മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ഇരുപത് വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കയാണെന്ന് അറിയിച്ചപ്പോള്‍ ലോകം മുഴുവന്‍ മൂക്കില്‍ വിരല്‍ വച്ചിട്ടുണ്ടാവും. ഭര്‍ത്താവിന്റെ വളര്‍ച്ചയില്‍ എപ്പോഴും പിന്തുണയായി നിന്ന മെലിന്‍ഡയും ഭാര്യയുടെ വളര്‍ച്ചക്കു വേണ്ടി എപ്പോഴും തോളോടുതോള്‍ ചേര്‍ന്നു നിന്ന ഭര്‍ത്താവും, മനോഹരമായ കുടുംബം എന്ന സങ്കല്‍പത്തെ തന്നെ ഈ വാര്‍ത്ത തകര്‍ത്തു കളഞ്ഞു. ഇത്രയും കാലം നീണ്ടുനിന്ന ബന്ധം എങ്ങനെ അവസാനിപ്പിക്കാനാവുന്നു എന്ന സംശയത്തിലായിരുന്നു പലരും. വളരെക്കാലം ഒന്നിച്ചു ജീവിച്ച ശേഷം പിരിയുന്ന ദമ്പതികള്‍ നമ്മുടെ നാട്ടിലും ഏറി വരുന്നുണ്ട്. ഇത്തരത്തില്‍ മധ്യവയസ്സിലെ വേര്‍പിരിയലിനെ ഗ്രേ ഡിവോഴ്‌സ് എന്നാണ് വിളിക്കുന്നത്. സാധാരണ വിവാഹ മോചനത്തേക്കാള്‍ മാനസികമായും സാമൂഹികമായും സാമ്പത്തികമായും ഇത് പങ്കാളികളെ ബാധിക്കാറുണ്ട്. എങ്കിലും ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു ജീവിച്ച ശേഷം ഇനി വയ്യെന്ന് പറയുന്നവര്‍, എന്താവാം കാരണം. 

ദാമ്പത്യജീവിത്തിന്റെ മൂന്ന് തലങ്ങള്‍ 

വികാരം അല്ലെങ്കില്‍ കാമം (passion), അടുപ്പം, സ്‌നേഹബന്ധം അല്ലെങ്കില്‍ സൗഹൃദം  (intimacy), ചുമതലാബോധം അല്ലെങ്കില്‍ പ്രതിജ്ഞാബദ്ധത (commtiment) എന്നിവയാണ് വിവാഹജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനതലങ്ങള്‍. പ്രണയ വിവാഹങ്ങളില്‍ ഏറ്റവും ആദ്യം ഉണ്ടാവുക പാഷനാണ്. അതിന് ശേഷമാണ് മറ്റ് തലങ്ങള്‍ രൂപപ്പെടുക. എന്നാല്‍ അറേഞ്ച്ഡ് മാര്യേജില്‍ കമ്മിറ്റ്‌മെന്റാണ് പലപ്പോഴും ആദ്യം ഉണ്ടാകുക. പിന്നീടാണ് മറ്റ് തലങ്ങള്‍ രൂപപ്പെടുക. കമ്മിറ്റ്‌മെന്റ് അഥവാ ഉത്തരവാദിത്തബോധം മാത്രമുള്ള അവസ്ഥയെ എംപ്റ്റി ലൗ (empty love) എന്നാണ് വിളിക്കുന്നത്.

വിവാഹ ജീവിതത്തില്‍ പോകെപ്പോകെ പാഷന്‍ ആദ്യത്തെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ ഇല്ലാതാകാന്‍ തുടങ്ങും. ഇന്റിമസിയും കമ്മിറ്റ്‌മെന്റുമാണ് അവസാനം വരെ നിലനില്‍ക്കുക. എന്നാല്‍ ഇവയുടെ നിലനില്‍പ് പലകാര്യങ്ങളെ ആശ്രയിച്ചാണ്. കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത്, പരസ്പരബഹുമാനം, സ്‌നേഹം പ്രകടിപ്പിക്കുന്ന രീതികള്‍,  അംഗീകരിക്കല്‍ ഇവയ്‌ക്കെല്ലാമൊപ്പം ഓരോരുത്തരുടെയും വ്യക്തിത്വവും ഇതിനെ സ്വാധീനിക്കും. ഇന്റിമസിഫേസ് എത്രത്തോളം നന്നായി മുന്നോട്ട് പോകുന്നോ അത്രയും ഉറപ്പുണ്ടാവും ബന്ധങ്ങള്‍ക്ക്. എന്നാല്‍ ഈ ഫേസില്‍ നമ്മുടെ സമൂഹത്തിന്റെ സ്വാധീനം വലിയ രീതിയില്‍ ഉണ്ടാകാറുണ്ട്.

വിദേശരാജ്യങ്ങളില്‍ പലപ്പോഴും വിവാഹം എന്നത് വ്യക്തികള്‍ തമ്മിലാകുമ്പോള്‍ നമ്മുടെ നാട്ടില്‍ അത് കുടുംബം, സമൂഹം, മതം എന്നിങ്ങനെ നിരവധിക്കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിലും മോശമാകുന്നതിലും സമൂഹത്തിനുകൂടി നമ്മുടെ സംസ്‌കാരത്തില്‍ പങ്കുണ്ട്. അമിതമായ ഇത്തരം ഇടപെടലുകള്‍ ഇന്റിമസി ഫേസിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും മക്കളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാതാപിതാക്കളുടെ അമിത ഇടപെടല്‍ കാരണമാകാറുണ്ട്. മാതാപിതാക്കളുടെ മനസ്സിലെ അരക്ഷിതാവസ്ഥകള്‍ കുട്ടികളിലേക്കും പകരുന്ന അവസ്ഥയാണ് ഇതിനുപിന്നില്‍. അഭിപ്രായ വ്യത്യാസങ്ങള്‍, വിശ്വാസ്യതയ്‌ക്കേല്‍ക്കുന്ന കോട്ടം, കുറ്റപ്പെടുത്തലുകള്‍, വന്ധ്യത, രോഗങ്ങള്‍, പരസ്പരം വളരെക്കാലം അകന്നു നില്‍ക്കേണ്ടി വരുക തുടങ്ങിയവയെല്ലാം ഈ തലത്തെ തകരാറിലാക്കുന്ന ചില കാരണങ്ങളാണ്.

പലപ്പോഴും ഇന്റിമസിഫേസ് തകരുമ്പോഴാണ് വിവാഹമോചനം എന്നതിലേക്ക് എത്തുന്നത്. ഇവരിലും എല്ലാവരും എന്ത് കരുതും, എല്ലാവരും ഇങ്ങനെയാണ് എന്ന് കരുതി ബന്ധത്തില്‍ കടിച്ചുതൂങ്ങുന്നവരും ഏറെയുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ബന്ധത്തില്‍ തുടരുന്നവരും ഇക്കൂട്ടരിലുണ്ട്. ഒടുവില്‍ സമൂഹത്തിന് അല്ലെങ്കില്‍ കുട്ടികള്‍ക്ക് വേണ്ടി എന്ന രീതിയില്‍ ബന്ധത്തില്‍ തുടരുന്നതിനെയാണ് എംപ്റ്റി ലൗ എന്ന് പറയുന്നത്. ഇവിടെ കമ്മിറ്റ്‌മെന്റ് എന്ന ഫേസ് മാത്രമേ ഉണ്ടാവൂ. എന്നാല്‍ ഈ മൂന്ന് ഫേസുകള്‍ ഒരേപോലെ വന്നാലെ ആരോഗ്യകരമായ കുടുംബജീവിതം എന്ന് പറയാനാവൂ. 

വിവാഹമോചനത്തിന് കാരണങ്ങള്‍

മധ്യവയസ്സില്‍ വിവാഹമോചനം നേടുന്ന പലരും ഈ എംപ്റ്റി ലൗ എന്ന തലത്തില്‍ നില്‍ക്കുന്നവരാവും. അതിലേക്ക് എത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്

1. പ്രണയം നഷ്ടമാകുക

എംപ്റ്റി ലൗ എന്ന സ്ഥിതിയാണ് ഇത്. കുട്ടികള്‍ക്കുവേണ്ടിയോ സമൂഹത്തെ ഭയന്നോ വിവാഹജീവിതത്തില്‍ വര്‍ഷങ്ങളോളം തുടരുകയും അവസരം കിട്ടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ഈ അവസ്ഥ. ഇതിലേക്ക് എത്തുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം. വിശ്വാസ്യത നഷ്ടമാകുക, പരസ്പരം അംഗീകരിക്കാന്‍ പറ്റാതാവുക, ഒരാള്‍ ചൂഷകനായിരിക്കുക എന്നിങ്ങനെ പല വലിയ കാരണങ്ങളുടെ അവസാന കണ്ണിയാണ് എംപ്റ്റി ലൗ. 

2. ഒന്നിച്ചുള്ള വളര്‍ച്ചക്ക് സാധ്യതയില്ലാത്ത അവസ്ഥ

പലപ്പോഴും വിവാഹത്തിന് ശേഷം സ്ത്രീ ഭര്‍ത്താവിന്റെ കുടുംബത്തിലേക്ക് താമസം മാറുക എന്നത് നമ്മുടെ നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവള്‍ അവിടുത്തെ ശീലങ്ങളും രീതികളും അനുസരിച്ച് പെരുമാറണമെന്നതും നമ്മുടെ നാട്ടിലെ അലിഖിത നിയമമാണ്. എന്നാല്‍ ഇരുപത് വയസ്സുകഴിഞ്ഞ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പലപ്പോഴും തന്റെ ശീലങ്ങളും രീതികളും മാറ്റുന്നുന്നതിന് ധാരാളം പരിമിതികളുണ്ടാവുകയും സമയമാവശ്യമായി വരികയും ചെയ്യും. ഇത് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാറുണ്ട്.  ഇപ്പോള്‍ അത്തരത്തില്‍ തങ്ങളുടെ വ്യക്തിത്വം പണയം വച്ച് ജീവിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നുണ്ട്.  തന്റെ പങ്കാളി സാമ്പത്തികമായും സാമൂഹികമായും ഉള്ള വളര്‍ച്ചക്ക് പരസ്പരം പങ്കുവയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും കൈത്താങ്ങാകുകയും ചെയ്യില്ല എന്ന മനസ്സിലാകുന്നതും വിവാഹമോചനങ്ങള്‍ കൂടിവരുന്നതിനു പിന്നിലെ വലിയൊരു കാരണമാണ്. വിവാഹത്തില്‍ ഭാര്യയെന്നും ഭര്‍ത്താവെന്നും ഉള്ള രണ്ട് ആളുകളുടെ വ്യക്തിത്വം എത്രമാത്രം അങ്ങനെ തന്നെ നിലനിര്‍ത്തുന്നോ അത്രയും വിവാഹബന്ധവും ഉറച്ചതായിരിക്കും. നമുക്ക് ആവശ്യമുള്ളതുപോലെ മറ്റേയാളെ മാറ്റി എടുക്കാന്‍ ശ്രമിക്കരുതെന്ന് ചുരുക്കം. ദമ്പതികള്‍ക്ക് അവരുടേത് മാത്രമായ സമയവും ഇടവും എപ്പോഴും കുടുംബത്തില്‍ ഉണ്ടാവണം. അങ്ങനെയൊന്ന് നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉണ്ടായില്ലെങ്കില്‍ വിവാഹ ബന്ധത്തില്‍ അത് വിള്ളല്‍ വീഴ്ത്തും

3. വിവാഹേതര ബന്ധങ്ങള്‍

മറ്റൊന്ന് വിവാഹേതര ബന്ധങ്ങളാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നോ, സുഹൃത്തുക്കളിലൂടെയോ, സോഷ്യല്‍ മീഡിയയിലൂടെയോ ഒരാളുടെ വിവാഹ ബന്ധത്തിലേക്കു വരുന്ന മൂന്നാമന്‍ വിവാഹമോചനത്തിലെ പ്രധാന കാരണമാണ്. അത്തരം ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും വളര്‍ത്താനും ഇപ്പോള്‍ സാധ്യതകളും സൗകര്യങ്ങളും ഏറെയാണ്. ടെക്‌നോളജിയുടെ വളര്‍ച്ച പുറത്തു നിന്നുള്ള ആളുകള്‍ക്ക് ദമ്പതികളുടെ ഇടയിലേക്ക് കടന്നുകയറാനുള്ള വഴികളും എളുപ്പമാക്കുന്നുണ്ട്. ആദ്യത്തെ രണ്ട് ഫേസുകളും ഇല്ലാതാകുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള സാധ്യതയും കൂടുന്നു.

കുടുംബബന്ധങ്ങളേക്കാള്‍ പുറത്തുള്ള ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അവസ്ഥ വിവാഹത്തില്‍ വിള്ളല്‍ വീഴ്ത്തും. സുഹൃത്തുക്കളോട് മാത്രം എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുകയും അവരാണ് എല്ലാം എന്ന രീതിയില്‍ ജീവിക്കുന്നവരുണ്ട്. അത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം മോശമാക്കും.  തിരിച്ച് കുടുംബം മാത്രം എന്ന രീതിയില്‍ അടച്ചുപൂട്ടിയ പോലുള്ള ജീവിതവും പ്രശ്‌നക്കാരനാണ്.  

4. പരസ്പരമുള്ള ആശയവിനമയത്തിലെ വിള്ളലുകള്‍ 

പരസ്പരമുള്ള മനസ്സിലാക്കല്‍ വളരെ പ്രധാനമാണ്. ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, കുറവുകള്‍, അവരുടെ സ്വഭാവ സവിശേഷതകള്‍ തുടങ്ങി പങ്കാളിയെ പറ്റി പരസ്പരം മനസ്സിലാക്കുക എന്നത് വിവാഹജീവിതം നന്നായി പോകാന്‍ ഇതൊരു വലിയ ഘടകമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ വിവാഹത്തിന് ശേഷം ഒരു വ്യക്തി അയാളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പലപ്പോഴും കരിയര്‍ പോലും വേണ്ടെന്ന് വയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ സാധാരണമാണ്. ഓരോ വ്യക്തിക്കും അവരുടെതായ വളര്‍ച്ച ഇല്ലാതെ ആവുമ്പോള്‍ അത് വിവാഹജീവിതത്തെ ബാധിക്കാറുണ്ട്. തകര്‍ച്ചയിലേക്ക് എത്തിക്കാറുണ്ട്.  അതിന് പകരം രണ്ട് ആളുകളുടെയും ജീവിതം വളരുന്നരീതിയിലുള്ള പ്ലാനുകള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അവ പരസ്പരം സംസാരിച്ച് തീരുമാനിക്കാനുള്ള ഇടവും സമയവും കുടുംബത്തിലുണ്ടാവുകയും വേണം. 

വിവാഹത്തിന് മുമ്പു വരനും വധുവും തമ്മിലുള്ള ബന്ധം, കോര്‍ട്ട്ഷിപ്പ് പീരിഡ് എന്നാണ് വിദേശത്ത് ഇതിനെ പറയുക, ഇത് പരസ്പരം മനസ്സിലാക്കാനുള്ള സമയമാണ്. നമ്മുടെ നാട്ടില്‍ പലപ്പോഴും എന്‍ഗേജ്‌മെന്റ് ഒക്കെ കഴിഞ്ഞാണ് അത്തരം ഒരു അവസരം കിട്ടുക. അതുകൊണ്ട് തന്നെ പിന്നീട് പരസ്പരം ഒത്തുപോകില്ല എന്നറിഞ്ഞാലും വിവാഹിതരാകേണ്ടി വരും. എന്നാല്‍ നമ്മുടെ സമൂഹത്തിലും അത്തരമൊരു സമയം ദമ്പതികളാവാന്‍ പോകുന്നവര്‍ക്ക് വളരെ ആവശ്യമാണ്. ഭാവിയിലെ പല വലിയ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും. 

5. കുട്ടികള്‍ വളര്‍ന്ന് അവരുടെ ലോകത്തിലേക്ക് ജീവിതം തുടങ്ങുമ്പോള്‍

പല വിവാഹ ജീവിതങ്ങളും കുട്ടികള്‍ എന്ന ഒറ്റ അച്ചുതണ്ടിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അവര്‍ സ്വന്തം ജീവിതം തേടിപ്പോകുമ്പോള്‍ പങ്കാളികളെ ബന്ധിപ്പിച്ചിരുന്ന ഈ ചരട് ഇല്ലാതാകും. അത് വിവാഹമോചനത്തിലേക്ക് എത്തിക്കും. കമ്മിറ്റ്‌മെന്റ് മാത്രമുള്ള എംപ്റ്റി ലൗ ഫേസിലാണ് ഇത്തരം വിവാഹമോചനങ്ങള്‍ കൂടുതലും നടക്കുക. 

6. ചൂഷണ സ്വഭാവമുള്ള ബന്ധങ്ങള്‍

മാനസികവും, ശാരീരികവും, സാമ്പത്തികവുമായ അതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്ന പങ്കാളികളുണ്ട്. പലപ്പോഴും ആദ്യഘട്ടത്തിലൊന്നും തന്നെ ഇവര്‍ക്ക് ഈ വിവാഹത്തില്‍ നിന്ന് പുറത്തുകടക്കാനാവില്ല. ഏറ്റവും ഒടുവില്‍ കിട്ടുന്ന കച്ചിത്തുരുമ്പിലാവും ഇവര്‍ രക്ഷപ്പെടുക. അപ്പോള്‍ കാലം ഏറെ കഴിഞ്ഞിട്ടുമുണ്ടാവും. ലഹരി അടിമകളായവര്‍, വ്യക്തിത്വവൈകല്യമുള്ള പങ്കാളികള്‍, വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത രോഗമുള്ളവര്‍ എന്നിവര്‍ക്കൊപ്പം വര്‍ഷങ്ങളോളം ജീവിച്ച ശേഷം സ്വന്തം ജീവിതം കണ്ടെത്താനാഗ്രഹിച്ച് വിവാഹബന്ധത്തില്‍ നിന്ന് പുറത്തിറങ്ങുന്നവരാണ് ഇവരില്‍ ഏറെയും. 

തുടര്‍ ജീവിതത്തിന് എന്തെല്ലാം

എല്ലാ വിവാഹമോചനവും തടയാന്‍ കഴിയുന്നതോ തടയേണ്ടതോ അല്ല. ഒരു കുടുംബം വിവാഹമോചനം ആഗ്രഹിക്കുമ്പോള്‍ പലകാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്, വ്യക്തികള്‍ എത്രമാത്രം ഈ ബന്ധം നിലനിര്‍ത്താന്‍ ത്യാഗം ചെയ്യേണ്ടി വരുന്നു, ചൂഷണപരമായ ഒരു ബന്ധത്തിലുള്ള വ്യക്തികള്‍, മാനസികമോ ശാരീരികമോ ആ പീഡനം നേരിടേണ്ടി വരുന്നവര്‍ ഇത്തരത്തിലുള്ളവര്‍ വിവാഹമോചനം നേടുക തന്നെ വേണം. എതിര്‍വശത്തുള്ള ആളുകള്‍ ഒട്ടും മാറാനോ, ചികിത്സ തേടാനോ തയ്യാറാവാത്ത അവസരമാണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരത്തില്‍ വിവാഹമോചനം നേടുന്നവര്‍ സമൂഹത്തില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്തിനേറെ സ്വന്തം മനസ്സില്‍ നിന്നുപോലും ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരാറുണ്ട്. ഇവ മറികടക്കുകയാണ് ആദ്യം വേണ്ടത്. 

1. തുടര്‍ ജീവിതത്തിനാവശ്യമായ സാമ്പത്തികമായ സാഹചര്യങ്ങള്‍ ഉറപ്പാക്കണം. ഒരു ജോലികണ്ടുപിടിക്കുക, ജോയിന്റ് അക്കൗണ്ടുകള്‍ തുല്യമായി ഭാഗിക്കുക, ഒന്നിച്ച് എടുത്ത എടുത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലുള്ളവയുടെ നിയമവശങ്ങള്‍ കൃത്യമായി മനസ്സിലാക്കി വയ്ക്കണം. വീട്, വസ്തു എന്നിവ ഒന്നിച്ച് വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഭാഗം വയ്ക്കുന്നതിനെ പറ്റിയും വ്യക്തത വരുത്തണം. കുട്ടികളുടെ ഭാവി ചുമതലകളും പരസ്പരം സംസാരിച്ച് തീരുമാനിക്കാം. 

2. 20 വര്‍ഷത്തിന് ശേഷം വിവാഹമോചനം തേടുമ്പോള്‍ കുറ്റപ്പെടുത്താനും മാനസികമായി തളര്‍ത്താനും ധാരാളം ആളുകള്‍ ചുറ്റുമുണ്ടാവും. എല്ലാം നമ്മുടെ കുഴപ്പമാണ്, തീരുമാനം തെറ്റായിരുന്നു എന്ന് കുറ്റബോധം വളര്‍ത്താന്‍ ഇത് ധാരാളമാണ്. അത്തരം സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാം. അതിന് വിദഗ്ധസഹായം ആവശ്യമെങ്കില്‍ തേടാം. കൂടെ നില്‍ക്കുമെന്ന് ഉറപ്പുള്ള ഉറ്റസുഹൃത്തുക്കളെ ഒപ്പം നിര്‍ത്താം.

3. വിവാഹമോചനം നേടുമ്പോള്‍ ഒരാള്‍ താമസസ്ഥലം മാറ്റേണ്ടി വരും. വിവാഹമോചനം നേടി മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അരികിലേക്ക് മാറുന്നതിന് പകരം സ്വന്തമായി താമസിക്കാന്‍ ഒരിടം കണ്ടെത്താം. നിങ്ങളുടെ മനസ്സ് ശാന്തമാക്കാന്‍ പറ്റിയ നിങ്ങള്‍ക്കിണങ്ങുന്ന ഇടമായിരിക്കണം 

4. വിവാഹമോചനം നേടിയാലും നിങ്ങളെ സ്വയം കണ്ടെത്താനും സന്തോഷത്തോടെ ജീവിക്കാനും പഴയ മുറിവുകള്‍ ഉണങ്ങാനും കുറച്ച് സമയം വേണ്ടി വരും. പെട്ടെന്ന് തന്നെ ജീവിതം നിങ്ങള്‍ ഉദ്ദേശിച്ചതുപോലെ ആവണമെന്നില്ല. ചിലപ്പോള്‍  വിഷാദത്തിലേക്കു വരെ വീഴാം. സ്വയം സമയം നല്‍കുകയാണ് വേണ്ടത്. വിവാഹമോചനം കഴിഞ്ഞതിന്റെ ആദ്യ ഘട്ടങ്ങളില്‍ കൗണ്‍സിലിങ് പോലുള്ള വിദഗ്ധ സഹായങ്ങള്‍ തേടാം. സമാന അനുഭവസ്ഥരുടെ കൂട്ടായ്മകളില്‍ അംഗമാകുന്നതും നല്ലതാണ്. 

കടപ്പാട്- സ്മിത സി.എ (അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോഴിക്കോട്)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: The 'gray divorce' trend, reasons it’s growing, and how to avoid it and overcome