പത്തുവർഷത്തോളം ജീവിച്ചത് കഠിനമായ വേദനയുമായി, എൻ‍ഡോമെട്രിയോസിസ് അതിജീവിച്ചതിനെക്കുറിച്ച് നടി


2 min read
Read later
Print
Share

ബിൻദി ഇർവിൻ | Photos: instagram.com/bindisueirwin/?hl=en

കഠിനമായ ആർത്തവ വേദന അനുഭവിക്കുന്ന പലരും പിൽക്കാലത്ത് തുടർപരിശോധന നടത്തുമ്പോൾ എൻഡോമെട്രിയോസിസ് എന്ന അവസ്ഥയാണെന്ന് തിരിച്ചറിയാറുണ്ട്. ഇപ്പോഴിതാ സ്റ്റീവ് ഇർവിന്റെ മകളും ഓസ്ട്രേലിയൻ നടിയും അവതാരകയുമായ ബിൻദി ഇർവിനും സമാന അനുഭവം പങ്കുവെക്കുകയാണ്. തന്നെപ്പോലെ സഹായം ആവശ്യമുള്ള മറ്റ് സ്ത്രീകൾക്ക് വേണ്ടി ഇപ്പോഴെങ്കിലും ഇക്കാര്യം തുറന്നു പറയേണ്ടതുണ്ട് എന്നു പറഞ്ഞാണ് ബിൻദി അനുഭവം പങ്കുവെക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ബിൻദി ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവും നീണ്ട കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി അസഹ്യമായ ക്ഷീണവും വേദനയും ഛർദിയുമാണ് താൻ അനുഭവിച്ചിരുന്നത്. വേദന മറച്ചുവച്ച് പോസിറ്റീവായ വ്യക്തിയായി തുടരാൻ ശ്രമിക്കുകയായിരുന്നു. നിരവധി ടെസ്റ്റുകളും സ്കാനിങ്ങുകളും ഇക്കാലം കൊണ്ടു ചെയ്തു. ഒരു സ്ത്രീയെന്ന നിലയ്ക്ക് നിങ്ങൾ നേരിടേണ്ട ഒന്നാണ് എന്നു വളരെ ലളിതമായാണ് ഒരു ഡോക്ടർ ഒരിക്കൽ പറഞ്ഞത്. തുടർന്ന് ഒരുസുഹൃത്താണ് തന്റെ മുന്നിൽ വഴിത്തിരിവായ തീരുമാനവുമായി എത്തിയതെന്നും ബിൻദി പറയുന്നു.

അതിനു ശേഷമാണ് എൻ‍ഡോമെട്രിയോസിസിന് സർജറി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. സർജറിക്ക് പോവുക എന്നത് ഭയപ്പെടുത്തുന്ന കാര്യമായിരുന്നെങ്കിലും അത്രനാളും ജീവിച്ചതുപോലെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കുറപ്പായിരുന്നുവെന്നും ബിൻദി. വേദന കാരണം ജീവിതത്തിന്റെ ഓരോഭാ​ഗവും കീറിമുറിക്കപ്പെടുകയായിരുന്നു. തുടർന്ന് സങ്കീർണമായ ശസ്ത്രക്രിയയ്ക്കു ശേഷം സുഖപ്പെട്ടതിനെക്കുറിച്ചും ബിൻദി പറയുന്നുണ്ട്.

ഇത്രയും വേദന സഹിച്ച് എങ്ങനെയാണ് ജീവിച്ചത് എന്നാണ് ഡോക്ടർ തന്നോട് ചോദിച്ചതെന്നും ബിൻദി ഓർക്കുന്നു. വർഷങ്ങളോളം അനുഭവിച്ച വേദന സാധൂകരിക്കുക എന്നത് അസാധ്യമാണ്. ഇക്കാലമത്രയും കൂടെനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും തന്റെ വേദനയെ വിശ്വസിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കുമൊക്കെ നന്ദി അറിയിക്കുകയാണ്.

തന്നെപ്പോലെ സമാന പോരാട്ടം നടത്തുന്ന നേരിടുന്ന നിരവധി സ്ത്രീകളുണ്ടെന്ന് അറിയാം. ഈ രോ​ഗത്തെക്കുറിച്ച് ഇപ്പോഴും സ്റ്റി​ഗ്മയോടെ സമീപിക്കുന്നവരുണ്ട്. ഉത്തരമില്ലാതെ നിശബ്ദമായി വേദന സഹിച്ച് തന്റെ അനുഭവം വായിക്കുന്നവർക്ക് ആ വേദന യഥാർഥമാണെന്ന് തിരിച്ചറിയാനും സഹായം ആവശ്യമാണെന്ന് മനസ്സിലാക്കാനും കഴിയട്ടെ എന്നും ബിൻദി പറയുന്നു.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം.

Content Highlights: bindi Irwin reveals decade-long struggle with Endometriosis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vertigo

6 min

'തലകറക്കം ഒരു രോഗലക്ഷണം മാത്രം, കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ'

Jul 19, 2020


Most Commented