ആത്മഹത്യാ പ്രവണത, വിഷാദം, നിരാശ, കൗണ്‍സലിങ്.. യുവകവിയുടെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. വിഷാദത്തിന്റെ ചുവടുപിടിച്ചാണ് ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നുവെന്നാണ് ചര്‍ച്ചകളില്‍ ഭൂരിഭാഗവും. ഒരാളിലെ വിഷാദ മനോഭാവം നേരത്തെ തിരിച്ചറിയാനും മനസ്സ് തുറന്ന് സംസാരിക്കാന്‍ അവസരമുണ്ടാക്കാനും സാധിച്ചാല്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും അയാളെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സലിങ് വിദഗ്ധരടക്കമുള്ളവര്‍ വിശദീകരിക്കുന്നത്. വ്യക്തികളിലെ വിഷാദത്തെ, ആത്മഹത്യ പ്രവണതയെ എങ്ങനെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. ഡോ. നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ അതിനെക്കുറിച്ച് സംസാരിക്കില്ലെന്നോ ഒന്നും മിണ്ടില്ലെന്നോ ഉള്ളത് ഒരു തെറ്റിദ്ധാരണയാണ്. അത്തരത്തിലുള്ളവര്‍ തീര്‍ച്ചയായും ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. ഉദാഹരണത്തിന്
1.മരണത്തെപ്പറ്റിയോ ആത്മഹത്യയെപ്പറ്റിയോ ഇടയ്ക്കിടെ സംസാരിക്കുക. പ്രത്യേകിച്ച് ആത്മഹത്യയെ അനുകൂലിച്ചോ മരണത്തെ പ്രണയിക്കുന്ന മട്ടിലോ ഉള്ള സംഭാഷണങ്ങള്‍.
2. താന്‍ ഇവിടെ ഉണ്ടാകാന്‍ സാധ്യതയില്ല എന്നുള്ള സൂചനകള്‍ നല്‍കുക. അല്ലെങ്കില്‍ ഞാനിവിടെ ഇല്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ക്ക് തുടക്കമിടുക.
3 കടുത്ത കുറ്റബോധത്തെ പറ്റിയോ നിരാശയെ പറ്റിയോ സംസാരിക്കുക. ഒറ്റയ്ക്കിരിക്കാന്‍ താല്പര്യപ്പെടുക. സ്വന്തമായുള്ള വിലപ്പെട്ട വസ്തുക്കളോ പ്രിയപ്പെട്ട വസ്തുക്കളോ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കുക
4. വിരഹം,നഷ്ടം, മരണം എന്നിവയെപ്പറ്റി കവിതകളോ കത്തുകളോ തുടര്‍ച്ചയായി എഴുതുക.
5. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക ഉദാഹരണത്തിനു ഭാവിയെപ്പറ്റിയുള്ള നിരാശ, മുന്‍പ് ഇഷ്ടപ്പെട്ടിരുന്ന പ്രവൃത്തികളിലെ പൊടുന്നനെയുളള താല്പര്യക്കുറവ്, ഭക്ഷണശീലത്തിലും ഉറക്കത്തിലും വരുന്ന വലിയ തോതിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ
ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കപ്പെടുമ്പോള്‍ അത് കളിയായിക്കാണാതെ അവരോട് തുറന്ന് സംസാരിക്കുകയോ അതിനുള്ള അവസരമൊരുക്കുകയോ ചെയ്യുകയാണെങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടുത്തുന്നത് ഒരു ജീവനായേക്കാം. ആത്മഹത്യയെക്കുറിച്ച് തുറന്ന് സംസാരിച്ചാല്‍ അവര്‍ ആത്മഹത്യ ചെയ്യുമോ എന്ന ഒരു ഭയം മിക്കവര്‍ക്കുമുണ്ടെന്ന് തോന്നുന്നു. നേരെ തിരിച്ചാണ്. ആത്മഹത്യ ചെയ്യണമെന്ന് തോന്നുമ്പോള്‍ അത് മറ്റാരോടെങ്കിലും തുറന്ന് പറയുകയും ആ പറയപ്പെടുന്നയാള്‍ ശ്രദ്ധ നല്‍കുകയും ചെയ്താല്‍ മിക്ക ആത്മഹത്യകളും നടന്നില്ലെന്ന് വരാം.
വിഷാദ രോഗം ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണ്. (ഫീലിങ്ങ് സാഡ് എന്ന ഫേസ്ബുക് സ്റ്റാറ്റസല്ല വിഷാദമെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടേ..ക്ലിനിക്കല്‍ ഡിപ്രഷന്‍ കൃത്യമായ ചികിത്സ വേണ്ടിവരുന്ന ഒരു അവസ്ഥയാണ്. കൂട്ടു കൂടുകയോ പാട്ട് കേള്‍ക്കുകയോ അല്ലെങ്കില്‍ ചിരിച്ചുകൊണ്ടിരിക്കുകയോ ഹോബി കണ്ടെത്തുകയോ മാത്രം ചെയ്തതുകൊണ്ട് ശരിയാവുന്ന ഒരു ' മൂഡ് ' അല്ല അത്.
ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, തുടര്‍ന്നുള്ള സമയം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ വിഷാദ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തീവ്രമായ നഷ്ടങ്ങളും ദുഃഖങ്ങളും ചവിട്ടുപടികളായേക്കാം.
ഒരു മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടാന്‍ മടിക്കേണ്ടതില്ലാത്ത രണ്ട് അവസരങ്ങളാണ് ഇവ രണ്ടും. ഒന്നുകില്‍ ഈ അവസ്ഥ സ്വയം കണ്ടെത്തുകയോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ മനസിലാക്കുകയോ വേണം.
പുറത്ത് കാണുന്നതാകണമെന്നില്ല ഒരാളുടെ ഉള്ളിലുള്ളത്...മുഖം വാടിയെന്ന് തോന്നിയാല്‍ അതൊരു തോന്നലായിക്കാണാതെ എന്തുപറ്റിയെന്ന് ചോദിക്കാനുള്ള മനുഷ്യത്വം ചിലപ്പൊ ഒരുപാടുപേരുടെ ഭാവിയാവാം രക്ഷിക്കുന്നത്...