ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും പല പ്രശ്‌നങ്ങളും സന്തോഷത്തെ കെടുത്തിക്കളയും. ജീവിതത്തില്‍ സന്തോഷത്തെ തിരികെ കൊണ്ടുവരാന്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ. 

നിങ്ങളെ സന്തോഷിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാം: സന്തോഷമുള്ള ആളുകള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ നമ്മുടെ ഉള്ളിലും സന്തോഷം നിറയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. നെഗറ്റീവ് ചിന്തകള്‍ ഇല്ലാതെ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി മാത്രം സ്വീകരിക്കാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളെ സന്തോഷമുള്ളവരാക്കി മാറ്റും. 

മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുക: ഏതൊരു കാര്യത്തിലും നിങ്ങള്‍ക്ക് ശരിയെന്നോ നല്ലതെന്നോ തോന്നുന്നതില്‍ മാത്രം ഉറച്ചുനില്‍ക്കുക. അത് നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കും. 

നല്ലതിനെ സ്വീകരിക്കുക: ജീവിതത്തില്‍ അനുഭവപ്പെടുന്ന നല്ല കാര്യങ്ങളെ മാത്രം സ്വീകരിക്കുക. അല്ലാത്തവയെ മറന്നേക്കുക. അപ്പോള്‍ മോശം കാര്യങ്ങള്‍ നിങ്ങളുടെ മനസ്സിനെ ബാധിക്കാതെ കടന്നുപോകും. 

വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുക: വലിയ നേട്ടങ്ങള്‍ സ്വപ്‌നം കാണാന്‍ പേടിവേണ്ട. നേടാനായില്ലെങ്കില്‍ നിരാശയുണ്ടാകുമെന്ന് കരുതിയാണ് പലരും അത്തരം വലിയ സ്വപ്‌നങ്ങള്‍ ഒഴിവാക്കുന്നത്. പക്ഷേ, അങ്ങനെയല്ല വേണ്ടത്. ഏറ്റവും മികച്ച നേട്ടങ്ങള്‍ സ്വപ്‌നം കണ്ടാല്‍ മാത്രമേ അവ എത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അപ്പോഴല്ലേ നമ്മള്‍ ഏറ്റവും സന്തോഷമുള്ളവരാവൂ.

ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാം: നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തു നോക്കൂ. അവ നിങ്ങളുടെ മനസ്സിനെ സ്പര്‍ശിക്കും. സന്തോഷിപ്പിക്കും. അത് നിലനിര്‍ത്തി നോക്കൂ. എത്രമാത്രം സന്തോഷത്തിലായിരിക്കും നിങ്ങള്‍! 

നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കാം: നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും ഓരോ ഉദ്ദേശമുണ്ടായിരിക്കണം. സമൂഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്തു നോക്കൂ. നാം ചെയ്യുന്ന ഒരു കാര്യം സമൂഹത്തിന് ഗുണകരമായി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ സന്തോഷം നിറയില്ലേ!

മനസ്സു പറയുന്നത് കേള്‍ക്കാം: നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്കല്ലാതെ വേറെയാര്‍ക്കാണ് അറിയുക! അതിനാല്‍ മറ്റുള്ളവരുടെ വാക്കുകളേക്കാള്‍ സ്വന്തം മനസ്സിനോട് ചോദിക്കുക, പലവട്ടം. മനസ്സ് പറയുന്നത് കേള്‍ക്കുക. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

Content Highlights: simple ways find happiness in life, mental health