ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റം നിര്‍ണായകമാണ്. അച്ഛനമ്മമാരെ ആശ്രയിക്കുമ്പോള്‍തന്നെ സ്വാതന്ത്ര്യംനേടാനുള്ള ആഗ്രഹം കൗമാരക്കാരിലുണ്ടാകും. ശാരീരികവും മാനസികവുമായ ഒരുപാട് പരിണാമങ്ങളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്. കൂട്ടുകാരുടെ സ്വാധീനവും സ്വഭാവരൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കും.

നന്നായി ആശയവിനിമയം നടത്തുകയാണ് കൗമാരക്കാരെ മനസ്സിലാക്കാനുള്ള നല്ല മാര്‍ഗം. അവര്‍ക്ക് തങ്ങളെക്കുറിച്ച് മതിപ്പുണ്ടാകണമെങ്കില്‍ അവരോട് മാതാപിതാക്കള്‍ നന്നായി പെരുമാറണം. ആത്മവിശ്വാസമാണ് അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനുള്ള മൂലധനം എന്നറിയുക. അതും രക്ഷിതാക്കളുടെ സമീപനത്തിലൂടെയാണ് കിട്ടുന്നത്.

കൗമാരക്കാരുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് മാതാപിതാക്കള്‍ ശ്രമിക്കാറ്. തുടര്‍ന്നുള്ള ശാസനയാകും പതിവ് പരിപാടി. എന്നാല്‍, നല്ല പ്രവൃത്തികളെ പ്രശംസിക്കാനും നേട്ടങ്ങളെ അംഗീകരിക്കാനും കഴിയണം. ചെറിയതെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനുള്ള സ്‌നേഹോപദേശം നല്‍കണം. നിയന്ത്രണത്തിന്റെ അദൃശ്യമായ കടിഞ്ഞാണുള്ള സൗഹൃദമാണ് കൗമാരക്കാരോടുള്ള സമീപനത്തില്‍ അഭികാമ്യമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

വിഷാദവും ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും കൗമാരക്കാരില്‍ സാധാരണ കണ്ടുവരാറുണ്ട്. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അറിയാന്‍ ശ്രദ്ധിക്കാവുന്ന മറ്റ് കാര്യങ്ങള്‍:

* പെട്ടെന്നുള്ള കോപം, അസ്വസ്ഥത
* തൂക്കം തീരെ കുറയുകയോ വളരെ കൂടുകയോ ചെയ്യുന്നത്
* പഠനത്തില്‍ പെട്ടെന്ന് പിറകോട്ടുപോവുക
* ഏകാഗ്രതക്കുറവ്
* ദുഃഖം, വികാരവിക്ഷോഭങ്ങള്‍
* മറ്റുള്ളവരെയും ചുറ്റുമുള്ള സാധനങ്ങളും ശ്രദ്ധിക്കാതിരിക്കുക
* ക്ഷീണം, ഒന്നിനും താത്പര്യമില്ലാതിരിക്കുക
* നേട്ടങ്ങളില്‍ താത്പര്യമില്ലാത്ത അവസ്ഥ
* ആത്മവിശ്വാസക്കുറവ്
* ഉറക്കക്കുറവ്, അമിത ഉറക്കം

ഇവയിലേതെങ്കിലും കണ്ടാല്‍ മകന്/ മകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന നിഗമനത്തില്‍ ഉടന്‍ എത്തേണ്ടതില്ല. അവര്‍ക്ക് തുറന്നുസംസാരിക്കാന്‍ അവസരമുണ്ടാക്കുക. പ്രശ്‌നങ്ങള്‍ അവരുടെ സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുക. അതിനുമപ്പുറമാണെങ്കില്‍ വിദഗ്ധനായ കൗണ്‍സലറെ സമീപിക്കുക.