ശാരീരികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രഥമശുശ്രൂഷ നൽകുന്നതിനെക്കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയെ കണ്ടുമുട്ടിയാൽ അയാളെ സഹായിക്കാൻ നമുക്ക് എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ച് മിക്കവാറും പേർക്ക് ധാരണയില്ല. കോവിഡ് കാലത്ത് നമുക്ക് മനസ്സിലാക്കാവുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ.

  • മനസ്സിന് സമ്മർദമനുഭവിക്കുന്ന വ്യക്തിയെ കണ്ടുമുട്ടിയാൽ ആദ്യം നമ്മൾ അങ്ങോട്ട് ചെന്ന് എന്താണ് അയാളെ പ്രയാസപ്പെടുത്തുന്നത് എന്ന് അന്വേഷിക്കാൻ തയ്യാറാകണം.
  • തുടർന്ന് അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പൂർണമായി ക്ഷമാപൂർവം, തടസ്സപ്പെടുത്താതെയും കുറ്റപ്പെടുത്താതെയും കേട്ടിരിക്കാൻ തയ്യാറാകണം. ഞാൻ പറയുന്ന കാര്യങ്ങൾ എന്നെ കുറ്റപ്പെടുത്താതെ കേൾക്കാൻ ഒരാളുണ്ട് എന്ന തോന്നൽ മിക്കവാറും ആളുകളെ ആത്മഹത്യകളിൽ നിന്ന് പിന്തിരിപ്പിക്കും.
  • അയാൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുക. എന്തെങ്കിലും തെറ്റിദ്ധാരണ മൂലമാണ് അയാൾ മാനസിക സമ്മർദം അനുഭവിക്കുന്നതെങ്കിൽ കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങൾ കിട്ടുന്നതോടെ സമ്മർദം മാറും. ഉദാഹരണത്തിന് കോവിഡ് ബാധിച്ച് താൻ മരിച്ച്പോകുമോ എന്ന് പ്രമേഹരോഗിയായ ഒരാൾ വ്യാകുലപ്പെട്ട് ഇരിക്കുകയാണെങ്കിൽ അതിന്റെ ശാസ്ത്രീയവശങ്ങൾ പറഞ്ഞുകൊടുക്കുന്നതോടെ അയാൾക്ക് സമാധാനം കിട്ടുന്നു.
  • പിന്നെയും സമ്മർദം ബാക്കിയുണ്ടെങ്കിൽ വിദഗ്ധചികിത്സ ആവശ്യമുണ്ടെന്ന് അനുമാനിക്കണം. കടുത്ത വിഷാദലക്ഷണങ്ങളോ കടുത്ത ഉത്‌കണ്ഠയോ ആത്മഹത്യാപ്രവണതയോ ഉറക്കക്കുറവോ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സിക്കാൻ പ്രേരിപ്പിക്കണം. കൃത്യമായ ചികിത്സയിലൂടെ മിക്കവാറും മാനസികാരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.
  • മാനസികസമ്മർദം അനുഭവിക്കുന്ന വ്യക്തിയ്ക്ക് ആവശ്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്തുക. മനഃപ്രയാസം അനുഭവിക്കുന്ന ആളോടൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും പൊതുസമൂഹവും ഒരുമിച്ച് നിന്ന്, ഒറ്റപ്പെട്ടുപോകാതെ സംരക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

കടപ്പാട്:
ഡോ. അരുൺ ബി. നായർ
അസോസിയേറ്റ് പ്രൊഫസർ
സൈക്യാട്രി വിഭാഗം
ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം

Content Highlights:What can we do to help a person with mental tension, Health, Mental Health, Tension

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്