കൗമാരം- ഏറ്റവും കുഴപ്പം പിടിച്ച കാലഘട്ടമാണെന്നാണ് പറയുന്നത്. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളിലൂടെ ഓരോ വ്യക്തിയും കടന്നു പോവുന്ന ഈ ഘട്ടത്തിലാണ് വ്യക്തിത്വ രൂപീകരണം നടക്കുന്നതും. നിര്‍ഭാഗ്യവശാല്‍ കുട്ടികളുടെ മേല്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തപ്പെടുന്ന കാലവും ഇതുതന്നെ. 

ഈ അധികസമ്മര്‍ദ്ദങ്ങളുടെ ഫലമായി അകാരണമായ ദേഷ്യം,ആക്രമണോത്സുകത,വിഷാദം,ഉത്കണ്ഠ തുടങ്ങിയവയിലേക്ക് കുട്ടികള്‍ വളരെവേഗം വഴുതിവീഴുന്നു. എന്തിനെയും ഏതിനെയും എതിര്‍ക്കാനുള്ള മനോഭാവമാവും ഇവരില്‍ മുന്നിട്ട് നില്‍ക്കുക. താനൊരു സ്വതന്ത്ര വ്യക്തിയായി എന്ന മിഥ്യാധാരണയ്ക്ക് വിപരീതമായി മാതാപിതാക്കളോ അധ്യാപകരോ പെരുമാറുമ്പോള്‍ ഇവരുടെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലാണുണ്ടാവന്നത്. അതിനെ പ്രതിരോധിക്കാനും തന്റേതായ ഫാന്റസിയിലെങ്കിലും സ്വതന്ത്രമായി നില്‍ക്കാനും ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ലഹരിയുടേതോ മൊബൈല്‍ ഗെയിമിങ്ങിന്റേതോ ഒക്കെയാവാം.

ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന ബ്ലൂ വെയില്‍ ഗെയിം വാര്‍ത്തകള്‍ പോലും അടിവരയിടുന്നത് കൗമാരക്കാരുടെ മാനസികാരോഗ്യം താഴേക്ക് പോവുന്നു എന്ന വസ്തുതയാണ്. വളരെവേഗം വലയിലാക്കാന്‍ കഴിയുന്ന മനസ്സുകളായി കൗമാരക്കാര്‍ മാറുന്നു എന്നതിനെ ആശങ്കയോടെ തന്നെ നോക്കിക്കാണണം. സാഹസികത ഇഷ്ടപ്പെട്ട് ഇത്തരം കൊലയാളി ഗെയിമുകളില്‍ ആണ്‍കുട്ടികള്‍ ചെന്ന് ചാടുമ്പോള്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങളിലൂടെയും അല്ലാതെയും ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ കഥകളാണ് പെണ്‍ലോകത്തിന് പറയാനുണ്ടാവുക. 

കൗമാരക്കാരില്‍ 20 ശതമാനവും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവരാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിഷാദം,ഉത്കണ്ഠ എന്നിവയാണ് മാനസികപ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൗമാരപ്രായക്കാരുടെ മരണത്തിന് കാരണമാവുന്ന പ്രധാന ഘടകങ്ങളിലൊന്ന് ആത്മഹത്യയാണെന്നും കണക്കുകള്‍ പറയുന്നു.

വഴിതെറ്റുന്ന കൗമാരത്തിന്റെ പ്രധാന കാരണം മാനസികസംഘര്‍ഷങ്ങള്‍ തന്നെ. ജൈവശാസ്ത്രപരമായ കാരണങ്ങളോ (ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലിതാവസ്ഥ,ദീര്‍ഘകാലമായി നേരിടുന്ന പോഷകാഹാരക്കുറവ് തുടങ്ങിയവ) മയക്കുമരുന്ന് ഉപയോഗമോ,പാരമ്പര്യ ഘടകങ്ങളോ ഒക്കെയാവാം കൗമാരക്കാരില്‍ മാനസികരോഗത്തിന് കാരണമാവുക.കുട്ടികളുടെ മനസ്സിനെ അറിയാനോ  അവരുടെ മാറ്റങ്ങളെ അറിയാനോ തയ്യാറാകാത്ത മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ ഈ അവസ്ഥ വഷളാക്കാറുണ്ട.്

കൗമാരക്കാര്‍ ഇരയാകുന്ന ഏതൊരു ചൂഷണത്തിനു പിന്നിലുള്ളതും അവരുടെ മാനസികാരോഗ്യത്തിന്റെ ദുര്‍ബലതയാണെന്ന് സൈക്കാട്രിസ്റ്റ് സി.ജെ.ജോണ്‍ പറയുന്നു. പ്രതിസന്ധികളെ മറികടക്കാനും ശരിയേത് തെറ്റേത് എന്നും മനസ്സിലാക്കാനും കുട്ടികളെ പ്രാപ്തരാക്കുക വഴി മാനസികചൂഷണങ്ങളെയും അതുവഴിയുള്ള അപകടങ്ങളെയും പ്രതിരോധിക്കാന്‍ കഴിയും.

കാലം മാറിയതനുസരിച്ച് കുട്ടികളെ വളര്‍ത്തുന്ന  രീതികള്‍ മാറിയിട്ടില്ല എന്നതും ഒരു പ്രശ്‌നമാണ്. എന്നുകരുതി രണ്ടോ മൂന്നോ വയസ്സുള്ള കുട്ടികള്‍ക്ക് മൊബൈല്‍ കൊടുത്ത് കരച്ചിലടക്കുന്ന  ഹൈടെക് മാതാപിതാക്കളാകുകയല്ല വേണ്ടത്. അങ്ങനെ ചെയ്താല്‍ അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ മൊബൈലിന് അടിമപ്പെടാന്‍ വിത്തുപാകുകയാണ് നാം ചെയ്യുക.

കുട്ടികളുടെ മനോവ്യാപാരങ്ങളെ തിരിച്ചറിയുകയും ഞങ്ങളുണ്ട് കൂടെയെന്ന വിശ്വാസം ജനിപ്പിക്കുന്ന വിധത്തില്‍ ക്രിയാത്മകവും ആര്‍ദ്രമായും കൗമാരക്കാരോട് ഇടപെടുകയും ചെയ്യുകയാണ് ഏറ്റവും നല്ല പരിഹാരമാര്‍ഗമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പുതിയ ലോകത്തിന്റെ ഭീഷണികളെ നേരിടുവാനുള്ള വൈഭവം ഉള്ളവരാക്കി കുട്ടികളെ മാറ്റുന്നതരത്തിലുള്ള വളര്‍ത്തല്‍ ശൈലികളിലൂടെയും ,വിദ്യാഭ്യാസ സാഹചര്യത്തിലൂടെയും ബ്ലൂവെയില്‍ പോലെയുള്ള വെല്ലുവിളി നേരിടാന്‍ സമൂഹം തയ്യാറാകണം.കൗമാര വിഷാദത്തെ മനസ്സിലാക്കുന്ന കാര്യത്തിലും വേണം ജാഗ്രത.മാനസികാരോഗ്യ സഹായം നല്‍കുന്നതിലും മടി കാട്ടേണ്ടതില്ലെന്നും ഡോ.സി.ജെ.ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.