും സുരക്ഷിതമായ രീതിയില്‍ എവിടെയെങ്കിലും മലര്‍ത്തി കിടത്തിയിട്ട് പള്‍സ് ചെക്ക് ചെയ്യുക, ശേഷം നെഞ്ചത്ത് ഇരു കൈകളും ചേര്‍ത്ത് അമര്‍ത്തുക. പണ്ടൊക്കെ ഇടക്ക് കൃത്രിമ ശ്വാസം നല്‍കാന്‍ കൂടി നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അപരിചിതരുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുവെന്നും അതുകൊണ്ടു തന്നെ ആളുകള്‍ എന്തെങ്കിലും ചെയ്യാന്‍ മടിക്കുന്നു എന്നും മനസ്സിലായതോടെ ഇപ്പോള്‍ ആ നിര്‍ദ്ദേശം ഇല്ല.

നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കുഴഞ്ഞു വീഴുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ആളുകളെ രക്ഷിക്കേണ്ടതെന്ന്. കൂടുതല്‍ പ്രധാനം നമ്മുടെ ചുറ്റും ഉള്ളവര്‍ അത് അറിഞ്ഞിരിക്കുക എന്നതാണ്. കാരണം നമ്മള്‍ കുഴപ്പത്തില്‍ ആയാല്‍ അവര്‍ക്കേ നമ്മളെ രക്ഷിക്കാന്‍ കഴിയൂ.

 

Read More: കളിയരങ്ങില്‍ കുഴഞ്ഞുവീണുമരണം: കാരണങ്ങള്‍ അറിയാം

ഇത്തരം പരിശീലനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടതാണ്. നമ്മുടെ ഓഫിസുകളിലും റെസിഡന്റ്‌റ് അസോസിയേഷനിലും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ക്ലാസുകള്‍ നടത്തണം. അടുത്ത ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോള്‍ അന്തം വിട്ടു നോക്കി നിന്നാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ കുറ്റബോധം ഉണ്ടാകും.

ഇപ്പോള്‍ ഈ വിഷയം പഠിപ്പിക്കാന്‍ ഒരു നല്ല മൊബൈല്‍ ആപ്പ് ഉണ്ട്. Lifesaver എന്നാണ് അതിന്റെ പേര്. നിങ്ങള്‍ അത് തീര്‍ച്ചയായും ഡൌണ്‍ലോഡ് ചെയ്ത് വീട്ടുകാരെയും കുട്ടികളെയും കാണിച്ചുകൊടുക്കണം. മൊബൈല്‍ ഫോണ്‍ വച്ച് തന്നെ പ്രാക്ടീസ് ചെയ്യണം. എപ്പോഴാണ് ആരുടെ ജീവനാണ് നിങ്ങള്‍ രക്ഷപെടുത്താന്‍ പോകുന്നതെന്ന് അറിയില്ലല്ലോ.

(വെള്ളത്തില്‍ മുങ്ങി ശ്വാസം നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രഥമ ശുശ്രൂഷയും ഇത് തന്നെയാണ്. അവരെ മലര്‍ത്തിക്കിടത്തിയോ കമിഴ്ത്തിക്കിടത്തിയോ കുടിച്ച വെള്ളം മുഴുവനും പുറത്തുകളയാന്‍ ശ്രമിക്കണം എന്നൊക്കെയാണ് ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചത്. മണ്ടത്തരമാണെന്ന് ഇപ്പോള്‍ എനിക്കറിയാം)

Content Highlight: Collapse and Dies, Fainted, Collapsed, Fatigue and death,Causes of fainting