ര്‍ഭത്തിലിരിക്കെ ആ ഗര്‍ഭസ്ഥശിശുവിന്റെ പ്ലാസന്റയിലുള്ള ജീനുകള്‍ക്ക് കുഞ്ഞിന് സ്‌കീസോഫ്രീനിയ ഉണ്ടാകുമോയെന്ന് മുന്‍കൂട്ടി പറയാനാകുമെന്ന് ഗവേഷകര്‍. ലൈബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ഡെവലപ്‌മെന്റ്, നോര്‍ത്ത് കരോലിന സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. സ്‌കീസോഫ്രീനിയയ്ക്ക് ജീനുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഗവേഷണഫലം. 

ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയെയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ. മനസ്സ് അതിതീവ്രമായ വിഭ്രാന്തിയില്‍ അകപ്പെടുന്ന അവസ്ഥയാണിത്. വളരെ നേരത്തെ ഇത് ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തി സമയത്താണ് ഇത് തിരിച്ചറിയാനാവുക. ഗര്‍ഭകാലത്തെ സങ്കീര്‍ണതകളായ പോഷകക്കുറവ്, അണുബാധകള്‍ തുടങ്ങിയവ സ്‌കീസോഫ്രീനിയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. പതുക്കെയാണ് ഈ രോഗം വികാസം പ്രാപിക്കുക. കുട്ടി മുതിര്‍ന്നുവരുന്നതു വരെ രോഗലക്ഷണങ്ങളൊന്നും കാണാറില്ല. 

വിചിത്രമായ സംശയങ്ങള്‍, മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്പിക ശബ്ദങ്ങള്‍ കേള്‍ക്കല്‍, അര്‍ഥമില്ലാത്ത സംസാരം, സാങ്കല്പിക വ്യക്തികളുമായി സംസാരിക്കല്‍, കാരണമില്ലാതെ ചിരിക്കല്‍, ആത്മഹത്യാപ്രവണത, മറ്റുള്ളവരോടൊത്ത് ഇടപഴകാനും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയാതെ വരുക തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

ജനനസമയത്തെ കുഞ്ഞിന്റെ മസ്തിഷ്‌കത്തിന്റെ വലുപ്പം, കൊഗ്നിറ്റീവ് ശേഷികളുടെ വികാസം തുടങ്ങിയ പല ഘടകങ്ങളും പില്‍ക്കാലത്ത് സ്‌കീസോഫ്രീനിയയിലേക്ക് നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

പ്ലാസന്റയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കുഞ്ഞിന്റെ സ്‌കീസോഫ്രീനിയ സാധ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ജൈവശാസ്ത്രപരമായ കാര്യങ്ങളെയും പഠനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലൈബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡാനിയല്‍ ആര്‍. വെയ്ന്‍ബെര്‍ഗര്‍ പറഞ്ഞു. 

സ്‌കീസോഫ്രീനിയ ജീനുകളുടെ സാന്നിധ്യമുള്ള പ്ലാസന്റയുള്ള ഭൂരിഭാഗം കുട്ടികളിലും സ്‌കീസോഫ്രീനിയ ഉണ്ടാകാറില്ല. പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം ഇതിനൊരു കാരണമാണ്. എന്നാല്‍ ചിലരില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന സങ്കീര്‍ണതകളും സ്‌കീസോഫ്രീനിയ ജീനുകളുടെ സാന്നിധ്യവും ഇത്തരം സാധ്യതകളെ ഇല്ലാതാക്കും. അവര്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുമുണ്ടാകുന്നു.  

ഗര്‍ഭസ്ഥശിശുവിന്റെ സ്‌കീസോഫ്രീനിയ ജനിതക സ്‌കോറും ശിശുവിന്റെ ആദ്യ രണ്ടുവര്‍ഷത്തെ പെരുമാറ്റ ശീലങ്ങളും വളര്‍ച്ചയിലെ സങ്കീര്‍ണതകളും നിരീക്ഷിച്ചാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സ്‌കീസോഫ്രീനിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാവുമെന്നാണ് ഗവേഷകരുടെ നിഗമനം. 

Content Highlights: Specific Genes in Placenta may predict the risk for Schizophrenia, Health, Schizophrenia, Mental Health