വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയും കാത്തിരിപ്പുകളും കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ ഓമനിക്കാനുള്ള ആഗ്രഹം കൊണ്ട് ഐ.വി.എഫ് സെന്ററുകള്‍ കയറി ഇറങ്ങുന്ന ദമ്പതിമാരെ കണ്ടിട്ടുണ്ടോ? ഇന്നും മാറാത്ത നമ്മുടെ സമൂഹത്തിന്റെ ചിന്തകളും കുറ്റപ്പെടുത്തലുകളും ഒപ്പം മുതലെടുക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും അവരുടെ പിന്നീടുള്ള ജീവിതത്തെ ദുരന്തമയമാക്കാറുണ്ട്. പലപ്പോഴും വലിയ ചികിത്സകളൊന്നും ആവശ്യമില്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് കുഞ്ഞിനുവേണ്ടി ചികിത്സ തേടുന്നവരെ മുതലെടുക്കുന്നവരുണ്ട്. അത്തരത്തിലൊരു വേദനയുടെ കാലം കടന്ന് തന്റെ പൊന്നുകുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത അനുഭവം പങ്കുവയ്ക്കുകയാണ് നിത്യ എസ്. ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍.
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?
എല്ലാ പ്രതീക്ഷയും അസ്തമിച്ച് ഇനി എന്ത് എന്ന് കരുതി നില്‍ക്കുമ്പോള്‍, ഞാന്‍ ഉണ്ട് കൂടെ, നമ്മള്‍ ജയിച്ചു വരും എന്ന് പറഞ്ഞ് ദൈവം നിങ്ങളുടെ കൈ പിടിച്ചിട്ടുണ്ടോ? There is always a light at the end of the tunnel എന്ന വാക്യത്തിന്റെ ആത്മാവ് അറിയാന്‍ സാധിച്ചിട്ടുണ്ടോ? ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്നേ ആണ് ഞാന്‍ അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുന്നത്. അതേപ്പറ്റി പറ്റി പറയും മുന്നേ ഒരു ചെറിയ ഫ്‌ളാഷ് ബായ്ക്ക് പറയാന്‍ ഉണ്ട് !
കണ്ണൂര്‍ലേക്ക് ശ്രീ ട്രാന്‍സ്ഫര്‍ ആയി പോകുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്ന ഏക വിഷമം ട്രീറ്റ്‌മെന്റ്‌സ് എങ്ങനെ കണ്ടിന്യൂ ചെയ്യും എന്ന് മാത്രം ആരുന്നു. അതും ഒരു മിസ്‌കാരിയേജ് കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ മാത്രം ആയ സമയം. കണ്ണൂര്‍ എത്തി സെറ്റില്‍ ആയ സമയത്ത് ഇന്റര്‍നെറ്റ് നോക്കി ഒരു ക്ലിനിക്ക് ചൂസ് ചെയ്തു. ഏകദേശം ഒന്നരവര്‍ഷം ഞങ്ങള്‍ അവിടെ വേസ്റ്റ് ചെയ്തു. I repeat, ഞങ്ങള്‍ 'വേസ്റ്റ്' ചെയ്തു !
'അരം + അരം = കിന്നരം' എന്ന സിനിമയില്‍ ജഗതി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. 'K and K' ഓട്ടോമൊബൈല്‍സ് എന്‍ജിന്റെ എല്ലാ വര്‍ക്കും ചെയ്യും എന്ന്. സത്യം പറഞ്ഞാ ആ ക്ലിനിക്കിനെ പറ്റി ഓര്‍ക്കുമ്പോ എനിക്ക് ഇതില്‍ കൂടുതല്‍ നന്നായി ഉപമിക്കാന്‍ അറിയില്ല. ചെറിയ മെഡിക്കല്‍ സപ്പോര്‍ട്ട് മാത്രം ആവശ്യമുള്ള പി.സി.ഒ.ഡി എന്ന പ്രശ്‌നം മാത്രം ആണ് എനിക്ക്. അതിനു അവര്‍ എനിക്ക് സജസ്റ്റ് ചെയ്തത് ഇന്‍ഫെര്‍ട്ടിലിറ്റിയുടെ അവസാന വാക്കായ ആയ ഐ.വി.എഫ് ആണ്. അതും മറ്റു നോര്‍മല്‍ ട്രീറ്റ്‌മെന്റുകള്‍ ഒന്നും ഒന്ന് ട്രൈ ചെയ്തു നോക്കുക പോലും ചെയ്യാതെ. 'നിത്യ എന്തിനാണ് വെറുതെ ടൈം വേസ്റ്റ് ചെയ്യുന്നത് ഐ.വി.എഫ് ചെയ്യൂ, പെട്ടന്നു റിസള്‍ട്ട് ആകുമല്ലോ', ആ ഡയലോഗില്‍ ഞങ്ങള്‍ വീണു. വീട്ടില്‍ തന്നെ ധാരാളം ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഈ വിഷയത്തില്‍ സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കാന്‍ തോന്നിയില്ല. ഒരു പക്ഷെ ഞങ്ങളുടെ പ്രൈവസിയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടും കൂടി ആവും. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ കൊണ്ട് പോയി തല വെച്ച് കൊടുത്തു. കുറെ ക്യാഷ് പോയി എന്ന് മാത്രമല്ല. എനിക്ക് വല്യ പ്രശ്‌നമൊന്നുമില്ല എന്ന തോന്നല്‍ മാറി ഒരു കുഞ്ഞു എന്നത് നടക്കാത്ത സ്വപ്നം ആയി മാറുന്ന ലെവലില്‍ എത്തി കാര്യങ്ങള്‍.
'എന്ത് കൊണ്ടാണ് sir pregnancy continuously fail ആവുന്നത് എന്ന ചോദ്യത്തിന് വന്‍ കാരണങ്ങള്‍ ആണ് ഡോക്ടര്‍ നിരത്തിയത്. അതില്‍ ഒന്നായിരുന്നു വെയിറ്റ് ഗെയിന്‍. ഹോര്‍മോണ്‍ ടാബ്ലെറ്റ്‌സ് കഴിച്ചാല്‍ ആരായാലും ഭാരം കൂടും. മെഡിസിന്‍ നിര്‍ത്താതെ ഭാരം കുറച്ചാല്‍ ചാന്‍സ് കൂടും എന്ന് പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി 32 കിലോ അഞ്ച് മാസം കൊണ്ട് കുറച്ചു. അതും മരുന്നൊന്നും നിര്‍ത്താതെ. ഇനിയും എന്താ പ്രശ്‌നം എന്ന് ആരാഞ്ഞപ്പോ , കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പുതിയ പുതിയ ലെവലിലേക്ക്് ട്രീറ്റ്‌മെന്റിനെ കൊണ്ട് പോവുന്നത് വരെ ആയി കാര്യങ്ങള്‍. പതിയെ ട്രീറ്റ്‌മെന്റ് ഡീറ്റെയില്‍സ് പരിചയത്തില്‍ ഉള്ള മറ്റൊരു ഡോക്ടറോട് ചര്‍ച്ച്‌ചെയ്തു. നിങ്ങള്‍ എന്തിനാ ഇത്രയും വലിയ കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്? just stop everything ! ഒരു പേനിനെ കൊല്ലാന്‍ ആരേലും എ.കെ. 47 എടുക്കുമോ? ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പനിയോ ജലദോഷോ, അല്ലേല്‍ വേണ്ട മറ്റെന്തെങ്കിലും അസുഖത്തിന് ഹോസ്പിറ്റലില്‍ പോണ ലാഘവത്തില്‍ ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റിന് പോകാന്‍ പറ്റില്ല. ചിരിക്കുന്ന ഒരു മുഖം പോലും നിങ്ങള്‍ക്ക് അവിടെ കാണാന്‍ പറ്റില്ല. ഒന്ന് പുഞ്ചിരിച്ചാല്‍ ആകെ വരുന്ന മറു ചോദ്യം വിവാഹം കഴിഞ്ഞിട്ട് എത്രനാള്‍ ആയി എന്ന് ആണ്. അടുത്ത ചോദ്യം ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ടു എത്ര നാള്‍ ആയി എന്നാണ്. അതിനപ്പുറം ഒന്നും അവിടെ കേള്‍ക്കാന്‍ കഴിയില്ല. ആ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ നമ്മുടെ ടോക്കണ്‍ വിളിക്കും, ഡോക്ടര്‍ വിളിച്ചു കുറെകോംപ്ലിക്കേറ്റഡ് കാരണങ്ങള്‍ പറയുന്നു, ഒരു കെട്ട് ഗുളികകള്‍ ഇന്‍ജെക്ഷന്‍സ് ഒക്കെ സജസ്റ്റ് ചെയ്യുന്നു. ഇത്തവണ ശരിയാവും എന്ന് പ്രതീക്ഷിച്ചു നമ്മള്‍ പോരുന്നു. എവിടുന്ന്, പിന്നെയും അടുത്ത സൈക്കിള്‍. വീണ്ടും ചെല്ലുന്നു, മെഡിസിന്‍ വാങ്ങുന്നു പോരുന്നു.. ഇതങ്ങനെ തുടരുന്നു. 'സമയം ആയിട്ടില്ല അതാവും' എന്ന ക്ളീഷേ ഡയലോഗില്‍ അടിയുറച്ചു വിശ്വസിക്കുന്നവരായതുകൊണ്ടു നിരാശ ഞങ്ങളെ തൊട്ടില്ല. പകരം പ്രഗ്നന്‍സിക്ക്് മുന്നേ ചെയ്തു തീര്‍ക്കാന്‍ ഉള്ള യാത്രകള്‍ ഒക്കെ എന്‍ജോയ് ചെയ്തു കണ്ണൂര്‍ ലൈഫ് ആഘോഷം ആക്കി.
അങ്ങനെ ഇരിക്കെ ഒരു ദിവസം പ്രസ്തുത ക്ലിനിക്കിലെ ഡോക്ടര്‍ ഞങ്ങളോട് ഒരു ഉപദേശം : നിങ്ങള്‍ നിങ്ങളുടെ ലൈഫ് അതിന്റെ മുഴുവനായി എന്‍ജോയ് ചെയ്യൂ. ഈ കുഞ്ഞ് കുഞ്ഞ് എന്ന് ചിന്തിച്ചു നടന്നാല്‍ ജീവിതം ആസ്വദിക്കാന്‍ പറ്റില്ല. ആ ഒരു ആഗ്രഹം മനസിലെ priority list ഇല്‍ നിന്ന് മാറ്റൂ എന്ന്. എന്റെ മറുപടി എന്താകും, എത്ര രൂക്ഷമാകും എന്ന് അറിയാവുന്ന കൊണ്ടാവും ശ്രീ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചു. തികട്ടി വന്ന മറുപടി ഞാന്‍ കഷ്ടപ്പെട്ട് ഇറക്കി. വൈകിപ്പിച്ചു വൈകിപ്പിച്ചു ഒരു പരുവം ആകിയിട്ട് പറയുന്ന ഫിലോസോഫി കേട്ടിട്ട് എങ്ങനെ അവിടെ ക്ഷമയോടെ ഇരുന്നു എന്ന് എനിക്ക് അറിയില്ല !
അന്ന് അവിടന്ന് ഇറങ്ങി തിരിച്ചു വീട് വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അല്ലേല്‍ വാതോരാതെ സംസാരിക്കുന്ന രണ്ടു പേരാണ് ഞങ്ങള്‍. സൂര്യന് കീഴില്‍ ഞങ്ങള്‍ക്കു സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവും ഒരിക്കലും ഇല്ല. വീട്ടില്‍ വന്നു കയറിയ പാടെ ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു : 'ഇനി അവിടെ നമുക്ക് പോകണ്ട' ! 'വേണ്ട നിത്യാ പോകണ്ട ! മതി എത്രമാത്രം മരുന്നും ഇഞ്ചക്ഷനുകളും ആണ് താന്‍ എടുത്തത്. മതി റിസള്‍ട്ടിനെ പറ്റി ചോദിച്ചാല്‍ ഫിലോസഫി, ഇനിയും തന്നെ പരീക്ഷിക്കാന്‍ വിട്ടുകൊടുക്കില്ല ' എന്നെ ചേര്‍ത്ത് പിടിച്ച് ശ്രീ അത് പറഞ്ഞപ്പോ ഞാന്‍ അറിയുകയായിരുന്നു കുത്തിവെച്ചതു എന്റെ ദേഹത്ത് ആരുന്നെങ്കിലും വേദനിച്ചു കൊണ്ടിരുന്നത് ശ്രീ ആയിരുന്നു എന്ന് ! എന്ന് വെച്ചാല്‍ ഒന്നും രണ്ടും അല്ല ദിവസം മൂന്നും നാലും ഇന്‍ജെക്ഷന്‍ ആരുന്നു അതും 10, 18 ദിവസം... പക്ഷെ ഇനി എവിടെ കാണിക്കും നാട്ടിലേക്ക്് എന്ന് ട്രാന്‍സ്ഫറാകും എന്നറിയില്ല. അങ്ങനെ ചിന്തിച്ചു ഇരുന്നപ്പോള്‍ ആണ്, മണിക്കുട്ടന്‍ ചേട്ടന്‍, ശ്രീയുടെ അളിയന്‍ പണ്ട് കാരിത്താസ് ഹോസ്പ്പിറ്റല്‍ ലെ ഡോ. റെജിയെ പറ്റി പറഞ്ഞത് ശ്രീ എന്നെ ഓര്‍മിപ്പിച്ചത്.
വൈകിട്ട്, വളരെ യാദൃശ്ചികമായാണ് എന്നോട് ഒരു സുഹൃത്തും കാരിത്താസ് ഹോസ്പിറ്റലില്‍ ലെ ഡോ.റെജിയെ പറ്റി വീണ്ടും പറഞ്ഞത്. (ആളും എന്നെ പോലെ മറ്റൊരു ഹോസ്പിറ്റലില്‍ പോയി വളരെ മോശം അനുഭവം ഉണ്ടായ വ്യക്തി ആണ് ) 'എന്റെ കേസ് സക്‌സസ് ആക്കി തന്നതാ. നീ ധൈര്യമായി കോണ്ടാക്ട് ചെയ്യ്. നല്ല മനുഷ്യന്‍ ആണ് '
എങ്കിലും നേരിട്ട് കാണാതെ, ആഴ്ചക്ക് ആഴ്ചക്ക് ഉള്ള സ്‌കാനിങ് നടത്താതെ കോട്ടയത്തുള്ള ഡോക്ടര്‍ കണ്ണൂരുള്ള എന്റെ ട്രീറ്റ്‌മെന്റ് എങ്ങനെ നടത്തും എന്ന് ഒരു അങ്കലാപ്പ് എനിക്കുണ്ടാരുന്നു ! രണ്ടും കല്പിച്ചു ഞങ്ങള്‍ വിളിച്ചു. എന്റെ മെഡിക്കല്‍ ഹിസ്റ്ററി എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു. ok! തത്കാലം അവിടത്തെ ട്രീറ്റ്‌മെന്റിന് ബ്രേക്ക് കൊടുക്കൂ. ഇത് നമുക്ക് റെഡി ആക്കാം. മരുന്നുകളുടെ വിവരം ഞാന്‍ വാട്‌സ്ആപ്പ് ചെയ്തു തരാം. സ്‌കാന്‍ എന്തേലും വേണേല്‍ പറയാം, അവിടന്ന് ചെയ്തിട്ട് റിപ്പോര്‍ട്ട് അയച്ചു തന്നാല്‍ മതി. താന്‍ പേടിക്കണ്ടടൊ നമ്മള്‍ ഇത് പെട്ടന്നു തന്നെ റെഡി ആക്കും. I will help you ! ഞാന്‍ ഉണ്ട് നിങ്ങളുടെ കൂടെ !2020 ഏറ്റുമാനൂര്‍ ഉത്സവം കൊടിയേറിയ സമയത്താരുന്നു ഈ വാക്കുകള്‍ എന്നെ തേടി എത്തിയത്. 2021 ഉത്സവം കൊടിയേറുമ്പോള്‍ എന്റെ അരികില്‍ ചൂട് പറ്റി അവള്‍ കിടപ്പുണ്ട് ! ഞങ്ങളുടെ 'അമ്മാളു'.
ഡോ.റെജിയുടെ മേല്‍നോട്ടത്തില്‍ വെറും രണ്ട് മാസത്തെ മരുന്നുകള്‍ മാത്രം, the very next month ഞാന്‍ conceive ചെയ്തു.ഗര്‍ഭ കാലത്തിന്റെ അഞ്ചാം മാസത്തില്‍ ആണ് ഡോ.റെജിയെ നേരിട്ട് കാണുന്നത്. അത് വരെ ഉള്ള മുഴുവന്‍ ട്രീറ്റ്‌മെന്റും ഫോണില്‍ കൂടി ആരുന്നു. എന്നെ ഇത്രയും പോസിറ്റീവായി വെയ്ക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു എന്ന് എനിക്ക് ഇപ്പോളും അറിയില്ല. ഓരോ കുഞ്ഞു കുഞ്ഞു സംശയങ്ങളും ആവലാതികളും മെസ്സേജ് ചെയ്തും കോള്‍ ചെയ്തും ചോദിക്കുമ്പോള്‍ ഒരു മുഷിപ്പും ഇല്ലാതെ ഏറ്റവും വ്യക്തമായി സ്‌നേഹത്തോടെ പറഞ്ഞു തന്നു അദ്ദേഹം. അഞ്ചാം മാസം മുതല്‍ സ്‌കാന്‍ ചെയ്യാന്‍ കാരിത്താസ് ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഉള്ളവരോട് പറഞ്ഞു - 'precious baby ആണ് ഇത് '. അത് കേട്ടപ്പോള്‍ കണ്ണും മനസും നിറഞ്ഞു . പിന്നീട് ഒരു പാട് സംശയങ്ങള്‍ കൂട്ടി വെച്ച് ഒ.പി യില്‍ ചെന്നാലും ഒന്നും ചോദിക്കാറില്ല. Everything is fine Nithya! എന്ന് കേള്‍ക്കുമ്പോള്‍ കൂട്ടി വെച്ച സംശയങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോകും. എല്ലാവിസിറ്റിലും സ്‌കാനിങ് മെഷീന്‍നില്‍ വാവയെ കാണിച്ചു തന്ന്, അനക്കങ്ങള്‍ കാണിച്ചു തന്ന്, ഇപ്പൊ സമാധാനം ആയില്ലേ എന്ന് ചോദിച്ച് മാത്രമേ യാത്രയാക്കിയിരുന്നുള്ളു.
ഒടുവില്‍ സമയത്തിന് മുന്നേ അമ്മാളു വരാന്‍ പോണു എന്നായപ്പോ, ആ വെളുപ്പാന്‍ കാലത്തു അച്ഛനേം അമ്മേം വിളിച്ചു എഴുന്നേല്പിക്കുന്നതിനു മുന്നേ ഡോക്ടറിനെ വിളിച്ചു. ഒരൊറ്റ ബെല്ലില്‍ കോളെടുത്തു. ലക്ഷണങ്ങള്‍ കേട്ടപാടെ, വേഗം ലേബര്‍ റൂമില്‍ റിപ്പോര്‍ട്ടു ചെയ്യൂ എന്ന മറുപടി വന്നു. പിന്നെ കണ്ണടച്ച് തുറന്ന വേഗത്തില്‍ ആരുന്നു കാര്യങ്ങള്‍. High risk pregnancy roomil ചുറ്റും നിന്ന മാസ്‌ക് ഇട്ട മാലാഖമാര്‍ ! ഒരു പേടിയും വേണ്ട ഞങ്ങള്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞു കയ്യും കാലും തടവി തരുമ്പോള്‍, ഇടക്ക് ഇടക്ക് വരുന്ന വേദന പോലും എനിക്ക് ആയാസം ആരുന്നില്ല. 'സിസ്റ്റര്‍ എന്റെ അമ്മേം അച്ഛനും മാത്രേ ഉള്ളോ പുറത്ത്?? അവര് ഒറ്റക് ആണോ? പെട്ടന്നു ഓടി വന്നത് കൊണ്ട് വേറെ ആരും എത്തിക്കാണില്ല അതാ' എന്ന് പറഞ്ഞപ്പോ, 'ആര് പറഞ്ഞു അവര് മാത്രേ ഉള്ളെന്നു, കുറെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. അമ്മേ കാണണോ നിത്യക്ക്? ' ' വേണം പറ്റുവോ? ', 'പിന്നെന്താ ഇപ്പൊ വിളിക്കാം'. അമ്മയെ കണ്ടപ്പോ വല്യമ്മമാരും അമ്മായിയും ഒക്കെ ഉണ്ടെന്നറിഞ്ഞപ്പോ ഒരു ആശ്വാസം മനസ്സില്‍ വന്നു. അത് അവര്‍ക്കും മനസിലായതായി തോന്നി. 'ഇനി ധൈര്യമായി പ്രസവിക്കലോ അല്ലേ? അച്ഛനും അമ്മേം ഒറ്റക്കാണ് എന്ന പേടി പോയില്ലേ?' ആ വേദനയിലും എനിക്ക് മനസ് ശാന്തമാക്കാന്‍ ആ മാലാഖമാരുടെ സ്‌നേഹത്തിനും പരിലാളനക്കും ആയി. ദാ വാവ ഇപ്പൊ എത്തും ട്ടോ എന്ന് ഇടക്ക് ഇടക്ക് പറയുമ്പോള്‍ excitement എന്ന വാക്ക് ഞാന്‍ അനുഭവിച്ചു അറിയുകയായിരുന്നു. മൂര്‍ദ്ധന്യത്തില്‍ എത്തിയ ആ വേദനക്കൊടുവില്‍ ' പെണ്‍കുട്ടി ആണ് ട്ടോ ' എന്ന ഡോക്ടര്‍ പറഞ്ഞപ്പോ, കാതില്‍ മുഴങ്ങിയത് ദൈവത്തിന്റെ ശബ്ദം ആരുന്നു.
ആറ് വര്‍ഷത്തെ ഞങ്ങളുടെ തപസ്സ്, പ്രാര്‍ത്ഥന, കാത്തിരിപ്പ്. ഒരാപത്തും കൂടാതെ ദൈവം അവളെ ഞങ്ങളുടെ കയ്യില്‍ തന്നു. അവളെ നെഞ്ചോട് ചേര്‍ത്തപ്പോ ഞാന്‍ ആദ്യം മനസ്സില്‍ നന്ദി പറഞ്ഞത് ദൈവമായി എന്റെ മുന്നില്‍ അവതരിച്ച ഡോ.റെജിസാറിനോടാണ്. അദ്ദേഹത്തിന്റെ ചികിത്സ അല്ലായിരുന്നെങ്കില്‍ ഇപ്പോളും മാതൃത്വം എനിക്ക് വിദൂരതയിലെ സ്വപ്നം ആയേനെ.
അദ്ദേഹം ഇടക്ക് ഇടക്ക് പറയും. ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല നിത്യ, മുന്നേ ഈ മരുന്നുകള്‍ ഒക്കെ കഴിച്ചിട്ടുണ്ടാവും ഇപ്പൊ നിങ്ങളുടെ സമയം ആയി, ശെരിയായി അത്രേ ഉള്ളു എന്ന്. അന്നൊന്നും ഞാന്‍ മറുപടി പറയാഞ്ഞത് സാറിന്റെ അടുത്ത് വന്നാല്‍ എനിക്ക് ഏറ്റുമാനൂരമ്പലത്തില്‍ ചെന്ന പോലെ അല്ലേല്‍ ഗുരുവായൂരമ്പലത്തില്‍ ചെന്ന പോലെ ആണ്. ഒന്നും പറയാന്‍ പറ്റാറില്ല. അല്ലെങ്കില്‍ തന്നെ എല്ലാം അറിയാവുന്ന നിങ്ങളോടൊക്കെ ഞാന്‍ എന്ത് പറയാന്‍ ആണ്...
ശരിയാണ് ! ആ മരുന്നുകളൊക്കെ ഞാന്‍ മുന്‍പും കഴിച്ചിട്ടുണ്ട് പക്ഷെ ഫലം കിട്ടിയത് അതില്‍ ദൈവം തൊട്ടപ്പോള്‍ ആണ്. ആ ദൈവങ്ങള്‍ ആണ് സാറും സാറിന്റെ സ്റ്റാഫും.
കുറച്ച് നേരത്തെ ഇങ്ങു എത്തിയ ഞങ്ങളുടെ അമ്മാളൂനെ പൊന്നു പോലെ നോക്കിയ എന്‍,ഐ.സി.യുവിലെ മാലാഖമാര്‍ ! എങ്ങനെ കുഞ്ഞിനെ എടുക്കണം എന്ന് പോലും അറിയാതെ കണ്ണ് നിറച്ചു നിന്ന, അമ്മാളു കരഞ്ഞാല്‍ ആ ഒപ്പം കരയുന്ന എന്നെ ചേര്‍ത്ത് പിടിച്ചു എല്ലാം പഠിപ്പിച്ചു തന്ന മാലാഖമാര്‍ ! feed ചെയ്യാന്‍ nicu ലെത്തുമ്പോള്‍ അമ്മാളുന്റെ അമ്മ വന്നേ എന്ന് പറഞ്ഞ് സിസ്റ്റര്‍ കുഞ്ഞിനെ കയ്യില്‍ തരുമ്പോള്‍ എനിക്ക് അതൊരു ഹോസ്പിറ്റല്‍ ആയി തോന്നിയതെ ഇല്ല. ഒടുവില്‍ ആ അമ്മമാരുടെ കയ്യില്‍ നിന്നും അവളെ വാങ്ങി വീട്ടിലേക് പോന്നപ്പോ, മിടുക്കി ആണ് ഇവള്‍, മിടുമിടുക്കി ആവട്ടെ എന്നു അനുഗ്രഹിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു ദൈവ സാന്നിധ്യം. ഇതൊന്നുമല്ല ദൈവ സാന്നിധ്യം എങ്കില്‍ മറ്റെന്താണ് അത്? ഇവരല്ല ദൈവം എങ്കില്‍ മറ്റാരാണ് ദൈവം? അതേ ഇവരാണ് ഞങ്ങള്‍ക്ക് ദൈവം ! എന്നും എപ്പോഴും, എന്റെ മനസുണ്ട് നിങ്ങളോടൊപ്പം, പ്രാര്‍ത്ഥനകളും !
Content Highlights: a mother share her experience about dark side of IVF treatment centers