സെപ്തംബര്‍ പതിനാലിന് ലോക പ്രഥമശുശ്രൂഷാദിനമായി ആചരിക്കുന്നു. ജീവന്‍ രക്ഷിക്കുന്നതില്‍ പ്രഥമശുശ്രൂഷയ്ക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ലോക പ്രഥമശുശ്രൂഷാദിനമായി ആചരിക്കുന്നത്. 

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട പ്രഥമശുശ്രൂഷകളെ കുറിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട് എഴുതിയത് വായിക്കൂ.. 

1. പൊള്ളല്‍

പൊള്ളലേറ്റാല്‍ പലരും ആദ്യം ചെയ്യുന്നത്, ഓടിപ്പോയി വീട്ടിലിരിക്കുന്ന ടൂത്ത് പേസ്റ്റെടുത്ത് പൊള്ളിയിടത്ത് പുരട്ടുകയാണ്. എന്നാല്‍ ഇതാണോ ശരിയായ രീതി? അല്ല. പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ നല്ലവണ്ണം കഴുകുക. ടാപ്പ് തുറന്ന് പിടിച്ചാലും മതി, കുറച്ച് നേരം. മുറിവ് തണുപ്പിക്കുകയാണുദ്ദേശം. വളരെ ചെറിയ പൊള്ളലാണെങ്കില്‍ സില്‍വര്‍ അടങ്ങിയ ഓയിന്റ്‌മെന്റ് ഉണ്ടെങ്കില്‍ പുരട്ടുക. ബാക്കിയൊക്കെ അടുത്തുള്ള ഡോക്ടറെ കണ്ടശേഷം.

2. പാമ്പുകടി

കടിയേറ്റഭാഗത്തിന് മുകളില്‍ തുണിയോ കയറോ കൊണ്ട് അമര്‍ത്തിക്കെട്ടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. രക്തയോട്ടം കുറയുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ധാരാളം ഉണ്ടുതാനും. അങ്ങനെ ചെയ്യരുത്. കടിയേറ്റ ഭാഗം അധികം അനങ്ങാതെ നോക്കുക. എത്രയും വേഗം അടുത്തുള്ള താലൂക്കാശുപത്രിയിലോ മെഡിക്കല്‍ കോളെജിലോ എത്തിക്കുക. നാട്ടുവൈദ്യന്റെയോ വിഷഹാരിയുടെ അടുത്തോ ചെറിയ ആശുപത്രികളോ കയറിയിറങ്ങി സമയം പാഴാക്കരുത്. ഓരോ സെക്കന്റും വിലപിടിച്ചതാണ്. കടിച്ച പാമ്പിനെ പിടിക്കാന്‍ നടന്നും സമയം കളയരുത്.

3.പട്ടി, പൂച്ച, പശു എന്നിവ കടിച്ചാല്‍

പട്ടികടിച്ചാലും പലരും മുറിവിന് മുകളില്‍ മുറുക്കി കെട്ടുന്നത് കണ്ടിട്ടുണ്ട്. ചെറിയ മുറിവല്ലേ, സാരമില്ലാന്ന് കരുതി ചികിത്സിക്കാതിരിക്കുന്നതും. മുറിവില്‍ മഞ്ഞള്‍, മുളക് ഒക്കെ വാരിയിടുന്നതും മുറിവില്‍ നിന്ന് രക്തം ചീന്തി കളയുന്നതും ഒരു ഗുണവുമില്ലാത്ത കാര്യമാണ്. ഇവിടെ ആദ്യം ചെയ്യാവുന്നത്, നല്ല വെളളത്തില്‍, സോപ്പുപയോഗിച്ച് മുറിവ് നന്നായി കഴുകുക എന്നതാണ്. പേവിഷ വൈറസിന് ഏറ്റവും പേടി സോപ്പിനെയാണ്. പിന്നെ, എത്ര ചെറിയ മുറിവാണേലും ആശുപത്രിയില്‍ പോണം, പേവിഷബാധയ്ക്കെതിരായ കുത്തിവയ്‌പ്പെടുക്കണം. മസ്റ്റ് !

4. ആസിഡ്, ആല്‍ക്കലി തുടങ്ങിയവ കഴിച്ചാല്‍

ഉപ്പുവെള്ളം കുടിപ്പിക്കുക, വെളിച്ചെണ്ണ എടുത്ത് വായിലൊഴിച്ചു കൊടുക്കുക ഒക്കെ ഈ അവസരങ്ങളില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടികളാണ്. ഗുണമില്ലാന്ന് മാത്രമല്ല, ഒത്തിരി ദോഷങ്ങള്‍ ഇവ മൂലമുണ്ടാവുന്നുമുണ്ട്. വീട്ടില്‍ വച്ച് ഒന്നും ചെയ്യാതിരിക്കുന്നതാണ് ഇവിടെ ചെയ്യാവുന്ന ഏറ്റവും നല്ല ഫസ്റ്റ് എയ്ഡ്. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

5. ആക്‌സിഡന്റ് നടന്ന സ്ഥലം

രോഗിയുടെ ഹെല്‍മറ്റ് വലിച്ചൂരുക, കൈയിലും കാലിലും പിടിച്ച് തൂക്കിയെടുക്കുക, കിട്ടുന്ന ഓട്ടോ റിക്ഷയിലോ കാറിലോ ഇരുത്തിയോ നടുവ് മടക്കിയോ കിടത്തുക ഒക്കെ ചെയ്യാന്‍ പാടില്ലാത്തതാണ്. വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കരുത്, പ്രത്യേകിച്ച് തലക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍.

രോഗിയെ അനക്കരുത്. എത്രയും വേഗം ആംബുലന്‍സ് വിളിക്കണം, അല്ലേല്‍ പോലീസ്. അവര്‍ ഉടനെയെത്താന്‍ സാധ്യത കുറവാണെങ്കില്‍ മാത്രം രോഗിയെ നാലഞ്ചു പേര്‍ ചേര്‍ന്ന് ഒരു തടിക്കഷണം എടുക്കുന്ന പോലെ (Log roll) എടുത്ത് കാറില്‍ നിവര്‍ത്തി കിടത്തി അടുത്ത ആശുപത്രിയിലെത്തിക്കണം.

6. അപസ്മാരം

ഇപ്പോഴും, ഈ 2019-ലും പലരും അപസ്മാരം കണ്ടാലുടനെ താക്കോലെടുക്കാന്‍ ഓടുന്നത് കാണാം. കിട്ടിയില്ലേല്‍ ഇരുമ്പിലുള്ള എന്തേലും കൊണ്ടുവന്ന് കയ്യില്‍ പിടിപ്പിക്കും. രോഗിയുടെ അടുത്തുനിന്ന് ജനഗണമന പാടുന്നതും ഇതും തമ്മില്‍ ഒരു വ്യത്യാസവുമില്ല.ആകെ ചെയ്യാവുന്നത്, രോഗിയെ ഒരു വശത്തേക്ക് ചരിച്ച് കിടത്താം. വായിലെ നുരയും പതയും ശ്വാസകോശത്തിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ്. അപസ്മാരം 1-2 മിനിട്ടിനുള്ളില്‍ താനേ മാറും. അപ്പൊ ഉടനെ ആശുപത്രിയിലെത്തിക്കണം. 

Content Highlights: basic first aid