Photos: instagram.com/reddysameera/
മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതിനെക്കുറിച്ച് നിരന്തരം പോസ്റ്റുകൾ പങ്കുവെക്കാറുള്ള താരമാണ് നടി സമീര റെഡ്ഡി. പ്രസവാനന്തരം അമിതമായി വണ്ണം വച്ചതിനെക്കുറിച്ചും തുടർന്നുനേരിട്ട ബോഡിഷെയിമിങ്ങിനെക്കുറിച്ചുമൊക്കെ സമീര മുമ്പ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് കുറിച്ചിരിക്കുകയാണ് സമീര. പ്രസവത്തിനുശേഷം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് സമീരയുടെ കുറിപ്പ്.
മാനസിക പ്രശ്നങ്ങൾ കാണാൻ കഴിയില്ലെങ്കിലും അവ നിലനിൽക്കുന്നുണ്ട് എന്നുപറഞ്ഞാണ് സമീര കുറിപ്പ് ആരംഭിക്കുന്നത്. മാനസികനിലയെയും ചിന്തയെയും പെരുമാറ്റത്തെയുമൊക്കെ ബാധിക്കുന്ന ഡിപ്രഷൻ, അമിത ഉത്കണ്ഠ, ബൈപോളാർ ഡിസ്ഓർഡർ, പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നിവയിൽ വേണ്ട അവബോധത്തെക്കുറിച്ചും പങ്കുവെക്കുകയാണ് സമീര.
തന്നെ സംബന്ധിച്ചിടത്തോളം പ്രസവശേഷമുള്ള സമ്മർദം കഠിനമായിരുന്നു എന്നും അതിനെക്കുറിച്ച് വേണ്ട അവബോധം ഇല്ലായിരുന്നു എന്നും സമീര പറയുന്നു. മാനസികനില ഏറ്റവും താഴെയായിരുന്നപ്പോഴുള്ള ചിത്രങ്ങളാണ് താൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം എത്രത്തോളം ശ്രമിച്ചിട്ടും എനിക്ക് സന്തുഷ്ടയായിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ അനുഭവിക്കുന്നവർ ആരും ഒറ്റയ്ക്കല്ല എന്നും കഠിനകാലത്ത് പരസ്പരം താങ്ങായി നിൽക്കേണ്ടത് പ്രധാനമാണെന്നും സമീര പറയുന്നു.
നമ്മളെയും മറ്റുള്ളവരെയും സഹായിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും സമീര ഓരോന്നായി കുറിക്കുന്നുണ്ട്.
അവനവന് കരുതൽ കൊടുക്കുകയും ഇമോഷണൽ ഹെൽത്തിനെക്കുറിച്ച് അവബോധമുണ്ടായിരിക്കണം എന്നുമാണ് ആദ്യത്തേത്. മുൻവിധിയില്ലാതെ കേൾക്കാൻ തയ്യാറാകണമെന്നും നിങ്ങളുടെ അനുഭവം തുറന്നു പറയൂ എന്നും ആരോഗ്യകരമായ സംഭാഷണങ്ങൾ നടക്കുന്ന സുരക്ഷിത ഇടങ്ങളെ പിന്തുണയ്ക്കാനും രാത്രിയിൽ എട്ടുമണിക്കൂർ ഉറങ്ങാൻ ശ്രമിക്കാനും സമീര പറയുന്നുണ്ട്.
കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണമെന്നും മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും സമീര പറയുന്നു. ചിന്തകൾ കുറിച്ചുവെക്കുക, ചെയ്യേണ്ടാത്ത കാര്യങ്ങളോട് നോ പറയുക, പുതിയ കാര്യങ്ങൾ പഠിക്കുക, കഠിനകാലങ്ങളിൽ സുഹൃത്തിന്റെയോ കുടുംബത്തിന്റെയോ പ്രൊഫഷണൽ സഹായമോ തേടേണ്ടതുണ്ട് എന്നും സമീര കുറിക്കുന്നുണ്ട്.
രണ്ടാമതൊരു കുഞ്ഞിന് വേണോ എന്നുപോലും ആദ്യപ്രസവത്തിനു ശേഷം ആലോചിച്ചിരുന്നതായി സമീര നേരത്തേ പറഞ്ഞിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ തന്നെ തകർത്തു എന്നും ശരീരത്തിൻ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും സമീര പറഞ്ഞിരുന്നു.
അമ്മയാകണോ എന്നത് പൂർണമായും അവനവന്റെ തീരുമാനം ആയിരിക്കണമെന്നും സമീര പറയുകയുണ്ടായി. അമ്മയാകാതിരിക്കാനോ, അവിവാഹിതയായി തുടരാനോ, അല്ലെങ്കിൽ ഒന്നിലധികം കുഞ്ഞുങ്ങളെ വേണമെന്നോ ഉള്ള തിരഞ്ഞെടുപ്പുകളെല്ലാം അവനവന്റേത് മാത്രമാണെന്നും മറ്റാർക്കും അക്കാര്യത്തിൽ നിങ്ങളെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്നുമാണ് സമീര പറഞ്ഞത്.
എന്താണ് പ്രസവാനന്തര വിഷാദരോഗം?
ഗര്‍ഭിണികളായ ആയിരം സ്ത്രീകളെയെടുക്കുകയാണെങ്കില്, അവരില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും പ്രസവാനന്തരം ആദ്യത്തെ നാലാഴ്ചക്കുള്ളില്തന്നെ വൈകാരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാം. ചിലരെല്ലാം ഗര്‍ഭകാലത്തുതന്നെ ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവിക്കാറുണ്ട്. പലരിലും പ്രസവിച്ച് രണ്ടാംദിനം മുതലാണ് അസ്വാസ്ഥ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇരുപത്തഞ്ചുവയസ്സിന് താഴെയുള്ള അമ്മമാരില്‍ നൂറുപേരെയെടുത്താല്‍ എണ്പതിലധികംപേരിലും ഇത്തരം ഭാവമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.
അപ്രതീക്ഷിതമായും വളരെ പെട്ടെന്നും അമ്മമാര്‍ക്കുണ്ടാകുന്ന ഈ വൈകാരിക പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സ്ത്രീകള്‍ അവരുടെ യഥാര്‍ഥ പെരുമാറ്റത്തില്‍നിന്നും വ്യക്തിത്വത്തില്‍നിന്നും വല്ലാതെ മാറിയതായി പുറമേയുള്ളവര്‍ക്ക് തോന്നും.
പ്രസവാനുബന്ധിയായ വിഷാദം നൂറില്‍ പതിമ്മൂന്നോളംപേരിലാണ് കാണപ്പെടാറുള്ളത്. കൗമാരക്കാരായ അമ്മമാരില്‍ ഇതിന്റെ തോത് ഇരട്ടിയാണ്. മാനസികരോഗം അനുഭവിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രസവാനന്തര മാനസികാസ്വസ്ഥ്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
മറ്റേര്‍ണിറ്റി ബ്ലൂസ് (Maternity Blues), പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് (Postpartum Depression), പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് (Postpartum psychosis), പോസ്റ്റ്പാര്‍ട്ടം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍ (Postpartum PTSD), പോസ്റ്റ്പാര്‍ട്ടം ഒബ്സെസ്സിവ് കംപല്‍സിവ് ഡിസോര്‍ഡര്‍ (Postpartum OCD) എന്നിവയാണ് പ്രധാന പ്രസവാനുബന്ധ മാനസിക അസ്വാസ്ഥ്യങ്ങൾ.
അമ്മക്കരുതലുകള്
- ഗര്‍ഭധാരണം കഴിയുന്നത്ര മുന്‍കൂട്ടി നിശ്ചയിക്കുക.
- ശാരീരികവും മാനസികവുമായ അസുഖങ്ങളുള്ളവര്‍, കൃത്യമായ വിവരങ്ങള്‍ ഡോക്ടറില്‍നിന്ന് സ്വീകരിച്ചശേഷംമാത്രം ഗര്ഭധാരണത്തിനൊരുങ്ങുക.
- ദിനചര്യകളുടെ താളവും മിതമായ വ്യായാമവും സമീകൃതാഹാരവും അതോടൊപ്പം മനസ്സിനും ശരീരത്തിനും വിശ്രമവും ഉറപ്പുവരുത്തുക.
- ഓരോ ദിവസത്തെയും അനുഭവങ്ങള്‍ കുറിച്ചുവയ്ക്കാന്‍ ശീലിക്കുക. ഇത്തരം കുറിപ്പുകള്‍ അനുഭവങ്ങള്‍ എന്ത് പഠിപ്പിച്ചു എന്ന് ചിന്തിക്കാനും അതില്‍നിന്ന് മുന്നോട്ടുള്ള ജീവിതം പ്ലാന്‍ ചെയ്യാനും സഹായിക്കും.
- ആരുമായും തര്‍ക്കങ്ങള്‍ക്ക് പോകാതിരിക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടായാല്‍, കഴിയുന്നത്ര വേഗം സംസാരിച്ച് മയപ്പെടുത്താന്‍ ശ്രമിക്കുക.
- ഇന്റര്‍നെറ്റ് നല്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാതെ ആധികാരികമായ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുക.
- തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോട് വ്യക്തമായി ചോദിച്ച് മനസ്സിലാക്കാന്‍ മടിക്കരുത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..