സ്ത്രീകളില്‍ സര്‍വസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്നതുപോലെ തോന്നുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയറ്റില്‍ വേദനയോ സമ്മര്‍ദമോ അനുഭവപ്പെടുക, ഇരുണ്ട നിറത്തിലോ രക്തനിറത്തിലോ ദുര്‍ഗന്ധത്തോടെ മൂത്രംപോവുക, കടുത്ത ക്ഷീണം അനുഭവപ്പെടുക, പനി എന്നിവ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. 

യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തെ വൃത്തി കുറയുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമെല്ലാം ഇതിന് കാരണമാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മൂത്രനാളിയുടെ നീളം വളരെ കുറവാണ്. നാലു സെന്റിമീറ്റര്‍ മാത്രമാണ് മൂത്രനാളിയുടെ നീളം. ഇത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. മലദ്വാരത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വന്‍കുടലില്‍ നിന്നും  പുറന്തള്ളപ്പെടുന്ന ഇ- കോളി ബാക്ടീരിയ എളുപ്പത്തില്‍ മൂത്രനാളിയിലേക്ക് കടന്നുകയറുന്നു. അങ്ങനെ മൂത്രസഞ്ചിയില്‍ എത്തിച്ചേരുകയും അണുബാധ വര്‍ധിക്കുകയും ചെയ്യുന്നു. ഇത് വൃക്കകളെ ബാധിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് മൂത്രപരിശോധന നടത്തി രോഗനിര്‍ണയം നടത്തണം. ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. 

അണുബാധ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

മൂത്രം പിടിച്ചുവെക്കരുത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുക. പൂര്‍ണമായും മൂത്രം പോയെന്ന് ഉറപ്പാക്കുക. മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിക്കിടക്കുന്നത് ബാക്ടീരിയകള്‍ പെരുകി അണുബാധ പടരാന്‍ ഇടയാക്കും. മൂത്രമൊഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് യോനീഭാഗം വൃത്തിയായി കഴുകുക. മുന്നില്‍ നിന്ന് പിന്നിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. അല്ലെങ്കില്‍ മലാശയത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്ക് പടരാന്‍ സാധ്യതയുണ്ട്. മൂത്രമൊഴിച്ച ശേഷം വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് കഴുകണം. മോശം വെള്ളമാണെങ്കില്‍ അത് അണുബാധയ്ക്ക് ഇടയാക്കും.  ധാരാളം വെള്ളം കുടിക്കുക.

ലൈംഗികബന്ധത്തിന് മുമ്പും ശേഷവും ലൈംഗികാവയവങ്ങള്‍ കഴുകി വൃത്തിയാക്കുക.
ലൈംഗികബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക. മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നത് അണുബാധയുണ്ടാക്കും. 
യോനീഭാഗം നനവില്ലാതെ സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറെ ഫലപ്രദം. ഇത് ബാക്ടീരിയ വളരുന്നത് തടയും.

യോനിയിലെ ചൊറിച്ചില്‍ മാറാന്‍ എന്തുചെയ്യണം? 

അണുബാധയ്ക്കുള്ള കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. രണ്ടു തരത്തില്‍ അണുബാധയുണ്ടാകാം. ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ കാണപ്പെടുന്നതും അല്ലാത്തവരില്‍ കാണപ്പെടുന്നതും. ലൈംഗികബന്ധം പുലര്‍ത്തുന്നവരാണെങ്കില്‍ ഏതുതരം അണുബാധയാണെന്ന് കണ്ടെത്തി പങ്കാളിക്കു കൂടി ചികിത്സ വേണ്ടിവരും. അല്ലാത്തവരില്‍ അണുബാധയുടെ കാരണം കണ്ടെത്തി ചികിത്സ നിശ്ചയിക്കണം. യോനിയുടെ ഉള്ളില്‍ വെക്കാനുള്ള ഗുളികകള്‍, കഴിക്കാനുള്ള ഗുളികകള്‍ എന്നിവ നല്‍കേണ്ടി വരും.

വിവരങ്ങള്‍ക്ക് കടപ്പാട്

ലളിതാംബിക കരുണാകരന്‍ എ. 

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)