ഴിഞ്ഞ ദിവസമാണ് ഷട്ടില്‍ കളിക്കുന്നതിനിടെ സീരിയല്‍താരം ശബരീനാഥ് കുഴഞ്ഞുവീണ് മരിച്ച  വിവരം വാര്‍ത്തകളില്‍ നിറയുന്നത്. ഹൃദയാഘാതമായിരുന്ന മരണകാരണം. ഇതിനു പിന്നാലെ മരണത്തിനിടയാക്കിയതെന്താവാം എന്നതു സംബന്ധിച്ച് നിരവധി ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയില്‍ പലതും ശാസ്ത്രവിരുദ്ധവും അടിസ്ഥാനരഹിതവുമായിരുന്നു. ഈ വിഷയത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെക്കുകയാണ് ഡോ.സുനില്‍ പി.കെ. അശാസ്ത്രീയമായ വിവരങ്ങള്‍ പങ്കുവച്ച ആശങ്ക സൃഷ്ടിക്കുകയല്ല വേണ്ടതെന്നു പറയുകയാണ് അദ്ദേഹം . കായിക വിനോദങ്ങള്‍ക്കിടെ മരണം സംഭവിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും നാല്‍പ്പതു കഴിഞ്ഞവര്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഡോ.സുനില്‍ പി.കെ

കുറിപ്പിലേക്ക്...

' എന്നേം മക്കളേം ഓര്‍ത്തെങ്കിലും നിങ്ങള് ഇനി മേലില്‍ ഷട്ടില്‍ കളിക്കാന്‍ പോകരുത്' ഇന്നലെ വൈകീട്ട് ഷട്ടില്‍ കളിക്കാനിറങ്ങിയ ഭര്‍ത്താവിനെ തടഞ്ഞ് ഭാര്യ പറഞ്ഞതാണ്. ഡോക്ടര്‍ കൂടെയായ ഭര്‍ത്താവ് തന്നാലാവും വിധം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഭാര്യ വഴങ്ങുന്നില്ല. വാട്‌സാപ്പില്‍ ഒരു ന്യൂറോളജിസ്റ്റിന്റേതായി വന്ന വീഡിയോ കണ്ടതിന്റെ പരിണത ഫലമായിരുന്നു ഇക്കണ്ടത്. നാല്‍പ്പത് വയസ്സ് കഴിഞ്ഞ, ഷട്ടില്‍ കളിക്കാറുണ്ടായിരുന്ന, മറ്റു ചീത്ത സ്വഭാവങ്ങള്‍ ഇല്ലാതിരുന്ന ചിലര്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞതിനെ അടിസ്ഥാനപ്പെടുത്തി ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് നാല്‍പ്പത് കഴിഞ്ഞവരില്‍ അപായകരമായേക്കാം എന്നാണ് ആ ഡോക്ടര്‍ തന്റെ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയത്. ഒരു ഡോക്ടറുടെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍(ശ്രദ്ധിക്കുക ശാസ്ത്രീയമായ പഠനത്തില്‍ ഉരുത്തിരിഞ്ഞ നിരീക്ഷണങ്ങളോ പഠനങ്ങളോ അല്ല ) വാട്‌സാപ്പില്‍ വൈറലാവുകയും ആ ഡോക്ടര്‍ ഉദ്ദേശിച്ചതിനപ്പുറത്ത് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. ഇക്കാര്യം വിലയിരുത്തുന്നതിന് മുമ്പ് നമുക്ക് മറ്റ് ചില ചോദ്യങ്ങള്‍ക്കുത്തരം കാണാം.

മധ്യവയസ്‌കരിലെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്താണ് ? (പ്രത്യേകിച്ചും ഇത്തരത്തിലുള്ള കായിക വിനോദങ്ങള്‍ക്കിടെ )

ഹൃദയസംബന്ധമായ കാരണങ്ങളാണ് ഇത്തരം മരണങ്ങള്‍ക്ക് പ്രധാനമായും പങ്ക് വഹിക്കുന്നത്. കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ് പ്രധാന വില്ലന്‍. (സാധാരണക്കാരുടെ ഹാര്‍ട്ട് അറ്റാക്ക്.) ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി, ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന അസുഖങ്ങള്‍ (അരിത്മിയ ) തുടങ്ങിയവയാണ്  മറ്റു സഹവില്ലന്മാര്‍.

വ്യായാമം ഹൃദയാഘാത സാധ്യതകളെ തടയുമോ ?

അതറോസ്‌ക്ലീറോസിസ് അഥവാ ധമനികള്‍ ദൃഢീകരിച്ച് കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ പ്രായം ചെല്ലുന്തോറും കൂടി വരുന്നു.വ്യായാമം ഒന്നും ചെയ്യാതെ വെറുതെ അലസന്മാരായി ഇരിക്കുന്നത് ഇതിന് ആക്കം കൂട്ടുകയും ഹൃദയാഘാത സാധ്യതയും മരണനിരക്കും കൂട്ടുകയും ചെയ്യും. പതിവായ വ്യായാമം ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നാല്‍പ്പത് കഴിഞ്ഞവര്‍ വ്യായാമം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ ?

വ്യായാമം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റാന്‍ നാം ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. നാല്‍പ്പതു കഴിഞ്ഞവര്‍ ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യം 'പതുക്കെ തുടങ്ങുക, പതുക്കെ തുടരുക 'എന്നതാണ്. വ്യായാമം തുടങ്ങുന്ന വഴിയ്ക്ക് തന്നെ ആക്രാന്തം കാണിച്ച് ജിമ്മില്‍ പോയി മണിക്കൂറുകള്‍ ഭാരം ഉയര്‍ത്തുന്നതടക്കമുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടരുത്. ഇനി നടക്കാന്‍ തുടങ്ങുകയാണെങ്കിലും അമിത വേഗതയില്‍ അധിക ദൂരം ആദ്യ ദിനം തന്നെ നടക്കരുത്. ദിവസം 3045 മിനുട്ട് വീതമുള്ള മിതമായ എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്. പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളും ആഴ്ചയില്‍ 3 ദിവസം വീതം ചെയ്യാം. നടത്തം, ജോഗിംഗ് , നീന്തല്‍ തുടങ്ങിയവ എല്ലാം ഇത്തരത്തിലുള്ള വ്യായാമങ്ങളാണ്. ഡംബെല്‍സ് ഉപയോഗിച്ചുള്ള വ്യായാമങ്ങളും , പുഷ് അപ്‌സ്, സൂര്യനമസ്‌കാരം, സ്‌ക്വാറ്റിംഗ് തുടങ്ങിയവയും പേശികളെ ബലപ്പെടുത്താന്‍ ചെയ്യാവുന്ന വ്യായാമങ്ങളാണ്. എന്നാല്‍ അവനവന് യോജിക്കുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. 

ഷട്ടില്‍ ബാഡ്മിന്റണ്‍ നല്ല വ്യായാമമാണോ ? നാല്‍പ്പത് കഴിഞ്ഞവര്‍ ഇതൊഴിവാക്കേണ്ടതുണ്ടോ ?

ബാഡ്മിന്റണ്‍ ഒരു നല്ല വ്യായാമ രീതിയാണ്. പേശികളെ ബലപ്പെടുത്തുന്നതിനും അനാവശ്യ കലോറി ചിലവഴിക്കുന്നതിനും സഹായകമാകുന്ന ഒന്ന്. അതേസമയം ആവേശഭരിതരായി സ്വയംമറന്ന് ജയത്തിനായി ശ്രമിക്കുന്നതിനിടയില്‍ വിവിധ പരിക്കുകള്‍ (ഒടിവ്, ചതവ്, ലിഗമെന്റ് ഇഞ്ചുറി തുടങ്ങിയവ)വരുത്തിവെക്കാന്‍ ഇടയുള്ളതുമാണ് ഇത്. അതുകൊണ്ട് തന്നെ മെല്ലെ തുടങ്ങുക. തുടക്കത്തില്‍ കുറച്ച് സമയം മാത്രം കളിക്കുക. പതിയെ സമയം കൂട്ടിക്കൊണ്ടു വരാം. ശരാശരി ഒരു മണിക്കൂറിലധികം കളിക്കുന്നത് ബാഡ്മിന്റണ്‍ നിങ്ങള്‍ക്ക് ഒരു ശീലമായതിനു ശേഷം മാത്രം മതി. ഗുണനിലവാരമുള്ള ബാറ്റും ഷൂസുമെല്ലാം ഉപയോഗിക്കുന്നത് പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബാഡ്മിന്റണ്‍ കളിക്ക് വില്ലന്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കും മുമ്പ് നിത്യേന ബാഡ്മിന്റണ്‍ കളിക്കുന്ന ആയിരക്കണക്കിന് പേരില്‍ എത്ര പേര്‍ പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കാന്‍ ഇടയായിട്ടുണ്ട് എന്നും അതില്‍ തന്നെ നേരത്തേ മുതല്‍ ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ എത്ര പേര്‍ ഉണ്ട് എന്നുമൊക്കെ പഠന വിധേയമാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ വീഡിയോയില്‍ ആ ഡോക്ടര്‍ ബാഡ്മിന്റണ്‍ കളിയെ ഉദാഹരണത്തിനായി സൂചിപ്പിച്ചതാവാം. പക്ഷേ ഇത്തരത്തില്‍ കഠിനമായ പ്രയത്‌നം ആവശ്യമുള്ള ഏത് കായികവിനോദവും ചിലര്‍ക്ക് ഹാനികരമായേക്കാം. പക്ഷേ അതിനെ സാമാന്യവല്‍ക്കരിച്ചത് ആശങ്ക പടര്‍ത്താന്‍ കാരണമായി എന്നതാണ് വാസ്തവം.

" എന്നേം മക്കളേം ഓർത്തെങ്കിലും നിങ്ങള് ഇനി മേലിൽ ഷട്ടിൽ കളിക്കാൻ പോകരുത്" ഇന്നലെ വൈകീട്ട് ഷട്ടിൽ കളിക്കാനിറങ്ങിയ...

Posted by Sunil PK on Monday, September 21, 2020

 പ്രത്യേകം ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് ഇടയ്ക്ക് നെഞ്ചിടിപ്പ്, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, ശ്വാസം മുട്ട്, പെട്ടെന്ന് ക്ഷീണിക്കല്‍ എന്നിവയൊക്കെ ഉണ്ടെങ്കില്‍ ബാഡ്മിന്റണ്‍ ഉള്‍പ്പടെയുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടും മുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി ഹൃദയസംബന്ധമായ തകരാറുകള്‍ ഇല്ലെന്നുറപ്പ് വരുത്തുക. നാളെ നാല്‍പ്പതു കഴിഞ്ഞവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പെട്ടെന്ന് മരിക്കാനുള്ള സാധ്യത കൂടുമെന്ന് അനുഭവ സാക്ഷ്യം വന്നാല്‍ ആളുകള്‍ എന്തു ചെയ്യും എന്നാണ് എന്റെ ആലോചന !

Content Highlights: Causes of sudden unexpected death in middle aged people