-
ബാങ്കുകള്‍ സര്‍വ്വസാധാരണമാണ്. നമ്മുടെ കയ്യില്‍ പണം അധികമുണ്ടെങ്കില്‍ അത് ബാങ്കില്‍ നിക്ഷേപിക്കാം. ആവശ്യക്കാര്‍ക്ക് അവര്‍ പണം കടം കൊടുക്കും. നമുക്ക് തന്നെ പിന്നീട് ആവശ്യം വരികയാണെങ്കില്‍ കടമെടുക്കാം. ഇതാണ് ബാങ്കിങ്ങിന്റെ അടിസ്ഥാനം. അതിന് അനേകം വാണിജ്യ താല്‍പര്യങ്ങള്‍ ഇന്നുണ്ടെങ്കിലും.
വാണിജ്യ താല്‍പര്യം അടിസ്ഥാനമാക്കാതെയുള്ള മറ്റു ചില ബാങ്കുകള്‍ കൂടി നിലവിലുണ്ട്. രക്തബാങ്ക്, സ്‌പേം ബാങ്ക് എന്നിവയാണ് അവ. ഈ നിരയില്‍ നമുക്ക് അധികം പരിചയമില്ലാത്ത മറ്റൊരു ബാങ്ക് കൂടെയുണ്ട്. അതാണ് മുലപ്പാല്‍ ബാങ്ക്.
ആഗസ്ത് ഒന്നു മുതല്‍ ഏഴുവരെയുള്ള ഒരാഴ്ച മുലയൂട്ടല്‍ വാരമാണ്
- മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാവരെയും ബോധവല്‍ക്കരിക്കാനുള്ള സമയമാണിത്.
- ഒരു കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറുമാസം ആ കുഞ്ഞിന് മുലപ്പാല്‍ മാത്രം മതിയാകും.
- മറ്റു പാലുകളോ കുറുക്കു രൂപത്തിലുള്ള ഭക്ഷണങ്ങളോ അത് വരെ ആവശ്യമില്ല, ചികില്‍സാപരമായ കാരണങ്ങളില്ലെങ്കില്‍. കുഞ്ഞിന് മുലപ്പാല്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ മാത്രം മതിയാകും.
- സാധാരണ പ്രസവമാണെങ്കില്‍ അരമണിക്കൂറിനുളളിലും സിസേറിയന്‍ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും മുലയൂട്ടാന്‍ സാധിക്കും. പ്രസവത്തിന് മുമ്പ് തന്നെ അമ്മ അതിനെപ്പറ്റി ബോധവതിയായിരിക്കണം. എല്ലാ ആശുപത്രി ജീവനക്കാരും ഇക്കാര്യത്തെ പറ്റി മനസ്സിലാക്കിയിരിക്കണം, ഇത് പ്രാവര്‍ത്തികമാക്കാന്‍ അമ്മയെ സഹായിക്കുകയും വേണം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. ഉദാഹരണത്തിന്
- പ്രസവശേഷം കുഞ്ഞിനെ വേറെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടി വരികയും അമ്മ പ്രസവം നടന്ന ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരികയും ചെയ്താല്‍.
- തീരെ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ചികില്‍സയ്ക്കായി ഒന്നോ രണ്ടോ മാസമൊക്കെ ആശുപത്രിയില്‍ കഴിയേണ്ടിവരാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആകുലത കാരണം ചിലപ്പോള്‍ അമ്മക്ക് തീരെ പാലില്ലാത്ത അവസ്ഥ വരാം.
- കുഞ്ഞിന് മാസം തികഞ്ഞില്ലെങ്കിലോ ചില രോഗങ്ങള്‍ മൂലമോ മുലപ്പാല്‍ വലിച്ചു കുടിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. അമ്മമാര്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്താണ് ഇത്തരം അവസരങ്ങളില്‍ കുഞ്ഞിന് നല്‍കാറ്. എന്നാല്‍ ചില അമ്മമാര്‍ക്ക് ആവശ്യത്തിന് പാല്‍ പിഴിഞ്ഞെടുക്കാന്‍ സാധിക്കാറില്ല.
- പ്രസവശേഷം ചില അമ്മമാര്‍ക്ക് വിഷാദരോഗം (postpartum depression) ഉണ്ടാകാറുണ്ട്. ആ സമയത്ത് ചില അമ്മമാര്‍ കുഞ്ഞിനെ മുലയൂട്ടാന്‍ പറ്റിയ മാനസികാവസ്ഥയിലായിരിക്കില്ല.
- പ്രസവശേഷം അമ്മയ്ക്ക് കാര്യമായ അസുഖം ഉണ്ടെങ്കില്‍ താല്‍ക്കാലികമായി മുലപ്പാല്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. സാധാരണയായി ഇത്തരം അവസരങ്ങളില്‍ പൊടിപ്പാലാണ് കുഞ്ഞിന് നല്‍കാറുള്ളത്. എന്നാല്‍ ഇതിന് പല ദോഷങ്ങളുമുണ്ട്.
- മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലല്ലാതെ മറ്റൊന്നും വയറ്റില്‍ പിടിക്കണമെന്നില്ല.
- പൊടിപ്പാല്‍ തുടങ്ങിയാല്‍ ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് അത് ശീലമാക്കാറുണ്ട്.
- കുപ്പിയില്‍ പാല്‍ കൊടുത്ത് ശീലിപ്പിച്ചാല്‍ കുറെ കുഞ്ഞുങ്ങള്‍ പിന്നീട് മുല വലിച്ചു കുടിക്കാന്‍ വൈമുഖ്യം കാണിക്കാറുണ്ട്.
- ശിശു സൗഹൃദ ആശുപത്രി എന്ന നിലയില്‍ ആശുപത്രിയില്‍ പാല്‍പ്പൊടിയുടെ ഉപയോഗം നിരുത്സാഹപ്പെടേണ്ടതുണ്ട്.
- മാത്രവുമല്ല, അമ്മയ്ക്ക് തന്റെ കുഞ്ഞിന് കൊടുക്കാന്‍ ആവശ്യമായ പാല്‍ ഇല്ലെങ്കില്‍ അടുത്ത ഓപ്ഷന്‍ വേറൊരമ്മയുടെ പാലാണ്.
- കുഞ്ഞിന് പാല്‍ ആവശ്യമുള്ള ഇത്തരം അവസരങ്ങളിലെല്ലാം മറ്റൊരമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്നില്ല.
- മറ്റൊരു അമ്മയുടെ പാല്‍ കൊടുക്കുന്നതില്‍ പല പ്രശ്‌നങ്ങളും ഉണ്ട്. മുലപ്പാല്‍ പിഴിഞ്ഞെടുക്കുമ്പോള്‍ അതില്‍ ബാക്ടീരിയകള്‍ കയറിപ്പറ്റിയേക്കാം.
- സ്വന്തം അമ്മയിലൂടെ പകരുന്നത് പോലെയല്ല വേറൊരു സ്ത്രീയുടെ മുലപ്പാലിലൂടെ പകരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇങ്ങനെ പാല്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ച ഡോക്ടറോ നഴ്‌സോ മാത്രമാകും കുറ്റക്കാര്‍.
- മുലപ്പാല്‍ മാത്രം കൊടുക്കാന്‍ സാധിക്കുകയും വേണം, ആശുപത്രിയിലുള്ള കുഞ്ഞിന് ആവശ്യമുള്ളപ്പോളൊക്കെ അത് ലഭ്യമാവുകയും വേണം, മേല്‍പറഞ്ഞ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാനും പാടില്ല. ഇതിനുള്ള ഉത്തരമാണ് മുലപ്പാല്‍ ബാങ്ക്.
- പ്രതിരോധ കുത്തിവെപ്പിനോ, നിസ്സാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നും അവരുടെ സമ്മതത്തോടെ മുലപ്പാല്‍ ശേഖരിക്കലാണ് ആദ്യ പടി.
- മുലപ്പാല്‍ ദാനം ചെയ്യുന്ന സ്ത്രീക്ക് എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവരാകരുത്.
- മുലപ്പാലിലൂടെ പുറത്ത് വരുന്ന ചില മരുന്നുകള്‍ (കാന്‍സര്‍, കീമോതെറാപ്പി പോലുള്ളവ) ഉപയോഗിക്കുന്നവരും ആകരുത്.
- ആശുപത്രി ജീവനക്കാരില്‍ മുലയൂട്ടുന്നവരുണ്ടെങ്കിലോ, ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പം അഡ്മിറ്റ് ആയ, സ്വന്തം കുഞ്ഞിന് അസുഖം കാരണം മുല കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം.
- സാധാരണ രീതിയില്‍ മുലപ്പാല്‍ ആരില്‍ നിന്ന് ലഭിച്ചു, ആര്‍ക്ക് കൊടുത്തു എന്ന വിവരം കൈമാറാറില്ല.
- എന്നാല്‍ ചില മതവിശ്വാസം വെച്ചുപുലര്‍ത്തുന്നവരില്‍ ചിലര്‍ക്ക് ഒരമ്മയുടെ മുലപ്പാല്‍ കുടിച്ചവരെല്ലാം തമ്മില്‍ സഹോദരീ സഹോദര ബന്ധമാണ് എന്ന ഒരു ധാരണയുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ ആശയത്തോട് യോജിക്കാന്‍ വിഷമമായിരിക്കും. അല്ലെങ്കില്‍ അവര്‍ ദാനം ചെയ്ത പാല്‍ ആര്‍ക്ക് കൊടുത്തു അഥവാ തന്റെ കുഞ്ഞിന് കൊടുത്ത പാല്‍ ആര് ദാനം ചെയ്തതാണ് എന്ന വിവരം കൈമാറേണ്ടിവരും.
- ആശുപത്രിയിലെ ഒ.പിയോട് ചേര്‍ന്ന് ഇതിന് വേണ്ടി ഒരു പ്രത്യേക മുറി ഉണ്ടാകും.
- അവിടെ മുലപ്പാല്‍ പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബ്രെസ്റ്റ് പമ്പ് ഉണ്ടാകും.
- അണുവിമുക്തമാക്കിയ പ്രത്യേക പാത്രങ്ങളിലാണ് ഇത് ശേഖരിക്കുക.
- ഓരോ അമ്മയുടെ പാലും വേറെ വേറെ പാത്രങ്ങളിലാണ് ശേഖരിക്കുക.
- നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച് ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും.
- ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഉണ്ടാകും.
- മേല്‍ പറഞ്ഞ ബാക്റ്റീരിയകളുടെ സാന്നിധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകള്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
- ഫ്രിഡ്ജിനുള്ളില്‍ 24 മണിക്കൂറാണ് പാല്‍ സൂക്ഷിക്കാനാവുക. എന്നാല്‍ ഫ്രീസറിനുളളിലാണെങ്കില്‍ മാസങ്ങളോളം സൂക്ഷിക്കാം.
- പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പാല്‍ ഉപയോഗത്തിന് കൊടുക്കുകയുള്ളൂ.
- ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 20 ശതമാനവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളാണ്. ഇവരില്‍ മരണനിരക്ക് സാധാരണയിലും കൂടുതലാണ്. തുടക്കത്തില്‍ മുലപ്പാല്‍ ലഭ്യമല്ലാതിരിക്കുന്നത് കുഞ്ഞിന് അണുബാധ ഉണ്ടാകുവാന്‍ കാരണമായേക്കാം. ഉയര്‍ന്ന മരണ നിരക്കിന് ഒരു കാരണം അണുബാധയാണ്.
- ഏഷ്യയില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്ക് തുടങ്ങിയത് മുംബൈയിലെ ധാരാവിയില്‍ ഡോ. അര്‍മേഡ ഫെര്‍ണാണ്ടസ് ആണ്, 1987 ല്‍. എന്നാല്‍ തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ഒരു പക്ഷേ പാല്‍പ്പൊടി ഉണ്ടാക്കുന്ന കമ്പനികളുടെ സമ്മര്‍ദം ഇതിനു പിന്നിലുണ്ടോ എന്ന് പറയാന്‍ പറ്റില്ല.
- കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ മുലപ്പാല്‍ ബാങ്ക് തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ കേരളത്തിലെ കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലെല്ലാം മുലപ്പാല്‍ ബാങ്ക് തുടങ്ങുമെന്ന് പ്രത്യാശിക്കാം.
(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗവിദഗ്ധനാണ് ലേഖകന്‍)
Content Highlights: Breast Milk Bank All things You Needs to Know, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..