നാവശ്യ ചിന്തകള്‍ പലപ്പോഴും മനസ്സിനെ വഴിതെറ്റിക്കാറുണ്ട്. ആ സമയം ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ നഷ്ടപ്പെട്ടേക്കാം. പരിസരം മറന്നുപോയേക്കാം. ഇങ്ങനെ മനസ്സിനെ നഷ്ടമാകുന്ന അവസ്ഥയെ ആണ് ആബ്‌സന്റ് മൈന്‍ഡ് എന്നു പറയുന്നത്.

ബാഹ്യമായ ചുറ്റുപാടുകളെക്കാള്‍ ഉള്ളിലുള്ള ചിന്തകളിലേക്ക് മനസ്സ് ഫോക്കസ് ചെയ്യുന്നത്, ഉറക്കംതൂങ്ങുന്ന അവസ്ഥ, ബോറഡി എന്നിവയൊക്കെ ആബ്സെന്റ് മൈന്‍ഡഡ്നെസിലേക്ക് നയിക്കാം. ഇത്തരക്കാര്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയില്ലാതെ പ്രവര്‍ത്തിക്കുന്നു. പല സാധനങ്ങളും എവിടെയാണ് വെച്ചതെന്ന് മറക്കുന്നു. പഠനത്തില്‍, ജോലിയില്‍, കുടുംബത്തിലെ കാര്യങ്ങളില്‍, ബിസിനസില്‍ ഒക്കെ ശ്രദ്ധ നഷ്ടപ്പെടുന്നു. പലപ്പോഴും പരിസരബോധമില്ലാതെ പ്രവര്‍ത്തിക്കുന്നു. തൊട്ടടുത്ത് നടന്നതോ പറഞ്ഞതോ ആയ കാര്യങ്ങളെക്കുറിച്ചോ ഭാവിയില്‍ ചെയ്യേണ്ടതോ പറയേണ്ടതോ ആയ കാര്യങ്ങളെക്കുറിച്ചോ പോലും ഓര്‍മ കുറവായിരിക്കും.

വിഷാദരോഗമുള്ളവരിലും സ്‌കിസോയ്ഡ് പേഴ്സനാലിറ്റി ഡിസോഡര്‍ (Schizoid personality disorder) ഉള്ളവരിലും ആബ്സെന്റ് മൈന്‍ഡഡ്നെസ് കാണപ്പെടാറുണ്ട്. സാമൂഹികബന്ധങ്ങളിലുള്ള താത്പര്യം നഷ്ടപ്പെട്ട് ഏകാന്തജീവിതത്തിലേക്കും രഹസ്യാത്മകസ്വഭാവത്തിലേക്കും എല്ലാത്തിലും നിന്നുള്ള വിട്ടുനില്‍ക്കലിലേക്കും തണുപ്പന്‍ വൈകാരികാവസ്ഥയിലേക്കുമെല്ലാം മാറുന്ന വ്യക്തിത്വവൈകല്യമാണ് സ്‌കിസോയ്ഡ് പേഴ്സണാലിറ്റി ഡിസോഡര്‍. ആബ്സെന്റ്മൈന്‍ഡഡ്നെസ് ദീര്‍ഘകാലം തുടര്‍ന്നാല്‍ പല വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് സ്വയം പരിഹരിക്കണം.

ഒരുമിച്ച് വേണ്ട

ഒട്ടേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യാതെ ഒരുസമയത്ത് പൂര്‍ണ ശ്രദ്ധകൊടുത്ത് ഒരു കാര്യം ചെയ്യുക. അത് പൂര്‍ത്തിയായശേഷം അടുത്തതിലേക്ക് കടക്കുക.

വ്യായാമം

ദിവസവും 20 മിനിറ്റെങ്കിലും എയ്റോബിക് എക്സര്‍സൈസ് ചെയ്യുക. കൂടുതല്‍ ഓക്സിജന്‍ ഉള്ളിലേക്കെത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കും.

സാമൂഹിക ബന്ധങ്ങള്‍

പരമാവധി ആളുകളുമായി സംസാരിക്കുന്നത് മനസ്സിനെ ഉദ്ദീപിപ്പിക്കുകയും ഉള്ളിലുള്ള അസ്വസ്ഥതകളെ പുറന്തള്ളുകയും ചെയ്യും.

കളികളിലേര്‍പ്പെടുക

ചെസ് പോലുള്ള കളികളിലേര്‍പ്പെടുന്നത് ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കും.

ഷെഡ്യൂള്‍

ഓരോ ദിവസവും ചെയ്യേണ്ട ചെറുതും വലുതുമായ കാര്യങ്ങള്‍ ചെറിയൊരു പോക്കറ്റ് ഡയറിയില്‍ മുന്‍ഗണനാക്രമത്തില്‍ എഴുതുക. ഓരോന്ന് ചെയ്യുമ്പോഴും അവയുടെമേല്‍ ടിക് ഇടുക. ടേബിള്‍ ടോപ് കലണ്ടറിലോ സാധാരണ കലണ്ടറിലോ അന്ന് പങ്കെടുക്കുകയോ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതും ശ്രദ്ധയും ഓര്‍മയും കൂട്ടും. ഓഫീസിലും വീട്ടിലും മറ്റും ചെയ്യേണ്ട കാര്യങ്ങളുടെ സ്റ്റിക് നോട്‌സ് പതിപ്പിക്കുന്നതും നല്ലതാണ്.

അടുക്കും ചിട്ടയും

എല്ലാ ദിവസവും ഉപയോഗിക്കുന്ന വസ്തുക്കളായ താക്കോല്‍, പേന, പഴ്സ്, വാച്ച്, മൊബൈല്‍ഫോണ്‍ മുതലായവ ഒരേ സ്ഥാനത്ത് വയ്ക്കുക.

ലോഡ് കുറയ്ക്കാം

കൂടുതല്‍ വർക്ക് ലോഡ് ഉണ്ടെന്ന് തോന്നിയാല്‍ അത്യാവശ്യമല്ലാത്ത ചില കാര്യങ്ങള്‍ മാറ്റിവയ്ക്കാം. എല്ലാ കാര്യങ്ങളും സമയത്ത് തീര്‍ക്കാന്‍കഴിയാത്തപ്പോഴും അവയെല്ലാം പൂര്‍ത്തിയായെന്ന് കളവ് പറയാതിരിക്കുക. സത്യസന്ധമായി 'നോ' പറയേണ്ടിടത്ത് 'നോ' പറയാന്‍ പഠിക്കുക.

വൃത്തിയാക്കാം

നമ്മുടെ മുറിയിലെ സാധനങ്ങള്‍ അടുക്കും ചിട്ടയോടും വയ്ക്കാം. ആവശ്യമില്ലാത്തത് ഒഴിവാക്കാം. കംപ്യൂട്ടറിലും ഫോണിലും പല വിഷയത്തിലുള്ള ഫോള്‍ഡറുകളിലായി ഫയലുകള്‍ സൂക്ഷിക്കാം. ആവശ്യമില്ലാത്തവ നീക്കംചെയ്യാം.

അനന്തരഫലങ്ങള്‍ മുന്‍കൂട്ടി കാണുക

നിങ്ങളുടെ ആബ്സെന്റ് മൈന്‍ഡഡ്നെസ്‌കൊണ്ട് ജോലിയിലോ വ്യക്തിബന്ധത്തിലോ ഉണ്ടാകാന്‍പോകുന്ന നഷ്ടങ്ങളെ മുന്‍കൂട്ടി കാണുക. അതിനനുസരിച്ച് ക്രിയാത്മകമായി പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന്, ക്ലാസ് വിട്ട കുട്ടിയെ കൊണ്ടുവരാന്‍ സ്‌കൂളില്‍ പോകുന്നവഴി മറ്റ് ചിന്തകളാല്‍ അക്കാര്യം മറന്നുപോയാല്‍ കുട്ടി തനിച്ചാകുമെന്നോര്‍ക്കുക.

Content Highlights: Tips to get rid of Absent-Mindedness, Health, Mental Health 


ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്